സാംസ്‌കാരിക വിശേഷങ്ങള്‍

മൂന്ന് വയസ്സുകാരനെ ചോളക്കാട്ടില്‍ വിട്ട് മാതാപിതാക്കള്‍ക്ക് രാത്രി മുഴുവന്‍ സുഖനിദ്ര!

പി. പി. ചെറിയാൻ 2017-10-11 02:24:17pm

വെസ്റ്റ് ജോർഡാൻ (യുട്ട) : വെസ്റ്റ് ജോർദാനിൽ (യുട്ട) 9 അടി ഉയരത്തിൽ വളർന്ന് നിൽക്കുന്ന ചോള വയൽ സന്ദർശിക്കാൻ കുടുംബസമേതം എത്തിയ ദമ്പതികൾ മൂന്നു വയസുള്ള മകനെ ചോട്ടക്കാളിൽ മറന്നു പോയതായി റിപ്പോർട്ട്. ചോള വയൽ സന്ദർശിച്ചതിനു ശേഷം സന്ധ്യയായതോടെ കുടുംബാംഗങ്ങൾ അവരവരുടെ വീട്ടിലേക്ക് തിരിച്ചു. മൂന്നു വയസ്സുകാരന്റെ മാതാവും പിതാവും വീട്ടിലെത്തി രാത്രി ടിവി കണ്ടിരുന്ന് ഉറങ്ങിപ്പോയി. നേരം പുലർന്നപ്പോഴാണ് മകനെ കാണാനില്ല എന്ന സത്യം മനസ്സിലാക്കിയത്.

ഒക്ടോബർ 9 തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ചൊവ്വാഴ്ച നേരം വെളുത്ത് ഉറക്കത്തിൽ നിന്നും ഉണർന്ന മാതാപിതാക്കൾ ഉടൻ വിവരം പൊലീസിനെ അറിയിച്ചു. ഇതിനിടെ ചോള വയലിൽ നിന്നും എല്ലാവരും പുറത്തുപോയി  എന്ന് ഉറപ്പുവരുത്തുന്നതിനു ജീവനക്കാർ എത്തിയപ്പോഴാണ് മൂന്നു വയസ്സുകാരൻ ഏകനായി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടനെ പൊലീസിനെ വിളിച്ചു വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തി കുട്ടിയെ ചൈൽഡ് പ്രൊട്ടക്റ്റിവ് സർവീസിനെ ഏൽപ്പിച്ചു.

രാത്രി വീട്ടിലെത്തിയ മാതാപിതാക്കൾ നേരം പുലർന്ന് 7.40 നാണ് മകൻ നഷ്ടപ്പെട്ട വിവരം പൊലീസിൽ റിപ്പോർട്ട് ചെയ്തത്. പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. മാതാപിതാക്കളുടെ പേരിൽ കേസെടുക്കണമോ എന്ന് തീരുമാനിച്ചിട്ടില്ലെന്നു പൊലീസ് ഓഫിസേഴ്സ് അറിയിച്ചു. എന്നാൽ ഇതൊരു അപകടമാണെന്നായിരുന്നു മാതാവിന്റെ പ്രതികരണം.