സാംസ്‌കാരിക വിശേഷങ്ങള്‍

ആത്മീയകൂട്ടായ്മയുടെ വിജയഭേരി മുഴക്കി ഫാമിലി കോണ്‍ഫറന്‍സിന് ഇന്ന് സമാപനം

വറുഗീസ് പോത്താനിക്കാട് 2017-07-15 11:11:52am

പോക്കണോസ് (പെന്‍സില്‍വേനിയ): മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ മൂന്നാം ദിനം ആത്മീയ പ്രഭാഷണങ്ങളാലും യാമപ്രാര്‍ത്ഥനകളാലും, ധ്യാന നിമഗ്നമായ അന്തരീക്ഷത്താലും മുഖരിതമായിരുന്നു. അനുതാപവും ഉപവാസവും ഒക്കെ മുഖ്യ വിഷയങ്ങളായ വേദികളിലും ചര്‍ച്ചാ ക്ലാസ്സുകളിലും ഓപ്പണ്‍ ഫോറങ്ങളിലും ഉത്സാഹത്തോടെയുള്ള പങ്കാളിത്തമാണുണ്ടായിരുന്നത്.
ആത്മീയത ഓരോ വിശ്വാസിയും തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ കോണ്‍ഫറന്‍സിന് മാറ്റ് കൂട്ടി. വിശ്വാസത്തില്‍ കൂടി ദൈവിക സത്യങ്ങളെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുവാനുതകുന്ന ദീപ്തിമത്തായ ധ്യാനയോഗങ്ങളും ചര്‍ച്ചാക്ലാസുകളും കൊണ്ട് മൂന്നാം ദിവസമായ വെള്ളിയാഴ്ച സമ്പന്നവും സജീവുമായിരുന്നു. നാലുദിന കോണ്‍ഫറന്‍സ് ഇന്ന് ഉച്ചയോടെ സമാപിക്കും. രാവിലെ ആറു മണിക്കു നമസ്‌ക്കാരത്തോടെ തുടങ്ങിയ കോണ്‍ഫറന്‍സ് മൂന്നാം ദിനത്തില്‍ ഫാ. റെജി ചാക്കോ ധ്യാന പ്രസംഗം നടത്തി. തുടര്‍ന്നു വിവിധ ഗ്രൂപ്പുകള്‍ക്കായി ചിന്താവിഷയത്തിലൂന്നിയ പ്രസംഗ പരമ്പരയുടെ രണ്ടാം ഭാഗം റവ.ഡോ. എം.ഒ.ജോണ്‍, ഡീക്കന്‍ അലക്‌സാണ്ടര്‍ ഹാച്ചര്‍, ഡോ. ഡോണാ റിസ്‌ക്ക്, ഡീക്കന്‍ വറുഗീസ് (ബോബി) വറുഗീസ് എന്നിവര്‍ നയിച്ചു.

അന്യോന്യം സ്‌നേഹിക്കുകയും ഉയര്‍ത്തുകയും ശാക്തീകരിക്കുകയും ചെയ്യുന്നത് ക്രൈസ്തവ ജീവിത ധര്‍മ്മമായി കാണണമെന്നു റവ.ഡോ.എം.ഒ. ജോണ്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചത് ഇങ്ങനെയാണ്. 'അന്യോന്യം പ്രബോധിപ്പിന്‍, പരസ്പരം ശാക്തീകരിക്കുവിന്‍' എന്ന കോണ്‍ഫറന്‍സ് തീമിനെ ആസ്പദമാക്കി തന്റെ രണ്ടാം ദിവസത്തെ പ്രഭാഷണത്തില്‍ സ്വാര്‍ത്ഥതയും അഹന്തതയും വെടിഞ്ഞ് പരസ്പരം സഹായിക്കുന്നതിനും മറ്റുള്ളവരുടെ പ്രയാസത്തിലും കഷ്ടതയിലും അവരെ ആശ്വസിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും തയ്യാറാകണമെന്നും അച്ചന്‍ പ്രബോധിപ്പിച്ചു.

നിരാശയുടെ പടുകുഴിയിലേക്ക് ആണ്ടു പോകുമ്പോള്‍ മറ്റുള്ളവരുടെ പ്രയാസങ്ങളെ താരതമ്യപ്പെടുത്തിയാല്‍ നമ്മുടേത് എത്ര ചെറുതെന്നു മനസ്സിലാക്കാം. യേശുക്രിസ്തുവില്‍ നിലനില്‍ക്കുന്നവര്‍ക്ക് പ്രയാസങ്ങളുണ്ടാകും കഷ്ടതകള്‍ നേരിടേണ്ടി വരും. കോപ്റ്റിക്ക് സഭകള്‍ക്കും അറേബ്യന്‍ നാടുകളിലെ സഭകള്‍ക്കും ധാരാളം പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അതിന്നും തുടരുന്നു. എന്നാല്‍ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലും ബലത്തിലും പരസ്പരം പ്രബോധിപ്പിച്ചും ശക്തീകരിച്ചും അവര്‍ സഭയെ നിലനിര്‍ത്തുന്നു.

ആദിമസഭയിലെ ഇഗ്നാത്യോസ് പാത്രിയര്‍ക്കീസിനെ പീഢിപ്പിച്ച് അന്ത്യോഖ്യായില്‍ നിന്നു റോമായിലേക്ക് വധിക്കാനായി നാടു കടത്തിയപ്പോള്‍ അദ്ദേഹം ക്രിസ്തുവിലുള്ള പ്രത്യാശയെ മുറുകെ പിടിച്ചു കൊണ്ടു പറഞ്ഞു, വന്യമൃഗങ്ങള്‍ എന്നെ ചവച്ച് അരയ്ക്കട്ടെ. ഞാന്‍ അങ്ങനെ ദൈവത്തോട് ചേരട്ടെ. മറ്റുള്ളവര്‍ക്ക് ശക്തിപകരുന്ന പ്രത്യാശയുടെ പ്രബോധനമാണത്.
നല്ലതിനെ കാണുമ്പോള്‍ പ്രോത്സാഹിപ്പിക്കുക, ദൈവവചനം ആശ്വാസത്തിന്റെ വചനമാണെന്നു വിശ്വസിക്കുക, അധ്വാനിക്കുക, നല്ല വാക്കു പറയുക, ദൈവം നമ്മോടു ക്ഷമിച്ചതു പോലെ പരസ്പരം ക്ഷമിക്കുക. പരസ്പരം ആശ്വാസപ്പെടുത്തി, നന്മകള്‍നിറഞ്ഞ പ്രവര്‍ത്തികള്‍ കൊണ്ട് പരസ്പരം ശക്തിപ്പെടുത്തുക. ഇതായിരിക്കട്ടെ ജീവിതധര്‍മ്മമെന്ന് ജോണ്‍ അച്ചന്‍ പ്രബോധിപ്പിച്ചു. തുടര്‍ന്നു ഗ്രൂപ്പ് ചര്‍ച്ചകള്‍ സജീവമായിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം സൂപ്പര്‍ സെഷനുകളുടെ പ്രവാഹമായിരുന്നു. റവ.ഡോ.എം.ഒ.ജോണ്‍, ജോര്‍ജ് പോള്‍, ഡോ. സോഫി വില്‍സണ്‍, ഫാ. ബ്ലെസണ്‍ വറുഗീസ്, ഡോ. മിനു തോമസ്, ഫാ. വിജയ് തോമസ്, ജെയ്മി ജോഷ്വാ (എസ്‌ക്വയര്‍), ഡോ. റോബിന്‍ മാത്യു, ഡോ. ഡോണാ റിസ്‌ക്ക്, ഫാ. സുജിത് തോമസ്, റവ.ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, ഫാ. എബി ജോര്‍ജ്, ഫാ. എം. കെ. കുര്യാക്കോസ് എന്നിവര്‍ വ്യത്യസ്തങ്ങളായ വിഷയങ്ങളെ അധികരിച്ച് ക്ലാസ്സുകളെടുത്തു. പ്രശ്‌നങ്ങളും പ്രയാസങ്ങളും തിരിച്ചറിയുമ്പോള്‍ പരസ്പരം പ്രബോധിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ബോബി ശെമ്മാശന്‍ (ഡീക്കന്‍ ഗീവറുഗീസ് വറുഗീസ്) വളരെ ലൡതമായും മിഡില്‍ സ്‌കൂള്‍- സണ്‍ഡേ സ്‌കൂള്‍ സെസ്സഷനില്‍ പ്രതിപാദിക്കുകയുണ്ടായി.

എങ്ങനെ പരസ്പരം സഹായിക്കാം, ആരെ സഹായിക്കാം എന്നു കുഞ്ഞുങ്ങളെ ശെമ്മാശ്ശന്‍ പഠിപ്പിച്ചു. എങ്ങനെ മറ്റുള്ളവരെ സ്‌നേഹിക്കാം എന്ന വിഷയത്തില്‍ ശെമ്മാശ്ശന്‍ മൂന്നു തരത്തിലുള്ള ആളുകളെ പറ്റിയാണ് പറഞ്ഞത്. ഒന്ന്, നിന്നെ പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കൂ- നല്ല ശമരിയാക്കാരനെ പോലെ, രണ്ട്- നിന്റെ മാതാപിതാക്കളെ സ്‌നേഹിക്കുക. മൂന്ന്- നിന്റെ ശത്രുവിനെ സ്‌നേഹിക്കുക.

ശത്രുവിനെ സ്‌നേഹിക്കുന്നത് വളരെ വിഷമമുള്ള കാര്യമാണെന്ന് നല്ല ഉദാഹരണത്തിലൂടെ മനസ്സിലാക്കി. നമ്മുടെ വാക്കു കൊണ്ടും, പ്രവൃത്തി കൊണ്ടും ഒരാളെ പോലും നോവിക്കരുത് എന്നു ശെമ്മാശ്ശന്‍ കുഞ്ഞുങ്ങളെ പഠിപ്പിച്ചു. അവര്‍ക്ക് നേരിടേണ്ടി വന്ന വേദന നിറഞ്ഞ അനുഭവങ്ങളും പങ്കു വച്ചു. പിന്നീട് പ്ലീനറി സെഷന്റെ സമയമായിരുന്നു. പ്രോത്സാഹനത്തിന്റെ സാമൂഹിക വശം, വൈദിക നേതൃത്വം, പ്രോത്സാഹനത്തിന്റെ ആത്മീയദാനം, പ്രോത്സാഹനത്തിലൂടെ ലഭ്യമാവുന്ന ആരോഗ്യം, പരസ്പരം കെട്ടിപ്പടുക്കുക, പ്രോത്സാഹനത്തിന്റെ വിവിധ, അന്യോന്യം പ്രബോധിപ്പിന്‍, പരസ്പരം ശാക്തീകരിക്കുവിന്‍ തുടങ്ങി വിവിധ മേഖലകളെപ്പറ്റി പല ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ച ചെയ്യുകയും തുടര്‍ന്ന് ഓരോ ഗ്രൂപ്പിന്റെയും അഭിപ്രായങ്ങള്‍ ഷൈനി മാത്യു, പോള്‍ ജോണ്‍, മാത്യു ജോര്‍ജ്, ഉഷ സാമുവല്‍, ഷീബ മാത്യു, സൂസന്‍ മാത്യുസ്, ഫിലിപ്പോസ് സാമുവല്‍, ശുഭ ജേക്കബ്, ലീന വറുഗീസ്, ഡോ. മിനി ജോര്‍ജ്, ലൂസി മാത്യു, ഏലിയാമ്മ ഈപ്പന്‍, വിന്‍സെന്റ് ഷോണ്‍, സന്ധ്യ തോമസ് തുടങ്ങിയവര്‍ പ്ലീനറി സെഷനില്‍ അവതരിപ്പിക്കുകയും ചെയ്തു.

ബസ്‌ക്യാമ്മ അസോസിയേഷന്‍, എം.ജി.ഒ.സി.എസ്.എം അലുംനൈ, സണ്‍ഡേ സ്‌കൂള്‍, മര്‍ത്തമറിയം വനിതാ സമാജം എന്നീ സംഘടനകളുടെ യോഗങ്ങള്‍ക്ക് പുറമേ സംശയനിവാരണത്തിനായി മറ്റൊരു സെഷനും ക്രമീകരിച്ചിരുന്നു. ഒരു തികഞ്ഞ വിശ്വാസിയായിരിക്കുക എന്നു പേരിട്ടിരുന്ന ഈ സെഷനില്‍ ബൈബിള്‍, സഭാ, ഓര്‍ത്തഡോക്‌സി ചരിത്രം, ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലൊക്കെയുള്ള സംശയങ്ങള്‍ക്ക് സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത സമുചിതമായി മറുപടി നല്‍കി. ഭക്ഷണത്തിനു ശേഷം ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്നു സന്ധ്യാനമസ്‌ക്കാരത്തിനു ശേഷം പരി. കാതോലിക്ക ബാവ അനുഗ്രഹപ്രഭാഷണം നടത്തി. നാം എവിടെ ആയാലും ആരാധനയില്‍ പങ്കെടുക്കുന്നതിന് പരിഗണന നല്‍കുന്നു. ഏതു ഭൂഖണ്ഡത്തില്‍ പോയാലും നാം ആരാധനയ്ക്കുള്ള സൗകര്യങ്ങള്‍ അന്വേഷിക്കും. ദൈവാരാധനയ്ക്ക് പ്രാധാന്യം കൊടുക്കുന്ന സഭയാണ് നമ്മുടേത്. മലങ്കര സഭ ആഗോളവ്യാപ്തിയുള്ളതാണ്. ഇത് ജീവിതത്തിന്റെ ശൈലി തന്നെയാണ്. മലങ്കരസഭയുടെ യശസ്സ് ജൂലൈ മൂന്നു മുതല്‍ വലുതായിരിക്കുന്നു. എല്ലാ വ്യവഹാരങ്ങള്‍ക്കും അറുതി വന്നത് ജൂലൈ മൂന്നിനാണ്. ഈ സഭയില്‍ സമാധാനം ഉണ്ടാകണമെന്ന് ദൈവം ആഗ്രഹിച്ചതിന്റെ പരിണിതഫലമാണ് കോടതി വിധി. പ്രകോപനപരമായി നമ്മള്‍ ഒന്നും ചെയ്യാന്‍ പാടില്ല.ചുവരുണ്ടെങ്കിലേ ചിത്രമെഴുതാന്‍ പറ്റുകയുള്ളു. സഭയില്ലെങ്കില്‍ കാതോലിക്കാ ദിനവുമില്ല, ഒന്നുമില്ല. സഭയുടെ നിലനില്‍പ്പിനായി പ്രാര്‍ത്ഥിക്കുക. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ട് ഒരു സഭയ്ക്ക് നിലനില്‍ക്കാന്‍ സാധിക്കുകയില്ല. ഇതു പോലൊരു നേട്ടം അഭിമാനകരമാണ്. നമ്മുടെ സഭയില്‍ മറ്റൊരിടത്തും ഇതു പോലെയൊന്നില്ല. (ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്ററിനെ പരാമര്‍ശിച്ച്). യുവതലമുറ ദൈവത്തില്‍ ആശ്രയിച്ച് മുന്നോട്ടു പോവുക. നമ്മുടെ പുതു തലമുറയ്ക്ക് നമ്മള്‍ പാത തെളിച്ചു കൊടുക്കണമെന്നും പരി. കാതോലിക്ക ബാവ പറഞ്ഞു.

പിന്നീട് റവ.ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍ ധ്യാനപ്രസംഗം നടത്തി. തുടര്‍ന്നു കുമ്പസാര ശുശ്രൂഷ നടന്നു. കോണ്‍ഫറന്‍സിലെത്തിയവരില്‍ ഒട്ടുമിക്കവരും ഈ ശുശ്രൂഷയില്‍ പങ്കാളികളായി.