സാംസ്‌കാരിക വിശേഷങ്ങള്‍

ബാര്‍ കോഡ് മാറ്റി ഒട്ടിച്ച് കുറഞ്ഞ വിലക്ക് സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

പി. പി. ചെറിയാൻ 2017-11-13 11:15:20am

ഫ്ലോറിഡാ : 1825.20 ഡോളർ വിലമതിക്കുന്ന ഇലക്ട്രോണിക്സ് സാധനങ്ങൾ 3.70 ഡോളറിന് വാങ്ങാൻ ശ്രമിച്ച ആംബർ വെസ്റ്റ് എന്ന 25കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കംപ്യൂട്ടർ ഉൾപ്പെടെ നിരവധി സാധനങ്ങൾ തിരഞ്ഞെടുത്ത ശേഷം ക്ലിയറിങ് വിൽപനക്ക് വച്ചിരുന്ന സാധനങ്ങളുടെ സ്റ്റിക്കർ പറിച്ചെടുത്തു. വില കൂടിയ സാധനങ്ങളുടെ സ്റ്റിക്കറിനു മുകളിൽ പതിച്ചാണ് യുവതി തട്ടിപ്പിന് ശ്രമിച്ചത്.

ഫ്ലോറിഡാ ലോക്കൽ വാൾമാർട്ടിൽ വാരാന്ത്യമായിരുന്നു സംഭവം. സെൽഫ് ചെക്കൗട്ടിൽ എത്തി സാധനങ്ങൾ സ്കാൻ ചെയ്ത് ബാഗിൽ വെക്കുന്നതിനിടെ സംശയം തോന്നിയാണ് ഇവരെ പിടികൂടിയത്.

മകന് ഗിഫ്റ്റ് നൽകുന്നതിന് ആവശ്യമായ പണം ഇല്ലാത്തതിനാലാണ് ഇതിനു ശ്രമിച്ചതെന്നും കംപ്യൂട്ടർ ഭർത്താവിനു വേണ്ടിയായിരുന്നുവെന്നും ഇവർ പൊലീസിനോട് കുറ്റസമ്മതം നടത്തി. ഷോപ്പിൽ നിന്നും സാധനങ്ങൾ കടത്തി കൊണ്ടു പോകാൻ ശ്രമിച്ചതിനും കളവ് നടത്തിയതിനും ഇവർക്കെതിരെ കേസ്സെടുത്തതായി റിവർ കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു. തുടർന്ന് ജയിലിലടച്ച ഇവരെ 3,000 ഡോളർ ജാമ്യത്തിൽ വിട്ടു. കേസ്സ്  ഡിസംബർ 13ന് വാദം കേൾക്കുന്നതിനായി മാറ്റിവെച്ചു