സാംസ്‌കാരിക വിശേഷങ്ങള്‍

ദേശീയ ഗനത്തോട് അനാദരവ്; മൈക്ക് പെന്‍സ് കളി ബഹിഷ്‌കരിച്ചു

പി. പി. ചെറിയാൻ 2017-10-09 02:26:20pm

ഇന്ത്യാനാപൊലീസ് : ഇന്ത്യാനാപൊലീസിൽ ഇന്ന് നടന്ന എൻഎഫ്എൽ ഫുട്ബോൾ മത്സരം ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിച്ചപ്പോൾ സാൻഫ്രാൻസിസ്ക്കോ ടീം അംഗങ്ങൾ മുട്ടുകുത്തി നിന്നത് ദേശീയ ഗാനത്തോടുള്ള അനാദരവാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ഗ്രൗണ്ടിൽ നിന്നും ഇറങ്ങിപ്പോയി. 

തുടർന്ന് അദ്ദേഹം ട്വിറ്ററിലൂടെ ഈ നടപടിയെ നിശിതമായി വിമർശിച്ചു. ദേശീയ ഗാനം ആലപിക്കുമ്പോൾ സാൻഫ്രാൻസിസ്ക്കൊ ടീമംഗങ്ങൾ മുട്ടു കുത്തി നിന്നതു ദേശീയ പതാകയോടും യുഎസ് ഭടന്മാരോടുമുള്ള അനാദരവാണ് സൂചിപ്പിക്കുന്നത്. ഇത്തരം നടപടികളെ ഒരിക്കലും അംഗീകരിക്കാനാവുന്നില്ല.

സാൻഫ്രാൻസിസ്ക്കൊയും ഇന്ത്യാനാപൊലീസ് കോൾട്ടും തമ്മിൽ നടക്കുന്ന മത്സരം കാണാനാണ് വൈസ് പ്രസിഡന്റ് ഗ്രൗണ്ടിൽ എത്തിയത്. വംശീയതയുടെ പേരിൽ നടക്കുന്ന അനീതിയ്ക്കെതിരെയുള്ള നിശബ്ദ പ്രതിഷേധ സൂചകമായാണ് കളിക്കാർ ദേശീയഗാനം ആലപിച്ചപ്പോൾ മുട്ടുകുത്തി നിന്നത്. ഇതിനെതിരെ പ്രസിഡന്റ് ട്രംപ് വിമർശനവുമായി രംഗത്തെത്തിയിരുന്നു. അമേരിക്കൻ ജനതയുടെ വികാരമാണ് ദേശീയഗാനാ ലാപനത്തിൽ പ്രകടമാക്കപ്പെടുന്നത്. ഇതിനെ മുറിപ്പെടുത്തുന്ന യാതൊരു നടപടിയും  ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ അനുവദിക്കുകയില്ല  ട്രംപ് പറഞ്ഞു.