സാംസ്‌കാരിക വിശേഷങ്ങള്‍

ഫോമാ വെസ്റ്റേണ്‍ റീജിയന്‍ യൂത്ത് ഫെസ്റ്റിവല്‍ അരങ്ങുണരുന്നു

പന്തളം ബിജു തോമസ്‌ 2017-11-11 03:44:39am

സാന്‍ ഫ്രാന്‍സിസ്കോ: നവംബര്‍ പതിനൊന്ന് ശനിയാഴ്ച രാവിലെ ഒന്‍പതര മുതല്‍ ഫോമാ വെസ്റ്റേണ്‍ റീജിയന്‍ യൂത്ത് ഫെസ്റ്റിവലിനു അരങ്ങുണരുന്നു. സംഗീത നടന നൃത്ത വിസ്മയത്തിന്റെ മാറ്റുരയ്ക്കുന്ന വേദികള്‍ സജീവമാക്കാന്‍ ഇരുനൂറ്റന്പതില്‍പരം കലാപ്രതിഭകള്‍ പങ്കെടുക്കും. മത്സരാര്‍ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് വിവിധയിനങ്ങള്‍ക്കായി നാല് വേദികള്‍ ക്രമീകരിച്ചിട്ടുണ്ട്. റീജിയനിലെ ഇതര അംഗസംഘടകളില്‍  നിന്നുമുള്ള വിധികര്‍ത്താക്കളായിരിക്കും മത്സരങ്ങള്‍ വിലയിരുത്തുക.   കേരളത്തനിമയാര്‍ന്ന മലയാണ്മയുടെ മര്‍മ്മരം വിളിച്ചോതുവാന്‍ ഗ്രഹാതുരുത്വം തുളുമ്പുന്ന തനി നാടന്‍ തട്ടുകടയും പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.
ഫോമായിലെ പ്രമുഖ ദേശീയനേതാക്കള്‍ക്കൊപ്പം ജോണ്‍ ടൈറ്റസ്, കുസുമം  ടൈറ്റസ്, പന്തളം ബിജു തോമസ്‌, വിന്സന്റ് ബോസ് മാത്യു, ജോസഫ്‌ ഔസോ, സാം ഉമ്മന്‍,  റെനി പൗലോസ്‌, റ്റോജോ തോമസ്, ജോസ് വടകര എന്നീ പ്രാദേശീയ നേതാക്കളും, സോദരന്‍ വര്‍ഗീസ്, സിജില്‍ പാലക്കലോടി, ഡോക്ടര്‍ സിന്ദു പിള്ള പൊന്നാരത്ത്, ശ്രീലാല്‍ പുരുഷോത്തമന്‍, ദിനേശ് നായര്‍, ജൂലിയറ്റ് മാത്യു, സാജൻ മൂലേപ്ലാക്കൽ, ലെബോൺ മാത്യു എന്നീ അംഗസംഘടന അദ്ധ്യക്ഷന്മാരും  പങ്കെടുക്കും.

ഫോമായിലെ ഏറ്റവും വലിയ റീജിയനായ വെസ്റ്റ്‌ കോസ്റ്റ് റീജിയന്‍ ഒറ്റകെട്ടായി സംഘടപ്പിക്കുന്ന ഈ യുവജനോത്സവം വന്‍പിച്ച വിജയമാക്കുവാന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ്‌ റോഷന്‍ (പോള്‍ ജോണ്‍),  പ്രോഗ്രാം കണ്‍വീനര്‍ സാജു ജോസഫ്‌ (ഫോമാ ദേശീയ കമ്മറ്റിയംഗം) എന്നിവരുടെ നേതൃത്വത്തിലുള്ള  വിപുലമായ കമ്മറ്റി അഹോരാത്രം പ്രയത്നിച്ചു വരുന്നു.

ഈ യുവജന മാമാങ്കത്തിന് ആതിഥേയമരുളുന്നത്, മലയാളി അസോസിയേഷന്‍ ഓഫ് നോര്‍തേണ്‍ കാലിഫോര്‍ണിയ (മങ്ക)യും, ബേയ് മലയാളിയും കൂടിയാണ്. കലാപ്രതിഭ പട്ടവും, കലാതിലക പട്ടവും സമ്മാനിക്കുന്നതോടൊപ്പം, കലാപരിപാടികളില്‍ വിജയികളാകുന്നവര്‍ക്ക് സായാഹ്ന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതായിരിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനം കിട്ടിയ വിജയികള്‍ക്ക് ഫോമാ ദേശീയ യുവജനോത്സവ മത്സരത്തില്‍ പങ്കെടുക്കുവാനുള്ള യോഗ്യതയും ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രോഗ്രാം കോര്‍ഡിനേറ്ററന്‍മാരുമായി ബന്ധപ്പെടുക:
ശ്രീജിത് ശങ്കര്‍ -  650 619 0315
റാണി സുനില്‍ - 408 688 7521
ലത രവി – 408 828 6339
ജോണ്‍ കൊടിയന്‍ - 510 371 1038
ദിയ ആന്‍ ലെബോന്‍ (യൂത്ത് കോര്‍ഡിനേറ്റര്‍)