സാംസ്‌കാരിക വിശേഷങ്ങള്‍

പി. റ്റി. ചാക്കോയ്ക്കും നിലമ്പൂര്‍ കാര്‍ത്തികേയനും കലാവേദിയുടെ ആദരം

ജോര്‍ജ് തുമ്പയില്‍ 2016-04-14 07:19:35am

ന്യൂയോര്‍ക്ക് : പ്രവാസി മലയാളിയുടെ കലാ സാംസ്‌കാരികാവബോധത്തെ പരിപോഷിപ്പിക്കാന്‍ രണ്ടു പതിറ്റാണ്ടിലധികം നിസ്വാര്‍ത്ഥമായ സേവനം കാഴ്ച വച്ച് പ്രശസ്ത നാടകാചാര്യന്‍ പി. റ്റി. ചാക്കോയെയും , സംഗീതഞ്ജന്‍ നിലമ്പൂര്‍ കാര്‍ത്തികേയനെയും അവരുടെ സംഭാവനകള്‍ പരിഗണിച്ച് 'കലാവേദി പ്രതിഭ' പുരസ്‌കാരങ്ങള്‍ നല്‍കി കലാവേദി ആദരിക്കും.

ഒക്‌ടോബര്‍ 31 ശനിയാഴ്ച ഫ്‌ലോറല്‍ പാര്‍ക്കിലുളള ഇര്‍വിന്‍ ആള്‍ട് മാന്‍ (81 14, 257 സ്ട്രീറ്റ്) ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്ന 'മഴവില്ല്' പൂക്കുന്ന ആകാശം' എന്ന നാടകം അരങ്ങേറുന്ന വേദിയില്‍ സംവിധായകന്‍ ജോസ് തോമസ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

കുമാരി ജിയാ വിന്‍സെന്റിന്റെ ഗാനത്തോടെ കൂടി ആരംഭിക്കുന്ന ചടങ്ങില്‍ അമേരിക്കന്‍ മലയാളി സമൂഹത്തിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. പതിനഞ്ചു വര്‍ഷങ്ങളായി ന്യൂജഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഫൈന്‍ ആര്‍ട്‌സ് മലയാളം' എന്ന നാടക ക്ലബ്ബിലെ പ്രഗത്ഭമതികളായ കലാകാരന്മാരും, കലാകാരികളും കലാസ്വാദകരെ കോള്‍മയിര്‍ കൊളളിക്കുന്ന ഉജ്ജ്വലമായ അഭിനയ പ്രകടനം കാഴ്ചവയ്ക്കുന്ന ഈ നാടകത്തിന് വേണ്ട എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായിക്കഴിഞ്ഞതായും കൃത്യം 6 മണിക്ക് തന്നെ പരിപാടി ആരംഭിക്കുമെന്നും കലാവേദി ഭാരവാഹികള്‍ അറിയിച്ചു. സഹൃദയരായ എല്ലാ കലാസ്വാദകരുടെയും സാന്നിധ്യം സാദരം അഭ്യര്‍ത്ഥിച്ചു കൊളളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :917 353 1379

Friday, October 23, 2015