സാംസ്‌കാരിക വിശേഷങ്ങള്‍

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. അല്‍ഫോന്‍സാമ്മമയുടെ തിരുനാള്‍ ജൂലൈ 30-ന്

ജോയിച്ചന്‍ പുതുക്കുളം 2017-07-16 01:52:11pm

ഷിക്കാഗോ: ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 28 മുതല്‍ 30 വരെ അത്യന്തം ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു. 28-നു വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ കുര്‍ബാനയും, ഗ്രോട്ടോയിലേക്ക് ഭക്തിപൂര്‍വ്വമായ ജപമാല പ്രദക്ഷിണവും, നേര്‍ച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്.

30-ന് ഞായറാഴ്ച 11 മണിക്കുള്ള ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ ഭദ്രാവതി രൂപതാ ബിഷപ്പ് മാര്‍ ജോസഫ് അരുമച്ചാടത്ത് മുഖ്യകാര്‍മികത്വം വഹിക്കുന്നതും, രൂപതയുടെ മുന്‍ വികാരി ജനറാളും മുന്‍ കത്തീഡ്രല്‍ വികാരിയും എം.എസ്.ടി സഭയുടെ അമേരിക്ക- കാനഡ ഡയറക്ടറുമായ റവ .ഫാ. ആന്റണി തുണ്ടത്തില്‍, രൂപതാ ചാന്‍സിലര്‍ റവ.ഫാ. ജോണിക്കുട്ടി പുലിശേരി, രൂപതാ പ്രൊക്യുറേറ്റര്‍ റവ.ഫാ. ജോര്‍ജ് മാളിയേക്കല്‍, റവ.ഫാ. പോള്‍ ചാലിശേരി, വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അസി. വികാരി റവ.ഫാ. ജയിംസ് ജോസഫ് എസ്.ഡി.ബി തുടങ്ങിയവര്‍ സഹകാര്‍മികരുമായിരിക്കും.

വിശുദ്ധ കുര്‍ബാനയ്ക്കും ലദീഞ്ഞിനും ശേഷം വിശുദ്ധയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്. കുഞ്ഞച്ചന്‍ ആന്‍ഡ് ജോയ് കൊച്ചുവീട്ടിലിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളം പ്രദക്ഷിണത്തിന് അകമ്പടിയേകും. പ്രദക്ഷിണത്തിനുശേഷം പ്രസുദേന്തിമാര്‍ ഒരുക്കുന്ന സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

വിശുദ്ധ അല്‍ഫോന്‍സാ ഭക്തര്‍ക്ക് നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കുന്നതിന് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തിരുനാളില്‍ പങ്കുചേര്‍ന്ന് വിശുദ്ധയുടെ മാധ്യസ്ഥംവഴി ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും വികാരി റവ. ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലും, അസി. വികാരി റവ.ഫാ. ജയിംസ് ജോസഫും പ്രസുദേന്തിമാരും പ്രത്യേകമായി ക്ഷണിക്കുന്നു. തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് പാലാ- മീനച്ചില്‍ താലൂക്ക് നിവാസികളാണ്.