സാംസ്‌കാരിക വിശേഷങ്ങള്‍

പിന്നോക്കംപോകുന്ന ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് തടയിടുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തിരിച്ചുവന്നേ മതിയാവൂ: ചാണ്ടി ഉമ്മന്‍

ജോയിച്ചന്‍ പുതുക്കുളം 2017-11-11 03:49:52am

ഷിക്കാഗോ: പിന്നോക്കംപോകുന്ന ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് തടയിടുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തിരിച്ചുവന്നേ മതിയാവൂ എന്ന് യുവ കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍ അഭിപ്രായപ്പെട്ടു. ഐ.എന്‍.ഒ.സി നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് "ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മന്‍മോഹന്‍സിംഗ് ഗവണ്‍മെന്റിന്റെ കാലത്തും അതിനുശേഷവും' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സമ്പോസിയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിഗുരുതരമായ ഭവിഷ്യത്തുക്കളാണ് ഉണ്ടാക്കുന്നതെന്നും, കാര്‍ഷിക രംഗം, വൈദ്യശാസ്ത്രരംഗം, വിദ്യാഭ്യാസ രംഗം, ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍, വിദേശ വ്യാപാര രംഗം, വിദേശ നാണയ കമ്മി, അതിലുപരി ഇന്ത്യയുടെ മൊത്തം വളര്‍ച്ചാ നിരക്ക് (ജി.ഡി.പി), ജി.എസ്.ടി മൂലം നശിക്കുന്ന കച്ചവട വ്യാപാര സ്ഥാപനങ്ങള്‍ എന്നുവേണ്ട നടുക്കടലില്‍ പതിച്ച വന്‍ കപ്പലിന്റെ മുങ്ങിത്താഴ്ചയായി മാറിയിരിക്കുന്ന ദുഖകരമായ അവസ്ഥ കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് നടപ്പാക്കിയ അക്ഷന്തവ്യമായ കുറ്റങ്ങള്‍ക്ക് തടയിടുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തിരിച്ചുവന്നേ മതിയാവൂ എന്ന് അദ്ദേഹം യോഗത്തില്‍ പ്രസ്താപിച്ചു.

വിഷയം അവതരിപ്പിച്ചുകൊണ്ട് രാജന്‍ പടവത്തില്‍ മോഡറേറ്ററായ യോഗത്തില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ചുകൊണ്ട് ഡോ. മാത്യു കുഴലനാടന്‍ മനോഹരമായ പ്രഭാഷണം നടത്തി. യു.പി.എ ഗവണ്‍മെന്റ് പടുത്തുയര്‍ത്തിയ സമ്പദ് വ്യവസ്ഥ ലോക രാഷ്ട്രങ്ങളുടെ ഇടയില്‍ അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കുകയും ലോക രാഷ്ട്രങ്ങളുടെ വളര്‍ച്ചാനിരക്കില്‍ ചൈന ഒഴിച്ചുള്ള മറ്റു രാഷ്ട്രങ്ങളെ പിന്നിലാക്കിക്കൊണ്ട് ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ ജനസംഖ്യാനിരക്കിനെ വെടിയുണ്ടകൊണ്ട് നിയന്ത്രിച്ച ചൈനയ്ക്കുപോലും കൈവരിക്കാന്‍ കഴിയാത്ത ജനാധിപത്യത്തിന്റെ പൂര്‍ണ്ണ സ്വാതന്ത്ര്യം നുകര്‍ന്നുകൊണ്ട് ഇന്ത്യന്‍ ജനത കൈവരിച്ചു. തൊഴില്‍- വിദ്യാഭ്യാസ രംഗത്തും, സ്‌പോര്‍ട്‌സ്, ശാസ്ത്ര രംഗത്തും, ലോകോത്തരമായ ചികിത്സാസംവിധാനത്തിലൂടെയും, വികസന രംഗത്ത് കൈവരിച്ച ലോകോത്തരങ്ങളായ നേട്ടങ്ങളും, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി ഒരോ ഭാരതീയനും അഭിമാനിക്കാവുന്ന ഒരു ഭാരതത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പടിപടിയായി ഉയര്‍ത്തിയെടുത്തപ്പോള്‍ കേവലം മൂന്നു വര്‍ഷങ്ങള്‍കൊണ്ട് അക്ഷന്തവ്യമായ തകര്‍ച്ച എല്ലാ രംഗത്തും ഭാരതം അനുഭവിക്കുകയാണ്. ഇതിന് അറുതിവരുത്താന്‍ പ്രഗത്ഭരായ, വിദഗ്ധരായ ഒരു ഭരണസംവിധാനം ഉണ്ടായേ മതിയാവൂ. ലോകത്തിന്റെ നാനാ ഭാഗത്തു ചിതറിക്കിടക്കുന്ന സാമ്പത്തിക- ശാസ്ത്രകാരന്മാര്‍, സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിദഗ്ധര്‍, വൈദ്യശാസ്ത്ര രംഗത് നൈപുണ്യം നേടിയവര്‍, സാങ്കേതിക രംഗത്ത് ഉന്നത വൈദഗ്ധ്യം ഉള്ളവര്‍, ബാങ്കിംഗ്, വ്യവസായം, സാമ്പത്തികം. ടെക്‌നോളജി, ഇന്നവേഷന്‍, ഇന്‍വെസ്റ്റേഴ്‌സ് തുടങ്ങി വലിയൊരു വിഭാഗം വിദഗ്ധരെ കണ്ടെത്തി ശ്രമകരമായ ഒരു അഴിച്ചുപണി നടത്തി പ്രാവര്‍ത്തികമായ നയപരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ കഴിവുള്ള ശക്തമായ ഒരു ഗവണ്‍മെന്റ് ഉണ്ടായേ തീരൂ. അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ മറ്റു ലോക രാഷ്ട്രങ്ങളെ ബഹുദൂരം പിന്നലാക്കി ജനാധിപത്യം, സമത്വം, സാഹോദര്യം, അഹിംസ, മതേതരത്വം, ചേരിചേരാ നയം, പ്ലാനിംഗ്, ഭാവനാസമ്പന്നമായ കാഴ്ചപ്പാട് തുടങ്ങിയ ചേരുവകകളോടെ മാതൃക കാണിച്ച് നമ്മെ നാമാക്കാന്‍ സഹായിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തിരിച്ചുവന്നേ മതിയാവൂ എന്ന് മാത്യു കുഴലനാടന്‍ സംശയലേശമെന്യേ സ്ഥാപിച്ചു.

റോയി ചാവടി, റോയി മുളംകുന്നത്ത്, വര്‍ഗീസ് പാലമലയില്‍, ജോസി കുരിശിങ്കല്‍, ജോഷി വള്ളിക്കളം, മാത്യൂസ് ടോബിന്‍ തോമസ്, പ്രതീഷ് തോമസ്, ജോസഫ് നാഴിയംപാറ, ഈശോ കുര്യന്‍, സജി കുര്യന്‍, നടരാജന്‍ കൃഷ്ണന്‍, കുര്യാക്കോസ് ടി. ചാക്കോ, ചന്ദ്രന്‍പിള്ള, ബാബു മാത്യു, തോമസ് ദേവസി, ഷൈന്‍ ജോര്‍ജ്, ജയ്‌മോന്‍ സ്കറിയ, റിന്‍സി കുര്യന്‍, സജി തയ്യില്‍ തുടങ്ങി നിരവധി ആളുകളുടെ ചോദ്യങ്ങള്‍ക്ക് മാത്യു കുഴലനാടന്‍ മറുപടി പറയുകയുണ്ടായി. ജസി റിന്‍സി സ്വാഗതവും, സതീശന്‍ നായര്‍ നന്ദിയും പറഞ്ഞു.

തോമസ് പടന്നമാക്കല്‍ അറിയിച്ചതാണിത്.