സാംസ്‌കാരിക വിശേഷങ്ങള്‍

കേരള ക്രിക്കറ്റ് ക്ലബ് എവര്‍റോളിംഗ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് 2017

അലന്‍ ചെന്നിത്തല 2017-10-12 04:21:32am

കേരള ക്ലബിന്റെ ആഭിമുഖ്യത്തില്‍ മക്കൊമ്പ് ക്രിക്കറ്റ് ക്ലബിന്റെ സഹകരണത്തോടെ കേരള ക്ലബ് എവര്‍ റോളിംഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് വാറന്‍ ട്രോമ്പിളി പാര്‍ക്കില്‍ വച്ചു നടത്തപ്പെട്ടു. കേരള ക്രിക്കറ്റ് ലീഗ് മിഷിഗണ്‍, ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ ക്രിക്കറ്റ് ടീം, കേരള ക്ലബ് ക്രിക്കറ്റ് ടീം എന്നീ ടീമുകള്‍ ടൂര്‍ണമെന്റില്‍ ആവേശകരമായ മത്സരം കാഴ്ചവെച്ചു.

ക്രിക്കറ്റ് പ്രേമികള്‍ക്കും കളിക്കാര്‍ക്കും പ്രോത്സാഹനം നല്‍കുവാനും പുത്തന്‍തലമുറയിലേക്ക് ക്രിക്കറ്റ് കളി കൈമാറുവാനും കേരള ക്ലബിന്റെ കമ്യൂണിറ്റി ഇവന്റ് എന്ന നിലയില്‍ നടത്തപ്പെട്ട ഈ മത്സരം തികച്ചും സൗജന്യമായിരുന്നു. കേരളത്തിന്റെ തനതായ ശൈലിയിലുള്ള ഭക്ഷണം തല്‍സമയം പാകംചെയ്ത് നല്‍കിയ "തട്ടുകട' ഏറെ ശ്രദ്ധ ആകര്‍ഷിച്ചു.

ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ ടീം വിജയികളായി. കേരള ക്രിക്കറ്റ് ലീഗ് റണ്ണര്‍ അപ്പ് ആകുകയും അഭിലാഷ് പോള്‍ മാന്‍ ഓഫ് ദി മാച്ച് ആകുകയും ചെയ്തു. ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത ടീം അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും സ്‌പോണ്‍സേഴ്‌സിനും നാഷണല്‍ ബാങ്ക്വറ്റ് ഹാളില്‍ വച്ചു വിരുന്നു സത്കാരവും സംഘടിപ്പിച്ചു. തദവസരത്തില്‍ മങ്കൊമ്പ് ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് ബിനോ വര്‍ഗീസ്, സീനിയര്‍ അംഗങ്ങളായ അലക്‌സ് ജോര്‍ജ്, ബിജോയി തോമസ് കവനാല്‍, ഷൈജു ഈപ്പന്‍ എന്നിവരെ കേരള ക്ലബ് മൊമെന്റോ നല്കി ആദരിക്കുകയും അവര്‍ ക്രിക്കറ്റ് കളിയെ പ്രോത്സാഹിപ്പിക്കാന്‍ കഴിഞ്ഞകാലങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും ചെയ്തു. ശങ്കര്‍ വീറ്റു സോഫ്റ്റ്, അമരീഷ് ടെക്‌നോ സോഫ്റ്റ്, കോശി ജോര്‍ജ് റിമാക്‌സ്, ക്ലാസിക് റിയലേറ്റര്‍, ജൂബി ചക്കുങ്കല്‍, സിഫോര്‍ഡി മോര്‍ട്ട്‌ഗേജ് ലോണ്‍ ഓഫീസര്‍, ചാണ്ടി നാഷണല്‍ ഗ്രോസറീസ്, ജോജി പാര്‍ട്ടി കളേഴ്‌സ് റെസന്റന്‍സ് എന്നിവര്‍ ഈ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഗ്രാന്റ് സ്‌പോണ്‍സേഴ്‌സ് ആയിരുന്നു.

കേരള ക്ലബ് പ്രസിഡന്റ് ജയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍, ലിബിന്‍ ജോണ്‍, ബിജോയ് തോമസ് കവനാണ്‍, ഷൈജു ഈപ്പന്‍, അജയ് അലക്‌സ്, ഗൗതം ത്യാഗരാജന്‍ എന്നിവര്‍ ടൂര്‍ണ്ണമെന്റിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. കേരള ക്ലബ് കമ്മിറ്റി അംഗങ്ങള്‍ ടൂര്‍ണമെന്റിന്റെ നടത്തിപ്പിന് ആവേശകരമായ പിന്തുണ നല്‍കി. കൂടുതല്‍ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് വളരെ വിപുലമായ രീതിയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് വരും വര്‍ഷങ്ങളില്‍ സംഘടിപ്പിക്കുമെന്നു കേരള ക്ലബ് ചുമതലക്കാര്‍ അറിയിച്ചു.