സാംസ്‌കാരിക വിശേഷങ്ങള്‍

അഡ്വ. ജോസി സെബാസ്റ്റ്യന് ഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ് റീജിയന്‍ സ്വീകരണം നല്‍കി

ജോയിച്ചന്‍ പുതുക്കുളം 2017-10-18 03:13:00pm

ചിക്കാഗോ: കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയും, യു.ഡി.എഫ് കോട്ടയം ജില്ലാ ചെയര്‍മാനുമായ അഡ്വ. ജോസി സെബാസ്റ്റ്യനും, ഭാര്യ റോസമ്മ ഫിലിപ്പിനും ഒക്‌ടോബര്‍ 15-നു ഞായറാഴ്ച വൈകുന്നേരം പ്രോസ്‌പെക്ട് ഹൈറ്റ്‌സിലുള്ള കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്‌സില്‍ വച്ചു ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് വര്‍ഗീസ് പാലമലയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്വീകരണം നല്കി.

കഴിഞ്ഞ എഴുപത് വര്‍ഷങ്ങള്‍കൊണ്ട് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നേടിയെടുത്ത ഇന്ത്യയുടെ വികസനവും സാമ്പത്തിക ഭദ്രതയും, ജനാധിപത്യവും കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് ബി.ജെ.പി ഗവണ്‍മെന്റ് നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു. യു.പി.എ ഗവണ്‍മെന്റിന്റെ കാലത്ത് ലോക സാമ്പത്തിക ശക്തിയായി മാറിക്കൊണ്ടിരുന്ന ഇന്ത്യ ഇന്ന് തകര്‍ച്ചയുടെ പാതയിലാണെന്ന് സാമ്പത്തിക വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

നാഷണല്‍ സെക്രട്ടറി സന്തോഷ് നായര്‍ ഏവരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. മുന്‍ പ്രസിഡന്റുമാരായ പോള്‍ പറമ്പി, തോമസ് മാത്യു, അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍, വൈസ് പ്രസിഡന്റ് ജോസി കുരിശിങ്കല്‍, ഹെറാള്‍ഡ് ഫിഗുരേദോ, ചന്ദന്‍ പിള്ള, ബാബു മാത്യു, മാത്യു തോമസ്, നടരാജന്‍ പി.കെ, മറിയാമ്മ പിള്ള, ഫ്രാന്‍സീസ് സെബാസ്റ്റ്യന്‍, ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. ജോഷി വള്ളിക്കളത്തിന്റെ നന്ദി പ്രസംഗത്തോടെ യോഗം അവസാനിച്ചു.

വര്‍ഗീസ് പലമലയില്‍ അറിയിച്ചതാണിത്.