സാംസ്‌കാരിക വിശേഷങ്ങള്‍

പ്രവാസിമാധ്യമ പ്രവര്‍ത്തകര്‍ക്ക് അഭിമാന നിമിഷം

ജോര്‍ജ് കൊട്ടാരം 2017-11-11 03:43:54am

ന്യൂയോര്‍ക്ക്: കേരള സെന്ററിന്റെ മാധ്യമ അവാര്‍ഡ് ജിന്‍സ്‌മോന്‍ പി. സക്കറിയ ഏറ്റുവാങ്ങിയപ്പോള്‍ ഞാന്‍ ഉള്‍പ്പടെയുള്ള പ്രവാസി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറെ അഭിമാനിക്കാവുന്ന നിമിഷങ്ങളാണ് സമ്മാനിച്ചത്. പ്രവാസിമാധ്യമപ്രവര്‍ത്തകരുടെ ഇടയില്‍ ആറുപ്രസിദ്ധീകരണങ്ങളുടെ അമരക്കാരനായിരുന്നുകൊണ്ട് വേറിട്ട പ്രവര്‍ത്തനം കാഴ്ചവെച്ചാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്. 17 വര്‍ഷമായി മാധ്യമമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജിന്‍സ്‌മോന്‍ 11 വര്‍ഷം മുമ്പാണ് സ്വന്തം പ്രസിദ്ധീകരണം ആരംഭിച്ചത്. നോര്‍ത്ത് അമേരിക്കയിലും മിഡില്‍ ഈസ്റ്റിലും യൂറോപ്പിലും മൂന്ന് എഡിഷനുമായി തുടങ്ങിയ അക്ഷരം മാഗസിന്റെ പബ്ലീഷറും ചീഫ് എഡിറ്ററുമായിട്ടായിരുന്നു തുടക്കം. പ്രവാസലോകത്ത് അതുവരെ ആരും കാഴ്ചവയ്ക്കാത്തെ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടായിരുന്നു മാധ്യമസംരംഭവുമായി ജിന്‍സ്‌മോന്‍ എത്തിയത്. മാഗസിന്റെ ഉളളടക്കത്തില്‍ പരമ്പരാഗതരീതി വിട്ടുകൊണ്ടുള്ള പരീക്ഷണമാണ് അദ്ദേഹം നടത്തിയത്. അത് വന്‍വിജയമായിരുന്നുവെന്നതിന്റെ തെളിവാണ് അതിന്റെ ഇന്നത്തെ വളര്‍ച്ച.

അക്ഷരം മാഗസിന്‍ ആരംഭിച്ച് രണ്ടുവര്‍ഷത്തിനു ശേഷം ഇംഗ്ലീഷ് മാഗസിന്‍ ഏഷ്യന്‍ ഇറയുടെ പ്രസാധകനും സിഇഒയുമായി പ്രവര്‍ത്തനം തുടങ്ങി. ഈ രണ്ടുപ്രസിദ്ധീകരണങ്ങളും നല്ലരീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയില്‍ നോര്‍ത്ത് അമേരിക്കയിലെ മലയാളികള്‍ക്കായി പത്രം എന്ന സ്വപ്‌നവുമായി ജിന്‍സ്‌മോന്‍ പ്രവര്‍ത്തനം തുടങ്ങി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയില്‍ അമേരിക്കയിലും കാനഡയിലുമായി ഏറ്റവും കൂടുതല്‍ മലയാളികള്‍ വായിക്കുന്ന പത്രമായി ജയ്ഹിന്ദ് വാര്‍ത്ത വളര്‍ന്നു. അവതരണരീതിയിലും ലേ ഔട്ടിലും മികവുപുലര്‍ത്തിക്കൊണ്ട് തികഞ്ഞപ്രഫഷണലിസത്തോടെയാണ് ജിന്‍സ്‌മോന്‍ ചെയര്‍മാനായ ജയ്ഹിന്ദ് വാര്‍ത്ത വായനക്കാരുടെ കൈകളിലെത്തുന്നത്. അമേരിക്കന്‍ മലയാളികള്‍ അറിയേണ്ടതായ എല്ലാവിവരങ്ങളും പത്രത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ അദ്ദേഹം അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് ആ പത്രത്തിന്റെ വായനക്കാര്‍ക്ക് നന്നായി അറിവുള്ളകാര്യമാണ്. 

അമേരിക്കന്‍ മലയാളികളെ ഫോക്കസ് ചെയ്തുകൊണ്ട്, അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ജയ്ഹിന്ദ് വാര്‍ത്ത പുറത്തിറക്കാന്‍ ജിന്‍സ്‌മോന്‍ ഏറെ ശ്രദ്ധിക്കുന്നുണ്ട്. താന്‍ ആദ്യം തുടങ്ങിയ പ്രസ്ഥാനം അമേരിക്കയിലെ നോര്‍ത്ത് ഇന്ത്യന്‍ഗ്രൂപ്പുമായി സഹകരിച്ച് വിപുലപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് വലിയ നേട്ടം തന്നെയാണ്. പല പ്രസിദ്ധീകരണങ്ങളും ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ പൂട്ടിപോകുമ്പോള്‍ പ്രസിദ്ധീകരണം തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷം വലിയ ബിസിനസ് ഗ്രൂപ്പുമായി പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ കഴിഞ്ഞുവന്നെത് ജിന്‍സ്‌മോന്റെ പ്രവര്‍ത്തനമികവുതന്നെയാണ്. 

ഇന്ത്യക്കാര്‍ക്കുവേണ്ടിയുള്ള അമേരിക്കയിലെ ഏറ്റവുംവലിയ ഇംഗ്ലീഷ് പത്രമായ സൗത്ത് ഏഷ്യന്‍ ടൈംസിന്റെ ചീഫ് ഓപ്പറേറ്റീവ് ഓഫീസറായും അദ്ദേഹം മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. പ്രവാസി അച്ചടി മാധ്യമരംഗത്ത് അദ്ദേഹം തുടങ്ങിവച്ച വഴിയിലൂടെയാണ് ഇന്ന് പലമാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നത്. മാധ്യമമേഖലയിലെ മാറ്റങ്ങള്‍ ധൈര്യപൂര്‍വം ഏറ്റെടുത്തുകൊണ്ട് നടപ്പില്‍വരുത്തുവാനും പ്രവര്‍ത്തിക്കാനും അദ്ദേഹം കാണിക്കുന്ന ആര്‍ജ്ജവം ഏവര്‍ക്കും മാതൃകയാക്കാവുന്നതാണ്. നോര്‍ത്ത് അമേരിക്കയിലെ അക്ഷരങ്ങളെ സ്‌നേഹിക്കുന്നവരെ കൂട്ടിയോജിപ്പിച്ചുകൊണ്ട് ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) സ്ഥാപിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. അതിലൂടെ ഞാന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മുഖ്യധാരയിലേക്ക് എത്താന്‍ സാധിച്ചു. പത്രപ്രവര്‍ത്തനത്തില്‍ മാസ്റ്റര്‍ ബിരുദം ഉണ്ടെങ്കിലും പ്രവാസ ലോകത്തിയ ശേഷം പത്രപ്രവര്‍ത്തനത്തെ കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍, ഐഎപിസി വന്നോടെ മികച്ച പരിശീലനത്തിലൂടെ മികച്ച രീതിയില്‍ മാധ്യമപ്രവര്‍ത്തനം നടത്താന്‍ എന്നേപോലുള്ളവര്‍ക്ക് കഴിയുന്നത് ജിന്‍സ് മോന്റെ ദീര്‍ഘവീഷണത്തിന്റെ ഫലമാണ്. പ്രവാസ ലോകത്തെ എല്ലാ മാധ്യമപ്രവര്‍കര്‍ക്കും ഈ സംഘടനയില്‍ അംഗത്വം നല്‍കിക്കൊണ്ട് അവരെ പരിശീലിപ്പിച്ച് മുഖ്യധാരയിലെത്തിക്കാന്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.

ഐഎപിസി തുടങ്ങി ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ നാല് അന്താരാഷ്ട്ര മാധ്യമസമ്മേളനം നടത്താന്‍ അദ്ദേഹത്തിന്റേ നേതൃത്വത്തിനായി.  പ്രവാസികളായ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള പ്രശസ്തരെ മാധ്യമസമ്മേളനത്തിന് എത്തിച്ച് പരിശീലനം നല്‍കുന്ന കാര്യത്തില്‍ ജിന്‍സ്‌മോന്റെ താല്‍പ്പര്യം വളരെ വലുതാണ്. പ്രവാസികളായ എല്ല എഴുത്തുകാരും പ്രഫഷണല്‍ രീതിയില്‍തന്നെ മാധ്യമപ്രവര്‍ത്തനം നടത്തണമെന്ന ജിന്‍സ്‌മോന്റെ ആഗ്രഹമാണ് ഐഎപിസിയുടെ ഇന്നത്തെ വളര്‍ച്ച കാണിക്കുന്നത്. 

അച്ചടി മാധ്യമരംഗത്തുമാത്രമല്ല, ദൃശ്യമാധ്യമരംഗത്തും അദ്ദേഹം വിത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചിട്ടുള്ളത്. നോര്‍ത്ത് അമേരിക്കന്‍ സിറ്റികളില്‍ റിയാലിറ്റി ഷോ ഹോസ്റ്റ് ചെയ്തതിന് വാര്‍ത്താ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ ജയ്ഹിന്ദ് ടിവി, യുഎസ്എയുടെ ഡയറക്ടറായ അദ്ദേഹം ശ്രദ്ധേയമായ നിരവധി പരിപാടികളാണ് ദൃശ്യമാധ്യമങ്ങള്‍ക്കുവേണ്ടി ചെയ്തിട്ടുള്ളത്. അമേരിക്കയില്‍ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ അദ്ദേഹം അണിയിച്ചൊരുത്തിയ യുഎസ് ഡയറി എന്ന പ്രോഗ്രാമിന് കഴിഞ്ഞു. മാധ്യമപ്രവര്‍ത്തനത്തിനൊപ്പം മാധ്യമസംരംഭകന്‍, മാധ്യമകൂട്ടായ്മയുടെ നേതാവ് തുടങ്ങി മാധ്യമരംഗവുമായി ബന്ധപ്പെട്ട സമസ്ത മേഖലയിലും ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്ന ജിന്‍സ്‌മോന്‍ ഈ അവാര്‍ഡിന് എന്തുകൊണ്ടും ആരേക്കാളും യോഗ്യനാണെന്നതില്‍ രണ്ടഭിപ്രായമില്ല. 

ഇന്ത്യന്‍ അമേരിക്കന്‍ കേരള കള്‍ച്ചര്‍ ആന്റ് സിവിക് സെന്റര്‍ വിവിധരംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവരെ ആദരിക്കുന്നതില്‍ ഒരാളാകാന്‍ ജിന്‍സ്‌മോന് കഴിഞ്ഞത് അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവുകൊണ്ടുമാത്രമാണ്. സംഘടനയുടെ ഇരുപത്തഞ്ചാം വാര്‍ഷികം പ്രമാണിച്ച് നവംബര്‍ നാലിന് നടന്ന ചടങ്ങില്‍ ജിന്‍സ്‌മോന്‍ പി.സക്കറിയ അടക്കമുള്ളവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. കേരളാ സെന്റര്‍ 1991 മുതല്‍ എല്ലാവര്‍ഷവും വിവിധ രംഗങ്ങളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് പുരസ്‌ക്കാരം നല്‍കിവരുന്നു. ലഭിക്കുന്ന നാമ നിര്‍ദ്ദേശത്തില്‍ നിന്ന് അര്‍ഹരായവരെ കമ്മറ്റി തെരഞ്ഞെടുക്കുകയാണ് പതിവ്, അത് ഇപ്രാവശ്യവും അതേ കീഴ് വഴക്കം തുടരുകയായിരുന്നുവെന്ന് കേരള സെന്റര്‍ പ്രസിഡന്റ് തമ്പി തലപ്പിള്ളില്‍ പറഞ്ഞു.


ജിന്‍സ്‌മോനെ കൂടാതെ ഈ വര്‍ഷം അവാര്‍ഡിന് അര്‍ഹരായവര്‍ യുഎസ് റെപ്രസെന്റേറ്റീവ് ഫോര്‍ വാഷിംഗ്ടണ്‍ സ്‌റ്റേറ്റ്‌സ് സെവന്‍ത് കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടും, യുഎസ്സ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ അമേരിക്കക്കാരിയുമായ പ്രമീള ജയ്പാല്‍, അറ്റോണി അപ്പന്‍ മേനോന്‍, ( നിയമസേവനങ്ങള്‍ക്ക് -വോമ്‌സര്‍ പാര്‍ട്ണര്‍, കെയ്‌ലി, ഗാലെഫ്& ജാക്കോബ്‌സ് LLP ലോ ഫേം , ന്യുയോര്‍ക്) , ഡോ: ഷീല (സാഹിത്യം), ഡോ: A.K.B പിള്ളയ് ( ഹ്യുമാനറ്റീസ്), ഷീല ശ്രീകുമാര്‍ ( കമ്യൂണിറ്റി സര്‍വീസ്) എന്നിവരാണ്. സംഘടനയുടെ സില്‍വര്‍ ജൂബിലി ലൈഫ് ടൈം അവാര്‍ഡുകള്‍ ലഭിച്ചത് -ശാന്തി ഭവന്‍ സ്ഥാപകന്‍ ഡോ: എബ്രഹാം ജോര്‍ജ്,  വ്യവസായിയും സമി-സബിന്‍സ സ്ഥാപകനും ചെയര്‍മാനുമായ ഡോ. മുഹമ്മദ് മജീദ്, ശ്രീധര്‍ മേനോന്‍, കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ പി. സോമസുന്ദരന്‍, വ്യവസായി ദിലീപ് വര്‍ഗീസ് എന്നിവര്‍ക്കാണ്. 

ഫ്‌ലഷിംഗിലെ വേള്‍ഡ്‌സ് ഫെയര്‍ മറീനയില്‍ നടന്ന ചടങ്ങില്‍, മാധ്യമ അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് തന്റെ അവാര്‍ഡ് എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കുമാണെന്ന് ജിന്‍സ് മോന്‍ പി.സക്കറിയ പറഞ്ഞു. അച്ചടി മാധ്യമങ്ങളുമായി ദശാബ്ദങ്ങളുടെ ബന്ധമുണ്ട്. എത്‌നിക് മീഡിയക്ക് നമ്മുടെ സംസ്‌ക്കാരവും പാരമ്പര്യവും മാതൃഭാഷയും ആയി ഒരു ബന്ധം പുനര്‍നിര്‍മ്മിക്കേണ്ട ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

സാംസ്‌ക്കരിക സംഗമത്തിന്റെ വൈവിധ്യത്തില്‍ വളര്‍ന്നു വരുന്ന അമേരിക്കയിലെ പുതിയ തലമുറ നമ്മുടെ സംസ്‌ക്കാരത്തെ കൂടുതല്‍ ഉള്‍ക്കൊള്ളേണ്ടതാണ്. നമ്മുടെ എത്‌നിക് ന്യൂസ്പ്രിന്റ്‌സ്, ഫെസ്റ്റിവലുകള്‍, കൂട്ടായ്മകള്‍ എല്ലാം തന്നെ ഓര്‍മ്മപ്പെടുത്തുന്നത് സംസ്‌ക്കാരത്തോടും പാരമ്പര്യത്തോടും ഇവര്‍ അടുത്തു വരുന്നു എന്നതാണ്. നമ്മള്‍ ചെയ്യുന്ന ചെറുകാര്യങ്ങളിലൂടെ അവരിലേക്ക് സംസ്‌ക്കാരത്തെ പകര്‍ന്ന് നല്‍കുകയാണ് ചെയ്യേണ്ടത്. അല്ലാതെ അവരിലേക്ക് ഊഹാപോഹങ്ങളും മറ്റും കുത്തി നിറയ്ക്കുകയല്ല  വേണ്ടത്. -ജിന്‍സ് മോന്‍ പി. സക്കറിയ പറഞ്ഞു. മാധ്യമങ്ങളുടെ പ്രസസക്തിയും പ്രവര്‍ത്തനങ്ങളും ഓരോ ദിവസവും പരീക്ഷിക്കപ്പെടുകയാണെന്നു പറഞ്ഞ അദ്ദേഹം മാധ്യമങ്ങള്‍ക്ക് ആരോടെങ്കിലും വിധേയത്വവും പിന്‍തുണയും പ്രഖ്യാപിക്കുക സാധ്യമല്ലെന്നും കൂട്ടിച്ചേര്‍ത്തു. 

അവാര്‍ഡിന് അര്‍ഹരായ മറ്റ് ഇന്ത്യന്‍ വംശജര്‍- 

പ്രമീള ജയ്പാല്‍: യുഎസ്സ് റെപ്രസെന്റേറ്റീവ് ഫോര്‍ വാഷിംഗ്ടണ്‍ സ്‌റ്റേറ്റ്‌സ് സെവന്‍ത് കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ട് ആണ് പ്രമീള. യുഎസ്സ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ ആയ ഇവര്‍ ചെന്നൈ സ്വദേശിയാണ്. ഡെമോക്രാറ്റിക് കോക്കസിലെ സീനിയര്‍ വിപ്പായും, ബഡ്ജറ്റ് കമ്മിറ്റി വൈസ് റാങ്കിംഗ് മെമ്പറായും, കോണ്‍ഗ്രഷണല്‍ പ്രോഗ്രസീവ് കോക്കസ് ആദ്യ വൈസ് ചെയര്‍ ആയും, ജുഡീഷ്യറി കമ്മറ്റി മെമ്പറായും പ്രവര്‍ത്തിക്കുന്നു. ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ് ആയി തിരഞ്ഞെടുക്കപ്പെടും മുന്‍പ് പ്രമീള വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്റിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വണ്‍ അമേരിക്ക എന്ന ഇമിഗ്രന്റ് അഡ്വക്കസി  ഓര്‍ഗനൈസേഷന്റെ സ്ഥാപകയും, എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ്. 

അപ്പന്‍ മേനോന്‍:  വോമ്‌സര്‍ പാര്‍ട്ണറും, കെയ്‌ലി, ഗാലെഫ്& ജാക്കോബ്‌സ് എല്‍എല്‍പി എന്ന മൂന്ന് ദശാബ്ദമായി പ്രവര്‍ത്തിച്ചുവരുന്ന ലോ ഫേമിലെ അംഗവുമാണ്.  ബാങ്കുകളുടെ ലോണ്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുകയും, ഡെബ്റ്റ് റിക്കവറി, ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്കാവശ്യമായ നിയമ സഹായങ്ങളും നല്‍കി വരുന്നു. ഇദ്ദേഹത്തിന്റെ കോര്‍പ്പറേറ്റ് ലോ ഡൊമസ്റ്റിക് , ഫോറിന്‍ നിയമ വശങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഇന്ത്യയ്ക്കും യുഎസ്സിനും ഇടയിലുള്ള ഡൊമസ്റ്റിക് അക്വിസിഷന്‍സ്, ക്രോസ് ബോര്‍ഡര്‍ അക്വിസിഷന്‍സ് , അമേരിക്കയിലെ ഇന്ത്യന്‍ കമ്പനികള്‍ക്കായുള്ള സബ്‌സീഡിയറീസ്, ഇന്ത്യന്‍ കമ്പനികളും അമേരിക്കന്‍ കമ്പനികളും തമ്മിലുള്ള ബിസിനസ്സ് ഡീലുകളും കൈകാര്യം ചെയ്യുന്നു. കോര്‍പറേറ്റ് ട്രാന്‍സാക്ഷന്‍സ്, കേസുകള്‍ എന്നിവയ്ക്കായും ഇദ്ദേഹം അപ്പിയര്‍ ചെയ്യുന്നു. ബാങ്കുകള്‍, മള്‍ട്ടി നാഷണല്‍ കമ്പനികള്‍ എന്നിവയ്ക്കായി എച്ച്-1,എല്‍-1, PERM വീസ നിയമ നടപടി ക്രമങ്ങളും നടത്തി വരുന്നു. കാലിക്കട്ട് , ബാംഗളൂര്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ, അപ്പന്‍ മേനേന്‍ ടെമ്പിള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എല്‍എല്‍എം നേടിയിട്ടുണ്ട്. ഇന്ത്യയിലും ന്യൂയോര്‍ക്കിലും പ്രാക്ടീസ് നടത്തിയിട്ടുണ്ട്.

ഡോ. ഷീല: നിരവധി പത്ര മാധ്യമങ്ങളില്‍ എഴുതിയിട്ടുള്ള ഷീല ഒരു നോവല്‍ ഉള്‍പ്പടെ ഏഴ് കൃതികള്‍ രചിച്ചിട്ടുണ്ട്. ഇവരുടെ നോവലിന് അന്താരാഷ്ട്ര അംഗീകാരവും നേടാനായിട്ടുണ്ട്. ആലുവ സെന്റ് സേവിയേഴ്‌സ് കോളേജില്‍ നിന്നാണ് ഷീല അദ്ധ്യാപനം ആരംഭിച്ചത്. അവിടെ ഹിന്ദി ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡായി മുപ്പത്തഞ്ച് വര്‍ഷം സേവനം അനുഷ്ടിച്ചു. സംസ്‌കൃതത്തിലും, മലയാളത്തിലുമുള്ള  സെമിനാറുകളില്‍ വിസിറ്റിംഗ് ഫാകല്‍റ്റി ആയിട്ടുണ്ട്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സയന്‍സ് & ടെക്‌നോളജിയില്‍ നിന്നും കംമ്പാരറ്റേറ്റീവ് ലിറ്ററേച്ചര്‍ & എലിജിയില്‍ പിഎച്ച്ഡി നേടിയിട്ടുണ്ട്. മാത്രമല്ല ഹിന്ദി,ഇംഗ്ലീഷ്,സംസ്‌കൃതം, മലയാളം എന്നീ ഭാഷകളില്‍ പോസ്റ്റ് ഗ്രാജുവേഷനും ഇവര്‍ നേടി. തിയോളജി & ക്രിസ്ത്യന്‍ വുമണ്‍ എജ്യുക്കേഷന്‍ എന്ന വിഷയത്തില്‍ ഡിപ്ലോമ ഹോളഡറും കൂടിയാണ് ഷീല. 2006-മുതല്‍ ഷീല ന്യുയോര്‍കില്‍ സ്ഥിരതാമസമാക്കിയ ഷീല നിരവധി വര്‍ക്‌ഷോപ്പുകളിലും സെമിനാറുകളിലും പങ്കാളിയായിട്ടുണ്ട്.

ഡോ. എ.കെ.ബി. പിള്ളയ്: ആത്മീയത, സര്‍ഗ്ഗാത്മകത, ജ്ഞാനം എന്നിവ കൂടിച്ചേര്‍ന്നൊരു വ്യക്തിത്വമാണ് പിള്ള. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എയും, പിഎച്ച്ഡി ആന്ത്രപ്പോളജിയില്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. ഇതിന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്, യുഎസ്സ്എയുടെ ഫെല്ലോഷിപ്പിനും അര്‍ഹനായി. കൊളംബിയ യൂണിവേഴ്‌സിറ്റി സെമിനാര്‍ അസോസിയേറ്റ് ആയും പ്രവര്‍ത്തിക്കുന്നു. കംപാരറ്റീവ് ലിറ്ററേച്ചര്‍, ഹ്യുമാനിറ്റീസ്, മെഡിക്കല്‍ സ്റ്റഡീസ് എന്നിവയിലും ഇദ്ദേഹം വിദ്യാഭ്യാസം നേടിട്ടുണ്ട്. ഇദ്ദേഹം തന്നെ വികസിപ്പിച്ച ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് തെറാപ്പിയിലും, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് സിസ്റ്റം, ഡെവലപ്‌മെന്റല്‍ ട്രാന്‍സ്‌കള്‍ച്ചറല്‍,  സൈക്യാട്രി, യോഗ എന്നിവയിലും ക്ലാസുകള്‍ നടത്തുന്നു. ഇദ്ദേഹത്തിന്റെ പത്‌നി ഡോണ പിള്ള അമേരിക്കന്‍ അന്ത്രപ്പോളജിക്കല്‍ അസോസിയേഷന്റെ ഫെല്ലോഷിപ്പ് നേടിയിട്ടുണ്ട്. ഇരുവരും ഒന്നിച്ച് പ്രാക്ടീസ് നടത്തുന്നു.

ഷീല ശ്രീകുമാര്‍: നിരവധി പ്രാദേശിക ദേശീയ കമ്യൂണിറ്റികള്‍ക്ക് വേണ്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഷീല ശ്രീകുമാര്‍. വയലാറില്‍ ജനിച്ചു വളര്‍ന്ന ഷീല എന്‍എസ്എസ് വുമന്‍സ് കോളേജ് തിരുവനന്തപുരത്താണ് പഠിച്ചത്. പിന്നീട് എറണാകുളം ലോ കോളേജില്‍ നിന്ന് ലോ ഡിഗ്രി പാസായി. പഠനകാലത്ത് മനോരമ ബാലജനസഖ്യം ചേര്‍ത്തല യൂണിയന്‍ പ്രസിഡന്റായും, കേരള യൂണിവേഴ്‌സിറ്റി കൗണ്‍സിലര്‍, ഗവണ്‍മെന്റ് ലോ കോളേജ് വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കയില്‍ എത്തിയ ശേഷം കരുണ ചാരിറ്റീസ് ന്യുയോര്‍ക്കിന്റെ പ്രസിഡന്റായും, കേരള അസോസിയേഷന്‍, NJ പ്രസിഡന്റ് , ബോര്‍ഡ് ഓഫ് ട്രസ്റ്റി, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഉപദേശക, FOMAA ചെയര്‍ പേഴ്‌സണ്‍, ഏഷ്യന്‍ അമേരിക്കന്‍ അസോസിയേഷന്‍ ന്യുയോര്‍ക് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നലവില്‍ കമ്യൂണിറ്റി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന റസിഡന്റ് എകണോമിക് എംപവര്‍മെന്റ് എന്ന സംഘടനയുടെ കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു.

ഡോ. എബ്രഹാം ജോര്‍ജ്:  സാമ്പത്തികമായും സാമൂഹികമായും പിന്നില്‍ നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ശാന്തിഭവന്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജേണലിസം ആന്റ് ന്യൂമീഡിയ, തമിഴ്‌നാട്ടിലെയും കര്‍ണ്ണാടകത്തിലെയും 15 ഗ്രാമപ്രദേശ വാസികളുടെ ആരോഗ്യ പ്രശ്‌നങ്ങളെ പരിഹരിക്കുന്ന ബാല്‍ദേവ് മെഡിക്കല്‍ & കമ്യൂണിറ്റി സെന്റര്‍ എന്നീ സംഘടനകളില്‍ പ്രവര്‍ത്തിച്ചു പോരുകയാണ് ഇദ്ദേഹം. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി ഇന്ത്യയില്‍ നാഷണല്‍ റെഫറല്‍ സെന്റര്‍ ഫോര്‍ ലീഡ് പോയിസണിംഗ് ഇന്‍ ഇന്ത്യ എന്ന സംഘടനയ്ക്ക് രൂപം നല്‍കി. ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ആന്റ് എന്‍വയറണ്‍മെന്റ് , ഇന്ത്യ ടച്ച്ഡ്: ദ ഫൊര്‍ഗോട്ടന്‍ ഫെയ്‌സ് ഓഫ് റൂറല്‍ പോവര്‍ട്ടി തുടങ്ങി നാലോളം പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ഇദ്ദേഹം. എബ്രഹാം മുന്‍പ് കോര്‍പൊറേറ്റ് അമേരിക്കയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. മാത്രമല്ല ഒരു ബിസ്സിനസ് സംരംഭകനും കൂടിയാണ് ഇദ്ദേഹം. 

ഡോ. മുഹമ്മദ് മജീദ്: സമി-സബിന്‍സ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ ആയ ഡോ. മുഹമ്മദ് മജീദ് , ശാസ്ത്രജ്ഞന്‍, ഗവേഷകന്‍, സംരംഭകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. ആയുര്‍വേദവും ആധുനിക മെഡിസിനും കൊണ്ട് ' ന്യൂട്രാസ്യൂട്ടിക്കല്‍സ് ആന്റ് കോസ്മസ്യൂട്ടിക്കല്‍സ്' എന്ന പേരില്‍ ലക്ഷക്കണക്കിന് വിദേശികളുടെ വിശ്വാസം നേടിയെടുത്തു. പ്രമുഖ ഫാര്‍മ കമ്പനികളായ പിഫിസര്‍ inc , കാര്‍ട്ടര്‍ വാലെയ്‌സ് എന്നിവിടങ്ങളിലും, പാകോ റിസെര്‍ച്ചിന്റെ ഹെഡ് റിസെര്‍ച്ചറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1988-ല്‍ ന്യുജഴ്‌സിയില്‍ സബിന്‍സ കോര്‍പറേഷന്‍ എന്ന പേരില്‍ നാച്വറല്‍ പ്രോഡക്ടിനായി ഒരു സ്ഥാപനം ആരംഭിച്ചു. ആയുര്‍വേദവും മോഡേന്‍ മെഡിസിനും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു സംരംഭമായ സമി ലാബ്‌സ് ലിമിറ്റഡ് ബാംഗളൂരില്‍ സ്ഥാപിച്ചു. 200ഓളം ശാസ്ത്രജ്ഞരാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ബയോകെമിസ്ട്രി, ഓര്‍ഗാനിക് കെമിസ്ട്രി, ടിഷ്യുക്കള്‍ച്ചര്‍,  ബയോടെക്‌നോളജി എന്നീ മേഖലകളിലുള്ള ഗവേഷണങ്ങളാണ് ഇവിടെ നടക്കുന്നത്. ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത ചില അപൂര്‍വ്വ സസ്യങ്ങളെപ്പറ്റിയും ഇദ്ദേഹം ഗവേഷണം നടത്തുകയുണ്ടായി. ആയുര്‍വേദത്തില്‍ നിന്നും പ്രചോദനം ഉല്‍ക്കൊണ്ട് കൊണ്ടാണ്, ന്യൂട്രാസ്യൂട്ടിക്കല്‍, കോസ്മസ്യൂട്ടിക്കല്‍ എന്ന ആശയം രൂപപ്പെട്ടത്. ഇദ്ദേഹം പിന്നീട് ബ്യൂട്ടി ബ്രാന്‍ഡായ സമി ഡിറക്ടും, ജൊനാര കോസ്മസ്യൂട്ടിക്കല്‍സും ആരംഭിച്ചു. ഗുണമേന്‍മയുള്ള ആഹാര പദാര്‍ത്ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി സേലത്ത് കര്‍ഷകക്കൂട്ടായ്മ ഉണ്ടാക്കി ഫലപ്രദമായ രീതിയില്‍ കൃഷി സംവിധാനങ്ങള്‍ നടപ്പില്‍ വരുത്തുകയുണ്ടായി. അദ്ദേഹത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ബഹുമതി നല്‍കി ഇന്ത്യയും, മറ്റ് പല സംഘടനകളും ആദരിക്കുകയുണ്ടായി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുവാന്‍ അവര്‍ക്ക് സൗജന്യ എംഎസ് ഓഫീസ്, ഡെസ്‌ക് ടോപ്പ് ആപ്ലിക്കേഷന്‍ സോഫ്ട്‌വയര്‍ എന്നിവയില്‍ ട്രെയിനിംഗ് നല്‍കുന്ന സംഘടനയ്ക്കും രൂപം കൊടുത്തു. 

ശ്രീധര്‍ മേനോന്‍: അമേരിക്കന്‍ എക്‌സ്പ്രസ് ബാങ്ക് ലിമിറ്റഡിന്റെ മുന്‍ ഡെപ്യൂട്ടി പ്രസിഡന്റ് സ്ഥാനത്ത് നിന്നും വിരമിച്ച വ്യക്തിയാണ്. വിറ്റിയോ ഗ്രൂപ്പിന്റെ സ്ഥാപകനും ഇക്വിറ്റി പാര്‍ട്‌നറും, സതര്‍ലാന്റ് ഗ്ലോബല്‍ സര്‍വ്വീസ്, പതിനേഴ് രാജ്യങ്ങളിലായി 36,000 പേര്‍ ജോലി ചെയ്യുന്ന റോചെസ്റ്ററിലെ SGS&BPO /KPO കമ്പനിയുടെ ഉപദേശകസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. SGS ന് 1.3 ബില്യണ്‍ വാര്‍ഷിക വരുമാനമാണുള്ളത്. ബാങ്കിംഗ് & ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഇന്‍ഷുറന്‍സ്, ടെലികമ്യൂണിക്കേഷന്‍സ്, ടെക്‌നോളജി , ഹെല്‍ത് കെയര്‍, എയര്‍ലൈന്‍& ട്രാവല്‍ എന്നീ മേഖലകളിലായി SGS ന്റെ പ്രവര്‍ത്തനം വ്യാപിച്ചു കിടക്കുന്നു. ഏറ്റവും വലിയ ആല്‍ക്കഹോളിക് ബിവറേജസ് മാനുഫാക്ചറിംഗ് കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡ് ഇന്ത്യയുടെയും, വൈറ്റ് & മാക്കെ ലിമിറ്റഡിന്റെയും ബോര്‍ഡ് ഡയറക്ടറേഴ്‌സില്‍ ഒരാളായും പ്രവര്‍ത്തിക്കുന്നു. അമേരിക്കന്‍ എക്‌സ്പ്രസ് ബാങ്ക് ലിമിറ്റഡിന്റെ യുകെയിലെയും യുണൈറ്റഡ് സ്റ്റേറ്റിലെയും മാനേജ്‌മെന്റ് പൊസിഷനുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ ബാങ്കുമായി ചെര്‍ന്ന് പ്രവര്‍ത്തിക്കും മുന്‍പ് കല്‍ക്കട്ട യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 1959 മുതല്‍ 62വരെ പ്രവര്‍ത്തിച്ചിരുന്നു.

പ്രൊഫ. സോമസുന്ദരന്‍:  കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ മിനറല്‍ എന്‍ജിനിയറിംഗ് വിഭാഗം പ്രൊഫസാറാണ് സോമസുന്ദരന്‍. 1985-ല്‍ ആണ് നാഷല്‍ അക്കാഡമി ഓഫ്  എന്‍ജിനീയറിംഗില്‍ എത്തുന്നത്. പിന്നീട് നാഷണല്‍ അക്കാഡമി ഓഫ് ഇന്‍വെന്റേഴ്‌സിലും, ചൈനീസ് നാഷണല്‍ അക്കാഡമി ഓഫ്  എന്‍ജിനീയറിംഗ്,  ഇന്ത്യന്‍ നാഷണല്‍ അക്കാഡമി ഓഫ് എന്‍ജിനീയറിംഗ്, റഷ്യന്‍ അക്കാഡമി ഓഫ് നാച്വറല്‍ സയന്‍സ്, ബാല്‍ക്കണ്‍ അക്കാഡമി ഓഫ് മിനറല്‍ ടെക്‌നോളജി എന്നിവയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. കാനഡയിലെ റോയല്‍ സൊസൈറ്റി ഓഫ് കാനഡ ഫോറിന്‍ ഫെല്ലോ ആയി 2010-ല്‍ തിരഞ്ഞെടുത്തു. എല്ലിസ് ഐലന്റ് മെഡല്‍ ഓഫ് ഓണര്‍ 1990-ല്‍ ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. 2010-ല്‍ പതിമശ്രീ പുരസ്‌ക്കാരം ലഭിച്ചു. 2015-ല്‍ ടെക്കനിക്കല്‍ ഇന്നൊവേഷന് NSF അലക്‌സ് ഷ്വാര്‍സ്‌കോഫ് അവാര്‍ഡ് ലഭിച്ചു. 2016 ഒക്ടോബറില്‍ IMPC ക്യുബകിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ലഭിച്ചു. ഇന്ത്യയിലെ ഗുരുതര പ്രശ്‌നങ്ങളായ വെസ്റ്റ് വാട്ടര്‍ നാനോടോക്‌സിസിറ്റി, ലോ ക്വാളിറ്റി ഫോസ്‌ഫോറ്റ് ഐര് എന്നിവയ്ക്കായി റിസേച്ച് വര്‍ക്കുകള്‍ നടത്തി. ഇന്ത്യയിലെയും അമേരിക്കയിലെയും മറ്റ് പല രാജ്യങ്ങളിലെയും PBD -2915 ലീഡ്‌സ്പീക്കറായി പോയിട്ടുണ്ട്.  പല ഇന്ത്യക്കാരും അദ്ദേഹത്തിന്റെ ഗൈഡന്‍സില്‍ ബിരുദം പൂര്‍ത്തിയാക്കി വലിയ നിലകളില്‍ വിദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലെ അമൃത യൂണിവേഴ്‌സിറ്റിയില്‍ ഹോണററി പ്രൊഫസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ബോംബെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്(ബാഗളൂര്‍),  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടക്‌നോളജി ( മദ്രാസ്),  എല്‍കെ കെമിക്കല്‍സ് ( പൂനെ) , ടാറ്റ റിസേച്ച് ഡെവലപ്‌മെന്റ് ആന്റ് ഡിസൈന്‍ (പൂനെ) എന്നിവരുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ദിലീപ് വര്‍ഗീസ്: നൂറ് മില്യണ്‍ വാര്‍ഷിക വിറ്റുവരവ് നേടുന്ന ന്യൂജേഴ്‌സിയിലെ ഒരു സംരംഭകനാണ് ദിലീപ്.  എന്‍ജിനീയറായിരുന്ന ഇദ്ദേഹം ഫെഡറല്‍ സ്റ്റേറ്റ് സര്‍ക്കാരിന്റെ എന്‍ജിനീയറിംഗ് പ്രൊജക്ട്, കോണ്‍ട്രാക്ട് വര്‍ക്കുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. യുഎസ്സ് മിലട്ടറിയുടെ മാത്രം ആയിരം പ്രോജക്ടുകള്‍ ഇദ്ദേഹം ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. ഓരോ വര്‍ഷവും ഇടപാടുകളില്‍ സത്യസന്ധതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുവാന്‍ ദിലീപിന് സാധിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ഇദ്ദേഹം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. ഒരു സ്‌കൂളും, കമ്യൂണിറ്റി പ്രവര്‍ത്തനങ്ങളും, നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. രാജ്യത്തിനകത്തും പുറത്തുമായി നിരവധി അവാര്‍ഡുകള്‍ ഇദ്ദേഹത്തെത്തേടി എത്തിയിട്ടുണ്ട്. പ്രവാസി ചാനലിന്റെ NAMY ( നോര്‍ത് അമേരിക്കന്‍ മലയാളി ഓഫ് ദ ഇയര്‍ ) അവാര്‍ഡ് നേടിയിട്ടുണ്ട്. കേരള ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഇന്‍ നോര്‍ത് അമേരിക്ക ( KCCNA )  സ്ഥാപക ചെയര്‍മാന്‍ കൂടിയാണ് ദിലീപ്.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC