Cinema

സംഗീത സംവിധായകൻ ഗോപി സുന്ദര്‍ ഇനി നായകൻ

ബിഗ് ബി, ഉസ്താദ് ഹോട്ടൽ, മുംബയ് പൊലീസ്, എബിസിഡി, പുലിമുരുകൻ തുടങ്ങി പുറത്തിറങ്ങാനിരിക്കുന്ന കായംകുളം കൊച്ചുണ്ണിയിൽ വരെ സംഗീതവിസ്മയം തീർക്കുന്ന സംഗീത സംവിധായകൻ ഗോപി സുന്ദർ നായകനായി വെള്ളിത്തിരയിലേക്കും ചുവടുവയ്ക്കുന്നു. ടോൾ ഗേറ്റ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പങ്കുവെച്ച് ദുൽഖർ സൽമാൻ ആണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ പങ്ക് വച്ചത്.

'സസ്‌പെൻസ് പൊളിക്കുന്നു...എന്റെ അടുത്ത സുഹൃത്തും പ്രതിഭാധനനുമായ ഗോപി സുന്ദറിന്റെ സിനിമാരംഗപ്രവേശം ഏറെ സന്തോഷത്തോടെ ഞാൻ പ്രഖ്യാപിക്കുന്നു.. ഗോപീ, എനിക്കറിയാം നിന്റെ സംഗീതത്തിലെന്ന പോലെ അഭിനയത്തിലും നീ മാജിക് തീർക്കുമെന്ന്.. ടോൾ ഗേറ്റിന്റെ മുഴുവൻ അണിയറ പ്രവർത്തകർക്കും എന്റെ ആശംസകൾ..കാണാനായി കാത്തിരിക്കാനാകുന്നില്ല..ദുൽഖർ ഫേസ്‌ബുക്കിൽ കുറിച്ചു.

ഹരികൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. ഹസീന സലാമാണ് ചിത്രം നിർമ്മിക്കുന്നത്. ജിത്തു ദാമോദർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദർ തന്നെയാണ്.

മിസ്റ്റർ ഫ്രോഡ്, സലാല മൊബൈൽസ് എന്നീ ചിത്രങ്ങളിൽ ഗസ്റ്റ് റോളുകളിൽ എത്തിയിട്ടുണ്ടെങ്കിലും നായക വേഷത്തിൽ ഇതാദ്യമാണ്-ഗോപി സുന്ദർ പറഞ്ഞു. എക്സൈറ്റ്മെന്റല്ല, സത്യത്തിൽ പേടിയാണ്. അഭിനയിക്കണം എന്നൊന്നും വിചാരിച്ച് ഈ ഫീൽഡിലേക്ക് വന്നതല്ല..സംവിധായകന്റെ ധൈര്യത്തിന് പുറത്തുമാത്രമാണ് ഈ പരീക്ഷണത്തിന് ഇറങ്ങുന്നതെന്നും ഗോപി വ്യക്തമാക്കി.

Read more

കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍ പുറത്ത്

സാമൂഹ്യപരിഷ്‌കര്‍ത്താവും സ്ഥിതിസമത്വവാദിയുമൊക്കെയായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള തസ്‌കരവീരന്‍ കായംകുളം കൊച്ചുണ്ണിയുടെ ചരിത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രത്തില്‍ യുവനടന്‍ നിവിന്‍ പോളിയാണ് കൊച്ചുണ്ണിയുടെ വേഷത്തിലെത്തുന്നത്. മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ചിത്രത്തില്‍ ഇത്തിക്കര പക്കിയായി എത്തുന്നത് മോഹന്‍ലാലാണ്.

പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നട നടി പ്രിയങ്ക, സണ്ണി വെയ്ന്‍, സുനില്‍ സുഗധ, കരമന സുധീര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. 45 കോടി മുതല്‍ മുടക്കുള്ള ചിത്രം നിര്‍മിച്ചിരിക്കുന്നത് ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. ഇരട്ട തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ടീമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ശ്രീലങ്കയും കായംകുളവുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

മലയാള സിനിമക്ക് എപ്പോഴും പ്രിയപ്പെട്ട വിഷയമായിരുന്നു കായംകുളം കൊച്ചുണ്ണി. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിലുടെ സുപരിചിതനായ കൊച്ചുണ്ണിയെ 1966ല്‍ സംവിധായകന്‍ പി.എ തോമസാണ് ആദ്യമായി വെള്ളിത്തിരയില്‍ സൃഷ്ടിക്കുന്നത്. മലയാള സിനിമയിലെ ഭാവാഭിനയത്തിന്റെ കുലപതിയായിരുന്ന സത്യനായിരുന്നു ചിത്രത്തില്‍ കൊച്ചുണ്ണിയായെത്തിയത്. ആ കാലഘട്ടത്തില്‍ മികച്ച ജനപ്രീതിയാണ് കായംകുളം കൊച്ചുണ്ണിയെന്ന ചിത്രം നേടിയത്.

Read more

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയുടെ ടീസറെത്തി

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയുടെ ടീസർ പുറത്ത്. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് ആറായി മമ്മൂട്ടി വേഷമിടുന്ന ചിത്രം യാത്രയുടെ ടീസർ പുറത്തുവിട്ടു. വൈഎസ്ആറായി അമ്പരപ്പിക്കുന്ന ലുക്കിലാണ് മമ്മൂട്ടി ടീസറിലെത്തുന്നത്.

54 സെക്കന്റ് ദൈർഘ്യമുള്ള ടീസറിൽ വൈ.എസ്.ആറായുള്ള മമ്മൂട്ടി പരകായ പ്രവേശം വിസ്മയാവഹമാണ്. ടീസറിലെ സംഭാഷണ ശകലത്തിൽ മമ്മൂട്ടി തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്.

2004ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കാനായി വൈ.എസ്.ആർ നടത്തിയ 1475 കിലോമീറ്റർ പദയാത്രയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മഹി വി.രാഘവാണ് ചിത്രത്തിന്റെ സംവിധായകൻ.

നിലവിൽ 'യാത്ര'യുടെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. ബിഗ് ബജറ്റ് ചിത്രമാണ് യാത്ര. റിലീസ് തിയതി തീരുമാനിച്ചിട്ടില്ല.

Read more

ടീസറിലൂടെ റീലിസ് തീയതി പുറത്ത് വിട്ട് ഒടിയന്റെ ടീസര്‍

ആരാധകർ എല്ലാവരും കാത്തിരിക്കുന്ന ഏറ്റവും പുതിയ മോഹൻലാൽ ചിത്രമായ ഒടിയന്റെ ഔദ്യോഗിക ടീസർ ഇറങ്ങി. മോഹൻലാൽ തന്നെയാണ് തന്റെ ഔദ്യോഗിക പേജിലൂടെ സിനിമയുടെ ടീസർ പുറത്ത് വിട്ടത്.രാവിലെ ഏഴ് മണി ഒൻപത് മിനിറ്റിനാണ് ആദ്യ ഷോ ആരംഭിക്കുന്നത്. ഒക്ടോബർ 11നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. പുതിയ ടീസറിലാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്.

ടീസറിൽ ഒരു പഴയ തറവാടിനെ അനുസ്മരിപ്പിക്കുന്ന കെട്ടിടത്തിന് മുന്നിലൂടെ കമ്പിളി ധരിച്ച് നടന്ന് വരുന്ന മോഹൻലാൽ ആണുള്ളത്. നേരത്തെ മോഷൻ പോസ്റ്ററിലൂടെ പുറത്ത് വിട്ട ബി.ജി.എം തന്നെയാണ് ടീസറിലും ഉപയോഗിച്ചിരിക്കുന്നത്.

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയനിൽ മോഹൻലാൽ വിവിധ ഗെറ്റപ്പുകളിലായാണ് എത്തുന്നത്. മഞ്ജു വാരിയർ ആണ് നായിക. പുലിമുരുകന് ശേഷം പീറ്റർ ഹെയ്ൻ ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്ന മലയാളചിത്രം കൂടിയാണിത്.

തെന്നിന്ത്യൻ താരം പ്രകാശ് രാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്.നരേൻ, സിദ്ദിഖ്, ഇന്നസെന്റ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

Read more

നീരാളിയിലെ ഗാനം കേൾക്കാം

ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ സംവിധാനം ചെയ്യുന്ന നീരാളി എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം എത്തി. മോഹൻലാലിന് വേണ്ടി എം.ജി.ശ്രീകുമാർ ആലപിച്ച കണ്ണാണെ കണ്ണാളാണേ എന്ന് തുടങ്ങുന്ന നാടൻ ശൈലിയിലുള്ള ഗാനമാണ് പുറത്തിറക്കിയത്.

സന്തോഷ് വർമയുടെ വരികൾക്ക് സ്റ്റീഫൻ ദേവസിയാണ് ഈണം പകർന്നിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും ശ്യാമപ്രസാദും ശ്രീകുമാറിനൊപ്പം പാടിയിട്ടുണ്ട്. നേരത്തെ മോഹൻലാലും ശ്രേയാ ഘോഷാലും ഒരുമിച്ചാലപിച്ച അഴകേ അഴകേ ആദ്യമായി എന്ന് ഗാനം പുറത്ത് വിട്ടിരുന്നു.

ചിത്രത്തിൽ നാദിയാ മൊയ്തുവാണ് നായിക. സായി കുമാർ, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ, അനുശ്രീ, പാർവതി നായർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.വജ്രവ്യാപാരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സണ്ണി ജോർജ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മുംബയ്, മംഗോളിയ, കേരളം, തായ് ലാന്റ്, ബംഗളൂരു തുടങ്ങിയിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. പുലിമുരുകന് ശേഷം ഗ്രാഫിക്‌സിന്റെ വിശാല സാധ്യതകൾ തേടുന്ന ചിത്രമായിരിക്കും നീരാളി.

ബോളിവുഡ് ക്യാമറമാനും മലയാളിയുമായ സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

Read more

കട്ട സസ്പെന്‍സുമായി ‘എന്നാലും ശരത്’; ട്രെയിലര്‍ പുറത്ത്

യൗവനങ്ങളുടെ ജീവിതാഘോഷങ്ങളുടെ കഥ പറഞ്ഞ് ബാലചന്ദ്രമേനോൻ രചനയും സംവിധാനവും നിർവഹിച്ച എന്നാലും ശരത് എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി.ദുൽഖർ സൽമാനാണ് ട്രെയിലർ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്.

ഒരു കട്ട സസ്‌പെൻസ് എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിന്റെ ട്രെയിലറിലും നിറയുന്നത് സസ്‌പെൻസ് തന്നെയണ്. കഥയും തിരക്കഥയും ബാലചന്ദ്രമേനോൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ ഒരു മ്യുസിഷ്യനായി സംവിധായകൻ അഭിനയിക്കുകയും ചെയ്യുന്നു.

അജുവർഗീസ്, നോബി, ജോബി, ഇടവേള ബാബു, പൂജപ്പുര രാധാകൃഷ്ണൻ, കാര്യവട്ടം ശശികുമാർ, മല്ലികാസുകുമാരൻ, കോട്ടയം നസീർ, പൊന്നമ്മ ബാബു, ലക്ഷ്മിപ്രിയ എന്നിവരും അഭിനയിക്കുന്നു.ഏറെ സംഗീതപ്രാധാന്യമുള്ള ചിത്രത്തിൽ റഫീഖ് അഹമ്മദ്, ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ഔസേപ്പച്ചൻ ഈണം പകരുന്നു.

Read more

"കൂടെ"യിലെ താരാട്ട് പാട്ട് പുറത്തിറങ്ങി

കൊച്ചി: അഞ്ജലി മേനോൻ ചിത്രം 'കൂടെ'യിലെ രണ്ടാമത്തെ വീഡിയോ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. മുഖ്യകഥാപാത്രത്തിന്റെ മനോഹരമായ കുടുംബ പശ്ചാത്തലവും അവരുടെ സ്‌നേഹബന്ധങ്ങളുമാണ് ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. എം ജയചന്ദ്രൻ ഈണം നൽകിയ 'മിന്നാമിന്നി' എന്ന് തുടങ്ങുന്ന ഈ താരാട്ട് പാട്ട് റഫീഖ് അഹമ്മദാണ് രചിച്ചിരിക്കുന്നത്. അഭയ് ജോധ്പുർകർ ഗാനം ആലപിച്ചിരിക്കുന്നു. ഒരു സഹോദരന് തന്റെ കുഞ്ഞനുജത്തിയോടുള്ള സ്‌നേഹബന്ധത്തിന്റെ ആഴമേറിയ രംഗങ്ങൾ പ്രേഷകരുടെ ഹൃദയം കവരുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗാനം ഇപ്പോൾ യൂട്യൂബിൽ തരംഗമായി ഒരു ദിവസത്തിനുള്ളിൽ 6 ലക്ഷം വ്യൂസ് നേടിയിരിക്കുകയാണ്

അഞ്ജലി മേനോൻ തിരക്കഥയൊരുക്കി സംവിധാനം നിർവഹിച്ച 'കൂടെ'യിൽ നസ്രിയ നസിം, പൃഥ്വിരാജ് സുകുമാരൻ, പാർവതി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോഷൻ മാത്യു, സിദ്ധാർഥ് മേനോൻ, സുബിൻ നസീൽ നവാസ്, ദർശന രാജേന്ദ്രൻ, രഞ്ജിത്ത് ബാലകൃഷ്ണൻ, മാലാ പാർവതി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ലിറ്റിൽ സ്വയമ്പും ചിത്രസംയോജനം പ്രവീൺ പ്രഭാകറും നിർവഹിച്ചിരിക്കുന്നു. ജൂലൈയിൽ തീയേറ്ററുകളിൽ എത്തുന്ന 'കൂടെ' ലിറ്റിൽ ഫിലിംസ് ഇന്ത്യയുടെ കൂടെ രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്തും അഞ്ജലി മേനോനും ചേർന്നാണ് നിർമ്മിച്ചിരിക് കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

കഴിഞ്ഞ അഞ്ചു വർഷമായി മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആണ് മ്യൂസിക്247. അടുത്ത കാലങ്ങളിൽ വിജയം നേടിയ പല സിനിമകളുടെ സൗണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്247നാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, അങ്കമാലി ഡയറീസ് , ഒരു മെക്‌സിക്കൻ അപാരത, ജോമോന്റെ സുവിശേഷങ്ങൾ, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വർഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂ ർ ഡെയ്സ്, ചാർലി, കമ്മട്ടിപ്പാടം , ഹൗ ഓൾഡ് ആർ യു, കിസ്മത്ത്,വിക്രമാദിത്യൻ, മ ഹേഷിന്റെ പ്രതികാരം, ഒരു വടക്കൻ സെൽഫി എന്നിവയാണ് ഇവയിൽ ചിലത്.

Read more

റിമി ടോമിക്കൊപ്പം "ശശി" പാട്ടുമായി അജു വർഗീസ്

റിമി ടോമിക്കൊപ്പം ശശിപാട്ടുമായി മലയാളുകളുടെ പ്രിയതാരം അജു വർഗീസ്. ബാലചന്ദ്ര മോനോൻ തിരക്കഥയു സംവിധാനവും ചെയ്യുന്ന എന്നാലും ശരത്ത് എന്ന ചിത്രത്തിലെ 'നീയാണേ ഞാനാണേ എല്ലാരും ശശിയാണേ' എന്ന ഗാനത്തിലാണ് റിമി ടോമിക്കൊപ്പം പാട്ടും ചുവടുമായി അജു വർഗീസ് എത്തുന്നത്. ചിത്രത്തിന്റെ ഗാനങ്ങളുടെ വീഡിയോ പുിറത്തുവിട്ടത് ഇന്നലെയായിരുന്നു. ഔസേപ്പച്ചൻ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിനു ഹരിനാരായണൻ വരികളെഴുതിയിരിക്കുന്നു. നിരഞ്ജ് സുരേഷും റിമി ടോമിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

അജു വർഗീസിനൊപ്പം റിമി ടോമി ചിത്രത്തിൽ ഗാനരംഗത്തിൽ പാടി അഭിനയിച്ചു തകർക്കുന്നുണ്ട്. ആർ.ഹരികുമാർ നിർമ്മിക്കുന്ന ചിത്രത്തിൽ നവാഗതരായ ചാർലി ജോയ്, നിധി അരുൺ, നിത്യ നരേഷ് എന്നിവർ മുഖ്യവേഷത്തിലെത്തുന്നു. ബാലചന്ദ്ര മേനോൻ, ജോയ് മാത്യു, മേജർ രവി, ലാൽ ജോസ്, എ.കെ സാജൻ ദിലീഷ് പോത്തൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തിനോടകം തന്നെ യൂടുബിൽ ഗാനം നിരവധി പേർ കണ്ടുകഴിഞ്ഞു.

Read more

റിപ്പര്‍ ചന്ദ്രന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

ഒരു കാലത്ത് കേരളത്തിന്റെ പേടിസ്വപ്നമായിരുന്നു സീരിയൽ കില്ലർ റിപ്പർ ചന്ദ്രന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക് എത്തുന്നു. കമ്മട്ടിപാടം ഫെയിം മണികണ്ഠനാണ് ചിത്രത്തിൽ റിപ്പർ ചന്ദ്രനായി എത്തുന്നത്. രാജീവ് രവി സംവിധാനം ചെയ്യ്ത കമ്മട്ടിപാടം എന്ന ചിത്രത്തിലൂടെയാണ് മണികണ്ഠൻ ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. ചിത്രത്തിലെ ബാലൻ ചേട്ടൻ എന്ന കഥാപാത്രത്തിലൂടെ 2017ലെ മികച്ച സ്വഭാവനടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാരവും അദ്ദേഹത്തിനു ലഭിച്ചിരുന്നു.

സെവൻ ജി സിനിമാസ്, കാസർഗോഡ് സിനിമാസ് എന്നിവയുടെ ബാനറിൽ നവാഗതനായ സന്തോഷ് പുതുക്കുന്ന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജി രാജ് കരിന്തളം എഴുതിയ കഥയ്ക്ക് കെ സജിമോനാണ് തിരക്കഥയും സംഭാഷണവുമെഴുതിയിരിക്കുന്നത്. റിപ്പർ എന്നാണ് സിനിമയുടെ പേര്.

മണികണ്ഠനെ കൂടാതെ മലയാളത്തിലെ പ്രധാനപെട്ട താരങ്ങളും ചിത്രത്തിൽ ഉണ്ടാവും എന്നാണ് അറിയാൻ കഴിയുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടല്ല. കണ്ണൂർ, കാസർകോട്, ഷിമോഖ്, എന്നിവടങ്ങളിലാണ് പ്രധാനമായും ഷൂട്ടിങ്ങ് നടക്കുന്നത്.

ജൂലൈയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ അമൃത മോഹൻ ആണ്. തെളിയിക്കപെട്ട 14 കൊലപാതകങ്ങളാണ് റിപ്പർ ചന്ദ്രന്റെ പേരിലുള്ളത്. ഏറെ കാലം ജയിലിൽ അകത്താക്കപെട്ട റിപ്പറിനെ 1991ൽ കണ്ണൂർ സെൻട്രൽ ജയിലിൽ വെച്ച് തൂക്കികൊല്ലുകയായിരുന്നു.

Read more

കുഞ്ഞാലിമരക്കാറിൽ പ്രണവ് മോഹൻലാൽ

ആദിയിലൂടെ മലയാളസിനിമയിലേക്ക് നായകനായി അരങ്ങേറിയ പ്രണവിന്റെ അടുത്ത ചി്ത്രം അച്ഛനൊപ്പം തന്നെയെന്ന് റിപ്പോർട്ട്. ആദ്യ ചിത്രത്തിൽ അച്ഛൻ പ്രത്യേക അതിഥി വേഷത്തിലെത്തിയെങ്കിൽ ഇപ്പോഴിതാ അച്ഛന്റെ ചിത്രത്തിൽ മകൻ അച്ഛന്റെ ചെറുപ്പകാലം അഭിനയിക്കാനാണ് എത്തുക. മോഹൻലാൽ അവതരിപ്പിക്കുന്ന കുഞ്ഞാലി മരയ്ക്കാർ നാലാമന്റെ ചെറുപ്പകാലമാണ് പ്രണവ് മോഹൻലാൽ അവതരിപ്പിക്കുക.

കുഞ്ഞാലി മരയ്ക്കാർ സിനിമയുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് അണിയറക്കാർ ഇക്കാര്യം പുറത്ത് വിട്ടത്. ഈ വാർത്ത കൂടി വന്നതോടെ ആരാധകരുടെ ആവേശവും വാനോളം ഉയരുകയാണ്. ചിത്രത്തിൽ തമിഴ് നടൻ പ്രഭുവും അഭിനയിക്കുന്നുണ്ട്. കാലാപാനി എന്ന സിനിമയ്ക്ക് ശേഷം ആദ്യമായാണ് മോഹൻലാൽ പ്രിയദർശൻ പ്രഭു ടീം ഒന്നിക്കുന്നത്.

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന് പേരിട്ടിരിക്കുന്ന ചിത്രം വൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. കുഞ്ഞാലി മരയ്ക്കാരുടെ ഡയലോഗ് ഉൾപ്പെടുത്തിയ പോസ്റ്റർ നേരത്തെ അണിയറക്കാർ പുറത്തുവിട്ടിരുന്നു.ചിത്രത്തിൽ കുഞ്ഞാലി മരയ്ക്കാർ ഒന്നാമനായി വേഷമിടുന്നത് മധുവാണ്. കുട്ട്യാലി മരയ്ക്കാർ എന്നാണ് മധുവിന്റെ കഥാപാത്രത്തിന്റെ പേര്. ചരിത്രത്തിൽ നാല് മരയ്ക്കാർമാരാണുള്ളത്. അതിൽ നാലാമനായാണ് മോഹൻലാൽ എത്തുന്നത്.

നാലാമത്തെ മരയ്ക്കാരുടെ കഥയാണ് പ്രധാനമായും ചിത്രം പറയുന്നത്. മൂന്നാമനെയും രണ്ടാമനെയും അവതരിപ്പിക്കാൻ അമിതാഭ് ബച്ചൻ, കമൽ ഹാസൻ തുടങ്ങിയ താരങ്ങളെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നൂറുകോടി രൂപ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും മൂൺഷോട് എന്റർടെയ്ന്മെന്റും ചേർന്നാണ്.പ്രിയദർശൻ തന്നെയാണ് തിരക്കഥ രചിക്കുന്നത്.

അതേസമയം ആദിക്ക് ശേഷം പ്രണവ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാമലീലയിലൂടെ അരങ്ങേറ്റം കുറിച്ച അരുൺ ഗോപിയാണ്. പുലിമുരുകനും രാമലീലയുമടക്കമുള്ള ചിത്രങ്ങൾ നിർമ്മിച്ച ടോമിച്ചൻ മുളകുപാടമാണ് നിർമ്മാണം. ബിഗ് ബജറ്റിലാവും പൂർത്തിയാക്കുക.

Read more

നടൻ സായ്കുമാറിന്റെ മകൾ വിവാഹിതയായി

മലയാളത്തിലെ പ്രമുഖ നടൻ സായികുമാറിന്റ മകൾ വിവാഹിതയായി. സായികുമാറിന്റെയും പ്രസന്നകുമാരിയുടെയും മകൾ വൈഷ്ണവി സായ്കുമാറാണു വിവാഹിതനായത്. സുജിത് കുമാറാണ് വരൻ.

ജൂൺ 17-ആശ്രാമം കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ രാഷ്ട്രിയ-സിനിമ-രംഗത്തെ പ്രമുഖർ പങ്കെടുത്തു. മേനക സുരേഷ്, സുരേഷ്‌കുമാർ, ഇന്ദ്രൻസ്, മഹേഷ്, വിജയരാഘവൻ, സീമ ജി. നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Read more

പുതുക്കോട്ടയിലെ പുതുമണവാളന്റെ രണ്ടാം ഭാഗമൊരുക്കാൻ റാഫി

മലയാള സിനിമയിലെ എക്കാലത്തെയും വലിയ കോമഡി ഹിറ്റ് ചിത്രമായിരുന്നു റാഫി മെക്കാർട്ടിൻ കൂട്ടുകെട്ട് ആദ്യമായി സംവിധാനം ചെയ്ത പുതുകോട്ടയിലെ പുതുമണവാളൻ. ജയറാം , പ്രേംകുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം നിരവധി ഹാസ്യ മുഹൂർത്തങ്ങളാണ് സമ്മാനിച്ചത്.

23 വർഷങ്ങൾക്ക് മുമ്പ് പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങൾ മലയാള സിനിമയിലേക്ക് വാരിയെറിഞ്ഞ ഗാനഭൂഷണം ഗിരീഷ് കൊച്ചിനും ഗാനഭൂഷണം സതീഷ് കൊച്ചിനും വീണ്ടുമെത്തുകയാണ്.

1995ൽ പുറത്തിറങ്ങിയപുതുകോട്ടയിലെ പുതുമണവാളൻ എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത സംവിധായകൻ റാഫിയും പ്രേകുമാറും ചേർന്നാണ് പുറത്തു വിട്ടത്.

Read more

ഫാദേഴ്‌സ് ഡേ സമ്മാനമായി "തീവണ്ടി"യുടെ സ്‌പെഷ്യൽ ട്രെയിലർ

ടൊവിനോ തോമസ് നായകനാകുന്ന തീവണ്ടിയുടെ ഫാദേഴ്‌സ് ഡേ സ്‌പെഷ്യൽ ട്രെയിലർ പുറത്തിറക്കി. 48 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലർ ടൊവിനോ തോമസ് തന്റെ ഫേസ്‌ബുക്കിലൂടെയാണ് പ്രേക്ഷകരുമായി പങ്കുവച്ചത്.

അമിതമായ പുകവലി കാരണം നാട്ടിൽ തീവണ്ടി എന്ന ഇരട്ടപ്പേര് വീണ ചെറുപ്പക്കാരന്റെ കഥപറയുന്ന ചിത്രമാണ് തീവണ്ടി. ടോവിനോ തോമസാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഫെലിനി ടി പി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക സംയുക്ത മേനോനാണ്.

ഓഗസ്റ്റ് സിനിമാസാണ് നിർമ്മാണം. സൈജു കുറുപ്പ്, സുരഭി, ഷമ്മി തിലകൻ, സുധീഷ് എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം ഗൗതം ശങ്കറും സംഗീത സംവിധാനം കൈലാസ് മേനോനും നിർവഹിച്ചിരിക്കുന്നു.

Read more

അനൂപ് മേനോൻ ചിത്രം "എന്റെ മെഴുകുതിരി അത്താഴങ്ങളുടെ ട്രെയിലർ കാണാം

അനൂപ് മേനോൻ, മിയ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന എന്റെ മെഴുകുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിലെ ട്രെയിലർ പുറത്തുവിട്ടു. മോഹൻലാലിന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇത് പുറത്തുവിട്ടത്. ഒരു റൊമാന്റിക്ക് ഹീറോയെയാണ് ചിത്രത്തിൽ അനൂപ് മേനോൻ അവതരിപ്പിക്കുന്നതെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്

നവാഗതനായ സൂരജ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 999 എന്റർടെയ്ന്മെൻസിന്റെ ബാനറിൽ നോബിൾ ജോസാണ് ഈ അനൂപ് മേനോൻ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മിയ ജോർജ്ജ് നായികയായെത്തുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

അലൻസിയർ, ബൈജു, രാഹുൽ മാധവ്, ടിനി ടോം എന്നിവർക്കൊപ്പം സംവിധായകൻ ലാൽ ജോസും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.റഫീക്ക് അഹമ്മദ് എഴുതി എം.ജയചന്ദ്രൻ ഈണം നൽകിയ ചിത്രത്തിലെ രണ്ട് പാട്ടുകളും പുറത്തുവന്നിട്ടുണ്ട്. ജൂലൈ 27ന് ചിത്രം തിയറ്ററുകളിലെത്തും.

Read more

അപ്പാനി ശരത് ആദ്യമായി നായകനാകുന്ന ചിത്രം കോണ്ടസയുടെ ടീസർ കാണാം

അപ്പാനി ശരത് ആദ്യമായി നായകനാകുന്ന ചിത്രം കോണ്ടസയുടെ ടീസർ പുറത്തിറങ്ങി. കോണ്ടസ ഒരു ആക്ഷൻ ത്രില്ലറാണ്. പുതുമുഖ സംവിധായകനായ സുദീപ് ഈ യെസ് ആണ് ചിത്രം ഒരുക്കുന്നത്.

അങ്കമാലി ഡയറീസ് വെളിപാടിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ അപ്പാനി ശരത് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് കോണ്ടസ.

സിനിൽ സൈനുദ്ദീൻ, ആതിര പട്ടേൽ, ശ്രീജിത്ത് രവി, ഹരീഷ് പേരടി, രജേഷ് ശർമ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. റിയാസാണ് കഥ, തിരക്കഥ, സംഭാഷണങ്ങളും രചിക്കുന്നത്. റിജോഷ്, ജെഫ്രിസ് ചേർന്നാണ് സംഗീതം ഒരുക്കിയത്. ഗോപിസുന്ദറാണ് പശ്ചാത്തല സംഗീതം. പൂണെയിൽ സ്ഥിര താമസമാക്കിയ പ്രവാസി മലയാളിയും ബിസിനസ്സുകാരനുമായ സുഭാഷ് സിപ്പിയാണ് നിർമ്മാണം.

Read more

ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്

യുവത്വത്തിന്റെ പ്രിയതാരം ടോവിനോ തോമസിനെ നായകനാക്കി മധുപാൽ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിന്റെ ടീസർ എത്തി. ഒഫീഷ്യൽ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ ടോവിനോയാണ് ടീസർ പുറത്തു വിട്ടത്. ചിത്രത്തിൽ അജയൻ എന്ന പാൽക്കാരൻ പയ്യനായാണ് ടോവിനോ എത്തുന്നത്. നിമിഷ സജയനാണ് ചിത്രത്തിൽ ടോവിനോയുടെ നായികയായെത്തുന്നത്.

2012ൽ പുറത്തിറങ്ങിയ ഒഴിമുറക്കു ശേഷം മധുപാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ഒരു
കുപ്രസിദ്ധ പയ്യൻ.. ജീവൻ ജോബ് തോമസാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഔസേപ്പച്ചനാണ് ഈണം പകർന്നിരിക്കുന്നത്.

Read more

നീരജ് മാധവ് ബോളിവുഡിലേക്ക്

മലയാളികളുടെ പ്രിയതാരം നീരജ് മാധവ് ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നു. രാജ്-കൃഷ്ണ ടീം ഒരുക്കുന്ന വെബ് സീരിസിൽ ആണ് നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആമസോൺ പ്രൈമിലൂടെയായിരിക്കും വെബ് സീരിസ് പ്രദർശനത്തിനെത്തിക്കുക.

തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.സെയഫ് അലിഖാൻ, നവാസുദ്ദീൻ സിദ്ദിഖി, മാധവൻ തുടങ്ങിയ ബോളിവുഡ് താരങ്ങൾ വെബ് സീരിസിൽ അഭിനയിക്കുന്നു ണ്ടെങ്കിലും മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യതാരം കൂടിയാകും നീരജ്.

മമ്മൂട്ടി നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കം ആണ് മലയാളത്തിലെ നീരജിന്റെ പുതിയ പ്രോജക്ട്.

Read more

മമ്മൂട്ടി നായകനാകുന്ന അബ്രഹാമിന്റെ സന്തതികളുടെ പുതിയ ടീസർ കാണാം

ആകാംക്ഷയും പ്രതീക്ഷയും ഉയർത്തി മെഗാ സ്റ്റാർ മമ്മൂട്ടി നായകനാകുന്ന അബ്രഹാമിന്റെ സന്തതികളുടെ പുതിയ ടീസറും ശ്രദ്ധേയമാകുന്നു.ബൈബിളിന്റെ പശ്ചാത്തലത്തിലുള്ള ഡയലോഗുകളടങ്ങിയതാണ് പുതിയ ടീസർ.നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററടക്കം വൻ സ്വീകരണം ലഭിച്ചത് പോലെ പുതിയ ടീസറും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. മണിക്കൂറുകൾ കൊണ്ട് രണ്ടര ലക്ഷത്തോളം പേർ കണ്ട വീഡിയോ യുട്യൂബ് ട്രെന്റിങിൽ രണ്ടാമതാണ്.

സ്ട്രീറ്റ് ലൈറ്റ്സിനു ശേഷം മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണിത്. ചിത്രത്തിൽ ഡെറിക് അബ്രഹാമെന്ന പൊലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്. ആൻസൺ പോൾ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. കനിഹ, രഞ്ജി പണിക്കർ, സിദ്ദിഖ്, കലാഭവൻ ഷാജോൺ, യോഗ് ജപ്പി എന്നിവരും ചിത്രത്തിലുണ്ട്.

രണ്ടു പതിറ്റാണ്ടിലധികമായി സഹസംവിധായകനായി ജോലിചെയ്തുവരുന്ന ഷാജി പാടൂർ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾമമ്മൂട്ടി നായകനായ ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്ന ഹനീഫ് അദേനിയാണ് അബ്രഹാമിന്റെ സന്തതികൾക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗുഡ് വിൽ എന്റർടെയ്ന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്.

സിനിമ ജൂൺ 16ന് തിയേറ്ററുകളിലെത്തും. മമ്മൂട്ടി. സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ചിത്രത്തിൽ എത്തുന്നത്.

Read more

കമലഹാസ്സന്റെ വിശ്വരൂപം 2വിന്‍റെ ട്രെയിലര്‍ എത്തി

കാത്തിരിപ്പിനൊടുവിൽ ഉലകനായകൻ കമൽഹാസന്റെ വിശ്വരൂപം രണ്ടിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.തമിഴ് ട്രെയ്ലർ ശ്രുതി ഹാസനും ഹിന്ദി ട്രെയ്ലർ അമീർ ഖാനും തെലുങ്ക് ട്രെയ്ലർ ജൂനിയർ എൻടിആറുമാണ് ഓൺലൈനിൽ അവതരിപ്പിച്ചത്.1 മിനിറ്റും 47 സെക്കന്റുമുള്ള ട്രൈലറിൽ ഉടനീളം കമലിന്റെ കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ സീക്വൻസുകളാണ നിറഞ്ഞ്‌നില്ക്കുന്നത്.

തമിഴിലും ഹിന്ദിയിലുമായി പുറത്തിറങ്ങുന്ന വിശ്വരൂപം രണ്ടിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് കമൽ തന്നെയാണ്. ചിത്രത്തിൽ മേജർ വിസാം അഹമ്മദ് കാശ്മീരി എന്ന പട്ടാളക്കാരന്റെ വേഷമാണ് കമൽ ചെയ്യുന്നത്.കമലും ചന്ദ്രഹാസനും ചേർന്ന് നിർമ്മിച്ചിരിക്കുന്ന സിനിമയിൽ രാഹുൽ ബോസ്, പൂജാ കുമാർ, ശേഖർ കപൂർ, അന്ദേര ജറീമിയ, തുടങ്ങി ബോളിവുഡിലെയും കോളിവുഡിലെയും ഒരു വൻ താരനിര തന്നെയുണ്ട്.

ചിത്രം ഓഗസ്റ്റ് 10- ഓടു കൂടി തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. സിനിമയിൽ പ്രസൂൻ ജോഷി, സന്ദീപ് ശ്രീവാസ്തവ എന്നിവരുടെ വരികൾക്ക് മുഹമ്മദ് ഗിബ്രാനാണ് ഈണം നൽകിയിരിക്കുന്നത്.

ഏറെ വിവാദങ്ങൾക്കു ശേഷം റിലീസ് ചെയ്ത വിശ്വരൂപത്തിന്റെ ആദ്യ പതിപ്പ് തിയ്യറ്ററുകളിൽ വൻ വിജയമായിരുന്നു. നാല് ദിവസം കൊണ്ട് 120 കോടിയോളം രൂപയാണ് തിയറ്ററുകളിൽ നിന്ന് സിനിമ വാരിയത്.

Read more

ഐ. എം വിജയന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

ക്യാപ്റ്റൻ വി.പി. സത്യന്റെ ജീവിതകഥയ്ക്ക് പിന്നാലെ മലയാളികളുടെ അഭിമാന താരം ഐ.എം. വിജയന്റെ ജീവിതവും സിനിമയാകുന്നു. ദിലീപിന്റെ സൂപ്പർ ഹിറ്റ് ചിത്രം രാമലീല സംവിധാനം ചെയ്ത അരുൺ ഗോപിയാണ് വിജയന്റെ ബയോപിക് ഒരുക്കുന്നത്.

മലയാളത്തിലെ പ്രമുഖ യുവതാരമാണ് ഐ.എം. വിജയനായി എത്തുകയെന്നാണ് സൂചന. എന്നാൽ അതാരായിരിക്കുമെന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പ്രണവ് മോഹൻലാൽ  നായകനാകുന്ന പുതിയ സിനിമയുടെ പണിപ്പുരയിലാണ് അരുൺ ഗോപി ഇപ്പോൾ. ഈ സിനിമയ്ക്ക് ശേഷം ഐ.എം. വിജയന്റെ ചിത്രം ആരംഭിക്കും. സിനിമയുടെ തിരക്കഥയും അരുൺ ഗോപി തന്നെയാണ്.

ചിത്രത്തിനായുള്ള ലൊക്കേഷനുകൾ വർഷങ്ങൾക്ക് മുൻപെ സന്ദർശിച്ച് കണ്ടെത്തിയതാ ണെന്നന്നും വർഷങ്ങൾക്ക് മുൻപെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയതാണെന്നും അരുൺ ഗോപി വെളിപ്പെടുത്തിയിരുന്നു.

Read more

സണ്ണി വെയ്‌ന്റെ ആദ്യ നിര്‍മ്മാണ സംരംഭം മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്തിന്റെ ട്രെയിലർ കാണാം

നടൻ സണ്ണി വെയ്ൻ നിർമ്മാണ രംഗത്തേക്ക് ചുവട് വെയ്ക്കുന്നത് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച 'മൊമന്റ് ജസ്റ്റ് ബിഫോർ ഡെത്ത്' എന്ന നാടകമാണ് സണ്ണി വെയ്ൻ പ്രൊഡക്ഷൻസിലൂടെ ആദ്യമെത്തുന്നത്. ജൂൺ പത്തിന് വേദിയിലെത്തുന്ന നാടകത്തിന്റെ ട്രെയിലർ ഇന്നലെ ദുൽഖർ പുറത്തിറക്കി.തന്റെ ഫേസ്‌ബുക്ക് പേജിലാണ് താരം ട്രൈലർ ലോഞ്ച് ചെയ്തത്.

നാടകത്തിന്റെ ട്രൈലർ പുറത്ത് വിടാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നെന്നും ഇത്തരം ഒരു കാര്യത്തിന് മുന്നിട്ടിറങ്ങിയ സണ്ണി വെയ്നെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നും ദുൽഖർ ട്രൈലർ പുറത്ത് വിട്ടുകൊണ്ട് ദുൽഖർ പറഞ്ഞു.

പ്രാദേശിക ചരിത്രത്തിന്റെ കെട്ടുപാടുകളെക്കുറിച്ചും അവരുടെ ഭാഷയും അന്യവത്ക രണവുമാണ് നാടകത്തിന്റെ പ്രമേയം. 75 മിനിറ്റാണ് ദൈർഘ്യം.അന്തർ ദേശീയവും ദേശീയവുമായ നാടകോത്സവങ്ങളിൽ പ്രദർശിപ്പിച്ച നാടകത്തിന് ആറു വിഭാഗങ്ങളിലായി നോമിനേഷൻ ലഭിക്കുകയും ബെസ്റ്റ് ഡിസൈനർ, ബെസ്റ്റ് ആക്ടർ വിഭാഗങ്ങളിൽ അവാർഡും നേടുകയും ചെയ്തിട്ടുണ്ട്. ബിജിബാൽ ആണ് സംഗീതം.

Read more

മോഹൻലാലിന്റെ നീരാളിയിലെ വീഡിയോ ഗാനം കാണാം

മോഹൻലാലിന്റെ പുതിയ ചിത്രമായ നീരാളിയിലെ വിഡിയോ ഗാനം പുറത്തിറങ്ങി. 'അഴകെ അഴകെ' എന്ന് തുടങ്ങുന്ന പ്രണയഗാനം മോഹൻലാലും ശ്രേയ ഘോഷാലും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. പി.ടി ബിനുവിന്റെ വരികൾക്ക് സ്റ്റീഫൻ ദേവസിയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.

വജ്രവ്യാപാരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സണ്ണി ജോർജ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.മുംബൈ, മംഗോളിയ, കേരളം, തായ് ലാന്റ്, ബംഗളൂരു തുടങ്ങിയിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 15 നാണ് റീലിസ്.

ബോളിവുഡ് ക്യാമറമാനും മലയാളിയുമായ സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. വർഷങ്ങൾക്കുശേഷം നദിയ മൊയ്തു മോഹൻലാൽ ചിത്രത്തിലെത്തുന്നു എന്ന പ്രത്യേകതയും നീരാളിക്കുണ്ട്. മൂൺഷോട്ട് ഫിലിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് നിർമ്മാണം.

Read more

നരേന്ദ്ര മോദിയുടെ ജീവിതകഥയും വെള്ളിത്തിരയിലേക്ക്

ഏറെ നാളായി കേൾക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ വെള്ളിത്തിരയിലെത്തുമെന്ന കാര്യം ഉറപ്പായി. 

മോദിയുടെ ജീവിതം അഭ്രപാളികളിലെത്തുമ്പോൾ മോദിയായി വേഷമിടുന്നത് ബോളിവുഡ് താരം പേരഷ് റാവലാണ്. 2012 ലെ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ മോദിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് പരേഷ് പങ്കെടുത്തിരുന്നു.

വില്ലനായും കോമഡിത്താരമായും അഭിനയിച്ച പരേഷിന് ഈ കഥാപാത്രം തീർത്തും വെല്ലുവിളിയായിരിക്കും. മോദിയായി വേഷമിടുന്നത് തന്റെ ജീവിതത്തിലെ വെല്ലുവിളിയായിരിക്കുമെന്നാണ് പേരഷ് റാവു തന്നെ പറയുന്നത്.

1994ൽ പുറത്തിറങ്ങിയ സർദാർ എന്ന ചിത്രത്തിൽ സർദാർ വല്ലഭായ് പട്ടേലായി അദ്ദേഹം വേഷമിട്ടിട്ടുണ്ട്. നിലവിൽ രാജ് കുമാർ ഹിറാനി സംവിധാനം ചെയ്യുന്ന സഞ്ജുവിൽ സുനിൽ ദത്തായാണ് പരേഷ് റാവൽ എത്തുന്നത്. ചിത്രം ഉടനെ തിയേറ്ററുകളിൽ എത്തും.

Read more

സുഡാനിയിലെ ഉമ്മമാർ വീണ്ടും

സുഡാനി ഫ്രം നൈജീരിയിലെ ഉമ്മമാരുടെ കഥാപാത്രങ്ങൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ബാലുശ്ശേരി സരസയും ശ്രീലത ശ്രീധരനും വീണ്ടും വെള്ളിത്തിരയിലെക്ക് എത്തുകയാണ്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ 'ഒറ്റമുറി വെളിച്ചം' എന്ന ചിത്രം ഒരുക്കിയ രാഹുൽ ജി. നായരുടെ പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.

പോളി വിത്സൻ, സേതു ലക്ഷ്മി തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.ചെമ്പൻ വിനോദ്, ഇന്ദ്രൻസ്, അലൻസിയർ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തും.

ഉർവശി തീയേറ്റേഴ്സും യൂണിവേഴ്സൽ സിനിമയും ചേർന്നാണ് നിർമ്മാണം. ഊട്ടിയും തിരുവനന്തപുരവുമാണ് പ്രധാന ലൊക്കേഷൻ. ഫ്രൈഡേ ഫിലിംസ് ചിത്രം വിതരണം ചെയ്യും.


2017ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിന്റെ സംവിധായകനാണ് രാഹുൽ റിജി നായർ.

Read more

ടൊവിനോ തോമസിന്റെ മറഡോണയിലെ പുതിയ ഗാനം പുറത്തിറങ്ങി

കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി നവാഗത സംവിധായകൻ വിഷ്ണു നാരായണൻ ഒരുക്കുന്ന ചിത്രം മറഡോണയിലെ പുതിയ ഗാനം പുറത്തിറങ്ങി. ഗ്രേറ്റ് ഫാദർ, എസ്രാ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുഷിൻ ശ്യാം ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

തകർപ്പൻ മലയാളം റാപ്പ് ശൈലിയിൽ ഒരുക്കിയിരിക്കുന്ന ഗാനം സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നു. 'സുഖിനോ ഭവന്തു വാദികൾക്കു നമസ്‌ക്കാരം, വിലയ്ക്ക് വാങ്ങി അടിച്ചമർത്തുവാൻ അധികാരം' എന്നീ വരികളിലൂടെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യളെ നൈസ് ആയി ട്രോളുന്നുമുണ്ട്.

റാപ് സോങ്ങിനായി വരികളെഴുതി ആലപിച്ചിരിക്കുന്നത് കൂട്ടിലിട്ട തത്ത, ലോക്കൽ ഇടി തുടങ്ങിയ മലയാളം റാപ്പ് ഗാനങ്ങൾ ഒരുക്കിയൂട്യുബിൽ ശ്രദ്ധ നേടിയ ഫെജോയാണ്.ചാവക്കാട് സ്വദേശികളായ മറഡോണയുടേയും സുധിയുടെയും ജീവിതത്തെ രസകരമായി അവതരിപ്പിക്കുകയാണ് പാട്ടിലൂടെ.ഈ കഥാപാത്രങ്ങളെ ടൊവിനോയും ടിറ്റോ വിൽസനും അവതരിപ്പിക്കുന്നു.

Read more

ഞാന്‍ മേരിക്കുട്ടിയിലെ ആദ്യ ഗാനമെത്തി

ട്രാൻസ് സെക്‌സ് ജനവിഭാഗത്തിന്റെ ജീവിതകഥ പറയുന്ന ജയസൂര്യ ചിത്രം ഞാൻ മേരിക്കുട്ടിയിലെ ദൂരെ ദൂരെ എന്ന വീഡിയോഗാനത്തെ ഏറ്റെടുത്ത് പ്രേക്ഷകർ.സമൂഹ്യ മാധ്യമങ്ങളിൽ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. യുട്യൂബ് ട്രെന്റിങ് ലിസ്റ്റിലും ഈ ഗാനം ഇടംനേടി കഴിഞ്ഞു.

ജയസൂര്യതന്നെയാണ് സ്വന്തം ഫേസ്‌ബുക് പേജിലൂടെ ഗാനം റിലീസ് ചെയ്തത്. ജയസൂര്യയുടെ അമ്പരപ്പിക്കുന്ന മേക്കൊവറാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. സന്തോഷ് വർമ്മയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ആനന്ദ് മധുസൂദനനാണ്. ബിജുനാരായണന്റേതാണ് ആലാപനം.

ജുവൽ മേരി, ഇന്നസെന്റ്, അജു വർഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മമ്മൂട്ടി നായകനായ പത്തേമാരിക്കുശേഷം ജുവൽ അഭിനയിക്കുന്ന ചിത്രമാണിത്. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത് ശങ്കർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. രഞ്ജിത്തും ജയസൂര്യയും ചേർന്നുള്ള പുണ്യാളൻ സിനിമാസാണ് ചിത്രത്തിന്റെ വിതരണം.

മുമ്പ് രഞ്ജിത് ശങ്കർ -ജയസൂര്യ കൂട്ടുകെട്ടിലുണ്ടായ പുണ്യാളൻ അഗർബത്തീസ്, സുസു സുധി വാത്മീകം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ചിത്രങ്ങൾ ഹിറ്റായിരുന്നു.

Read more

നടി സൗന്ദര്യയുടെ ജീവിതം സിനിമയാകുന്നു

മഹാനടി എന്ന പേരിൽ നടി സാവിത്രിയുടെ ജീവിതകഥ വെള്ളിത്തിരയിൽ ഏറെ മികച്ച വിജയം കൈവരിക്കവെ മറ്റൊരു നടിയുടെ ജീവിതവും ബിഗ് സ്‌ക്രിനിലെത്തിക്കാനൊ രുങ്ങുകയാണ് തെലുങ്ക് സിനിമാ ലോകം. ഹെലികോപ്ടർ അപകടത്തിൽ മരിച്ച നടി സൗന്ദര്യയുടെ ജീവിതം ആണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്.

പെലി ചൂപുല്ലു എന്ന സൂപ്പർ ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെയാകും സൗന്ദര്യയുടെ ജീവിതം കഥ പറയുന്ന ചിത്രമൊരുക്കുന്നത് എന്നാണ് സൂചന. ചിത്രത്തെ ക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. സൗന്ദര്യയെ അവതരിപ്പിക്കുന്നത് ആരായിരിക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കന്നഡ സിനിമയിലെ നിർമ്മാതാവും സംവിധായകനുമായ കെ. പി. സത്യനാരായണന്റെ മകളാണ് സൗന്ദര്യ. കന്നഡ സിനിമയിലൂടെയാണ് സൗന്ദര്യ അരങ്ങേറ്റം കുറിച്ചതെങ്കിലും തെലുങ്ക് ചിത്രങ്ങളിലൂടെയാണ് നടി അഭിനയരംഗത്ത് വളർന്നത്.പിന്നീട് സൂപ്പർ താരമായ രജനികാന്തിനൊപ്പം വരെ സൗന്ദര്യ അഭിനയിച്ചു .രജനികാന്തിന്റെ സൂപ്പർ ഹിറ്റുകളായ പടയപ്പ, അരുണാചലം തുടങ്ങിയവയിൽ സൗന്ദര്യ നായികയായി.

കിളിച്ചുണ്ടൻ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങി വളരെ കുറച്ച് മലയാളം സിനിമയിൽ മാത്രമേ സൗന്ദര്യ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ആ ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകർക്കും പ്രിയങ്കരിയായി മാറി.

Read more

നടൻ വിജയൻ പെരിങ്ങോട് അന്തരിച്ചു

പാലക്കാട്: ലാൽജോസ് ചിത്രങ്ങളിലേ സ്ഥിരം സാന്നിധ്യം നടൻ വിജയൻ പെരിങ്ങോട് അന്തരിച്ചു. ഹൃദയാഘാതത്തേത്തുടർന്ന് പുലർച്ചെ നാലരക്കരക്ക് പെരിങ്ങോട് വസതിയിലായിരുന്നു അന്ത്യം.1983ൽ പി എൻ മേനോൻ സംവിധാനം ചെയ്ത അസ്ത്രത്തിലൂടെയാണ് വിജയന്റെ അഭിനയ പ്രവേശനം.

സിനിമയിൽ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ആയി തുടങ്ങി അഭിനയരംഗത്തേക്ക് എത്തിയ വിജയൻ 40ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സത്യൻ അന്തിക്കാട്, ലാൽജോസ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. മിക്ക സിനിമകളിലും കാരണവർ നമ്പൂതിരി വേഷങ്ങളിലാണ് വിജയനെ കാണാൻ സാധിച്ചിരുന്നത്. ഏറെ കഴിവുണ്ടായിട്ടും മലയാളത്തിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട നടനായിരുന്നു വിജയൻ. എങ്കിലും തനിക്ക് കിട്ടുന്ന വേഷങ്ങൾ സ്വന്തം ശൈലിയിൽ മികവുറ്റതാക്കാക്കുന്ന നടനായിരുന്നു അദ്ദേഹം.

ശ്രീധരന്റെ ഒന്നാം തിരുമുറിവ്, മീശ മാധവൻ, കിളിച്ചുണ്ടൻ മാമ്പഴം, പട്ടാളം, കഥാവശേഷൻ, അച്ചുവിന്റെ അമ്മ, വടക്കുന്നാഥൻ, സെല്ലൂലോയ്ഡ്, രക്ഷാധികാരി ബൈജു ഒപ്പ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Read more

മോഹന്‍ലാലിന്റെ നീരാളിയുടെ ട്രെയിലർ എത്തി

മലയാളത്തിന്റെ അഭിനയ മികവിന് ഇന്ന് 58ാം പിറന്നാൾ.പിറന്നാൾ ദിനത്തിൽ താരത്തിന്റെ സർപ്രൈസ് എന്തൊക്കെയായിരിക്കുമെന്ന ആകാംക്ഷയോടെ കാത്തിരുന്ന ആരാധകർക്ക് മുമ്പിലേക്ക് നീരാളിയുടെ ട്രെയിലറുമായി എത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ഇക്കുറി ആരാധകരെ ഒന്നടങ്കം ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ തമാശയും സസ്‌പെൻസും ഒരേ പോലെ പകർത്തിവച്ചിരിക്കുന്ന വീഡിയോ ആണ് അണിയറക്കാർ പുറത്തുവിട്ടത്.

33 വർഷത്തെ ഇടവേളയ്ക്കു ശേഷം മോഹൻലാലിന്റെ നായികയായി നദിയ മൊയ്തു വീണ്ടുമെത്തുന്നെന്ന പ്രത്യേകതയുമുണ്ട് 'നീരാളി'യ്ക്ക്. നീരാളിയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായാണ് നദിയ മൊയ്തു വേഷമിടുന്നത്. മോഹൻലാലിനൊപ്പം സായി കുമാർ, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ, അനുശ്രീ, പാർവ്വതി നായർ തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തിൽ വേഷമിടുന്നുണ്ട്.

എന്തായാലും പിറന്നാൾ സമ്മാനമായി എത്തിയ ട്രെയിലറിനെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. പുറത്തിറക്കി മണിക്കൂറുകൾക്കടം തന്നെ അമ്പതിനായിരത്തിലധികം ആളുകൾ ട്രെയിലർ കണ്ട് കഴിഞ്ഞു. ഇന്ന് ലാലേട്ടൻ ലണ്ടനിലാണ് പിറന്നാൾ ആഘോഷിക്കുക.രഞ്ജിത്ത് ചിത്രത്തിന്റെ ഷൂട്ടിംഗിനായി മോഹൻലാലും സംഘവും ലണ്ടനിലാണ്.

മോഹൻലാലും ശ്രേയാ ഘോഷാലും ആലപിച്ച ഗാനമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. സ്റ്റീഫൻ ദേവസിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഇതിനു മുൻപ് 'കണ്ണെഴുതി പൊട്ടും തൊട്ട്', 'പാദമുദ്ര', 'ചിത്രം', 'വിഷ്ണുലോകം', 'ഗാന്ധർവ്വം', 'സ്പടികം', 'ഉസ്താദ്', 'ബാലേട്ടൻ', 'ഉടയോൻ', 'മാടമ്പി', 'ഭ്രമരം' തുടങ്ങിയ ചിത്രങ്ങളിലാണ് മോഹൻലാൽ പാടിയിട്ടുള്ളത്.

Read more

മമ്മൂട്ടി നായകനാകുന്ന അബ്രഹാമിന്റെ സന്തതികളിലെ ഗാനം പുറത്തിറങ്ങി

തിരുവനന്തപുരം: ഒടുവിൽ ആ ഗാനം എത്തി. മെഗാ സ്റ്റാർ മമ്മൂട്ടി നായകനാകുന്ന അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിലെ 'യെരുശലേം നായകാ...' എന്ന ഗാനം പുറത്തിറങ്ങി. അതിമനോഹരമായ ഈ മെലഡിയാണെന്ന് വിലയിരുത്തിയാണ് ആരാധകർ ഗാനത്തെ വരവേൽക്കുന്നത്. 

ഈണം നൽകിയിരിക്കുന്നത് ഗോപി സുന്ദറാണ്. ശ്രേയാ ജയദീപ് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. ചിത്രത്തിൽ വലിയ പ്രതീക്ഷയർപ്പിച്ചാണ് ആരാധകർ മമ്മുട്ടി നായകനാകുന്ന പടത്തെ കാത്തിരിക്കുന്നത്.

അതിമനോഹരമെന്ന് പലരും ഗാനത്തെ വിലയിരുത്തിക്കഴിഞ്ഞു. ക്രിസ്ത്യൻ ഭക്തിഗാന ശൈലിയിലാണ് ഗാനം. അർഥവത്തായ വരികളും ഏറ്റവും യോജ്യമായ ഈണവും ചേരുന്ന ഗാനം ആയിരങ്ങളെ ആകർഷിക്കുന്നു. ഷാജി പാടൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഹനീഫ് അദേനിയാണ്.

ദ ഗ്രേറ്റ് ഫാദറിന്റെ സംവിധായകൻ ആയിരുന്നു അദ്ദേഹം ചിത്രം അടുത്തമാസം തീയറ്ററുകളിലെത്തും. കസ്ബ ഒരുക്കിയ ഗുഡ്വിൽ എന്റർടൈന്മെന്റ്‌സാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററിനും നേരത്തെ വലിയ കയ്യടി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ആരാധകരുടെ മനസ്സിൽ ഇടംപിടിക്കാൻ മനോഹരമായ ഗാനവും എത്തുന്നത്.

Read more

കുമ്പളങ്ങി നൈറ്റ്‌സിന്റെ പോസ്റ്റർ പുറത്ത്

നടനും സംവിധായകനുമായ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും സിനിമാ നിർമ്മാണ മേഖലയിലേക്ക് കടക്കുന്നു. വർക്കിങ് ക്‌ളാസ് ഹീറോ എന്ന പേരിലുള്ള തങ്ങളുടെ ആദ്യ സംരംഭത്തെക്കുറിച്ച് ദിലീഷ് തന്നെയാണ് ഫേസ്‌ബുക്കിൽ കുറിച്ചത്. മാത്രമല്ല പുതിയ നിർമ്മാണ കമ്പനിയുടെ കീഴിലുള്ള ആദ്യ ചിത്രത്തിന്റെ പോസ്റ്ററും പുറത്ത് വിട്ടു.

മധുനാരായണന്റെ സംവിധാനത്തിലൊരുങ്ങുന്ന കുമ്പളങ്ങി നൈറ്റ്സാണ് ഇരുവരും ചേർന്ന് നിർമ്മിക്കുന്ന സിനിമ. ശ്യാം പുഷ്‌കരന്റേതാണ് തിരക്കഥ. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകൻ.ഷൈൻ നിഗം, സൗബിൻ, ശ്രീനാഥ് ഭാസി തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിർമ്മാണത്തിൽ നസ്രിയ നസീമും പങ്കാളിയാണ്.

Read more

ജയസൂര്യ -രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങുന്ന ഞാൻ മേരിക്കുട്ടിയുടെ ട്രെയിലർ പുറത്ത്

ജയസൂര്യ-രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്ന പുതിയ ചിത്രമായ ഞാൻ മേരിക്കുട്ടിയുടെ ട്രെയിലർ പുറത്തിറങ്ങി. ജയസൂര്യ തന്നെയാണ് ഫേസ്‌ബുക്കിലൂടെ വീഡിയോ പുറത്തു വിട്ടത്. എല്ലാവരും ഒരുപോലെയാണ് എന്ന് വിശ്വസിക്കുന്ന, നല്ല മനസുകൾക്കായി എന്നു പറഞ്ഞായിരുന്നു വീഡിയോ ജയസൂര്യ പോസ്റ്റ് ചെയ്തത്.

ട്രാൻസ് സെക്ഷ്വലായ മേരിക്കുട്ടിയായാണ് ജയസൂര്യ ചിത്രത്തിൽ എത്തുന്നത്.
ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രമാകും മേരിക്കുട്ടി എന്നത് ടീസറിൽ നിന്നും വ്യക്തമാണ്. പുണ്യാളൻ അഗർബത്തീസ്, സൂ സൂ സുധീ വാത്മീകം, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം എത്തുന്ന ജയസൂര്യ- രഞ്ജിത്ത് ചിത്രം കൂടിയാണ്ഞാൻ മേരിക്കുട്ടി.

ജുവൽ മേരിയാണ് ചിത്രത്തിലെ നായിക. ഇന്നസെന്റ്, സുരാജ് വെഞ്ഞാറമൂട്, അജു വർഗീസ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്തും ജയസൂര്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Read more

നടന്‍ കലാശാല ബാബു അന്തരിച്ചു

കൊച്ചി: വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായ നടന്‍ കലാശാല ബാബു (68) അന്തരിച്ചു. രാത്രി 12.35ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു കാലമായി രോഗബാധിതനായിരുന്നു.

കഥകളി ആചാര്യന്‍ പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ടത്തിന്റെ മാതാവ് എന്ന് അറിയപ്പെടുന്ന കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകനായ ബാബു നാടക വേദികളിലൂടെയാണ് ശ്രദ്ധേയനായത്. ഇണയെത്തേടി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. അരങ്ങേറ്റം വിജയകരമല്ലാതിരുന്നതിനാല്‍ നാടകത്തിലേക്ക് മടങ്ങി.

തുടര്‍ന്ന് സീരിയലുകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ലോഹിതദാസിന്റെ കസ്തൂരിമാനിലെ തീവിഴുങ്ങി ലോനപ്പന്‍ മുതലാളിയായി സിനിമയിലേക്കുള്ള രണ്ടാം വരവ് വിജയകരമായിരുന്നു. ഇരുത്തംവന്ന വില്ലന്‍, കണിശക്കാരനായ കാരണവര്‍ തുടങ്ങിയ വേഷങ്ങളിലൂടെ മലയാളി സിനിമാ പ്രേമികള്‍ക്കു പരിചിതനാണ്. എന്റെ വീട് അപ്പൂന്റെയും, തൊമ്മനും മക്കളും, റണ്‍വേ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയവേഷം ചെയ്തു. ഭാര്യ: ലളിത. മക്കള്‍: ശ്രീദേവി, വിശ്വനാഥന്‍. 

Read more

മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ പുതിയ ടീസറെത്തി

കൊച്ചി: ലൂസിഫർ ടൈറ്റിൽ ഫോണ്ട് കണ്ട് കൈയടിച്ചവർക്ക് ഇരട്ടിമധുരമായി ഒടിയൻ ടീസറും. ചലച്ചിതത്തിന്റെ സ്വഭാവമനുസരിച്ചുള്ള നിഗൂഢത ടീസറിലും കാക്കുന്നുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടൈറ്റിൽ ഫോണ്ട് ഇന്ന് രാവിലെ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഒടിയന്റെ പുതിയ ടീസറും പുറത്ത് വന്നത്.

വി.എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയന്റെ അവസാന ഘട്ട ഷൂട്ടിങ് കഴിഞ്ഞ മാസമാണ് അവസാനിച്ചത്. 3 മിനിറ്റിലധികം ദൈർഘ്യമുള്ള ടീസറിൽ ഒടിയൻ നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ല.

ടൈറ്റിൽ ക്രെഡിറ്റാണ് പ്രധാനമായും ടീസറിൽ കാണിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിങ് തിയ്യതി ഉടനെ പ്രഖ്യാപിക്കും.30 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ മഞ്ജു വാര്യർ നായികയായും പ്രകാശ് രാജ് വില്ലൻ വേഷത്തിലുമെത്തുന്നു. 1950-നും 1990-നും ഇടയിലുള്ള കാലഘട്ടമാണ് സിനിമയിൽ ചിത്രീകരിക്കുന്നത്. ദേശീയ അവാർഡ് ജേതാവും മാധ്യമപ്രവർത്തകനുമായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

Read more

"മോഹന്‍ലാലി"ന് പിന്നാലെ മമ്മൂട്ടിക്കും ട്രിബ്യൂട്ട് ഫിലിം "ഇക്കയുടെ ശകടം" ; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

മോഹൻലാൽ ആരാധകരുടെ കഥ പറഞ്ഞ ചിത്രങ്ങൾക്ക് പിന്നാലെ മമ്മൂക്കാ ആരാധകർക്കായി സിനിമ അണിയറയിൽ ഒരുങ്ങുന്നു.ചിത്രത്തിന് ഇക്കയുടെ ശകടം എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകൻ വിപിൻ ആറ്റ്‌ലി പുറത്തുവിട്ടു.

പ്രിൻസ് അവറാച്ചൻ തിരക്കഥ, സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം പോപ് സിനിമാസ് ആണ്. വിദ്യ ശങ്കർ ഛായാഗ്രഹണം. ചിത്രം ജൂലൈയിൽ തീയേറ്ററുകളിലെത്തു മെന്നാണ് വിവരം.

മോഹൻലാൽ ആരാധകരുടേതായി രണ്ട് ചിത്രങ്ങളാണ് അടുത്തിടെ പുറത്തുവന്നത്. സാജിദ് യഹിയയുടെ മോഹൻലാൽ, സുനിൽ ശക്തിധരൻ പുവേലിയുടെ സുവർണ്ണപുരുഷൻ എന്നിവ. മഞ്ജു വാര്യർ, ഇന്ദ്രജിത്ത് എന്നിവരായിരുന്നു മോഹൻലാലിലെ പ്രധാന കഥാപാത്രങ്ങളെങ്കിൽ ലെന, ഇന്നസെന്റ്, ശ്രീജിത്ത് രവി എന്നിവരൊക്കെയാണ് സുവർണ്ണപുരുഷനിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Read more

മോഹൻലാൽ-പൃഥിരാജ് ടീമിന്റെ ലൂസിഫറിന്റെ ടൈറ്റിൽ ഡിസൈൻ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറിന്റെ ടൈറ്റിൽ ഡിസൈൻ പുറത്ത് വിട്ടു. നിമിഷങ്ങൾക്കകം അരാധകർക്കിടയിൽ തരംഗമായി ലൂസിഫർ ടൈറ്റിൽ. ആനന്ദ് രാജേന്ദ്രൻ ഡിസൈൻ ചെയ്ത ടൈറ്റിൽ ദീപക് ദേവിന്റെ സംഗീതത്തിന്റെ അകമ്പടിയോടെയാണ് പുറത്ത് ഇറങ്ങിയിരിക്കുന്നത്. കറുത്ത പ്രതലത്തിൽ അക്ഷരങ്ങൾ തിരിച്ചെഴുതിയിരിക്കുന്ന ടൈറ്റിൽ വീഡിയോയും ബാക്ഗ്രൗണ്ട് മ്യൂസിക്കും ആരെയും ആകർഷിക്കുന്നതും ആകാംശ വർധിപ്പിക്കുന്നതുമാണ്.

മോഹൻലാലും പൃഥ്വിരാജും ഒരുമിക്കുന്ന, പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ലൂസിഫർ ഉടൻ തന്നെ പ്രേക്ഷകരിലേക്ക് എത്തും. മുരളീ ഗോപിയുടെ തിരക്കഥയിൽ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിലെ രണ്ട് വലിയ താരങ്ങൾ ഒരുമിക്കുന്ന ചിത്രം എന്ന നിലയിലും പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയിലും ചിത്രം ഏറെ പ്രതീക്ഷ നൽകുന്നതാണ്.

നേരത്തെ ഒടിയന്റെ സെറ്റിലെത്തി ലൂസിഫറിന്റെ തിരക്കഥ പൃഥ്വിരാജ് മോഹൻലാലിന് കൈമാറിയിരുന്നു. ഇത്രയും നാൾ താനും മുരളിയും മനസിൽ കൊണ്ടു നടന്ന ചിത്രം മോഹൻലാലിനെ വായിച്ചു കേൾപ്പിച്ചെന്നും മികച്ചൊരു ചിത്രമായിരിക്കും ലൂസിഫറെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ലൂസിഫർ നല്ലൊരു സിനിമയായിരിക്കുമെന്ന് ഉറപ്പുണ്ടെന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം.

ലൂസിഫറി'ൽ ഇന്ദ്രജിത്ത് പ്രതിനായകവേഷത്തിൽ എത്തുമെന്ന് റിപ്പോർട്ട്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ 2016ലാണ് പ്രഖ്യാപിച്ചത. ഈ വർഷം ജൂണിൽ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമൊണ് റിപ്പോർട്ട്.

Read more

വിടരുതിവിടെ വിടരുതിവിടെ..ആഭാസത്തിലെ പാട്ടിന്റെ ലിറിക്കൽ വീഡിയോ കാണാം

സാമൂഹ്യ പശ്ചാത്തലത്തെ ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിക്കുന്ന ചിത്രം ആഭാസത്തിലെ പാട്ടിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.ഊരാളി ബാൻഡിന്റെ വിടരുതിവിടെ വിടരുതിവിടെ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്. ചിത്രത്തിന്റെ രാഷ്ട്രീയം ഒന്ന് കൂടി വ്യക്തമാക്കുന്ന തരത്തിലുള്ളതാണ് വീഡിയോ.

ഗാന്ധി, മാർക്സ്, അംബേദ്കർ, ജിന്ന, സവർക്കർ തുടങ്ങിയവർ റാപ്പ് സോങ്ങിന് ചുവട് വെക്കുന്ന തായുള്ള കാർട്ടൂണുകളും ഉൾപ്പെടുത്തിയാണ് വീഡിയോ പുറത്തിറങ്ങിയത്. അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ജനക്കൂട്ടം മർദ്ദിച്ച് കൊന്നതും, കഠ്വയിൽ മുസ്ലിം ബാലികയെ ബലാത്സഗം ചെയ്തുകൊലപ്പെടുത്തിയതും മറ്റ് സമകാലിക രാഷ്ട്രീയ സംഭവങ്ങളും വീഡിയോയിൽ വിഷയമായിട്ടുണ്ട്.

സമീപകാല രാഷ്ട്രീയ സാഹചര്യങ്ങൾക്കു നേരെയുള്ള ശക്തമായ ആക്ഷേപഹാസ്യ മായിരിക്കും ചിത്രത്തിലുടനീളം എന്ന സൂചനയാണ് വീഡിയോ നൽകുന്നത്.ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തത് നേരത്തേ വാർത്തയായിരുന്നു. ചില സംഭാഷങ്ങൾ മ്യൂട്ട് ചെയ്താൽ 'എ' സർട്ടിഫിക്കറ്റ് നൽകാം എന്നായിരുന്നു ബോർഡിന്റെ നിലപാട്. എന്നാൽ ബോർഡിന്റെ രാഷ്ട്രീയ അസഹിഷ്ണുതയാണ് ഇതെന്ന് അണിയറക്കാർ ആരോപിച്ചിരുന്നു. തുടർന്ന് നടത്തിയ നിയമയുദ്ധത്തിലൂടെയാണ് 'ആഭാസം' യു/എ സർട്ടിഫിക്കറ്റ് നേടിയത്.

സുരാജ് വെഞ്ഞാറമൂട്, റീമ കല്ലിങ്കൽ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് നവാഗതനായ ജുബിത് നമ്രാഡത്ത് ആണ് തിരക്കഥയും സംവിധാനവും നിർഹിച്ചിരിക്കുന്നത്.

Read more

ദുൽഖറിന്റെയും കീർത്തിയുടെയും തെലുങ്ക് ചിത്രം മഹാനടിയുടെ മേക്കിങ് വീഡിയോ കാണാം

തെന്നിന്ത്യൻ നടി സാവിത്രിയുടെ സംഭവബഹുലമായ ജീവിതം പറയുന്ന ചിത്രം മഹാനടിയുടെ മേക്കിങ് വീഡിയോ പുറത്ത് വന്നു.കീർത്തിസുരേഷും ദുൽഖർ സൽമാനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളും അണിയറവിശേഷങ്ങളും കോർത്തിണക്കിയതാണ് വീഡിയോ.ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനൊപ്പമാണ് മേക്കിങ് വീഡിയോ പുറത്തുവിട്ടത്.

കീർത്തി സുരേഷിലൂടെ സാവിത്രിയും ദുൽഖറിലൂടെ ജമിനി ഗണേശനും വെള്ളിത്തിരയി ലേക്കെത്തുകയാണ്. 1950കളിൽ തമിഴ്, തെലുങ്ക് സിനിമാലോകം അടക്കിവാണ നടിയാണ് സാവിത്രി. സാവിത്രിയുടെ ജീവിതം വെള്ളിത്തിരയിലേക്ക് പകർത്തുമ്പോൾ വെല്ലുവിളികൾ ഏറെയായിരുന്നെന്ന് സംവിധായകൻ നാഗ് അശ്വിൻ പറയുന്നു. മഹാനടിയിലൂടെ തെലുങ്ക് സിനിമയുടെ ചരിത്രം കൂടിയാണ് സംവിധായകൻ പറയുന്നത്. രണ്ടായിരത്തിൽ അധികം പേരെ ഓഡീഷൻ നടത്തിയാണ് ചിത്രത്തിലേക്ക് കഥാപാത്രങ്ങളെ തെരഞ്ഞെടുത്തത്

മുപ്പത്തിരണ്ട് സെറ്റുകളിലായാണ് ചിത്രീകരണം നടന്നത്. പഴയ കാലത്തെ വെള്ളിത്തിരയിലേക്ക് എത്തിക്കാനുള്ള എല്ലാശ്രമവും മഹാനടിയിൽ നടത്തിയതായി അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. തെലുങ്കിലും തമിഴിലും ഒരേ സമയം ചിത്രം റീലീസ് ചെയ്യും. ഹൈദരാബാദിൽ ഷൂട്ടിങ് പൂർത്തിയായ മഹാനടിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

Read more

ലിജോ ജോസ് പെല്ലിശേരി ചിത്രം ഈ മ യൗവിന്റെ രണ്ടാം ട്രെയിലറിനും വന്‍ വരവേല്‍പ്പ്

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രം ഈ.മ.യൗ റിലിസിനൊരുങ്ങുകയാണ്. ചിത്രം ഈ വെള്ളിയാഴ്‌ച്ച തിയേറ്ററുകളിലെത്തും. റിലീസിന് മുമ്പായി ചിത്രത്തിന്റെ രണ്ടാം ട്രെയിലർ പുറത്തിറങ്ങിയതും സോഷ്യൽമീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.സിനിമയുടെ ട്രെയിലർ ആഷിക്ക് അബുവാണ് ഫേസ്‌ബുക്കിലൂടെ പുറത്തിറക്കിയത്.

വിനായകൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാണ് ഈ.മ.യൗ. പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന സംവിധായകനായതു കൊണ്ടു തന്നെ ലിജോയുടെ സിനിമകൾക്ക് പ്രാധാന്യമേറെയാണ്.

ആ പ്രതീക്ഷകൾ അസ്ഥാനത്താകില്ല എന്ന സൂചന നൽകുന്നതാണ് ഈ.മ.യൗവിന്റെ രണ്ടാം ട്രെയിലർ. കടലോരവാസികളുടെ ജീവിതം പറയുന്ന ചിത്രം മുമ്പ് രണ്ട് തവണ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു.

ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ.മ. യൗ. 18 ദിവസം കൊണ്ടാണ് ലിജോ ജോസ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. കൊച്ചിയായിരുന്നു പ്രധാന ലൊക്കേഷൻ. പി.എഫ് മാത്യൂസ് തിരക്കഥ ഒരുക്കിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് രാജേഷ് ജോർജ് കുളങ്ങരയാണ്.

Read more

പ്രിയദർശൻ ചിത്രം "മരക്കാറി"ല്‍ മോഹന്‍ലാലിനൊപ്പം പ്രണവും

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ: അറബിക്കട ലിന്റെ സിംഹം എന്ന ചിത്രം പ്രഖ്യാപിച്ചത് മുതൽ പ്രേക്ഷകരും ആകാംക്ഷയിലാണ്.നൂറു കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന ഈ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആണ്. ചിത്രത്തിൽ വലിയ താര നിര അണിനിരക്കാൻ പോകുന്നതെന്നാണ് പുതിയ വിശേഷം. കൂടാതെ പ്രണവ് ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ എത്തുമെന്ന സൂചനയും പുറത്ത് വ്ന്നിട്ടുണ്ട്.

തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലെ വമ്പന്മാർ അടക്കം ഈ ചിത്രത്തിന്റെ ഭാഗമായി വരുമെന്നും സംവിധായകൻ പ്രിയദർശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. തെലുങ്കു സൂപ്പർ താരം നാഗാർജുനയും ബോളിവുഡിലെ പ്രശസ്ത താരം സുനിൽ ഷെട്ടിയും സിനിമയുടെ ഭാഗമാകും.

നവംബർ ഒന്ന് ഹൈദരാബാദിൽ തുടങ്ങുന്ന ചിത്രത്തിന് പ്രിയദർശനും ഐ.വി. ശശിയുടെ മകൻ അനിയും ചേർന്നാണ് തിരക്കഥ രചിക്കുന്നത്. ദീർഘകാലമായി പ്രിയദർശന്റെ സഹസംവിധായകനായി പ്രവർത്തിക്കുകയാണ് അനി. കടലിലായിരിക്കും നല്ലൊരു ശതമാനം ഷൂട്ടിംഗും. സാബു സിറിളാണ് കലാസംവിധായകൻ.ആശീർവാദ് സിനിമാസും കോൺഫിഡന്റ് ഗ്രൂപ്പും മൂൺഷോട്ട് എന്റർടെയ്ന്മെന്റും ചേർന്നാണ് നിർമ്മാണം. ആശീർവാദ് സിനിമാസിന്റെ 25ാം ചിത്രമാണിത്.

Read more

നടി മേഘ്‌ന രാജ് വിവാഹിതയായി

ഹൈദരാബാദ്: മലയാളം സിനിമകളിലൂടെ ശ്രദ്ദേയയായ നടി മേഘ്‌ന രാജ് വിവാഹിതയായി. കന്നട നടൻ ചിരഞ്ജീവി സർജയെയാണ് മേഘന വിവാഹം ചെയതത്. കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയിൽ വച്ചായിരുന്നു വിവാഹം. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് മേഘ്നാ രാജ്. രണ്ട് വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ജീവിതത്തിൽ ഒന്നിക്കുന്നത്. ആട്ടഗര എന്ന സിനിമയിൽ മേഘ്നയും ചിരഞ്ജീവി സർജയും ഒരുമിച്ച് അഭിനയിച്ചിരുന്നു.

ഒക്ടോബർ 22നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം. മണവാട്ടിയായി തൂവെള്ള ഗൗണിൽ സുന്ദരിയായാണ് മേഘ്‌ന എത്തിയത്. കോട്ടുസ്യൂട്ടുമണിഞ്ഞ് ഒപ്പം ചിരഞ്ജീവി സർജയുമെത്തി. കുടുംബാംഗങ്ങളെ സാക്ഷിയാക്കി ചിരഞ്ജീവി സർജ മേഘ്‌നയ്ക്ക് മിന്നുചാർത്തിയത് പ്രണയസാഫല്യ നിമിഷം കൂടിയായി. കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയിൽ വച്ചായിരുന്നു വിവാഹം. മെയ്-2ന് ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ വിവാഹം നടക്കും.

യക്ഷിയും ഞാനുമെന്ന വിനയൻ ചിത്രത്തിലൂടെയാണ് മേഘ്ന മലയാള സിനിമയിൽ അരേങ്ങറിയത്. തുടർന്ന് നല്ല ചിത്രങ്ങളിലും അവർ അഭിനയിച്ചു.

Read more

ദിലീപ് ചിത്രം കമ്മാരസംഭവത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി

ദിലീപ് ചിത്രം കമ്മാരസംഭവത്തിന്റെ പിന്നിലെ ത്രില്ലടിപ്പിക്കുന്ന സംഭവവികാസങ്ങൾ കോർത്തിണക്കിയ മേക്കിങ് വീഡിയോ പുറത്തിറങ്ങി. നാല് മിനിറ്റ് 45 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ പ്രേക്ഷകരെ അതിശയിപ്പിക്കുന്നതാണ്. മലയാളത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത നൂതനവിദ്യകൾ ഉപയോഗിച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

സിനിമയുടെ ആർട്ട് വിഭാഗത്തിന്റെ പ്രാധാന്യവും ഈ വിഡിയോയിലൂടെ മനസ്സിലാകും. സംഘടനരംങ്ങളുടെ പിന്നിലെ അണിയറപ്രവർത്തകരുടെ കഷ്ടപ്പാടുകളും ദിലീപിന്റെ മേക്ക് ഓവറിന് പിന്നിൽ പ്രവർത്തിച്ചവരും ഒക്കെ നിറഞ്ഞതാണ് വീഡിയോ.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ മുരളി ഗോപിയാണ്. മൂന്നു കാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് എത്തുന്നത്. തമിഴ് താരങ്ങളായ സിദ്ധാർത്ഥ്, ബോബി സിംഹ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ.

ഏകദേശം 20 കോടി ചെലവുള്ള സിനിമയുടെ നിർമ്മാണം ഗോകുലം ഫിലിംസ് ആണ്. ദിലീപിന്റെ തന്നെ വിതരണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസ് ചിത്രം തിയറ്ററുകളിലെത്തിച്ചത്.

Read more

അങ്കിളിന്റെ പുതിയ ടീസറും പുറത്ത്

ജോയ് മാത്യു തിരക്കഥ എഴുതി ഗിരീഷ് ദാമോദർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം അങ്കിളിന്റെ പുതിയ ടീസർ പുറത്തിറിങ്ങി. പുതിയ ടീസറിലും മമ്മൂട്ടിക്ക് നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്.

'കെ.കെ എന്ന് വിളിക്കുന്ന കൃഷ്ണകുമാർ എന്ന ബിസിനസുകാരനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.ഷട്ടർ എന്ന തന്റെ ആദ്യ ചിത്രത്തിന് ശേഷം ജോയ് മാത്യു ഒരുക്കുന്ന തിരക്കഥ അങ്കിളിന്റെതാണ്. വളരെ സാമൂഹിക പ്രസക്തിയുള്ള ചിത്രമാണ് അങ്കിൾ എന്നും, തന്റെ ആദ്യ ചിത്രത്തിനേക്കാൾ മികച്ചതായിരിക്കും അങ്കിളിന്റെ പ്രമേയമെന്നും ജോയ് മാത്യു പറഞ്ഞിരുന്നു. ചിത്രത്തിലെ ഗാനവും ട്രെയ്ലറും ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

കേരളത്തിന് പുറത്ത് പഠിക്കാൻ പോകുന്ന പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്. ഊട്ടി, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം. 41 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ജോയ് മാത്യു, മുത്തുമണി, കെ. പി. എ. സി. ലളിത, കാർത്തിക, തുടങ്ങിയവർ അഭിനയിക്കുന്നു.

Read more

യുവതതാരങ്ങൾ അണിനിരക്കുന്ന നാം ചിത്രത്തിന്റെ കിടിലൻ ട്രൈലർ പുറത്ത്

കൊച്ചി: ജോഷി തോമസ് പള്ളിക്കൽ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന നാം ചിത്രത്തിന്റെ കിടിലൻ ട്രെയിലർ പുറത്തിറങ്ങി. ശബരീഷ് വർമയുടെ വരികൾക്ക് അശ്വിനും സന്ദീപും ചേർന്ന് സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നതും ശബരീഷ് തന്നെയാണ്.

ക്യാംപസ് പശ്ചാത്തലത്തിൽ കഥപറയുന്ന സിനിമയിൽ യുവതാരങ്ങൾ അണിനിരക്കുന്നു. ജെ.ടി.പി ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ശബരീഷ് വർമ, ഗായത്രി, അജയ് മാത്യു, ടോണി ലൂക്ക്, രാഹുൽ മാധവ്, അദിതി രവി, നോബി മാർക്കോസ്, നിരഞ്ജ് സുരേഷ്, രൺജി പണിക്കർ, തമ്ബി ആന്റണി, അഭിഷേക്, മറീന മിഷേൽ എന്നിവരാണ് താരങ്ങൾ. ഇവരെ കൂടാതെ ഗൗതം വാസുദേവ മേനോൻ, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ അതിഥിവേഷത്തിൽ എത്തുന്നുണ്ട്.

Read more

അങ്കിളിന്‍റെ രണ്ടാം ട്രെയിലർ പുറത്തിറങ്ങി

നടൻ ജോയ്മാത്യുവിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് അങ്കിൾ. ഗിരീഷ് ദാമോദർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലർ പുറത്തിറങ്ങി. ആദ്യ ട്രെയിലറി ലെന്ന പോലെ തന്നെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരിക്കാം മമ്മൂട്ടിയുടേത് എന്ന സൂചന നൽകുന്നതാണ് പുതിയ ട്രെയിലറും.

പുറത്തു വരുന്ന റിപ്പോർട്ടുകളനുസരിച്ച് ചിത്രത്തിൽ മമ്മൂട്ടിക്ക് നെഗറ്റീവ് റോളുണ്ട്. ചിത്രത്തിൽ രണ്ടു വേഷങ്ങൾ മമ്മൂട്ടിക്കുള്ളതായാണ് സൂചന അതിലൊന്നിൽ സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് താരം എത്തുന്നത്

കൃഷ്ണ കുമാർ എന്ന ബിസിനസുകാരനെയാണ് മെഗാ സ്റ്റാർ ചിത്രത്തിൽ അവതരിപ്പിക്കുക. സുഹൃത്തിന്റെ മകളുമൊത്തുള്ള കൃഷ്ണ കുമാറിന്റെ യാത്രയാണ് ചിത്രത്തിന്റെ കഥാ പശ്ചാത്തലം. കാർത്തിക മുരളീധരനാണ് അങ്കിളിലെ നായിക. ആശാ ശരത്ത്, മുത്തുമണി, ജോയ് മാത്യു, വിനയ് ഫോർട്ട്, സുരേഷ് കൃഷ്ണ, പ്രതാപ് പോത്തൻ എന്നിവരാണ് മറ്റ് താരങ്ങൾ.

ഏപ്രിൽ 27ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ.അതേ സമയം റിലീസിനു മുൻപ് തന്നെ ഒരു റെക്കോർഡ് നേട്ടം ഈ സിനിമ സ്വന്തമാക്കിയിരിക്കുകയാണ് സാറ്റലൈറ്റ് അവകാശം അടുത്തകാലത്തെ ഏറ്റവും മികച്ച തുകയ്ക്കാണ് വിറ്റുപോയി രിക്കുന്നത്. സൂര്യ ടിവിയാണ് ചിത്രത്തിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിങും ലാബ് വർക്കുകളും പൂർത്തിയായിക്കഴിഞ്ഞു.

Read more

വിക്രത്തിന്റെ വില്ലനായി വിനായകൻ വീണ്ടും തമിഴിലേക്ക്

കമ്മട്ടിപാടം, ആട് ഒരു ഭീകരജീവിയാണ്, ആട് ടു തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ നടൻ വിനായകൻ വീണ്ടും തമിഴിലേക്കെത്തുകയാണ്.ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ധ്രുവ നച്ചത്തിരം എന്ന ചിത്രത്തിൽ സൂപ്പർ താരം വിക്രമിന്റെ വില്ലനായാണ് വിനായകൻ വീണ്ടും തമിഴിലേക്ക് എത്തുന്നതെന്നാണ് പുതിയ വിശേഷം.

മൂന്ന് ഭാഗങ്ങളുള്ള പരമ്പരയായാണ് ചിത്രം വരുന്നത്.ഒന്നാം ഭാഗം ഈ വർഷം ഓഗസ്റ്റിൽ റിലീസ് ചെയ്യും. മറ്റ് രണ്ട് ഭാഗങ്ങൾ അടുത്ത വർഷങ്ങളിൽ റിലീസ് ചെയ്യും. ധ്രുവ നച്ചത്തിരത്തിലെ വില്ലന്റെ പേര് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നില്ല.

എന്നാൽ സിനിമയുമായി അടുത്ത വൃത്തങ്ങളിൽ നിന്ന് തന്നെയാണ് വിനായകന്റെ പേര് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഹോളിവുഡിലെ ദ ബോൺ സീരിസ് മാതൃകയിൽ ചിത്രമൊരു ക്കാനാണ് ഗൗതം ലക്ഷ്യമിടുന്നത്. ഗൗതം മേനോന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാകും ധ്രുവ നച്ചത്തിരം എന്നാണ് റിപ്പോർട്ടുകൾ. ഐശ്വര്യ രാജേഷ്, റിതു വർമ്മ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ധനുഷ് നായകനായ എന്ന മാരിയാൻ എന്ന ചിത്രത്തിലൂടെ തമിഴിൽ മികച്ച വേഷത്തിലെ ത്തിയിരുന്നു. തീക്കുറിശ്ശി എന്ന വില്ലൻ വേഷം അന്ന് വളരെയധികം ശ്രദ്ധ നേടിയ ഒന്നായിരുന്നു. 2016 ൽ പുറത്തിറങ്ങിയ കമ്മട്ടിപ്പാടത്തിൽ ഗംഗ എന്ന കഥാപാത്രമായി വിനായകൻ വളരെ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. ആ വർഷത്തെ സംസ്ഥാന അവാർഡും വിനായകൻ പ്രകടനത്തിലൂടെ നേടി. അവസാനമായി പുറത്തിറങ്ങിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ആട് 2 എന്നീ ചിത്രങ്ങളിൽ വളരെ മികച്ച പ്രകടനമാണ് വിനായകൻ കാഴ്ചവച്ചിരുന്നത്. ബിഗ് ബജറ്റ് മോഹൻലാൽ ചിത്രമായ ഒടിയനാണ് പുറത്തിറങ്ങാനിരിക്കുന്ന വിനായകന്റെ പുതുചിത്രം. വാരണം ആയിരം, വിണ്ണൈത്താണ്ടി വരുവായ തുടങ്ങി നിരവധി തമിഴ് സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച സംവിധായകനാണ് ഗൗതം മേനോൻ.

Read more

കുട്ടൻ പിള്ളയുടെ ശിവരാത്രിയുടെ ട്രെയിലർ കാണാം

50 വയസുള്ള പൊലീസുകാരന്റെ വേഷത്തിൽ സുരാജ് വെഞ്ഞാറമ്മൂടിനെ കേന്ദ്രകഥാപാത്രമാക്കി ജീൻ മർക്കോസ് സംവിധാനം ചെയ്യുന്ന കുട്ടൻ പിള്ളയുടെ ശിവരാത്രിയുടെ ട്രെയിലറെത്തി. പ്ലാച്ചോട്ടിൽ തറവാടും അവിടുത്തെ ചക്കമാഹാത്യവുമാണ് ട്രെയിലറിൽ നിറയുന്നത്.

ഉപ്പും മുളകും ഫെയിം ബിജു സോപാനവും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.സുരാജിനൊപ്പം , മിഥുൻ രമേശ്, ശ്രിന്ദ എന്നിവരും ചിത്രത്തിലുണ്ട്. സയനോര ഫിലിപ്പ് സംഗീതം നൽകിയിരിക്കുന്നു.

ഏഞ്ചൽസ് എന്ന ചിത്രത്തിന് ശേഷം ജീൻ മാർക്കോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രാജി നന്ദകുമാർ ആണ് നിർമ്മാണം.

Read more

മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ

കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന 'അബ്രഹാമിന്റെ സന്തതികൾ - A Police Story'യുടെ ഫസ്റ്റ് ലുക്ക് പുറത്ത് . കാറിനുള്ളിൽ തോക്കുമായി ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഫസ്റ്റ് ലുക്കായി അവതരിപ്പിച്ചിരിക്കുന്നത്.

പൊലീസ് സ്റ്റോറി എന്ന് ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ തന്നെ വ്യക്തമാക്കിയുള്ള പോസ്റ്ററാണ് ഇപ്പോൾ പുറത്ത് വിട്ടത്. ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രമാണ് എന്ന സൂചന പോസ്റ്റർ തരുന്നുണ്ട്.ഇരുപത് വർഷത്തിലധികമായി സഹസംവിധായകനായി ജോലിചെയ്തുവരുന്ന ഷാജി പാടൂർ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണ് ഇത്.

ചിത്രത്തിൽ ഡെറിക് എബ്രഹാമെന്ന പൊലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്. ആൻസൺ പോൾ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. കനിഹ, രഞ്ജി പണിക്കർ, സിദ്ദിഖ്, കലാഭവൻ ഷാജോൺ, യോഗ് ജപ്പി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

മമ്മൂട്ടിയുടെ തന്നെ ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായിരുന്ന ഹനീഫ് അദനിയാണ് അബ്രഹാമിന്റെ സന്തതികൾക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. ഗുഡ്വിൽ എന്റർടെയ്ന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജാണ് ചിത്രം നിർമ്മിക്കുന്നത്.

ആൽബി ഛായാഗ്രഹണവും മഹേഷ് നാരായണൻ എഡിറ്റിംഗും ഗോപി സുന്ദർ സംഗീതവും പശ്ചാത്തല സംഗീതവും സന്തോഷ് രാമൻ കലാ സംവിധാനവും വീണ സ്യമന്തക് വസ്ത്രാലങ്കാരവും റോണക്സ് സേവിയർ ചമയവും നിർവ്വഹിക്കുന്നു.

Read more

ബാലു വർഗീസ് നായകനായി എത്തുന്ന പ്രേമസൂത്രത്തിലെ ട്രെയിലർ പുറത്ത്

കൊച്ചി: ചങ്ക്സിന് ശേഷം വീണ്ടും നായകനായി ബാലു വർഗീസ് എത്തുകയാണ് പ്രേമസൂത്രം എന്ന ചിത്രത്തിലൂടെ. ഉറുമ്ബുകൾ ഉറങ്ങാറില്ല' എന്ന ചിത്രത്തിന്റെ സംവിധായകൻ ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മൂന്നാമത്തെ ട്രെയിലർ പുറത്തിറങ്ങി.

കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി. രാഘുനാഥനാണ് ചിത്രം നിർമ്മിക്കുന്നത്. അശോകൻ ചരുവിലിന്റെ ചെറുകഥയിൽനിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ചിത്രത്തിന്റെ സ്വതന്ത്ര രചന നിർവ്വഹിച്ചിരിക്കുന്നത് സംവിധായകൻതന്നെയാണ്.

ചെമ്ബൻ വിനോദ്, ധർമജൻ, സുധീർകരമന, വിഷ്ണു ഗോവിന്ദൻ, ശ്രീജിത്ത് രവി , ശശാങ്കൻ,വിജിലേഷ്, മുസ്തഫ,സുമേഷ് വെട്ടുകിളി പ്രകാശ്,ബിറ്റോഡേവിസ്, കുഞ്ഞൂട്ടി,ചേതൻ, അനുമോൾ,അഞ്ജലി ഉപാസന,മഞ്ചു മറിമായം, എന്നിവരാണ് മറ്റ് താരങ്ങൾ.

Read more

ദുൽഖർ സൽമാന്റെ തെലുങ്ക് ചിത്രം മഹാനടിയുടെ ടീസർ കാണാം

തിരുവനന്തപുരം: ദുൽഖർ സൽമാന്റെ ആദ്യ തെലുങ്കു ചിത്രമായ മഹാനടിയുടെ ടീസർ എത്തി. തെലുങ്കിലും തമിഴിലും വിഖ്യാതയായ നടി സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് മഹാനടി. ചിത്രത്തിൽ സാവിത്രിയുടെ ഭർത്താവ് ജെമിനി ഗണേശനായാണ് ദുൽഖർ സൽമാൻ് എത്തുന്നത്.

സാവിത്രിയുമായുള്ള ജമനി ഗണേശന്റെ വിവാഹം മൂന്ന് വർഷത്തോളം രഹസ്യമാക്കി വച്ചിരുന്നു. തമിഴ് സിനിമയിലെ കാതൽ മന്നൻ എന്നാണ് ജമിനി ഗണേശനെ വിശേഷിപ്പിക്കുന്നത്.20 കോടി മുതൽ മുടക്കിൽ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് വൈജയന്തി മൂവീസ് ആണ്. തമിഴ്, മലയാളം പതിപ്പുകളും പുറത്തിറങ്ങുന്നുണ്ട്.

നാഗ ചൈതന്യ, ജൂനിയർ എൻടിആർ എന്നിവർ കൂടി തങ്ങളുടെ പൂർവികരുടെ വേഷം അവതരിപ്പിച്ചു കൊണ്ട് ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുഷ്‌ക ഷെട്ടിയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. തെലുങ്ക് നടിയും സംവിധായികയും എഴുത്തുകാരിയും നിർമ്മാതാവുമായിരുന്ന ഭാനുമതിയുടെ വേഷത്തിലാണ് അനുഷ്‌ക എത്തുക.

Read more
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC