സാംസ്‌കാരിക വിശേഷങ്ങള്‍

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ജൂണ്‍ സമ്മേളനം

മണ്ണിക്കരോട്ട് 2018-06-14 01:11:28am

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ ജൂണ്‍മാസ സമ്മേളനം 10-ന് ഞായര്‍ 4 മണിയ്ക്ക് കേരളാ ഹൗസില്‍ നടത്തപ്പെട്ടു. പ്രശസ്ത ഊര്‍ജ്ജതന്ത്ര ശാസ്ത്രജ്ഞന്‍ ഡോ. ഇ.സി.ജി. സുദര്‍ശന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് സമ്മേളനം ആരംഭിച്ചത്. ഊര്‍ജ്ജതന്ത്രവും വേദവും എന്ന വിഷയത്തെ ആസ്പദമാക്കി അദ്ദേഹം മലയാളം സൊസൈറ്റിയില്‍ ചെയ്ത പ്രസംഗത്തെ മണ്ണിക്കരോട്ട് അനുസ്മരിച്ചു. ഊര്‍ജ്ജതന്ത്രത്തില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെക്കുറിച്ച് ജി. പുത്തന്‍കുരിശ് ചുരുക്കമായി സംസാരിച്ചു. അതോടൊപ്പം ഇന്ത്യയുടെ പത്മഭൂഷണ്‍ ബഹുമതി ലഭിച്ചപ്പോള്‍ അദ്ദേഹത്തെ ആദരിക്കാന്‍ ഹ്യൂസ്റ്റനില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അവതരിപ്പിച്ച മംഗളാശംസ എന്ന കവിത ജി. പുത്തന്‍കുരിശ് ആലപിക്കുകയും ചെയ്തു. ഒരു മിനിറ്റ് മൗനപ്രാര്‍ത്ഥനയ്ക്കുശേഷം മറ്റ് പരിപാടിയിലേക്ക് കടന്നു. നൈനാന്‍ മാത്തുള്ളയായിരുന്നു മോഡറേറ്റര്‍.

തുടര്‍ന്ന് യുവകവിയായ രാജേഷ് അത്തിക്കയത്തെ കവിയും നാടകകൃത്തുമായ ദേവരാജ് കാരാവള്ളില്‍ സദസിനു പരിചയപ്പെടുത്തി. ഇപ്പോള്‍ ഗാനരചനയിലും കവിതയിലും പ്രസിദ്ധനാണ് അത്തിക്കയം എന്ന് ദേവരാജ് അറിയിച്ചു. തുടര്‍ന്ന് അത്തിക്കയത്തിന്റെ വ്യഥനം എന്ന കവിത അവതരിപ്പിച്ചു.

“അമ്മയില്ലാത്തൊരാ കുഞ്ഞുനാളെന്‍ വിരല്‍
അമ്മിഞ്ഞപോലെ ഞാനുണ്ടിരുന്നു.
കാലം കടഞ്ഞൊരീ മെയ്യിന്‍ ഇളംചൂടു
നല്‍കുവാന്‍ സൂര്യനുദിച്ചിരുന്നു.
കോലം തികഞ്ഞൊരു മാറില്‍
തലോടുവാന്‍ കാറ്റ് കൈകള്‍ നീട്ടിവന്നിരുന്നു.”

എന്നു തുടങ്ങുന്ന കവിത സദസ്യരെ വാചാലരാക്കി. കവിതയുടെ സാരാംശം പലരിലും വ്യത്യസ്തങ്ങളായ പ്രതികരണങ്ങള്‍ ഉളവാക്കി. നിത്യജീവിതത്തിലെ വേദനാജനകമായ അനുഭവങ്ങളെ അടിസ്ഥാനമാക്കി എഴുതുന്ന കവിതകള്‍ എക്കാലവും മനുഷ്യമനസ്സിനെ മഥിച്ചിരുന്നു എന്ന് വൈലോപ്പള്ളിയുടെ മാമ്പഴംപോലുള്ള കവിതകള്‍ ചൂണ്ടിക്കാട്ടി ദേവരാജ് സമര്‍ത്ഥിച്ചു. അത്തരത്തിലുള്ള ഒരു കവിതയാണ് അത്തിക്കയത്തിന്റെ വ്യഥനം എന്ന് അദ്ദേഹം അറിയിച്ചു.

അടുത്തതായി ‘സ്ത്രീകള്‍ സുരക്ഷിതരോ ആര്‍ഷഭാരതത്തില്‍’ എന്ന വിഷയത്തെ ആസ്പദമാക്കി പൊന്നു പിള്ള പ്രബന്ധം അവതരിപ്പിച്ചു. ഇന്ന് ഭാരതത്തില്‍ പ്രത്യേകിച്ച് കേരളത്തില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന ക്രൂരമായ അതിക്രമങ്ങള്‍ എടുത്തുകാട്ടി അതിനെതിരെ ഏവരും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്തു. മനുഷ്യബന്ധങ്ങളും പ്രായപരിധികളും വകവയ്ക്കാതെ പിഞ്ചുപൈതല്‍ മുതല്‍ തൊണ്ണൂറുകഴിഞ്ഞ സ്ത്രീകളോടുപോലും അതിക്രൂരമായി പെരുമാറുന്ന പ്രതിഭാസമാണ് ഇന്ന് ഇന്ത്യയില്‍ നടമാടുന്നതെന്ന് പൊന്നുപിള്ള വ്യക്തമാക്കി.

പൊതുചര്‍ച്ചയില്‍ എല്ലാവരും സജീവമായി പങ്കെടുത്തു. ഓരോരുത്തരും തങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവച്ചു. എ.സി. ജോര്‍ജ്, ജോസഫ് പൊന്നോലി, നൈനാന്‍ മാത്തുള്ള, ദേവരാജ് കാരാവള്ളില്‍, ടി. എന്‍. ശാമുവല്‍, തോമസ് തയ്യില്‍, ടോം വിരിപ്പന്‍, തോമസ് വര്‍ഗ്ഗീസ്, കുരിയന്‍ മ്യാലില്‍, ജോസഫ് തച്ചാറ, ബാബു തെക്കെക്കര, ടി.ജെ. ഫിലിപ്പ്, പൊന്നു പിള്ള, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ പങ്കെടുത്തു. പൊന്നു പിള്ളയുടെ കൃതജ്ഞതാ പ്രസംഗത്തിനുശേഷം സമ്മേളനം സമാപിച്ചു.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217. 


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC