സാംസ്‌കാരിക വിശേഷങ്ങള്‍

എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച് പോര്‍ട്ട്‌ചെസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക പിക്‌നിക്ക് നടത്തി

ജോയിച്ചന്‍ പുതുക്കുളം 2017-08-12 03:31:05am

ന്യൂയോര്‍ക്ക്: പോര്‍ട്ട്‌ചെസ്റ്ററിലുള്ള എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ ഈവര്‍ഷത്തെ പിക്‌നിക്ക് ഓഗസ്റ്റ് അഞ്ചാം തീയതി ശനിയാഴ്ച ന്യൂറോഷലിലെ ഗ്ലെന്‍ ഐലന്റ് പാര്‍ക്കില്‍ വച്ചു നടത്തി. രാവിലെ 10 മണിക്ക് ഇടവക വികാരി റവ. ബിജി മാത്യുവിന്റെ പ്രാര്‍ത്ഥനയോടെ 2017 -ലെ പിക്‌നിക്കിന് തുടക്കമായി.

ഇടവകയിലെ ഒട്ടുമിക്കവാറും കുടുംബങ്ങള്‍ പങ്കെടുത്ത ഈ പിക്‌നിക്ക് യുവജനങ്ങളുടെ മികച്ച പങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമായി. കേരളത്തനിമ നിറഞ്ഞ പ്രഭാത ഭക്ഷണത്തിനുശേഷം കായിക മത്സരങ്ങള്‍ക്ക് തുടക്കമായി. ചൂടുമാറി, അനുകൂല കാലാവസ്ഥയായിരുന്നതിനാല്‍ പ്രായഭേദമെന്യേ കടന്നുവന്ന എല്ലാവരും മത്സരങ്ങളില്‍ പങ്കാളികളായി.

പിക്‌നിക്കിന്റെ പ്രധാന ഭക്ഷണമായ ബാര്‍ബിക്യൂ കൂടാതെ വൈവിധ്യമാര്‍ന്ന ഭക്ഷണ പാനീയങ്ങള്‍ ഒരുക്കിയിരുന്നു. ഈവര്‍ഷത്തെ പിക്‌നിക്കിന്റെ ഭക്ഷണക്രമീകരണങ്ങള്‍ക്ക് ഈപ്പന്‍ ജോസഫ്, ബെന്‍ ജേക്കബ്, ജേക്കബ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. കായിക മത്സരങ്ങള്‍ക്ക് ആന്‍സി ജോസഫ്, സുജ തോമസ്, റെബേക്ക ജോസഫ്, സ്‌നേഹ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

വിജയികള്‍ക്കുള്ള സമ്മാനം വാങ്ങുവാനും വിതരണം ചെയ്യുവാനും റബേക്ക ജോസഫ്, രാഹുല്‍ ജോസഫ്, കുഞ്ഞുമോള്‍ എന്നിവര്‍ നേതൃത്വംകൊടുത്തു. ഇടവകയുടെ സുഹൃത്തുക്കളായ ധാരാളം കുടുംബങ്ങള്‍ ഈവര്‍ഷത്തെ പിക്‌നിക്കില്‍ ആദ്യാവസാനം പങ്കെടുത്തു.

എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ ഈവര്‍ഷത്തെ പിക്‌നിക്ക് റവ. ബിജു മാത്യു അച്ചന്റെ പ്രാര്‍ത്ഥനയോടും, ആശീര്‍വാദത്തോടുംകൂടി പര്യവസാനിച്ചു. കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ബിജി അച്ചന്‍ സമ്മാനദാനം നിര്‍വഹിച്ചു. ഇടവക സെക്രട്ടറി സി.എസ് ചാക്കോ കടന്നുവന്ന എല്ലാവര്‍ക്കും ഇടവകയുടെ നന്ദിയും സ്‌നേഹവും അറിയിച്ചു.

കണ്‍വീനര്‍ സി.എസ് ചാക്കോ അറിയിച്ചതാണിത്.