സാംസ്‌കാരിക വിശേഷങ്ങള്‍

കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ ഇന്ത്യയും പരാജയപ്പെടും: വി.ടി ബല്‍റാം എം.എല്‍.എ

മൊയ്തീന്‍ പുത്തന്‍‌ചിറ 2018-05-15 04:03:23am

എഡിസണ്‍, ന്യൂജേഴ്സി: കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുമെന്നു കരുതുന്നില്ലെന്നും അഥവാ പരാജയപ്പെട്ടാല്‍ അതു കോണ്‍ഗ്രസിന്റെ പരാജയമാകില്ലെന്നും ഇന്ത്യന്‍ ജനതയുടേയും ജനാധിപത്യത്തിന്റേയും പരാജയമാരിക്കുമെന്നും വി.ടി ബല്‍റാം എം.എല്‍.എ. 

ഇന്ത്യാ പ്രസ്‌ ക്ലബിന്റെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയയിരുന്നു തൃത്താലയില്‍ നിന്നുള്ള യുവ എം.എല്‍.എ. 

ഇതോടനുബന്ധിച്ച് മദേഴ്സ് ഡേയും ആഘോഷിച്ചു

രാഷ്ട്രീയത്തില്‍ ഒരു പാര്‍ട്ടി ജയിക്കുന്നതോ, തോല്‍ക്കുന്നതോ വലിയ കാര്യമല്ല. പക്ഷെ ഇത് സാധാരണ രാഷ്ട്രീയമല്ല. കോണ്‍ഗ്രസ് തിരിച്ചു വരിക എന്നാല്‍ ഇന്ത്യയുടെ ആത്മാവിനെ തിരിച്ചുപിടിക്കുക എന്നാണര്‍ത്ഥം. ലിബറല്‍- ജനാധിപത്യ രാജ്യമായി ഇന്ത്യ നിലനില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസ് തിരിച്ചു വരണം. അല്ലാത്തപക്ഷം നാം അറിയുന്ന ഇന്ത്യ ഇല്ലാതാകും. 

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങളിലാണ് ഇന്ത്യ കെട്ടിപ്പെടുത്തത്. അതില്‍ നിന്നു മാറി ദേശീയ പ്രസ്ഥാനവുമായി ബന്ധമില്ലാത്തവരും സാമ്രാജ്യത്വത്തിന്റെ ദാസന്മാരായിരുന്നവരുടേയും പിന്‍തലമുറ ഇന്ത്യ ഭരിക്കുന്നു. അതു നന്നോ എന്നതാണ് പ്രശ്നം. 

ത്രിപുര പോലുള്ള ചെറിയ സ്റ്റേറ്റുകളില്‍ കോണ്‍ഗ്രസ് പിന്നോക്കം പോയിരിക്കാം. എന്നാല്‍ ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലൊക്കെ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 180 - 200 സീറ്റ് നേടുമെന്നു പ്രതീക്ഷിക്കുന്നുണ്ട്. മറ്റു പാര്‍ട്ടികളുമായി ചേര്‍ന്നു ഭൂരിപക്ഷം ലഭിക്കാം. 

കോണ്‍ഗ്രസിനെതിരേ അഴിമതി ആരോപണം ഉന്നയിക്കുന്ന ബി.ജെ.പിയും മോദിയും അഴിമതിയില്‍ ഒട്ടും പിന്നിലല്ല. കള്ളപ്പണം കൊണ്ടുവരുമെന്നു പറഞ്ഞിട്ട് നടന്നില്ല. നോട്ട് നിരോധനമാകട്ടെ വന്‍ പരാജയമായിരുന്നു. 

ഇതിനു പുറമെ ജനാധിപത്യ സ്ഥാപനങ്ങള്‍ ഒന്നൊന്നായി തകര്‍ക്കപ്പെടുന്ന സ്ഥിതിയുണ്ട്. വിവരാവകാശ കമ്മീഷണര്‍മാരേയോ, വിജിലന്‍സ് കമ്മീഷണറെയോ നിയമിക്കുന്നില്ല. എല്ലാ സ്ഥാപനങ്ങളും ശരിയായി പ്രവര്‍ത്തിച്ചാലേ ജനാധിപത്യം വിജയിക്കൂ. ഒരു വ്യക്തി താന്‍ അഴിമതി കാട്ടില്ല എന്നു വീമ്പിളക്കിയതുതുകൊണ്ട് കാര്യമില്ല. ജനാധിപത്യ സംവിധാനവും, സ്ഥാപനങ്ങളും ശക്തിപ്പെടുന്നതിലാണ് കാര്യം. 

കുടുംബാധിപത്യത്തെപ്പറ്റി കോണ്‍ഗ്രസിനെതിരേ ആക്ഷേപം പറയുന്നു. ബി.ജെ.പി അടക്കം എല്ലാ പാര്‍ട്ടികളിലും ഇതുണ്ട്. പക്ഷെ ആക്ഷേപം കോണ്‍ഗ്രസിനു എതിരെ മാത്രം. 

ഇതാണോ ഇന്നത്തെ വലിയ പ്രശ്‌നം? കുടുംബാധിപത്യമൊന്നുമല്ല ഇന്ത്യയിലെ പ്രശ്നം, ജനാധിപത്യം നിലനില്‍ക്കണോ എന്നതാണ്.

കുടുംബാധിപത്യത്തിന് ഇന്ത്യന്‍ സാഹചര്യവും കാരണമാണ്. ജനം ഏല്പിച്ചു കൊടുത്തതാണത്. അമേരിക്ക തുടക്കം മുതലേ ജനാധിപത്യ രാജ്യമായിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കും മുമ്പ് രാജാധിപത്യത്തിലും മറ്റുമായിരുന്നു. കുടുംബവാഴ്ച ഇന്ത്യന്‍ സമൂഹത്തില്‍ നിലനിന്നിരുന്നു. അതിനാല്‍ നെഹ്റു കുടുംബത്തിന് പ്രത്യേക പരിവേഷം നല്‍കാന്‍ ഇന്ത്യന്‍ സമൂഹം തയാറായി എന്നു മാത്രം.

കുടുംബാധിപത്യത്തിലൂടെ വരുന്ന ആള്‍ അത്ര മോശമോ എന്നതാണ് പ്രധാനം. രാഹുല്‍ മോശക്കാരനാണ് എന്ന രീതിയില്‍ പ്രചാരണം നടത്തുന്നതില്‍ സംഘ പരിവാര്‍ വിജയിച്ചു. പക്ഷെ ഇന്ന് ജനം കാര്യങ്ങള്‍ തിരിച്ചറിഞ്ഞു. മോഡിയുടെ വാചകമടിയല്ല രാജ്യത്തിനു വേണ്ടത്. രാഹുല്‍ മെച്ചപ്പെട്ട പക്വതയുള്ള നേതാവാണെന്നു ജനം മനസിലാക്കി.

രാഹുല്‍ കോണ്‍ഗ്രസില്‍ നില്‍ക്കുമ്പോള്‍ നെഹ്രു കുടുംബത്തിലെ തന്നെ വരുണ്‍ ഗാന്ധിയും മേനക ഗാന്ധിയും ബി.ജെ.പിയില്‍ ഉള്ളതും മറക്കേണ്ട. ചുരുക്കത്തില്‍ കുടുംബാധിപത്യം എന്ന ആരോപണം ബോധപൂര്‍വം കൊണ്ടു വരുന്നതാണ്.

കോണ്‍ഗ്രസില്‍ നിന്നും മറ്റും പലരും ബി.ജെ.പിയിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ ചേക്കേറുന്നുണ്ട്. കേരളത്തിലെയത്ര ചേരി തിരിവ് അവിടെയില്ലെന്നതാണു കാരണം. ഇടതു പക്ഷത്ത് നിന്നും കൊഴിഞ്ഞു പോക്കുണ്ട്. ത്രിപുരയില്‍ സി.പി.എംകാരനായ സ്പീക്കര്‍ ബി.ജെ.പിയിലേക്കു പോയി. കേരളത്തില്‍ സി.പി.എം. മന്ത്രി ആയിരുന്ന വിശ്വനാഥ മേനോന്‍ പോയി. കേന്ദ്ര മന്ത്രി അല്‌ഫോനസ് കണ്ണന്താനവും ഇടതു പക്ഷ എം.എല്‍.എ. ആയിരുന്നുവെന്നതു മറക്കരുത്. 

എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് കേരളത്തില്‍ കാര്യപ്പെട്ട നേതാക്കളൊന്നും ബി.ജെ.പിയിലേക്കു പോയിട്ടില്ല. പോകുകയുമില്ല. കര്‍ണാടകയില്‍ എസ്.എം. ക്രുഷ്ണ പൊയിട്ട് ഒന്നും സംഭവിച്ചില്ല. ആളുകള്‍ വരുന്നു, പോകുന്നു. ബി.ജെ.പിയുമായി സന്ധി ചെയ്യാന്‍ പോകാത്ത ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്.

അടുത്തയിടക്ക് സേവ് ദി കോണ്‍സ്റ്റിറ്റ്യൂഷന്‍പ്രക്ഷോഭം കോണ്‍ഗ്രസ് ആരംഭിച്ചു. ഇന്ത്യെയെ ഒന്നിച്ചു നിര്‍ത്തുന്നത് ഭരണഘടനയാണ്. അതിനെതിരെ വെല്ലുവിളി ഉയര്‍ന്നിരിക്കുന്നു. എല്ലാ ജനാധിപത്യ സ്ഥാപനങ്ങളും ഒന്നൊന്നായി തകര്‍ക്കാനുള്ള ശ്രമമാണു നടക്കുന്നത്. പാര്‍ലമെന്റില്‍ ബജറ്റ് പോലും ചര്‍ച്ച ചെയ്യുന്നില്ല. പ്രതിപക്ഷമല്ല ഇതിനു കാരണം. ഭരണകക്ഷിയുടെ പിടിവാശിയാണ്. ജന വിധി എതിരായിട്ടും ഗോവയിലും മേഘാലയിലുമൊക്കെ ബി.ജെ.പി പിന്നാമ്പുറത്തു കൂടി അധികാരം പിടിക്കുന്നു.

അവസാന പ്രതീക്ഷ കോടതിയിലായിരുന്നു. അവിടെയും പ്രശ്‌നം. ചീഫ് ജസ്റ്റീസ് ഇമ്പീച്ച്‌മെന്റ് നേരിടൂന്നു. അദ്ധേഹത്തെ രക്ഷിക്കാന്‍ രാഷ്ട്രീയ പിന്‍ബലമുണ്ട്. ജഡ്ജിമാരുടെ നിയമനം പോലും രാഷ്ട്രീയ വിഷയമാകുന്നു.

പാക്കിസ്ഥാനോ അഫ്ഗാനിസ്ഥാനൊ പോലെ ഇന്ത്യയില്‍ ഒരു മത രാജ്യം ഉണ്ടാക്കുകയാണു അവരുടെ ലക്ഷ്യം. നമുക്ക് കാത്തിരിക്കാന്‍ സമയമില്ല. കശ്മീരില്‍ ഒരു കൊച്ചു കുഞ്ഞിനെ പീഡിപ്പിച്ചു കൊല്ലാന്‍ പ്രേരിപ്പിച്ചത് മത വിദ്വേഷത്തിന്റെ പേരിലാണു. നാസി ജര്‍മ്മനിയില്‍ നടന്നതിനെയാണു ഇത് അനുസ്മരിപ്പിക്കുന്നത്.

യൂദന്മാരെ ജര്‍മ്മനിയില്‍ പീഡിപ്പിച്ചപ്പോള്‍ തൊട്ടയല്‍പ്പക്കക്കാര്‍ വരെ മിണ്ടാതെയിരുന്നു. അത് തെറ്റായി അവര്‍ക്ക് തോന്നിയില്ല. മനുഷ്യനിലെ നന്മകളെ ഫാസിസം ഇല്ലാതാക്കുന്നു എന്നാണതിനര്‍ത്ഥം. അതാണ് കാശ്മീരിലും കണ്ടത്.

ബഹുസ്വരതയുടെ കാഴ്ചപ്പാട് ഇല്ലാതാകുമ്പോള്‍ ഇന്ത്യ ഇല്ലാതാകുന്നു. ജനാധിപത്യമെന്നത് ഭൂരിപക്ഷാധിപത്യമല്ല. മറിച്ച് ന്യൂനപക്ഷത്തിനു അവകാശവും സ്വാതന്ത്ര്യവും നിലനിര്‍ത്തുന്നതാണ്. 

എടപ്പാളില്‍ കുട്ടിയെ തീയേറ്ററില്‍ പീഡിപ്പിച്ചത് കടുത്ത കുറ്റമാണ്. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ക്രിമിനല്‍ കുറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഇത് അങ്ങേയറ്റം ശക്തമായി ഇടപെടേണ്ട ഒരു ക്രിമിനല്‍ ആക്റ്റ് ആണ്. ഇതില്‍ പ്രധാനമായും നാം അറിയേണ്ടത് ദിവസങ്ങള്‍ക്കു മുന്‍പ് ഈ സംഭവം നടന്നിട്ടും പോലീസില്‍ അറിയിച്ചിട്ടും യാതൊരു നടപടിയും എടുത്തില്ല എന്നുള്ളതാണ്. അത് മൂടിവെയ്ക്കാനോ നീട്ടിവെയ്ക്കാനോ ഉള്ള ഒരു ശ്രമം ഉണ്ടായി എന്നുള്ളതാണ്.  അര്‍ഹിക്കുന്ന രീതിയില്‍ ശിക്ഷിക്കപ്പെടണം. അത്തരമൊരു വിവരം തെളിവ് സഹിതം ലഭിച്ചിട്ടും പോലീസ് അനങ്ങാതിരുന്നു എന്നതാണ് കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വസ്തുത. നമ്മുടെ സിസ്റ്റത്തിന്റെ വിശ്വാസ തകര്‍ച്ചയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥന്മാര്‍ മറ്റു പോലീസ് ഉദ്യോഗസ്ഥാന്മാര്‍ക്ക് അനുഗ്രഹമാണ്. സസ്പെന്‍ഷന്റെ പേരില്‍ രണ്ടോ മൂന്നോ മാസം പുറത്തു നിര്‍ത്തി അവരെ തിരിച്ചെടുക്കും. തിരിച്ചെടുക്കുമ്പോള്‍ അവര്‍ക്ക് പകുതി ശമ്പളവും കിട്ടും. മാതൃകാപരമായി ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കണം. 

തന്റെ സ്റ്റാഫിലെ ജയന്‍ വാഹനാപകടത്തില്‍ മരിച്ച ദുഃഖവുമായാണു താന്‍ ഇവിടെ നില്‍ക്കുന്നത്. വ്യക്തിപരമായി പറയുകയാണെങ്കില്‍ എനിക്കൊരു വലിയ നഷ്ടമാണ് ജയന്റെ മരണം. ഇവിടത്തെ പരിപാടി ക്യാന്‍സല്‍ ചെയ്ത് തിരിച്ചുപോകാന്‍ ആലോചിച്ചതാണ്. പക്ഷെ തിരിച്ചുപോയാലും അവിടെ എത്തുമ്പോഴേക്കും മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞിരിക്കും. 

എഡിസണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങ് റോഷിന്‍ മാമ്മന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ചു. പ്രസ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് രാജു പള്ളത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മൊയ്തീന്‍ പുത്തന്‍‌ചിറ സ്വാഗതം പറഞ്ഞു. നാഷണല്‍ പ്രസിഡന്റ് മധു കൊട്ടാരക്കര, സെക്രട്ടറി സുനില്‍ തൈമറ്റം, ട്രഷറര്‍ സണ്ണി പൗലോസ്, ജോ. ട്രഷറര്‍ ജീമോന്‍ ജോര്‍ജ്, മുന്‍ സാരഥിമാരായ റെജി ജോര്‍ജ്, ടാജ് മാത്യു, ഡോ. കൃഷ്ണ കിഷോര്‍, ജോസ് കാടാപ്പുറം, സുനില്‍ ട്രെസ്റ്റാര്‍, ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. വൈസ് പ്രസിഡന്റ് ജോര്‍ജ് തുമ്പയില്‍, ചാപ്റ്റര്‍ ട്രഷറര്‍ ബിനു തോമസ്, ജോ. സെക്രട്ടറി ഷിജോ പൗലോസ്  എന്നിവര്‍ നേതൃത്വം നല്‍കി

ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ്, ഫൊക്കാനയെ പ്രതിനിധീകരിച്ച് മുന്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, റോക്ക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്ററും മെജോറിറ്റി ലീഡറുമായ ഡോ. ആനി പോള്‍, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം, കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്സിയെ പ്രതിനിധീകരിച്ച് ദീപ്തി നായര്‍, വേള്‍ഡ് മലയാളി കൗണ്‍സിലില്‍ നിന്ന് തോമസ് മൊട്ടക്കല്‍, കേരള ചേംബര്‍ ഓഫ് കോമേഴ്സ് ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്, എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക വൈസ് പ്രസിഡന്റ് ഗോപിനാഥ് കുറുപ്പ്, ഫൊക്കാന സ്ഥാപക നേതാവ് ടി.എസ്. ചാക്കോ, നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷന്‍സ് (നന്മ) പ്രസിഡന്റ് യു.എ. നസീര്‍,  തുടങ്ങിയവര്‍ അശംസകള്‍ നേര്‍ന്നു. ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്,  ഫൊക്കാന നേതാക്കളായ ലീല മാരേട്ട്, മാധവന്‍ നായര്‍, ഫോമ നേതാവ് തോമസ് ടി. ഉമ്മന്‍, ഹെല്‍‌പിംഗ് ഹാന്റ്സ് ഓഫ് കേരളയുടെ ലാലി കളപ്പുരക്കല്‍, ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ഗോപിനാഥന്‍ നായര്‍, ജസ്റ്റിസ് ഫോര്‍ ഓള്‍ ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍, തുടങ്ങി സാമൂഹിക സാംസ്‌കാരിക നായകര്‍ പങ്കെടുത്തൂ.

ഇതോടൊപ്പം നടന്ന മദേഴ്‌സ് ഡേ ആഘോഷത്തില്‍ അമ്മമാര്‍ക്ക് പൂച്ചെണ്ട്  നല്‍കി എം.എല്‍.എ. അവരെ  ആദരിച്ചു. 

റിപ്പോര്‍ട്ട് തയ്യാറാക്കിയത്: ജോര്‍ജ് ജോസഫ്/മൊയ്തീന്‍ പുത്തന്‍‌ചിറ


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC