സാംസ്‌കാരിക വിശേഷങ്ങള്‍

അമേരിക്കന്‍ മലങ്കര അതിഭദ്രാസന കുടുംബമേളക്ക് ഒരുക്കമായി

മാര്‍ട്ടിന്‍ വിലങ്ങോലില്‍ 2017-07-13 03:16:36pm

അമേരിക്കന്‍ മലങ്കര അതിഭദ്രാസന 31മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ് ജൂലായ് 19 മുതല്‍ 22 വരെ, ന്യൂയോര്‍ക്ക്, എലന്‍വില്ലിയുള്ള ഹോണേഴ്‌സ് ഹെവന്‍ റിസോര്‍ട്ടില്‍ വെച്ച് നടത്തുന്നതിനുള്ള മുഴുവന്‍ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍, ശ്രീ.സാജു പൗലോസ്, ഭദ്രാസന സെക്രട്ടറി റവ.ഫാ.ഗീവര്‍ഗീസ് ജേക്കബ്ബ്, പബ്ലിസിറ്റി കണ്‍വീനര്‍ ശ്രീ. അച്ചുഫിലിപ്പോസ് എന്നിവര്‍ അറിയിച്ചു.

സഭാംഗങ്ങളുടെ ആത്മീയ ഉന്നമനത്തോടൊപ്പം, കുടുംബങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണവും, സവര്‍ത്തിത്വവും വര്‍ദ്ധിപ്പിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നടത്തപ്പെടുന്ന കുടുംബമേളക്ക്, അമേരിക്കയിലേയും, കാനഡയിലേയും, വിവിധ ദേവാലയങ്ങളില്‍ നിന്നുമായി നൂറു കണക്കിനാളുകള്‍ പങ്കെടുക്കും.

ഭദ്രാസനാധിപന്‍, അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടേയും, വന്ദ്യ വൈദീകരുടേയും, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുടേയും നേതൃത്വത്തില്‍, പുതുമയാര്‍ന്ന ആശയങ്ങള്‍ കൊണ്ടും, ആത്മീയത നിറഞ്ഞുനില്‍ക്കുന്ന, വിവിധങ്ങളായ പ്രോഗ്രാമുകള്‍കൊണ്ടും അടക്കും ചിട്ടയുമായി ക്രമീകരിച്ചിരിക്കുന്ന കുടുംബമേളയില്‍ അഭിവന്ദ്യ ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപോലീത്താ മുഖ്യ അതിഥി ആയിരിക്കും. പ്രഗല്‍ഭ സുവിശേഷ പ്രാസംഗികനായ വെരി.റവ.പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌ക്കോപ്പാ, വെരി.റവ.ജേക്കബ്ബ് ചാലിശ്ശേരി, കോര്‍ എപ്പിസ്‌ക്കോപ്പാ, റവ.ഫാ.തോമസ് നഷേദ് (കോപ്റ്റിക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്) എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തും.

എന്നില്‍ വസിപ്പിന്‍. ഒരുത്തന്‍ എന്നിലും ഞാന്‍ അവനിലും വിശ്വസിക്കുന്നുവെങ്കില്‍, അവന്‍ വളരെ ഫലം കായാക്കും. യോഹന്നാന്‍ 15:45'എന്നതായിരിക്കും സെമിനാറിന്റെ പ്രധാന ചിന്താവിഷയം.
മുതിര്‍ന്നവര്‍ക്കും, യുവജനങ്ങള്‍ക്കും, സ്ത്രീകള്‍ക്കുമായി പ്രത്യേകം സെമിനാറുകള്‍, ചര്‍ച്ചാ ക്ലാസ്സുകള്‍, ധ്യാനയോഗങ്ങള്‍ തുടങ്ങി, വിവിധ ഇനങ്ങള്‍ ഉള്‍പ്പെടുത്തി 4 ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ കോണ്‍ഫറന്‍സിന്റെ ആദ്യ ദിനമായ 19ാം തീയതി(ബുധന്‍) വൈകീട്ട് 3 മണിക്ക് വിവിധ ദേവാലയങ്ങളെ പ്രതിനിധീകരിച്ചുള്ള പള്ളി പ്രതിപുരുഷ യോഗം അഭിവന്ദ്യ ഇടവക മെത്രാപോലീത്തായുടെ അദ്ധ്യക്ഷതയില്‍ നടത്തപ്പെടും.

കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിനായി അഹോരാത്രം പരിശ്രമിക്കുന്ന, സഭാ കൗണ്‍സില്‍ അംഗങ്ങള്‍, ബ: വൈദീകര്‍, മറ്റു പ്രവര്‍ത്തകര്‍ തുടങ്ങിയവരെയെല്ലാം പ്രത്യേകം അഭിനന്ദിക്കുന്നതായും, ഈ കുടുംബമേളയുടെ വിജയത്തിനായി, എല്ലാ സഭാ അംഗങ്ങളും പ്രാര്‍ത്ഥിക്കണമെന്നും അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്താ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.