സാംസ്‌കാരിക വിശേഷങ്ങള്‍

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ പത്താം വാര്‍ഷികം ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം 2017-07-15 04:18:42am

ബെല്‍വുഡ്, ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവക സ്ഥാപനത്തിന്റെ പത്താം വാര്‍ഷികം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു.

വിശുദ്ധ തോമാശ്ശീഹായുടെ ദുക്‌റാന തിരുനാളിനോടനുബന്ധിച്ച്, ഒമ്പതാം തീയതി ഞായറാഴ്ച വൈകിട്ട് 7 മണിക്ക് നടത്തപ്പെട്ട ആഘോഷമായ ദിവ്യബലിയുടെ സമാപനത്തില്‍ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ഭദ്രദീപം തെളിയിച്ച് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു.

ഇതോടനുബന്ധിച്ച് നടന്ന ദിവ്യബലിയില്‍ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട്, ബിഷപ്പ് മാര്‍ ജോസഫ് അരുമച്ചാടത്ത്, വികാരി ജനറാള്‍മാരായ റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, റവ.ഫാ. തോമസ് മുളവനാല്‍ എന്നിവരും ഇരുപതിലധികം ബഹുമാനപ്പെട്ട വൈദീകരും കാര്‍മികരായിരുന്നു.

ദേവാലയത്തിലെ തിരുകര്‍മ്മങ്ങള്‍ക്കുശേഷം നടത്തപ്പെട്ട കരിമരുന്ന് കലാപ്രകടനത്തിനും, വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടും കൂടി വാര്‍ഷികാഘോഷങ്ങള്‍ സമാപിച്ചു. ജൂലൈ 16-നു ഞായറാഴ്ച കൊടിയിറക്കു തിരുനാളും നടത്തപ്പെടും.

കൈക്കാരന്മാരായ ജോര്‍ജ് അമ്പലത്തുങ്കല്‍, ലൂക്ക് ചിറയില്‍, പോള്‍ വടകര, സിബി പാറേക്കാട്ടില്‍, ജോസഫ് കണിക്കുന്നേല്‍, തോമസ് മൂലയില്‍ (ജനറല്‍ കോര്‍ഡിനേറ്റര്‍), സൗത്ത് വെസ്റ്റ് വാര്‍ഡ് പ്രതിനിധികള്‍ എന്നിവര്‍ അടങ്ങിയ വിപുലമായ തിരുനാള്‍ കമ്മിറ്റിയാണ് തിരുനാളും വാര്‍ഷികാഘോഷങ്ങളും മനോഹരമാക്കുവാന്‍ നേതൃത്വം നല്‍കിയത്.