സാംസ്‌കാരിക വിശേഷങ്ങള്‍

കേരളത്തിന്റെ വികസനത്തിനായി എല്ലായ്‌പ്പോഴും കോണ്‍ഗ്രസ്: ചാണ്ടി ഉമ്മന്‍

ജീമോൻ റാന്നി 2017-11-11 11:03:02am

ഹൂസ്റ്റൻ : ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും കേരളത്തിന്റെ സമഗ്ര വികസനത്തിനായി നിലകൊള്ളുന്ന പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് എൻഎസ്‍യുഐ, യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹിയും കോൺഗ്രസ് യുവനിരയിലെ പ്രമുഖനുമായ ചാണ്ടി ഉമ്മൻ പറഞ്ഞു. ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് (INOC) ടെക്സാസ് ചാപ്റ്റർ ഒരുക്കിയ പ്രത്യേക സ്വീകരണ സമ്മേളനത്തിലായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മന്റെ പ്രസംഗം.

നവംബർ 7 ചൊവ്വാഴ്ച വൈകിട്ട് 6.30 ന് സ്റ്റാഫോർഡിലെ ദേശി റസ്റ്റോറന്റിൽ വച്ചു കൂടിയ സമ്മേളനത്തിൽ ഐഎൻഒസി പ്രസിഡന്റ് ജോസഫ് എബ്രഹാം അധ്യക്ഷത വഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് മെംബറും റാന്നി അങ്ങാടി പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മേഴ്സി പണ്ടിയത്തിനും സമ്മേളനത്തിൽ സ്വീകരണം നൽകി.

ചാപ്ടർ സെക്രട്ടറി ബേബി മണക്കുന്നേൽ സ്വാഗതം ആശംസിച്ചു. ഡോ. രഞ്ജിത്ത് പിള്ള ചാണ്ടി ഉമ്മനെ സദസിനു പരിചയപ്പെടുത്തി. ജീമോൻ റാന്നി മേഴ്സി പണ്ടിയത്തിനെയും പരിചയപ്പെടുത്തി. തുടർന്ന് പങ്കെടുത്തവരെല്ലാം സ്വയം പരിചയപ്പെടുത്തി. പ്രസിഡന്റ് ജോസഫ് എബ്രഹാം ചാണ്ടി ഉമ്മനേയും പൊന്നുപിള്ള മേഴ്സി പണ്ടിയത്തിനേയും പൊന്നാട അണിയിച്ച് ആദരിച്ചു.

കേരളത്തിൽ യുഡിഎഫ് ഗവൺമെന്റ് ആരംഭിച്ച വികസന പദ്ധതികൾ തുടർന്നുകൊണ്ടു പോകുവാനല്ലാതെ പുതിയ ഏതെങ്കിലും ജനോപകാര പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനോ നടപ്പാക്കുന്നതിനോ ഇച്ഛാശക്തിയില്ലാത്ത ഇടതുപക്ഷ ഗവൺമെന്റിനെ ഓർത്ത് സഹതപിക്കുന്നു എന്നും 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ 20 സീറ്റുകളും നേടിക്കൊണ്ട് യുഡിഎഫ് വീണ്ടും അധികാരത്തിൽ തിരികെ വരുമെന്നും പക്വതയും നിശ്ചദാർഢ്യവും നിറഞ്ഞ മറുപടി പ്രസംഗത്തിൽ ചാണ്ടി ഉമ്മൻ സമർഥിച്ചു.

കേരളത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനും നാടിന്റെ വികസനത്തിനും യുഡിഎഫ് അധികാരത്തിൽ വന്നേമതിയാകൂ എന്നു മേഴ്സി പണ്ടിയത്ത് തന്റെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു. ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെപ്പറ്റി തുടർന്നു നടന്ന ചോദ്യോത്തരങ്ങളും സംവാദങ്ങളും ചടങ്ങിനെ സമ്പുഷ്ടമാക്കി.

കെൻ മാത്യു, ജെയിംസ് കൂടൽ, ശശിധരൻ നായർ, ജികെ പിള്ള, ഏബ്രഹാം തോമസ്, ഡോ. ഈപ്പൻ ദാനിയേൽ, ജോർജ് കാക്കനാട്ട്, തോമസ് ഓലിയാംകുന്നേൽ, വി. വി. ബാബുക്കുട്ടി, മാമ്മൻ ജോർജ്, രാജൻ യോഹന്നാൻ, ബിബി പാറയിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

ഐഎൻഒസി നാഷണൽ ജോ. ട്രഷറർ വാവച്ചൻ മത്തായി നന്ദി പ്രകാശിപ്പിച്ചു.