സാംസ്‌കാരിക വിശേഷങ്ങള്‍

"ആത്മ"യുടെ നര്‍ത്തകര്‍ കലാവേദിയില്‍

2016-04-14 06:12:58am

ന്യൂജേര്‍സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകപ്രശസ്ത നൃത്ത സംഘമായ 'ആത്മ'യുടെ നയനമനോഹരമായ നൃത്തശില്പങ്ങള്‍ കലാവേദി കലോത്സവവേദിയില്‍ അരങ്ങേറുന്നു. കലാസ്‌നേഹികള്‍ക്ക് തികച്ചും കലാസ്വാദനത്തിന്റെ അസുലഭവേളയായിരിക്കും ഈ കലോത്സവം. ഒക്‌ടോബര്‍ 25നു ഹിക്ക്‌സ്വില്‍ (ചഥ) ഹോളിട്രിനിറ്റി പെര്‍ഫൊര്‍മിങ്ങ് സെന്റരിന്റെ വെള്ളിവെളിച്ചത്തില്‍ അരങ്ങേറുന്ന കലാപരിപാടികള്‍ അമേരിക്കന്‍മലയാളികള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ അഭിമാനകരമായ മുഹൂര്‍ത്തങ്ങളായിരിക്കും സമ്മാനിക്കുക.

'ആത്മ'യുടെ പ്രകടനങ്ങള്‍ കുടാതെ, പുതുതലമുറയിലെ പ്രത്യകം തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകളുടെ വിസ്മയിപ്പിക്കുന്ന കലാപ്രകടനങ്ങളാണ് കലോത്സവത്തില്‍ അവതരിപ്പിക്കുക. കേരളത്തില്‍ നിന്നും വരുന്ന കലാപരിപാടികള്‍ മാത്രം കണ്ടുശീലിച്ച പ്രേക്ഷകരുടെ കലാസ്വാദനബോധത്തിന് ഒരു ഉണര്‍ത്തുവിളിയായിരിക്കും ഈ കലോത്സവമേളം. ഇവിടെയുമുണ്ട് താരങ്ങള്‍ എന്ന് തെളിയിക്കുന്നതായിരിക്കും കലാവേദികലോല്‍സവമെന്നു സംഘാടകര്‍ ഉറപ്പിച്ചു പറയുന്നു. അമേരിക്കയുടെ നാനാഭാഗത്ത് നിന്നും തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാരുടെയും കലാകാരികളുടെയും കലാപ്രകടനങ്ങള്‍ ആസ്വാദകരുടെ മനസ്സില്‍ രാഗതാളഭാവരസങ്ങളുടെ തരംഗങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പ്.

കലോത്സവത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന സംഗീത നൃത്ത നാടക മത്സരങ്ങളില്‍ വിജയികള്‍ക്ക് 1001 ഡോളറിന്റെ ഒന്നാം സമ്മാനം ഉള്‍പ്പടെ നിരവധി സമ്മാനങ്ങള്‍ കലാവേദി പ്രഖ്യാപിച്ചിട്ടുണ്ട്. സഹൃദയരായ എല്ലാ കലാസ്‌നേഹികളുടെയും സഹായസഹകരണങ്ങള്‍ സവിനയം അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് കലാവേദിഓണ്‍ലൈന്‍.കോം കാണുക.

Thursday, August 28, 2014