സാംസ്‌കാരിക വിശേഷങ്ങള്‍

ഫൈന്‍ ആര്‍ട്‌സ് മലയാളം നാടകസമിതിയുടെ മഴവില്ല് പൂക്കുന്ന ആകാശം ഒക്‌ടോബര്‍ 31ന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജോര്‍ജ് തുമ്പയില്‍ 2016-04-14 07:21:55am

ന്യൂയോര്‍ക്ക്: കലാസാംസ്‌ക്കാരിക സംഘടനയായ കലാവേദിയുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 31 ശനിയാഴ്ച ന്യൂജേഴ്‌സി ഫൈന്‍ ആര്‍ട്‌സ് മലയാളം നാടകസമിതിയുടെ മഴവില്ല് പൂക്കുന്ന ആകാശം എന്ന നാടകത്തിന്റെ അവതരണവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സിബി ഡേവിഡ് അറിയിച്ചു. ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ഇര്‍വിന്‍ ആള്‍ട്മാന്‍ പെര്‍ഫോമിങ് ആര്‍ട്‌സ് സെന്ററില്‍ വൈകുന്നേരം ആറു മണിക്ക് പരിപാടികള്‍ തുടങ്ങും.

നാടകാചാര്യന്‍ പി.ടി ചാക്കോ (മലേഷ്യ)ക്കും സംഗീതജ്ഞന്‍ നിലമ്പൂര്‍ കാര്‍ത്തികേയനും ആദരവ് അര്‍പ്പിച്ച ശേഷമാണ് നാടകം തുടങ്ങുന്നത്. സംവിധായകന്‍ ജോസ് തോമസ് പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കും.

ആസുരമായ ലോകത്ത് കൈമോശം വരുന്ന നന്മകള്‍ ജീവിത രീതി തന്നെയായി കലാരൂപങ്ങളില്‍ അവതരിപ്പിക്കപ്പെടുന്ന ഇക്കാലത്ത് മൂല്യങ്ങളുടെയും സ്‌നേഹത്തിന്റെയും ഇത്തിരി പ്രകാശം പരത്തുകയാണ് ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ മഴവില്ല് പൂക്കുന്ന ആകാശം.

ജോസ് കാഞ്ഞിരപ്പള്ളി, സജിനി സഖറിയ, സണ്ണി റാന്നി, റോയി മാത്യു, ടീനോ തോമസ്, മോളി ജേക്കബ്, അഞ്ജലി ഫ്രാന്‍സിസ്, ജോര്‍ജ് തുമ്പയില്‍ എന്നിവരാണ് അഭിനേതാക്കള്‍. സംവിധാനം റെഞ്ചി കൊച്ചുമ്മന്‍. സ്റ്റേജ് മാനേജ്‌മെന്റ് ചാക്കോ ടി. ജോണും ടീം അംഗങ്ങളും. സാങ്കേതിക വിഭാഗം കൈകാര്യം ചെയ്ത് മേക്കപ്പ് നിര്‍വ്വഹിക്കുന്നത് സാം. പി. എബ്രഹാം. ലൈറ്റിങ് ജിജി എബ്രഹാം. സംഗീത നിര്‍വ്വഹണം റീന മാത്യു, ഷൈനി എബ്രഹാം. വീഡിയോ എഡിറ്റിങ് ടീനോ തോമസ്, ജയന്‍ ജോസഫ്. വീഡിയോ രംഗത്ത് ഷൈനി എബ്രഹാം, മാര്‍ക്ക്, സേത്ത്. ട്രാന്‍സ്‌പോര്‍ട്ടും ലോജിസ്റ്റിക്കും ട്രഷറര്‍ കൂടിയായ എഡിസണ്‍ എബ്രഹാം. സൗണ്ട് ജെറി.

മലയാളത്തിന്റെ ചൂടും ചൂരമുള്ള കലാരൂപങ്ങള്‍ വ്യത്യസ്തയോടെ അവതരിപ്പിച്ച് നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഫൈന്‍ ആര്‍ട്‌സ് മലയാളം ക്ലബ്ബ് പതിനഞ്ചാം വയസ്സിലേക്ക് കടക്കുകയാണ്. ഡ്രാമ, ഡാന്‍സ് ഡ്രാമ, ടാബ്ലോ, ചിത്രീകരണങ്ങള്‍ തുടങ്ങി വ്യത്യസ്തമായ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിന് വേണ്ട രംഗപടങ്ങളും, ലൈറ്റിങ്ങും മ്യൂസിക്ക് സപ്പോര്‍ട്ടും കോസ്റ്റിയുമുകളും സ്വന്തമായുള്ള നാടകസമിതി കലാരംഗത്തോടുള്ള പ്രതിബദ്ധത മാത്രം കൈമുതലാക്കി പ്രവര്‍ത്തിച്ച് വരികയാണ്.

വിവരങ്ങള്‍ക്ക് സിബി ഡേവിഡ് (917) 3531379

Tuesday, October 27, 2015