സാംസ്‌കാരിക വിശേഷങ്ങള്‍

മാനവികതയുടെ സന്ദേശമുയര്‍ത്തി മിത്രാസ് പ്രൊഡക്ഷന്റെ "ദി ഏയ്ഞ്ചല്‍"

ജോര്‍ജ് തുമ്പയില്‍ 2017-08-11 03:21:17am

നമ്മുടെ മതപരമായ വീക്ഷണത്തില്‍ അസാധാരണമായ കഴിവുകളോടുകൂടിയ ദൈവ സൃഷ്ടിയാണ് 'ഏയ്ഞ്ചല്‍' അഥവാ മാലാഖ. മാലാഖമാര്‍ ദൈവദൂതരായി പ്രവര്‍ത്തിക്കുന്നുവെന്ന് ഹീബ്രു, ക്രിസ്ത്യന്‍ ബൈബിളുകളില്‍ പരാമര്‍ശിക്കുന്നു. ന്യൂജേഴ്‌സിയിലെ മിത്രാസ് ആര്‍ട്‌സിന്റെ സാരഥി രാജന്‍ ചീരന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം നിര്‍വഹിച്ച 'ദി ഏയ്ഞ്ചല്‍' എന്ന ഷോട്ട് ഫിലിം വാസ്തവത്തില്‍ ദൈവദൂതിന്റെയും സമാധാനപൂര്‍ണമായ ഒരു ലോകസന്ദേശത്തിന്റെയും, സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹരമായ ഒരു സെല്ലുലോയ്ഡ് കാഴ്ചയൊരുക്കുന്നു. 

 ലോകത്തെ ഞെട്ടിച്ച വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമണത്തിന്റെ മുറിവുകള്‍ ഈ ചിത്രത്തിന്റെ പലയിടങ്ങളിലും കഥാപാത്രങ്ങളെയെന്ന പോലെ പ്രേക്ഷകരെയും വേദനിപ്പിക്കുന്നുണ്ടെങ്കിലും ശാന്തിയുടെയും സമാധാനത്തിന്റെയും സ്‌നേഹധാര അനുഭവ വേദ്യമാവുകയും ചെയ്യുന്നു. ജോണ്‍-മാര്‍ത്ത ദമ്പതികളുടെ ഒരു പ്രഭാതത്തില്‍ നിന്നാണ് പ്രമേയം വികസിക്കുന്നത്. ഏതാണ്ട് 60 വയസ്സിനു മേല്‍ പ്രായമുള്ള ഇവര്‍ക്ക് മിടുക്കനായ ഒരു മകനും ഉണ്ട്. ഒപ്പം അപ്പു എന്ന ഓമനപ്പേരുള്ള വളര്‍ത്തു നായയും.

 അതിരാവിലെ ജോഗിങ്ങിനു പോകാന്‍ ജോണിനെ ഉണര്‍ത്തുകയാണ് മാര്‍ത്ത. ഉറക്കച്ചടവോടു കൂടി എഴുന്നേല്‍ക്കുന്ന ജോണ്‍ മനസില്ലാ മനസോടെ കാറെടുത്ത് ജോഗിങ്ങ് സ്ഥലത്തേക്ക് പോകുന്നു. കാര്‍ പാര്‍ക്കു ചെയ്തതിനു ശേഷം ജോണ്‍ നടക്കാന്‍ തുടങ്ങി. ഈ സമയം ജോഗിങ്ങ് ട്രാക്കിന് സമീപം ഒളിഞ്ഞിരുന്ന ഒരാള്‍ ജോണിനെ ഇടിച്ചിട്ട ശേഷം അദ്ദേഹത്തിന്റെ വാലറ്റ് എടുത്തുകൊണ്ട് പോകാന്‍ ശ്രമിക്കുന്നു. അപ്പോള്‍ അതുവഴി വന്ന ഒരപരിചിതന്‍ മോഷ്ടാവിനെ കീഴിപ്പെടുത്തി വാലറ്റ് തിരികെ വാങ്ങുന്നു. അപരിചിതന്‍ മോഷ്ടാവിന് അല്പം പണവും നല്‍കി അയാളെ പറഞ്ഞയയ്ക്കുന്നു.

 ട്രാക്കില്‍ വീണുകിടക്കുകയായിരുന്ന ജോണിനെ പിടിച്ച് എഴുന്നേല്‍പ്പിച്ച അപരിചിതന്‍ അദ്ദേഹത്തിന്റെ വാലറ്റ് തിരികെ കൊടുക്കുന്നു. ഇരുവരും പരസ്പരം പരിചയപ്പെട്ട് പിരിഞ്ഞു. ജോണിനെ സംബന്ധിച്ചിടത്തോളം തന്നെ ആപത്തില്‍ നിന്നും രക്ഷിച്ച ആ അപരിചിതന്‍ യഥാര്‍ത്ഥത്തില്‍ ഒരു മാലാഖയായി മാറി. ജോണ്‍ അദ്ദേഹത്തെ 'മിസ്റ്റര്‍ ഏയ്ഞ്ചല്‍' എന്ന് നന്ദിസൂചകമായി വിളിച്ചു. തിരികെ വീട്ടിലെത്തിയ ജോണ്‍ തന്റെ ഭാര്യ മാര്‍ത്തയോട് ഉണ്ടായ സംഭവങ്ങള്‍ വിവരിക്കുന്നു. ആ ഏയ്ഞ്ചലിന് മനസ്സു കൊണ്ട് നന്ദി പറഞ്ഞ മാര്‍ത്ത അദ്ദേഹത്തെ എങ്ങനെയെങ്കിലും കണ്ടെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരണമെന്ന് ജോണിനോട് അഭ്യര്‍ത്ഥിച്ചു. 

 പിറ്റേ ദിവസം ജോഗിങ്ങിന് പോകുമ്പോള്‍ അതേ സ്ഥലത്തു വച്ച് തന്നെ ഇരുവരും കണ്ടുമുട്ടി. ഈ ഏയ്ഞ്ചലിനെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാന്‍ മാര്‍ത്ത നിര്‍ബന്ധിക്കുന്നതായി അദ്ദേഹത്തോട് ജോണ്‍ പറഞ്ഞു. അങ്ങനെ ഇരുവരും തങ്ങളുടെ ഭാര്യമാരെ വിളിച്ച് സമയം ഉറപ്പിക്കുകയും അന്ന് ഒന്‍പത് മണിക്കു തന്നെ ജോണിന്റെ വീട്ടിലെത്താമെന്ന് സമ്മതിക്കുകയും ചെയ്തു. ജോണ്‍ തിരികെ വീട്ടിലെത്തുമ്പോള്‍ മാര്‍ത്ത ബ്രേക്ക് ഫാസ്റ്റിനുള്ള ഒരുക്കങ്ങളിലായിരുന്നു. ഒന്‍പത് മണിയോടുകൂടി തന്നെ ഏയ്ഞ്ചലിന്റെ കാര്‍ ജോണിന്റെ വീട്ടു മുറ്റത്തെത്തി. ജോണും ഏറെ ആകാംക്ഷയോടെ മാര്‍ത്തയും പൂമുഖ വാതില്‍ തുറന്നു. 

 ഏയ്ഞ്ചല്‍ കാറില്‍ നിന്നിറങ്ങി വന്ന് ഇരുവരോടും സംസാരിച്ചു. ഭാര്യ എവിടെ എന്ന് മാര്‍ത്ത ചോദിച്ചു. കാറില്‍ നിന്ന് ഏയ്ഞ്ചലിന്റെ ഭാര്യ ഇറങ്ങി നില്‍ക്കുന്നു. പെട്ടെന്ന് മാര്‍ത്തയുടെ മുഖഭാവം മാറി. കണ്ണു പൊത്തി കരഞ്ഞുകൊണ്ട് അവര്‍ വീട്ടിനകത്തേക്ക് കയറിപ്പോയി. മാര്‍ത്തയുടെ ഭാവവ്യത്യാസത്തില്‍ സ്തംഭിച്ചു പോയ ജോണും പിന്നാലെ പോയി. പെട്ടെന്നു തന്നെ ഇരുവരും തിരിച്ചു വന്ന് ഏയ്ഞ്ചലിനെയും ഭാര്യയെയും അകത്തേക്ക് ക്ഷണിക്കുകയും തന്റെ പെട്ടെന്നുള്ള പെരുമാറ്റത്തില്‍ ആവര്‍ത്തിച്ച് ക്ഷമ ചോദിക്കുകയും ചെയ്തു. അങ്ങനെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ജോണിനോടും ഭാര്യയോടും അവരുടെ മകന്‍ എവിടെ പോയിരിക്കുകയാണെന്ന് അതിഥികള്‍ ചോദിച്ചു. അപ്പോള്‍ ഏറെ വേദനിച്ചു കൊണ്ട് തങ്ങളുടെ മിടുക്കനായ മകന്‍ വേള്‍ഡ് ട്രേഡ് സെന്ററിലെ ഓഫീസില്‍ ജോലിക്കാരനായിരുന്നു എന്നും 9/11 ആക്രമണത്തില്‍ അവന്‍ മരിച്ചു പോയി എന്നും പറഞ്ഞു. 

 ഏയ്ഞ്ചലിന്റെ ഭാര്യ പര്‍ദ ധരിച്ചുകൊണ്ടാണ് വന്നത്. അതാണ് മാര്‍ത്തയുടെ ഭാവ വ്യത്യാസത്തിന് കാരണം. മുസ്ലീം തീവ്രവാദത്തിനിരയായാണ് തന്റെ മകന്‍ ഈ ലോകം വിട്ട് പോയത്. മുസ്ലീം തീവ്രവാദത്തോടുള്ള അടങ്ങാത്ത കലി മുസ്ലീം ജനസാമാന്യത്തിലേക്കും എത്തിയതു കൊണ്ടാണ് പര്‍ദ അണിഞ്ഞ അതിഥിയോട് ഒരു നിമിഷം മാര്‍ത്തയ്ക്ക് കാലുഷ്യം തോന്നിയത്. ഏതായാലും ക്ഷോഭം അടക്കി അതിഥികളെ വേണ്ട വിധം സല്‍ക്കരിച്ച് മതേതരമായ ഭൂമികയില്‍ നിന്നു കൊണ്ട് സൗഹൃദത്തിന്റെ ഒരു പുതിയ വഴിത്താര വെട്ടിത്തുറന്ന് ജോണും മാര്‍ത്തയും അതിഥികളെ മടക്കി അയയ്ക്കുന്നതോടെ ചിത്രം അവസാനിക്കുന്നു. 

 ജോണ്‍ ആയി റോബര്‍ട്ട് ഫെര്‍ട്മാനും മാര്‍ത്തയായി സോഫിയ മാമോദും മിസ്റ്റര്‍ ഏയ്ഞ്ചലായി നിക്‌സ ഡോബ്രിയും മോഷ്ടാവായി ജേക്കബ് ജോസഫും വേഷമിടുന്നു. മിസ്റ്റര്‍ ഏയ്ഞ്ചലിന്റെ ഭാര്യയുടെ റോള്‍ ചെയ്തത് സജിനി സഖറിയയാണ്. മറ്റൊരു ജോഗര്‍ ആയി ശോഭ ജേക്കബും എത്തുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പേരുവിവരങ്ങള്‍ ഇപ്രകാരം: കാസ്റ്റിംഗ് ഡയറക്ടര്‍-ദീപ്തി നായര്‍, ഒറിജിനല്‍ സ്‌കോര്‍-മിഥുന്‍ ജയരാജ്, ടൈറ്റില്‍ ഗ്രാഫിക്‌സ്-രതീഷ് കൃഷ്ണ (റാന്‍സ് മീഡിയ ലാബ്), ഡിജിറ്റല്‍ ഇന്റര്‍ മീഡിയറ്റ്-ബ്ലാക്ക് മറിയ, 

 സൗണ്ട് റെക്കോര്‍ഡിംഗ്-സ്റ്റുഡിയോ 19, സൗണ്ട് മിക്‌സിംഗ്-രഞ്ജിത് രാഘവന്‍, സൗണ്ട് എഫക്ട്‌സ്-റിജോഷ് വി.എ, മേയ്ക്കപ്പ്-സൗമ്യ എസ് നായര്‍, എഡിറ്റര്‍-ലാല്‍ കൃഷ്ണന്‍, മഹേഷ് എം. ഫിനാന്‍സ് കണ്‍ട്രോളര്‍-അനീഷ് ചെറിയാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ശോഭ ജേക്കബ്, അസിസ്റ്റന്റ് ഡയറക്‌ടേഴ്‌സ്-സജിനി സഖറിയ, സൗമ്യ എസ് നായര്‍. ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി-ജോണ്‍ മാര്‍ട്ടിന്‍, നിര്‍മാണം-ഷിറാസ് യൂസഫ് (മിത്രാസ്).

 കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാന മായ തൃശ്ശൂരാണ് രാജന്‍ ചീരന്റെ സ്വദേശം. അമേരിക്കയിലെത്തുമ്പോള്‍ മിത്രാസിന്റെ ഈ സാരഥിക്ക് കൈമുതലായുണ്ടായിരുന്നത് കലയ്ക്ക് വേണ്ടി ഉഴിഞ്ഞു വെച്ച മനസായിരുന്നു. മലയാള സിനിമ ലോകത്തിന്ഒട്ടനവധി പേരെ സംഭാവന ചെയ്ത ന്യുജേഴ്‌സിയില്‍ സ്ഥിരതാമസമാക്കി. പ്രൊഫഷണല്‍ താരങ്ങളെ വെല്ലുന്ന കലാകാരന്മാര്‍ അമേരിക്കയിലുണ്ടെന്ന് തിരിച്ചറിഞ്ഞിടത്തു നിന്നാണ് മിത്രാസിന്റെ തുടക്കം. ഇന്ന് വൈവിധ്യമാര്‍ന്ന ഷോകളിലൂടെ മിത്രാസ് അമേരിക്കന്‍ മലയാളി മനസില്‍ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. മിത്രാസ് വിജയിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ വിജയിക്കുന്നത് കലാകാരന്‍മാരും കലാകാരികളുമാണ്..