സാംസ്‌കാരിക വിശേഷങ്ങള്‍

വ്യത്യസ്ഥ മാധ്യമങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച പിവി. തോമസ് ഇന്ത്യാ പ്രസ് ക്ലബ് സമ്മേളനത്തില്‍

2017-08-11 12:07:06pm

ഇംഗ്ലീഷിലും മലയാലത്തിലും ഒരു പോലെ എഴുതുന്ന ചുരുക്കം ചിലരിലൊരാളാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ഠകനായ പി.വി. തോമസ്. ടിവിയില്‍ ചര്‍ച്ചകളിലും വ്യത്യസ്ഥ അഭിപ്രായങ്ങളുമായി സജീവം.
മാധ്യമ പ്രവര്‍ത്തനം മനപൂര്‍വ്വം, സ്വമനസ്സാല്‍ തെരഞ്ഞെടുത്തു എന്നു തോമസ് തന്നെ പറയുന്നു. വഴി തെറ്റി അവിടെ എത്തിയതല്ല.
സാമൂഹ്യ പ്രതിബദ്ധതയും രാഷ്ട്രീയ അവബോധവും ജനപക്ഷത്തു നിന്നുകൊണ്ട് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ സമൂഹ സമക്ഷം ബോധിപ്പിക്കുക എന്ന ത്വരയും ഇതിന് പ്രേരിപ്പിച്ചു. ഭരണാധികാരികളുടെയും രാഷ്ട്രീയ കക്ഷികളുടെയും ഉദ്യോഗസ്ഥ വൃന്ദങ്ങളുടെയും മറ്റ് ജനാധിപത്യ സ്ഥാപനങ്ങളുടെയും ചെയ്തികള്‍ സൂക്ഷ്മ നിരീക്ഷണം നടത്തി വിമര്‍ശനത്തിലൂടെയും നിര്‍ദ്ദേശങ്ങളിലൂടെയും മാധ്യമപരമായ ഇടപെടലുകളിലൂടെയും ഒരു സംശുദ്ധ ഭാരതത്തിന്റെ നിര്‍മ്മിതിക്ക് തന്നാലാകുന്നത് ചെയ്യാമെന്ന് കരുതി.

ചുരുക്കത്തില്‍ സമൂഹവുമായിട്ടുള്ള ഒത്തുചേരലും വ്യക്തമായ കാഴ്ചപ്പാടുകളുമാണുതോമസിനെ വ്യത്യസ്ഥനാക്കുന്നത്

1977- 78 ല്‍ ഡെറാഡൂണിലെ ദയാനന്ദ് ആംഗ്ലോ-വേദിക്ക് പോസ്റ്റ് ഗ്രാജ്വേറ്റ്‌സ് കോളേജില്‍ ഒന്നാം വര്‍ഷ എം എ ഇംഗ്ലീഷ് സാഹിത്യത്തിനു പഠിക്കുമ്പോള്‍ ഒരു പ്രാദേശീയ ഇംഗ്ലീഷ് ദിനപത്രത്തില്‍ റിപ്പോര്‍ട്ടറായി ചേര്‍ന്നു. അനുവബഹുലം ആയിരുന്നു ഈ സംരംഭം. അന്ന് ചെയ്ത സ്റ്റോറികളില്‍ ചിലത് ദേശീയ തലത്തില്‍ ശ്രദ്ധക്കപ്പെടുകയുണ്ടായി.

അതില്‍ ഒന്ന് വി പി സിംഗ് മന്ത്രി സഭയിലെ (ഉത്തര്‍പ്രദേശ്) ഒരു മന്തിയുടെ അനധികൃത കറപ്പ് കൃഷി പുറത്ത് കൊണ്ട് വന്നതാണ്.ഡെറാഡൂണിലെ ചക്രാത്ത എന്ന ആദിവാസി ഹിമാലയന്‍ താലൂക്കിലായിരുന്നു കൃഷി. നിരന്തരമായ വാര്‍ത്താ പോരാട്ടത്തിന് ശേഷം മന്ത്രിക്ക് രാജിവെച്ച് ഒഴിയേണ്ടതായി വന്നു. ഈ ഹിമാലന്‍ മലമ്പ്രദേശത്തെ അടിമ തൊഴിലാളി വ്യവസ്ഥയും അനധികൃത ചുണ്ണാമ്പ് കല്ല് ഖനനവുംപുറത്തു കൊണ്ടു വന്നു. അവിടത്തെ അടിമ തൊഴിലാളി വ്യവസ്ഥ നിര്‍ത്തലാക്കാന്‍ റിപ്പൊര്‍ട്ടുകള്‍ സഹായിച്ചു. സുപ്രീം കോടതി ഇടപെട്ട് അനധികൃത ചുണ്ണാമ്പ് ഖനനം പരിസ്ഥിതി സന്തുലാവസ്ഥ ഭീഷണിയുടെ പേരില്‍ നിര്‍ത്തലാക്കുകയും ചെയ്തു

ഇതേ ദിന പത്രത്തിന്റെ സിംല എഡിഷന്‍ (ഹിമാചല്‍ പ്രദേശ്) ആരംഭിച്ചപ്പോള്‍ സിംലയിലേക്ക് മാറ്റി. അവിടെ മനാലിയിലെ ഹാഷിഷ് വ്യവസായവും അനധികൃത തടിമുറിക്കലും ഹിമാലയന്‍ പരിസ്ഥിതി വ്യവസ്ഥയെ തകിടം മറിക്കുന്ന മറ്റ് മാഫിയ ഓപ്പറേഷനുകളും തുറന്നുകാട്ടി. സ്വകാര്യ ജീവിതശൈലിയുടെയും ആഡംബര ജീവിതത്തിന്റെയും ഭാഗമായി ദല്‍ഹിയിലെ മഥുര റോഡില്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവില്‍ ഒരു ബംഗ്ലാവ് മുഖ്യമന്ത്രിവാടകക്കെടുത്ത് കൈവശം വച്ചിരുന്നതും തുറന്നുകാട്ടി.

ഒരു പാതിരാത്രിയില്‍ ടെലിഫോണില്‍ വിളിച്ച് മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുകയും സംസ്ഥാനത്ത് നിന്ന് നാട് കടത്തുമെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്തത് പിന്നീട് മറ്റ് പത്രപ്രവര്‍ത്തകരുടെ ഇടപെടലോടെയും മുഖ്യ മന്ത്രിയുടെ ക്ഷമാപണത്തോടെയും തീര്‍ന്നു.

ഈ കാലത്ത് തന്നെ ദേശീയ ദിന പത്രങ്ങളായ ദ ടൈംസ് ഓഫ് ഇന്ത്യ,എക്‌സ്പ്രസ്സ് (ചണ്ഡിഗഡ് എഡിഷന്‍) യു എന്‍ ഐ, വീക്ക് എന്‍ഡ് റിവ്യു (ഹിന്ദുസ്ഥാന്‍ ടൈംസ് ഗ്രൂപ്പ്) എന്നിവിടങ്ങളില്‍ ഷിംല ബ്യൂറോയില്‍ പാര്‍ട് ടൈം ലേഖകന്‍, ഫ്രീലാന്‍സ് ജേണലിസ്റ്റ് എന്ന നിലകളില്‍ ജോലി ചെയ്തിട്ടുണ്ട്. ഡെറാഡൂണില്‍ ആയിരിക്കുന്ന കാലത്ത് ജര്‍മ്മനിയിലെ സ്റ്റേണ്‍ എന്ന മാസികക്ക് സ്റ്റോറി ഐഡിയ പ്രൊവൈഡര്‍ ആയി പ്രവര്‍ത്തിച്ചു. അതിലൊരു സ്റ്റോറിയായിരുന്നു ചക്രാത്തയിലെ ജോണ്‍സാര്‍ബാവര്‍ എന്ന സ്ഥലത്തെ ബഹു ഭര്‍ത്തൃ വ്യവസ്ഥയെ കുറിച്ചുള്ളത്.

സിംലയില്‍ നിന്നും ഹൈദ്രബാദിലെത്തി ന്യൂസ് ടൈം-ഈ നാട് ഗ്രൂപ്പില്‍ ചേര്‍ന്നപ്പോള്‍ കൃഷ് ഗോദാവരി തടത്തിലെ മനുഷ്യരുടെ ജീവിതത്തിന്റെ വിവിധ മുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രായല സീമ, തെലങ്കാന പ്രദേശങ്ങളിലെ പട്ടിണിയും വറുതിയും നക്‌സല്‍ പ്രവര്‍ത്തനങ്ങളും എല്ലാം.

തെലങ്കാനയിലെ ഖഹുത്തെ യെല്ലേന്തുവനത്തിലെ നക്‌സല്‍ ഒളിതാവളങ്ങളില്‍താമസിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അന്ന് ആന്ധ്രയില്‍ പ്രധാനമായും മൂന്ന് നക്‌സല്‍ ഗ്രൂപ്പുകള്‍ ആണ് ഉണ്ടായിരുന്നത്. കൊണ്ടപ്പള്ളി സീതാ രാമയ്യയുടെ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ്, ചന്ദ്രപ്പുല്ല റെഡിയുടെ സീ വി ഗ്രൂപ്പ്, പയല വാസുദേവ റാവുവിന്റെ പീ വി ഗ്രൂപ്പ്. ഒളിവില്‍ ജീവിച്ചിരുന്ന ഈ നക്‌സലൈറ്റ് ഗ്രൂപ്പിലെ ഏതാനും നേതാക്കന്മാരെ ഒളിതാവളത്തിലെത്തി ഇന്റര്‍വ്യൂ ചെയ്യുവാനും സാധിച്ചിട്ടുണ്ട്.

കലാകൗമുദിയിലും സമകാലിക മലയാളം വാരികയിലും (ന്യൂ ഇന്ത്യന്‍ എക്‌സ് പ്രസ് ഗ്രൂപ്പ്) കോളങ്ങള്‍ എഴുതിയിട്ടുണ്ട്.

ന്യൂഡല്‍ഹിയില്‍ കഴിഞ്ഞ 27 വര്‍ഷമായി താമസിക്കുന്നു. ഈ നാട് ന്യൂസ് ടൈംമിന്റെദല്‍ഹി ബ്യൂറോയില്‍ രാഷ്ട്രീയ ലേഖകനായിട്ടാണ് ചേര്‍ന്നത്. ഡെപ്യൂട്ടി ബ്യൂറോ ചീഫ് ആയിരുന്നപ്പോള്‍ പത്രം വിട്ടു.

രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതിന് മുമ്പ് അവസാനം നല്‍കിയ അഭിമുഖങ്ങളില്‍ ഒന്ന് ചെയ്യുവാന്‍ സാധിച്ചു. കൊല്ലപ്പെടുന്നതിന് ഒരു മാസം മുമ്പ് അദ്ധേഹം അമേഠിയുടെ ജില്ലാ ആസ്ഥാനമായ സുല്‍ത്താന്‍പൂരില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുവാന്‍ പോയപ്പോള്‍ ആയിരുന്നു ഇത്. മടക്ക യാത്രയില്‍ അദ്ദേഹം പറപ്പിച്ച ബീച്ച് കിങ്ങ് എയര്‍ ക്രാഫ്ടിലെ കോ- പൈലറ്റിന്റെ സീറ്റില്‍ ഇരുന്ന് കൊണ്ടായിരുന്നു ആ അഭിമുഖം.

ആഗ്രയിലെ ഒരു ആശുപത്രിയില്‍ നടക്കുന്ന വൃക്ക തട്ടിപ്പ് റാക്കറ്റ് പുറത്താക്കിയത്ആന്ധ്രാക്കാരനായ ഒരു കൂലി തൊഴിലാളിനല്‍കിയ സൂചനയില്‍നിന്നും ആയിരുന്നു. ആള്‍മാറാട്ടത്തിലൂടെ ആശുപത്രിയില്‍ കടന്ന് മാഫിയയുടെ കെയ്തികള്‍ കണ്ടുപിടിച്ച് എഴുതുകയായിരുന്നു.

ജേര്‍ണലിസം പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. (NISCORT മഖന്‍ലാല്‍ ചതുര്‍വേദി യൂണിവേഴ്‌സിറ്റി, ഭോപ്പാല്‍)

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (മിനിസ്റ്ററി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ് കാസ്റ്റിംങ്ങ്, ഗവണ്മെന്റ് ഓഫ് ഇന്ത്യ) യുടെ അക്രഡിറ്റേഷന്‍ ഉണ്ട് കഴിഞ്ഞ 25 വര്‍ഷം ആയിട്ട്. ജയ്ഹിന്ദ് ചാനലിന്റെ ലോഞ്ച് ടീമില്‍ ഉണ്ടായിരുന്നു, നാഷണല്‍ ബ്യൂറോ ചീഫ് (ദല്‍ഹി). ടെലിവിഷന്‍ ചാനല്‍ ഡിസ്‌ക്കഷനുകളില്‍ ദേശീയ രാഷ്ട്രീയം സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഒരു ഫ്രീലാന്‍സ് ജേര്‍ണ്ണലിസ്റ്റ് എന്ന നിലയില്‍.

ഇ- മലയാളി ന്യൂസ് പോര്‍ട്ടലില്‍മലയാളത്തില്‍ പ്രതിവാര കോളവും ഇന്ത്യാ ലൈഫ് ആന്‍ഡ് ടൈംസ് മാസികയില്‍ ഇംഗ്ലീഷില്‍ പ്രതിമാസ കോളവും എഴുതുന്നു.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC