സാംസ്‌കാരിക വിശേഷങ്ങള്‍

ഫോമ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഫിലിപ്പ് ചാമത്തിലിന് സതേണ്‍ റീജന്‍ പിന്തുണ പ്രഖ്യാപിച്ചു

മൊയ്തീന്‍ പുത്തന്‍ചിറ 2017-11-11 03:48:02am

ഹ്യൂസ്റ്റണ്‍: ഫോമയുടെ അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഫിലിപ്പ് ചാമത്തിലിന് ഫോമ സതേണ്‍ റീജന്‍ പിന്തുണ പ്രഖ്യാപിച്ചു. നവംബര്‍ 4ാം തിയ്യതി കേരള ഹൗസില്‍ സംഘടിപ്പിച്ച യോഗത്തില്‍ ഫോമ സതേണ്‍ റീജന്‍ അംഗസംഘടനകളായ മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേയ്റ്റര്‍ ഹ്യൂസ്റ്റണ്‍, ഓക്‌ലഹോമ മലയാളി അസ്സോസിയേഷന്‍, ഡാളസ് മലയാളി അസ്സോസിയേഷന്‍, കേരള അസ്സോസിയേഷന്‍ ഓഫ് റിയൊ ഗ്രാന്റ്‌വാലി എന്നീ സംഘടനകളാണ് ഫിലിപ്പ് ചാമത്തിലിന് പിന്തുണ പ്രഖ്യാപിച്ചത്.

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ വസിക്കുന്ന സിറ്റികളിലൊന്നായ ഡാളസില്‍ ഫോമയുടെ ഒരു കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നതിന്റെ ആവശ്യകത കണക്കിലെടുത്ത് 2020ലെ കണ്‍വന്‍ഷന്‍ ഡാളസ് സിറ്റിയില്‍ നടത്തുവാന്‍ ഫിലിപ്പ് ചാമത്തിലിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നുവെന്ന് യോഗം വാഗ്ദാനം ചെയ്തു.

റീജനല്‍ വൈസ് പ്രസിഡന്റ് ഹരി നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഫോമയുടെ പ്രവര്‍ത്തനങ്ങളെ യോഗം പ്രകീര്‍ത്തിച്ചു. റീജനല്‍ യുവജനോത്സവം വന്‍ വിജയമാക്കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.

ഫോമ നാഷണല്‍ കമ്മിറ്റി അംഗം ബാബു മുല്ലശ്ശേരി, നാഷണല്‍ അഡ്വൈസറി ബോര്‍ഡ് സെക്രട്ടറി ബാബു തെക്കേക്കര, മുന്‍ നാഷണല്‍ ട്രഷറര്‍ എം.ജി. മാത്യു, മുന്‍ റീജനല്‍ വൈസ് പ്രസിഡന്റുമാരായ ബേബി മണക്കുന്നേല്‍, തോമസ് ഓലിയാംകുന്നേല്‍, മുന്‍ നാഷണല്‍ കമ്മിറ്റി അംഗം രാജന്‍ യോഹന്നാന്‍, മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റണ്‍ ബോര്‍ഡ് അംഗങ്ങളായ വത്സന്‍ മടത്തിപ്പറമ്പില്‍, ഡോ. സാം ജോസഫ്, സെലിന്‍ ബാബു, മൈസൂര്‍ തമ്പി, ഡാളസ് മലയാളി അസ്സോസിയേഷനെ പ്രതിനിധീകരിച്ച് റീജനല്‍ ചെയര്‍മാന്‍ ബിജു തോമസ്, ഓക്‌ലഹോമ മലയാളി അസ്സോസിയേഷന്‍ വൈസ് പ്രസിഡന്റ് സാം ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫോമ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍, നാഷണല്‍ കമ്മിറ്റി അംഗം ജയ്‌സണ്‍ വെണ്ണാട്ട് തുടങ്ങിയവര്‍ പിന്തുണ അറിയിച്ചു.

ഫോമയുടെ അടുത്ത പ്രസിഡന്റായി മത്സരിക്കുന്ന തനിക്ക് പിന്തുണ പ്രഖ്യാപിച്ച എല്ലാവര്‍ക്കും ഫിലിപ്പ് ചാമത്തില്‍ നന്ദി പറഞ്ഞു.