സാംസ്‌കാരിക വിശേഷങ്ങള്‍

അവയവ ദാനത്തിലൂടെ ബോണി അബ്രഹാം അമര്‍ത്യതയിലേക്ക്

പി. പി. ചെറിയാൻ 2017-11-11 11:08:35am

ഡാലസ്: ആയുസ്സിന്റെ പാതി വഴിയിൽ ജീവിതം ഉപേക്ഷിക്കേണ്ടിവന്നെങ്കിലും ഏതു നിമിഷവും മരണം പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന ഏഴുപേർക്ക് ജീവന്റെ പുത്തൻ തുടിപ്പുകൾ സമ്മാനിച്ചുകൊണ്ടാണ് ബോണി ഏബ്രഹാം നിത്യതയിലേക്ക് പ്രവേശിച്ചതെന്ന്  മർത്തോമാ ചർച്ച് ഓഫ് ഡാലസ് (ഫാർമേഴ്സ് ബ്രാഞ്ച്) വികാരി റവ. സജി പി. സി. അച്ചൻ അനുസ്മരിച്ചു.

രണ്ടു മാസങ്ങൾക്കു മുമ്പ് മുംബൈയിൽ നിന്നാണ് മാതാപിതാക്കളോടൊപ്പം ബോണി ഡാലസിൽ ഇമ്മിഗ്രന്റ് വിസയിൽ എത്തിയത്. ബിരുദധാരിയായ ബോണി അടുത്ത വർഷം മാസ്റ്റർ  ബിരുദത്തിനുള്ള പ്രവേശനം പ്രതീക്ഷിച്ചു കഴിയുന്നതിനിടയിലാണ് എല്ലാവരേയും കണ്ണീരിലാഴ്ത്തി അപ്രതീക്ഷിതമായി താൽക്കാലിക ജീവിതത്തോട് വിട പറഞ്ഞത്.

ഡാലസിൽ പിതാവിന്റെ സഹോദരി കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ബോണി ഹൂസ്റ്റണിലുള്ള മാതൃസഹോദരിയെ സന്ദർശിച്ച് മടങ്ങി വരുന്നതിനിടെ വഴിയിൽവച്ചു പെട്ടന്നുണ്ടായ അസുഖത്തെ തുടർന്ന് അടിയന്തിരമായി പാർക്ക് ലാന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇതിനിടയിൽ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.

ഓമനിച്ചു വളർത്തി വലുതാക്കിയ ഏക മകന്റെ മരണത്തിൽ സമചിത്തത വിടാതെ ചുറ്റും കൂടിയിരുന്നവരുമായി ചർച്ച ചെയ്തശേഷം ബോണിയുടെ പിതാവ് ഇപ്രകാരമാണ് പ്രതികരിച്ചത്.

ഇരുപത്തിയാറു വർഷം മാത്രമാണ് എന്റെ മകനു ജീവിക്കാൻ ദൈവം അവസരം നൽകിയത്. എനിക്കതിൽ പരിഭവമോ പരാതിയോ ഇല്ല. എന്നാൽ മരണശേഷവും ഞങ്ങളുടെ മകൻ ജീവിക്കണം. ബോണിയുടെ അവയവദാന സമ്മത പത്രത്തിൽ തികഞ്ഞ സംതൃപ്തിയോടും നിശ്ചയദാർഢ്യത്തോടും ഞങ്ങൾ ഒപ്പിട്ടു നൽകുകയാണ്. പിതാവിന്റെ അപ്രതിക്ഷിതമായ വാക്കുകൾ ഡോക്ടറന്മാരെപോലും അത്ഭുതപ്പെടുത്തി. ബോണിയുടെ ശരീരത്തിൽ നിന്നും വേർപ്പെടുത്തിയെടുത്ത ഏഴു പ്രധാന അവയവ ഭാഗങ്ങൾ പ്രതീക്ഷകൾക്ക് ഭംഗം സംഭവിച്ച് മരണത്തെ മുഖാമുഖമായി കണ്ടുകൊണ്ടിരുന്ന ഏഴു മനുഷ്യ ജീവിതങ്ങളെയാണ് വീണ്ടും പ്രതീക്ഷകളുടെ ചിറകിലേറാൻ സഹായിച്ചത്.

നവംബർ 7 ചൊവ്വ ഡാലസ് മർത്തോമാ ചർച്ചിൽ നടന്ന ആദ്യ ഭാഗ സംസ്ക്കാര ശുശ്രൂഷക്ക് നോർത്ത് അമേരിക്ക – യൂറോപ്പ് മർത്തോമാ ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. ഐസക്ക് മാർ ഫിലക്സിനിയോസ് മുഖ്യ കാർമ്മികത്വവും ഡാലസിലെ വിവിധ ഇടവകളെ പ്രതിനീധീകരിച്ചു എത്തിയിരുന്ന വൈദികർ  സഹകാർമ്മികത്വവും വഹിച്ചു.

ശുശ്രൂഷകൾക്കുശേഷം ബോംബെയിൽ ആയിരുന്നപ്പോൾ ബോണിയുടെ മാതാപിതാക്കളും കുടുംബാംഗങ്ങളുമായി അഭിവന്ദ്യ തിരുമേനിക്കുണ്ടായിരുന്ന ഹൃദ്യമായ സ്നേഹ ബന്ധത്തിന്റെ സ്മരണകൾ. ഹൃദയാന്തർഭാഗത്തു നിന്നും തേങ്ങലുകളായി ഉയർന്നത് കൂടിയിരുന്നവരുടെ കണ്ണുകളെ ജലാശയങ്ങളാക്കി മാറ്റി.

ടെക്സസിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അന്തിമോപചാരം അർപ്പിക്കുന്നതിന് എത്തിചേർന്നവർ ബോണിയുടെ മൃതദേഹത്തിനു മുമ്പിലൂടെ കടന്നു പോയതു ഈറനണിഞ്ഞ നയനങ്ങളോടെയായിരുന്നു.

പൂർണ്ണമായും വിടരും മുമ്പെ അറുത്തെടുക്കപ്പെട്ട ബോണിയുടെ ജീവന്റെ തുടിപ്പുകൾ അനശ്വരമായി നിലനില്ക്കുന്നു. മാതാപിതാക്കൾ പ്രകടിപ്പിച്ച താൽപര്യം അനുകരണീയവും അഭിനന്ദനാർഹവുമാണ്.

ഒരു പുരുഷായുസ്സിൽ പോലും അപ്രാപ്യമായ പുണ്യ പ്രവർത്തി 26 വർഷത്തിനുള്ളിൽ പൂർത്തീകരിച്ച് കേരളത്തിന്റെ മണ്ണിൽ അലിഞ്ഞു ചേർന്നു. ബോണിയുടെ നന്മ നിറഞ്ഞ ജീവിതത്തിനു മുമ്പിൽ ശിരസ്സ് നമിക്കുന്നു.