സാംസ്‌കാരിക വിശേഷങ്ങള്‍

ഫോമാ സതേൺ റീജിയൻ കാത്തിരിക്കുന്നു... ഒരേ മനസ്സോടെ !

2018-06-16 05:09:37am

ഫോമാ സതേൺ റീജിയനിൽപ്പെട്ട ഡാലസ്, ഹൂസ്റ്റൺ, ഒക്കലഹോമ, മക്അല്ലെൻ, പിയർലാൻഡ് തുടങ്ങി അഞ്ച് സംഘടന ഭാരവാഹികൾ അതീവ സന്തോഷത്തിലാണ്. ഒരു പതിറ്റാണ്ടിന് ശേഷം ഫോമ സ്വന്തം സംസ്ഥാനത്തേക്ക് വരാൻ സർവ്വാത്മനാ സ്വാഗതം ചെയ്യുകയാണ് ഈ സംഘടന പ്രസിഡണ്ട്മാർ  സംയുക്ത പ്രസ്താവനയിൽ;


ജോഷ്വാ ജോർജ്ജ് – മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ
 
ഫോമയിലെ മെമ്പർ അസ്സോസിയേഷനുകളിൽ ഒരു ബാലൻസിംഗ് കൊണ്ടുവരണം എന്ന ശക്തമായ അഭിപ്രായമാണ് എനിക്കുള്ളത്. നോർത്ത് ഈസ്റ്റ് റീജിയനിൽ കൂടുതൽ കൂടുതൽ മലയാളീ അസോസിയേഷനുകളും പേപ്പർ അസോസിയേഷനുകളും നാൾക്ക് നാൾ കൂൺ പോലെ മുളച്ചു വരുന്നത് കൊണ്ട് മറ്റുള്ള റീജിയനുകളെ അവഗണിക്കുന്ന ഒരു പ്രവണതയാണ്  കണ്ടുവരുന്നത്. എല്ലാ റീജിയനുകൾക്കും തുല്യ പ്രാധന്യം നൽകുന്നത് രീതിയിൽ സോണുകളായി റീജിയനുകളെ തരം തിരിച്ചു, ഓരോ സോണിന് വീതം റോട്ടഷൻ സിസ്റ്റം കൊണ്ടുവന്ന് ഫോമാ  കൺവെൻഷൻ കാലഘട്ടത്തിനനുസൃതമായി  മാറി മാറി വരുന്ന രീതിയിൽ ഭരണഘടനാ ഭേദഗതി  നടത്തണം എന്നാണ് എനിക്ക് പറയുവാനുള്ളത്.
 
എല്ലാ കൺവെൻഷനും വേണ്ടി നോർത്ത് ഈസ്റ്റ് റീജിയനുകൾ അടിപിടി കൂട്ടുമ്പോൾ, മറ്റുള്ളവർ എന്തിനാണ് ഫോമയിൽ വരുന്നത് എന്ന് പലപ്പോഴും തോന്നി പോവുന്നു. അതിന് ഒരു മാറ്റം വരുത്തുവാൻ ഫോമായിലെ ബന്ധപെട്ടവർ ശ്രമിക്കണം. അതുപോലെ ഓരോ അസോസിയേഷനുകളുടെ ശക്തി അനുസരിച്ചു വേണം ഡെലിഗേറ്റ്സിന്‍റെ എണ്ണം നിശ്ചയിക്കുവാന്‍. 50  അംഗങ്ങളുള്ള   സംഘടനകള്‍ക്കും 3000 അംഗങ്ങൾ ഉള്ള സംഘടനക്കും 7 ഡെലിഗേറ്റ്സ് എന്ന രീതി ജനാധിപത്യ സംവിധാനത്തിന് എതിരാണ് എന്ന് കൂടെ കൂട്ടി ചേർക്കുന്നു. ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തിലുള്ള ടീം  തീർച്ചയായും ഡാലസ്സിലേക്ക് അടുത്ത കൺവെൻഷൻ വരേണ്ടത് അനിവാര്യമാണ്. 2020 ലേക്ക് ഫോമയെ വരവേല്‍ക്കാന്‍   മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ അംഗങ്ങൾ സർവ്വാത്മനാ തയ്യാറെടുത്ത് കഴിഞ്ഞു. ഏവര്‍ക്കും സ്വാഗതം.
 
ഷേർളി ജോൺ -  ഒക്‌ലഹോമ മലയാളീ അസോസിയേഷൻ -
 
കഴിഞ്ഞ കാലയളവിൽ ഫോമയ്ക്ക് ഏറ്റവും നല്ല പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച ഒരു റീജിയനാണ് ഡാലസ്  ഉള്‍പ്പെടുന്ന സതേൺ റീജിയൻ എന്ന് നിസംശ്ശയം പറയാം. ഫോമ സ്റ്റുഡന്റസ് ഫോറം പ്രവർത്തനങ്ങൾ എടുത്തു പറയാവുന്ന ഒന്നാണ് അതിൽ. അവരോടൊപ്പം ചേർന്ന് നടത്തിയ പ്രൊഫഷണൽ സമ്മിറ്റ് ഏറെ ശ്രദ്ധ പിടിച്ചുപറ്റി. പുതു തലമുറയില്‍ പെട്ട  200 ഓളം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഒരേ മനസ്സോടെ ഒരു കൺവെൻഷൻ നടത്തുവാൻ തയ്യാറായി നിൽക്കുന്നത് ഫോമക്ക് തികച്ചും അഭിമാനിക്കാവുന്ന ഒന്നാണ്. ഇത്രയും അധികം യുവജന പങ്കാളിത്തം മറ്റൊരു സ്‌ഥലത്തും ഉണ്ടാവില്ല എന്ന് കൂടി എടുത്ത് പറയുവാൻ ഞാന്‍ ഈ അവസരത്തില്‍ ആഗ്രഹിക്കുന്നു. ന്യൂ യോർക്ക് റീജിയനിൽ കൂടുതൽ സംഘടനകൾ ഉള്ളത് കൊണ്ട് മറ്റൊരു റീജിയനും വേണ്ട പ്രാതിനിധ്യം കൊടുക്കാതെയിരിക്കുന്നത് ഫോമയെ പോലെയുള്ള ഒരു ദേശിയ സംഘടനക്ക് ഒട്ടും ഭൂഷണമല്ല. അമേരിക്കന്‍ ഐക്യനാടുകളിലായി വ്യാപിച്ചുകിടക്കുന്ന എല്ലാ മലയാളികളും    ഒത്തൊരുമിച്ച് കൂടി വന്നു പ്രവർത്തിക്കുമ്പോഴാണ് ഫോമ ഒരു ദേശിയ സംഘടനയായി മാറുന്നത്. ഫോമ ഇലക്ഷൻ ഒരു "പവർ ഗെയിം" ആയി മാറരുത്, എല്ലാ മലയാളി സംഘടനകളും ഫോമയിൽ ആവിശ്യമാണെന്നുള്ള തോന്നൽ ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്. സതേൺ റീജിയൻ ഈ തവണ 100ലധികം റെജിസ്ട്രേഷനുകളാണ് കൊടുത്തത്. വെറും രണ്ട് റെജിസ്ട്രേഷൻ കൊടുത്തു എന്ന രീതിയിലുള്ള പത്രവാർത്ത കൊടുത്ത് ഈ റീജിയനെ പരിഹസിക്കുന്നത് ആശാസ്യമല്ല. ഒക്കലഹോമ മലയാളികൾക്ക് ഫോമയിൽ പങ്കുചേരാനുള്ള ഒരു അവസരമായിരിക്കും ഡാലസ് കൺവെൻഷൻ. ഒരു വനിതാ പ്രസിഡന്റ് എന്ന നിലയിൽ എനിക്ക് പറയാനുള്ളത്,  ഫോമയിൽ കൂടുതൽ വനിതാ പ്രാതിനിധ്യം കൊണ്ടുവരണം എന്നുള്ളതാണ്. വിദ്യാഭ്യാസമുള്ള വനിതകളാണ് ഇന്ന് അമേരിക്കയിലുള്ളത്. പുരുഷകേസരികള്‍  പലപ്പോഴും ഇത് പോലെയുള്ള പ്രസ്ഥാനങ്ങളിൽ സ്ത്രീകൾക്ക് വേണ്ടത്ര പ്രാതിനിധ്യം കൊടുക്കുന്നില്ല. മൂന്നിൽ രണ്ട് വനിതാ പ്രാതിനിധ്യം എന്ന് ഫോമയിൽ ഉണ്ടാവുന്നുവോ അന്ന് ഫോമ കൂടുതൽ ജനകീയമാവും. രണ്ടാം തലമുറയിൽ നിന്നും എക്സിക്യൂട്ടീവ് ക്യാൻഡിഡേറ്റ് ആയി വന്ന രേഖ നായരെ  പോലെയുള്ളവർ അംഗീകരിക്കപ്പെടേണ്ടത് ഈ കാലഘട്ടത്തിന്റെ ആവിശ്യകതയാണ്. ജോലിയും, കുടുംബവും നിലനിർത്തി പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കാൻ വരുന്ന സ്ത്രീകളെ അംഗീകരിക്കാൻ ഫോമ അംഗങ്ങൾ തയ്യാറാവണം. അടുത്ത കൺവെൻഷൻ ഈ റീജിയൻ നടത്തുവാനുള്ള സാഹചര്യം എല്ലാവരും ചേർന്ന് സാധ്യമാക്കണമേയെന്നു അഭ്യര്‍ഥിച്ചു കൊണ്ട് ഫോമയിലെ  ഏവരെയും ഡാലസ്സിലേക്ക് സ്വാഗതം ചെയ്യുന്നു.
 
ശാമുവൽ മത്തായി –
പ്രസിഡന്റ്‌, ഡാലസ് മലയാളി അസോസിയേഷൻ -
 
2012 -ൽ ന്യൂ യോർക്കില്‍ വെച്ച് നടന്ന കൺവെൻഷൻ മുതൽ മൂന്ന് കൺവെൻഷനുകളിലും ഞങ്ങൾ കുടുംബമായി പങ്കെടുത്തിട്ടുണ്ട്. ഈ തവണ ടെക്സാസ് സംസ്ഥാനത്തിൽ താമസിക്കുന്ന മുഴുവൻ മലയാളികളും വളരെ പ്രതീക്ഷയിൽ ആണ്, കാരണം,  രാജു എന്ന് ഞങ്ങൾ സ്നേഹപുരസ്സരം വിളിക്കുന്ന ഫിലിപ്പ് ചാമത്തിൽ ഫോമായുടെ പ്രസിഡന്റ് സ്ഥാനാർഥി ആയി വന്നതിൽ സന്തോഷമുണ്ട്. ഇത്രയും കർമ്മനിരതനായ ഒരു വ്യക്തിയെ നിങ്ങൾക്ക് അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ കാണാൻ കഴിയില്ല എന്ന് നിസ്സംശയം പറയാം. തന്റെ വിലപ്പെട്ട സമയവും, പണവും, ആൾബലവും ഫോമ എന്ന സംഘടനക്ക് വേണ്ടി ചിലവഴിക്കുന്ന രാജുവിനെ പോലെയുള്ളവ രാണ് ഈ സംഘടന ഇനി നയിക്കേണ്ടത്. അത്യധികം കഠിന പ്രയത്നം ചെയ്താണ് യൂണിവേഴ്സിറ്റി ഒരു ടെക്സാസ്- ഡാലസ്‌ ക്യാമ്പസിൽ ഫോമ സ്റ്റുഡന്റസ് ഫോറം രൂപീകരിച്ചത്. ഏകദേശം 200 ഓളം വിദ്യാർത്ഥികൾ എന്തിനും തയ്യാറായി രാജു ചാമത്തിലിന്‍റെ ഒപ്പം അണിനിരന്നിട്ടുണ്ട് എന്ന വസ്തുത ഒരു നിസാര കാര്യമല്ല. ഇതേ മാതൃകയിൽ മറ്റുള്ള യൂണിവേഴ്സിറ്റികളിൽ ഫോമ സ്റ്റുഡന്റസ് ഫോറം രൂപീകരിക്കാൻ ഉള്ള ശ്രമത്തിലാണ് രാജു ഇപ്പോൾ. ഒരു കൺവെൻഷൻ വരികയാണങ്കില്‍ 2000 മലയാളി വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ ഞങ്ങള്‍ക്ക്  സാധിക്കും എന്ന് ഉറപ്പ് തരുന്നു. നോർത്ത് അമേരിക്കയിൽ തന്നെ ഒതുങ്ങി നിൽക്കാതെ ലോക മലയാളികളെ ഉൾപ്പെടുത്തി ഒരു ഗ്ലോബൽ കൺവെൻഷൻ ഇവിടെ നടത്തുവാനുള്ള കഴിവും, പ്രാപ്തിയും ഇന്ന് രാജു ചാമതിലിന് ഉണ്ട്. അത് നടപ്പിലാക്കാനുള്ള ഒരു അവസരം അദ്ദേഹത്തിന് കൊടുക്കണം എനിക്ക് പറയുവാനുള്ളത്. ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ, ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസിനെ, "ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് ട്രൈസ്റ്റേറ്റ്" ആക്കരുതേ എന്നൊരു അപേക്ഷ കൂടിയാണിത്. കുറച്ചു കൂടി വിശാലമായ തലങ്ങളിൽ ഈ ദേശിയ മലയാളി സംഘടനയെ വളർത്തണം, അതിനുവേണ്ടി എല്ലാവരും ഞങ്ങളോട് സഹകരിക്കണം എന്ന് കൂടി കൂട്ടി ചേർക്കുന്നു. ഏവരെയും ചിക്കാഗോയിൽ വെയ്ച്ചു കാണാം എന്ന പ്രതീക്ഷയിൽ നിർത്തുന്നു.

ജോസഫ് ബിജു - കേരള അസോസിയേഷൻ ഓഫ് റിയോ ഗ്രാൻഡ് വാലി
ഒരു ദേശിയ സംഘടന എന്ന നിലയിൽ എല്ലാ റീജിയനും തുല്യ പ്രാധാന്യം നൽകണം എന്നാണ് എനിക്ക് ആദ്യമായി പറയുവാനുള്ളത്. മറ്റുള്ള ഏതൊരു സംസ്ഥാനത്തേക്കാളും,മറ്റ് ഏതൊരു റീജിയനേക്കാളും സതേൺ റീജിയൻ ഒട്ടും പിന്നിലല്ല എന്ന് പറയട്ടെ. പലപ്പോഴും പ്രവർത്തിക്കുവാനുള്ള അവസരം നിഷേധിക്കപ്പെട്ട് പോവുകയാണ് ഈ റീജിയൻ. മെമ്പർ അസോസിയേഷൻ കൂടുതൽ ഉണ്ടെന്ന് കരുതി ഇപ്പോഴും നോർത്ത് ഈസ്റ്റ് റീജിയനിൽ കൺവെൻഷൻ നടക്കണം എന്ന് പറയുന്നതിൽ കാര്യമില്ല. ഈ തവണ തീർച്ചയായും ഡാലസ്സിന് കൊടുക്കണം എന്ന് തന്നെ ആണ്. ന്യൂ യോർക്കിലോ മറ്റേത് സിറ്റിയിലോ ഉള്ള അതേ സാഹചര്യം ഇപ്പോൾ ഡാലസ്സിലുണ്ട്. ന്യൂ യോർക്കിൽ നിന്നും 5 മണിക്കൂർ മാറി ഒരു മലമുകളിൽ കൊണ്ട് പോയി ഒരു കൺവെൻഷൻ നടത്തുന്നതിനേക്കാൾ 100 തവണ ഗംഭീരമായ ഒരു കൺവെൻഷൻ കാഴ്ചവയ്ക്കാൻ ഞങ്ങൾക്ക് സാധിക്കും. വളരെ ഏറെ യുവാക്കൾ ജോലി സംബന്ധമായി കുടിയേറുന്ന ഒരു സംസ്ഥാനമാണ് ടെക്സാസ്. പ്രതേകിച്ചും ഞങ്ങൾ താമസിക്കുന്ന ഈ മാക്അല്ലൻ പട്ടണം യുവാക്കളുടെയും, കൊച്ചു കുട്ടികളുള്ള ഫാമിലിയുടെയും ആണ്. അവരെ എല്ലാവരെയും ഫോമയിൽ എത്തിക്കുക എന്ന ദൗത്യം ആണ് നമ്മുടെ മുമ്പിലുള്ളത്. അത് സാധ്യമാക്കിയാൽ പുതിയ ആശയങ്ങളും, പുതിയ പദ്ധതികളും നമ്മൾക്ക് ഈ സംഘടനയിൽ കൊണ്ട് വരാൻ സാധിക്കും. യുവാക്കൾ നടത്തുന്ന ഒരു ഫോമ കൺവെൻഷൻ ആയിരിക്കും ഡാലസിൽ നടക്കുവാൻ പോകുന്നത്. അതിന് വേണ്ടി ഫിലിപ്പ് ചാമത്തിൽ ടീമിനെ ഏവരും സഹായിക്കണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് നിർത്തുന്നു.

സന്തോഷ് ഐയ്പ്പ് - പിയർലാൻഡ്  മലയാളി അസോസിയേഷൻ 
ആദ്യമായി ഫോമ കൺവെൻഷനിൽ പങ്കെടുക്കുന്നതിന്റെ ആവേശത്തിൽ ആണ് ഞങ്ങൾ ഓരോരുത്തരും. യങ് പ്രൊഫെഷണൽസ് മാത്രം താമസിക്കുന്ന ഒരു ചെറിയ പ്രദേശമാണ് പേൾലാൻഡ്. ഫോമ കൺവെൻഷൻ ഡാലസിൽ എത്തുകയാണെങ്കിൽ ഈ അസ്സോസിയേഷന്റ്റെ എല്ലാ വിധ സഹായ സഹകരങ്ങൾ ഉണ്ടാവും എന്ന് വാക്ക് തരുന്നു. ഫോമ പ്രവർത്താക്കൾക്ക് ഡാലസ്സിലേക്ക് സ്വാഗതം.   


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC