സാംസ്‌കാരിക വിശേഷങ്ങള്‍

മലങ്കരദീപം 2017 പ്രസിദ്ധീകരണത്തിന് തയ്യാറായി

മാർട്ടിൻ വിലങ്ങോലിൽ 2017-07-15 11:00:13am

ന്യുയോർക്ക്: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ 31 മത് യൂത്ത് ആന്റ് ഫാമിലി കോൺഫറൻസിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന മലങ്കര ദീപം 2017 പ്രസിദ്ധീകരണത്തിന് തയ്യാറായതായി ചീഫ് എഡിറ്റർ സാജു കെ. പൗലോസ് അറിയിച്ചു.

മികവുറ്റതും, അർത്ഥ പൂർണ്ണവുമായ രചനകൾ, സഭാ ചരിത്ര വിവരണങ്ങൾ, വിശിഷ്ട വ്യക്തികളുടെ ആശംസകൾ, ഒട്ടനവധി കോംപ്ലിമെന്റുകൾ, മനോഹരങ്ങളായ വർണ്ണ ചിത്രങ്ങൾ തുടങ്ങി വിവിധ ഇനങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ സവിശേഷതയാർന്ന ഈ സ്മരണികയുടെ പ്രകാശന കർമ്മം, കുടുംബമേളയുടെ രണ്ടാം ദിനമായ ജൂലൈ 20 ന് വിശിഷ്ട അതിഥി, അഭിവന്ദ്യ ഏബ്രഹാം മോർ സേവേറിയോസ് മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ട് നിർവ്വഹിക്കും. ഈ വിശിഷ്ട ചടങ്ങിന് മുഖ്യ പ്രഭാഷകരായ വെരി. റവ. പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പാ, റവ. ഫാ. തോമസ് നഷേദ് (കോപ്റ്റിക് ഓർത്തഡോക്സ് ചർച്ച്) എന്നിവർക്ക് പുറമേ, മറ്റനേകം വൈദീകരും പല പ്രഗത്ഭ വ്യക്തികളും നൂറു കണക്കിന് വിശ്വാസികളും സാക്ഷ്യം വഹിക്കും.

നിശ്ചിത സമയത്തിൽ തന്നെ, വളരെ മനോഹരമായ വിധത്തിൽ ഈ വർഷത്തെ മലങ്കര ദീപം പ്രസിദ്ധീകരണത്തിന് തയ്യാറാക്കുവാൻ അക്ഷീണശ്രമം നടത്തിയ ചീഫ് എഡിറ്റർ സാജു പൗലോസ് മാരോത്ത്, എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ റവ. ഫാ. പോൾ തോട്ടക്കാട്ട്, ഷെവലിയാർ ബാബു ജേക്കബ് നടയിൽ, ഷെവലിയാർ ഇട്ടൻ ജോർജ് പാടിയേത്ത്, ഫിലിപ്പ് സ്കറിയ, ജോർജ് കറുത്തേടത്ത്, ജോഷി കുര്യൻ, സാജു ജോർജ്, ജോസഫ് പുന്നാശ്ശേരിൽ, സരിൻ കുരുവിള, മനോജ് ജോൺ, ആഷാ മത്തായി, മെലീസ റോയി എന്നിവരെ അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്താ പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി. ഇതിന്റെ വിജയത്തിനായി പ്രവർത്തിച്ച  വൈദീകർ, സഭാംഗങ്ങൾ, ആർട്ടിക്കിൾസ്, കോംപ്ലിമെന്റ്സ് എന്നിവ നൽകി സഹകരിച്ച വ്യക്തികൾ, സ്ഥാപനങ്ങൾ തുടങ്ങി ഏവരോടും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും അഭിവന്ദ്യ തിരുമേനി അറിയിച്ചു. അമേരിക്കൻ മലങ്കര അതിഭദ്രാസന പിആർഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.