സാംസ്‌കാരിക വിശേഷങ്ങള്‍

നെവിന്‍ തോബിയാസിന്റെ ഭരതനാട്യം അരങ്ങേറ്റം 22 ന് ഷിക്കാഗോയില്‍

പി. പി. ചെറിയാൻ 2017-07-14 07:03:16am

ഷിക്കാഗോ: ഭരതനാട്യ നൃത്തരംഗത്ത് അരങ്ങേറ്റം കുറിക്കാന്‍ (ഗ്രാഡ്വേഷന്‍) നെവിന്‍ തോബിയാസ് ഒരുങ്ങുന്നു. അരങ്ങേറ്റം നടത്തിയ യുവാക്കള്‍ അമേരിക്കയില്‍ വിരലിലെണ്ണാവുന്നതെ ഉള്ളു എന്നറിയുമ്പോഴാണ് നെവിന്റെ നേട്ടം വേറിട്ടതാകുന്നത്. ഈ മാസം 22ന് ഓസ്വേഗോ ഈസ്റ്റ് ഹൈസ്കൂളിലാണ് അരങ്ങേറ്റം നടക്കുന്നത്.

വിവിധ പരിപാടികളില്‍ നര്‍ത്തകനായും മത്സരങ്ങളില്‍ കലാപ്രതിഭയായി അവാര്‍ഡുകള്‍ നേടിയും ഈ പതിനെട്ടുകാരന്‍ ഇതിനകം തന്നെ അമേരിക്കയില്‍ ശ്രദ്ധേയനായിട്ടുണ്ട്. നെവിന്റെ നൃത്തരംഗത്തെ ചുവടു വയ്പുകള്‍ ആരംഭിക്കുന്നത് നാലു വയസുള്ളപ്പോഴാണ്.

തോമസ് ഒറ്റക്കുന്നേല്‍ സാറിന്റെ കീഴില്‍ ആ പിഞ്ചു പാദങ്ങള്‍ നൃത്ത പഠനം തുടങ്ങി. ഒരു വര്‍ഷം കഴിഞ്ഞ് ലാലു പാലമറ്റം ആയി ഗുരു. ഏഴു വര്‍ഷം ലാലു പാലമറ്റത്തിന്റെ കീഴില്‍ നൃത്തം പഠിച്ചു. തുടര്‍ന്ന് ഭരത നാട്യം പഠിക്കാന്‍ വനിത വീരവല്ലിയുടെ ശിഷ്യനായി. പഠനം ആരംഭിച്ചപ്പോള്‍ നൃത്തം താന്‍ ഇത്രയേറെ ഇഷ്ടപ്പെടുമെന്നു കരുതിയില്ലെന്ന് നെവിന്‍ പറയുന്നു.

പഠനം രസകരമായിരുന്നു എന്നു മാത്രമല്ല ഒട്ടേറെ പേരുമായി സൗഹൃദം സ്ഥാപിക്കാനും പല സ്ഥലങ്ങളില്‍ നൃത്തം അവതരിപ്പിക്കാനും കഴിഞ്ഞു. ആദ്യത്തെ നൃത്തപ്രകടനം സ്വന്തം പള്ളിയില്‍ വച്ചായിരുന്നു.

പെട്ടെന്നു പഠിക്കുവാനും വികാരങ്ങള്‍ മുഖത്തു തന്മയത്തത്താടെ അവതരിപ്പിക്കുവാനും സദസ്യരെ രസിപ്പിക്കുന്നതുമാണ് നെവിന്റെ കഴിവ്.

എല്‍മ്ഹസ്റ്റില്‍ സ്ഥിരതാമസമാക്കിയ കുഞ്ഞുമോള്‍ - യേശുദാസ് തോബിയാസ് ദമ്പതികളുടെ പുത്രനായ നെവിന്‍ നൂറില്പരം സമ്മാനങ്ങള്‍ വാങ്ങുകയും ദേശീയ തലത്തില്‍ നൃത്തം അവതരിപ്പിക്കുകയും, ഇല്ലിനോയ് സ്‌റ്റേറ്റിന്റെ മാസ്റ്റര്‍ അപ്രന്റിസ് ഗ്രാന്‍ഡ് നേടുകയും ചെയ്തിട്ടുണ്ട്..

എല്‍മ്ഹസ്റ്റ് യോര്‍ക് ഹൈസ്കൂളില്‍ നിന്ന് ഗ്രാഡ്വേറ്റ് ചെയ്ത നെവിന്‍ ഫിസിക്കല്‍ തെറപ്പിയോ എന്‍ വയണ്മെന്റല്‍ സയന്‍സോ പഠിക്കുവാനാണ്
ലക്ഷ്യമിടുന്നത്.

യു എസ് എയര്‍ഫോഴ്‌സില്‍ ഉദ്യോഗസ്ഥനായിരുന്ന കെവിന്‍ തോബിയാസ് ഏക സഹോദരനാണ്. അമ്മ ചേംബര്‍ലെയ്ന്‍ കൊളജ് ഓഫ് നഴ്‌സിംഗ് അധ്യാപികയാണ്.