സാംസ്‌കാരിക വിശേഷങ്ങള്‍

അപൂര്‍വ്വമായ ഒരു അമേരിക്കന്‍ മലയാളി സംഗമം

ജോയിച്ചന്‍ പുതുക്കുളം 2017-08-12 03:34:33am

മതങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന ഹൈന്ദവ സംഗമത്തിന്റെ പ്രചരണാര്‍ത്ഥം രൂപം കൊണ്ട കെ.എച്ച്.എന്‍.എ. (കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക) കൗമരത്തിന്റെ ചാപല്യങ്ങള്‍ പിന്നിട്ട് യൗവ്വനത്തിന്റെ പടിവാതിലിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ച ഡിട്രോയിറ്റ് ഹൈന്ദവ സംഗമമായിരുന്നു അമേരിക്കയിലെ ആ അപൂര്‍വ്വ സംഗമം.

പ്രപഞ്ചത്തിലെ പരമാണു മുതല്‍ പരംപൊരുള്‍ വരെ നിറഞ്ഞുനില്‍ക്കുന്ന ചൈതന്യം ഏകമാണെന്നും അതുതന്നെയാണ് ഈശ്വരനെന്നും അനുഭവിച്ചുറപ്പിച്ച വേദാന്ത ദര്‍ശനം, വ്യത്യസ്ത വഴികളിലൂടെ രണ്ടായിരത്തില്‍പ്പരം മലയാളികളെ അനുഭവിപ്പിച്ച ഒരു സംഗമഭൂമി കെ.എച്ച്.എന്‍.എ.ക്കു മാത്രം സ്വന്തം. വൈദിക ദര്‍ശനത്തിന്റെ അനാഥിയായ തുടക്കം ഏകമായ ശ്രുതികളിലൂടെയും, തുടര്‍ച്ച കാലദേശാനുവര്‍ത്തികളായ സ്തുതികളിലൂടെയുമായിരുന്നു. വേദങ്ങളാകുന്ന ശ്രുതികളെ മാറുന്ന മനുഷ്യര്‍ക്കനുകൂലമായി പുനഃനിര്‍മ്മിച്ചു കൊണ്ടിരിക്കുകയെന്നതാണ് സനാതനധര്‍മ്മത്തിന്റെ സവിശേഷത. പ്രകൃതിയുടെ വരദാനമായ കലാസാഹിത്യവും ശാസ്ത്രവും, ഗഹനമനമായ വേദാന്ത രഹസ്യങ്ങളെ ലളിതവും യുക്തിഭദ്രവും, ജനപക്ഷവുമാക്കിത്തീര്‍ക്കുന്നു. ഗ്രന്ഥങ്ങളിലുറങ്ങുന്ന നിഗൂഢതകളെ സര്‍ഗ്ഗാത്മകമായ കലാപ്രകടനങ്ങളിലൂടെ ജീവിതഗന്ധികളാക്കി നിലനിര്‍ത്തുന്നു. ഇതൊരു പരിഷ്ക്കരണ യജ്ഞമാണ്. കൃത്യമായ ലക്ഷ്യബോധത്തോടെ ഒരു സംഘം ആളുകളുടെ സമയബന്ധിതമായ പ്രവര്‍ത്തനങ്ങളാണ് അവിടെ സാധിതപ്രായമായത്.

ഉയര്‍ച്ചയുടെയും അവസരങ്ങളുടെയും അനന്തമായ ഈ ഭൂമികയിലെ തിരക്കേറിയ ജീവിതത്തിനിടയില്‍ സകുടുംബം മൂന്നു ദിവസം ഒരുമിച്ചു കഴിഞ്ഞവര്‍ തികഞ്ഞ സംതൃപ്തിയോടും എന്നാല്‍ അല്പം വിഷാദത്തോടുമാണ് പടിയിറങ്ങിയത്. ഈയനുഭവം കഴിഞ്ഞ കണ്‍വന്‍ഷനുകളില്‍ നിന്നും വേറിട്ടൊരു കാഴ്ചയായിരുന്നു. ഐക്യനാടുകളിലെയും, മെക്‌സിക്കോയിലെയും, കാനഡയിലെയും അഞ്ഞൂറോളം കുടുംബങ്ങള്‍ ഭാരതത്തിനു പുറത്തു നടക്കുന്ന ഏറ്റവും വലിയ ഹിന്ദു കൂട്ടായ്മയില്‍ ഒത്തുചേര്‍ന്നപ്പോള്‍ ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍ക്കപ്പുറം ക്ഷേത്രകലകളുടെ നവീന നടനവിസ്മയങ്ങളുടെയും അലൗകിക അനുഭൂതികളിലേക്ക് അവര്‍ ആനയിക്കപ്പെടുകയായിരുന്നു.

ഗതകാലപ്രൗഢിയുടെ തലയെടുപ്പോടെ നില്ക്കുന്ന ഡിട്രോയിറ്റ് പട്ടണത്തിനു പടിഞ്ഞാറായി ഡിയര്‍ബോണിലുള്ള എഡ്വേര്‍ഡ് കണ്‍വന്‍ഷന്‍ സെന്റര്‍ താത്ക്കാലികമായി വടക്കുംനാഥനും, പാറമേല്‍ക്കാവ് ഭഗവതിയും, തിരുവമ്പാടി കണ്ണനും സംയോജിക്കുന്ന മഹോത്സവ വേദിയായി രൂപാന്തരപ്പെടുകയായിരുന്നു. കേരളീയ വാസ്തുശില്പ ചാതുര്യം ഒട്ടും കുറയാതെ പണിതുയര്‍ത്തിയ ശ്രീകോവിലിന്റെയും നാലമ്പലത്തിന്റെയും തിരുമുറ്റത്ത് ഉത്സവത്തിന്റെ സമാരംഭം കുറച്ച് ഭഗതവ് ദ്വജം ഉയര്‍ന്നപ്പോള്‍ അകമ്പടിയായി പല്ലാവൂര്‍ ശ്രീധര മാരാരും കലാമണ്ഡലം ശിവദാസ്സും നേതൃത്വം നല്‍കിയ പഞ്ചാരിമേളം കാഴ്ചക്കാരെ പൂരപ്പറമ്പിലെന്നപോലെ താളലയഘോഷ വിജയത്തിന്റെ പറുദീസയിലേക്ക് ഉയര്‍ത്തുന്നതായിരുന്നു. അനന്തരം മുന്നൂറില്‍ പരം അംഗനാരണങ്ങള്‍ അണിനിരന്ന തിരുവാ നിരയായിരുന്നു. കേരളത്തിന്റെ ഗ്രാമഭൂമികയില്‍ ധനുമാസത്തിലെ തിരുവാതിരക്കളി ചിട്ടയായ ആചാരങ്ങളോടെ മറുനാട്ടിലെത്തുകയായിരുന്നു. തിരുവാതിരയ്ക്കു തിരശ്ശീല വീണപ്പോള്‍ അവിടെ നിന്നും സാസ്ക്കാരികഘോഷയാത്ര രൂപപ്പെടുകയായിരുന്നു. നിരവധി നിശ്ചലദൃശ്യങ്ങളും കലാരൂപങ്ങളും അണിനിരന്ന ഘോഷയാത്ര കാണാന്‍ അനേകം അമേരിക്കന്‍ കാണികളും ഹാജരുണ്ടായിരുന്നു.

അമേരിക്കയിലെ ഇതരവേദികളില്‍ കാണാന്‍ കഴിയാത്ത ക്ലാസ്സിക്കല്‍ കലകളുടെ സാന്നിദ്ധ്യം ആസ്വാദനത്തിന്റെ പുത്തന്‍ ചരിത്രം കുറിക്കുകയായിരുന്നു. നൈമിഷികമായ വിനോദം മാത്രം നല്കുന്ന ജനകീയ കലാരൂപങ്ങളില്‍ നിന്നും വഴിമാറി സാമൂഹ്യപ്രതിബദ്ധതയുള്ള ക്ലാസിക്കല്‍ കലാരൂപങ്ങള്‍ തെരഞ്ഞെടുക്കുകയും അതിനുവേണ്ട വ്യതിരിക്തമായ സവിശേഷമായ ഒരു ആസ്വാദന തലം പ്രേക്ഷകരില്‍ വളര്‍ത്തിയെടുക്കാന്‍ കഠിനമായി പ്രയത്‌നിച്ചുവന്നതും ഇത്തവണത്തെ സംഘാടകമികവുതന്നെയായിരുന്നു. ക്ലാസിക്കല്‍ കലകള്‍ എല്ലാം തന്നെ കലാകാരന്റെ ആത്മസമര്‍പ്പണമാണ്. വേദിയിലെത്തിയ ഓരോ കലാകാരന്മാരും മുന്നിലിരിക്കുന്ന സദസ്സിനെ പരിപൂര്‍ണ്ണമായി മറക്കുകയും അദൃശ്യമായ ഏതോ ശക്തിക്കു മുന്നില്‍ മനസ്സും ശരീരവും സമര്‍പ്പിച്ച് നടത്തിയ പ്രകടനങ്ങള്‍ സദസ്യരെ മുഴുവന്‍ ആനന്ദക്കണ്ണീരാല്‍ പുളകിതരായത് കലാദേവതയുടെ തികഞ്ഞ കനിവ് തന്നെയായിരിക്കണം.

കീഴില്ലം ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ അരങ്ങേറിയ മുടിയേറ്റ് എന്ന കലാരൂപം അമേരിക്കന്‍ മലയാളിക്ക് മറക്കാന്‍ കഴിയാത്ത വിസ്മയം തന്നെയായിരുന്നു. കണ്ണകീചരിതത്തിലെ ഭദ്രകാളിയും ദാരികനും നിറഞ്ഞാടിയ മുടിയേറ്റ് ദൈവസ്വര്‍ഗ്ഗത്തിന്റെ അസാമാന്യ ഊര്‍ജ്ജപ്രവാഹമാണ് സൃഷ്ടിച്ചത്.

അമ്പലങ്ങളുടെ അകത്തളങ്ങളില്‍ മാത്രം കേട്ടു മറന്ന അഷ്ടപദിയുടെ ആലാപനം ഭക്തിയുടെയും ഭാവനയുടെയും സമ്മിശ്ര ഇന്ദ്രിയാനുഭൂതി തന്നെയായിരുന്നു. തായമ്പകയും താളമേളങ്ങളും സഭാതലം ശബ്ദമുഖരിതമാക്കിയപ്പോള്‍ രാമനുചരിതത്തിലെ ഗരുഢഗര്‍വ്വഭംഗം കഥയുമായി കലാമണ്ഡലം മനോജ്കുമാര്‍ അവതരിപ്പിച്ച ഓട്ടന്‍തുള്ളല്‍ സദസ്സിന് സായൂജ്യമേകി. ഭരതമുനിയുടെ നാട്യശാസ്ത്രത്തിന്റെ നേര്‍വഴികളുമായി കേരളത്തിന്റെ സ്വന്തം കലാരൂപമായ മോഹിനിയാട്ടം ഡോ. നീനാപ്രസാദ് അവതരിപ്പിച്ചു.

മലയാളമണ്ണിന്റെ ചൂടും ചൂരും ചേര്‍മണവുമുള്ള സംസ്കൃതിയെ നിലനിര്‍ത്താനുള്ള അതിശക്തമായ അഭിവാഞ്ജ അനുഷ്ഠാനങ്ങളുടെ നേര്‍ജപമായ തെയ്യം എന്ന കലാരൂപത്തില്‍ അടങ്ങിയിരിക്കുന്നു. ജാതിമതലംഗ ഭേദമന്യേ ഒരു ദേശത്തിലെ എല്ലാ മനുഷ്യരും സംഘടിച്ചിരുന്ന സാംസ്ക്കാരിക കേന്ദ്രങ്ങളായിരുന്നു മലബാറിലെ തെയ്യക്കാവുകള്‍. മിത്തുകളും, വിശ്വാസവും ഭക്തിയും ഒത്തുചേര്‍ന്ന ഫോക്ക് ലാന്റ് ജയരാജും സംഘവും അവതരിപ്പിച്ച തെയ്യം ഈ കണ്‍വന്‍ഷന്റെ മുഖ്യ ആകര്‍ഷകമായിരുന്നു.

പാശ്ചാത്യ ലോകത്തിന് എന്നും കൗതുകമായിരുന്ന കഥകളി എന്ന ക്ലാസിക്കല്‍ കലാരൂപം കാലോചിതമായ മാറ്റങ്ങളോടെ രണ്ടു രാത്രികളിലായി ആടിത്തീര്‍ത്ത സദനം ബാലകൃഷ്ണന്‍, ജിഷ്ണുനമ്പൂതിരി, മനോജ് കുളങ്ങാട്ട് തുടങ്ങി എല്ലാ സംഘാംഗങ്ങളും അഭിനന്ദനത്തിന്റെ ആരവങ്ങള്‍ ഏറ്റുവാങ്ങുകയായിരുന്നു.

ഭാരതീയ ദര്‍ശനത്തിന്റെ സാര്‍വ്വലൗകികതയും, വിശ്വമാനവികതയും എന്ന സന്ദേശവുമായി ആരംഭിച്ച 9-ാമതു അന്തര്‍ദേശീയ ഹിന്ദു സംഗമത്തില്‍ സംബോധ് സൊസൈറ്റി അദ്ധ്യക്ഷന്‍ സ്വാമി ബോധാനന്ദ, കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്തപുരി, ഭാരതീയ പൈതൃകത്തിന്റെ ആധികാരിക ശബ്ദം ഡോ. എന്‍. ഗോപാലകൃഷ്ണന്‍, മലയാള സാഹിത്യരംഗത്തെ മഹനീയ സാന്നിദ്ധ്യം സി. രാധാകൃഷ്ണന്‍, കവി മധുസൂതനന്‍ നായര്‍, മണ്ണടി ഹരി എന്നീ പ്രഭാഷകരും ചലച്ചിത്രരംഗത്തെ പ്രമുഖരായ സുരേഷ്‌ഗോപി എം.പി, ഇശാ തല്‍വാര്‍, വിജയ് യേശുദാസ് എന്നിവരും പ്രത്യേക അതിഥികളായിരുന്നു.