സാംസ്‌കാരിക വിശേഷങ്ങള്‍

കലാപ്രതിഭകൾക്ക് അവസരമൊരുക്കി യൂത്ത് ടാലന്റ്സ് ഡേ ഓഗസ്റ്റ് 11 ന്

ജീമോൻ റാന്നി 2017-07-15 10:58:17am

ഹൂസ്റ്റൺ: ഹൂസ്റ്റണിലുള്ള കലാകാരന്മാർക്കും കലാകാരികൾക്കും തങ്ങളുടെ സർഗാത്മക കഴിവുകളെയും കലാവാസനകളെയും പ്രകടിപ്പിയ്ക്കുന്നതിന് ഒരു സുവർണാവസരം ഒരുങ്ങുന്നു. ഓഗസ്റ്റ് 11 ന് വെള്ളിയാഴ്ച്ച സ്റ്റാഫോർഡ് സിവിക് സെന്ററിൽ (1415, Constitution Avenue, Stafford TX-77477) വച്ച് നടത്തപ്പെടുന്ന  യൂത്ത് ടാലന്റ്സ് ഡേയിലാണ് ഇതിന് അവസരമൊരുക്കുന്നത്. ഹൂസ്റ്റണിലെ യുവ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിയ്ക്കുന്നതിനോടൊപ്പം പ്രായമായവർക്കു വേണ്ടിയും പരിപാടികൾ ഒരുക്കിയിട്ടുണ്ട്.

ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന ടാലന്റ്സ് പ്രോഗ്രാമിൽ 15 മുതൽ 55 വയസ് വരെയുള്ളവർക്ക് വിവിധ ഇനങ്ങളിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിയ്ക്കാവുന്നതാണ്. ഉപകരണ സംഗീതം, വ്യക്തികൾക്കും ഗ്രൂപ്പുകൾക്കുമായി ഗാനങ്ങൾ, പബ്ലിക് സ്പീക്കിങ്, ഗ്രൂപ്പ് ഡാൻസ്, ഭക്തി ഗാനങ്ങൾ (ഗ്രൂപ്പ്), ശാസ്ത്രീയ സംഗീതം തുടങ്ങിയ ഇനങ്ങളിലും പ്രതിഭകൾ മാറ്റുരയ്ക്കുന്നത്. പ്രൈവറ്റ് സ്കുളുകൾക്ക് അവരുടെ മികച്ച കഴിവുകളുള്ള കുട്ടികളെ ഈ പരിപാടിയിൽ പങ്കെടുപ്പിയ്ക്കാവുന്നതാണ്.

രജിസ്ട്രേഷൻ ഫീ ഉണ്ടായിരിയ്ക്കുന്നതല്ല. ഹൂസ്റ്റണിലെ കലാപ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ  പ്രകടിപ്പിക്കുവാൻ കിട്ടുന്ന ഈ അപൂർവ്വ അവസരം വിനിയോഗിയ്ക്കണമെന്ന് സംഘാടകർ ആഹ്വാനം ചെയ്തു. ടാലന്റ്സ് ഡേയിൽ  പങ്കെടുക്കുവാൻ ആഗ്രഹിയ്ക്കുന്നവൻ  ഇവരുടെ പേര്, പങ്കെടുക്കുന്ന ഇനം, ഇമെയിൽ അഡ്രസ് എന്നിവ 832 771 7646 ൽ അയച്ചു കൊടുക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

കലാപരിപാടികൾക്കുശേഷം 7 മണിക്ക് ഹൂസ്റ്റണിലെ കലാ സാംസ്കാരിക– സാഹിത്യ മണ്ഡലങ്ങളിലെ പ്രഗത്ഭരുടെ സാന്നിദ്ധ്യത്തിൽ പൊതു സമ്മേളനം നടത്തപ്പെടുന്നതും ടാലൻസ് പ്രോഗ്രാമിൽ പങ്കെടുക്കുന്നവർക്ക് അവാർഡുകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിക്കുന്നതുമാണ്. മികച്ചതും തിരഞ്ഞെടുക്കപ്പെട്ടതുമായ ഗ്രൂപ്പ് ഇനങ്ങൾ ഈ പൊതുസമ്മേളനത്തെ ധന്യമാക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :ഈശോ ജേക്കബ് : 832 771 7646, ഡോ. മാത്യു വൈരമൺ : 281 857 7538