സാംസ്‌കാരിക വിശേഷങ്ങള്‍

എസ്.എം.സി.സി ഫ്‌ളോറിഡ ചാപ്റ്റര്‍ ഒരുക്കുന്ന ഇന്ത്യ- ശ്രീലങ്ക ടൂര്‍

ജോയിച്ചന്‍ പുതുക്കുളം 2017-11-24 05:28:54am

മയാമി: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) ഫ്‌ളോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഏഷ്യന്‍ വന്‍കരയിലെ ചരിത്രമുറങ്ങുന്ന മഹത്തായ രണ്ടു രാജ്യങ്ങളിലൂടെ 16 ദിവസത്തെ ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. ഫെബ്രുവരി 7-ന് യാത്രതിരിച്ച് ഫെബ്രുവരി 22-നു തിരിച്ചെത്തുന്നു.

മനുഷ്യ ചരിത്രത്തിന്റെ നാള്‍വഴികളില്‍ അനേക സംവത്സരങ്ങളുടെ ചരിത്രവും, കഥകളും, കാഴ്ചകളും, തിരുശേഷിപ്പുകളും കാത്തുസൂക്ഷിക്കുന്ന ഭാരതം എന്ന ഇന്ത്യയേയും, ഇന്ത്യയുടെ തെക്കേ മുനമ്പിനോട് ചേര്‍ന്ന ദ്വീപ് രാജ്യമായ സിലോണ്‍ എന്ന ശ്രീലങ്കയും, ജനസംഖ്യയുടെ എഴുപതു ശതമാനത്തോളം വരുന്ന ബുദ്ധമത വിശ്വാസികളുടേയും കടല്‍ത്തീരങ്ങളുടേയും ടൂറിസ്റ്റുകളേയും വരവേല്‍ക്കുന്ന മനോഹരമായ രാജ്യം.

ഈ രണ്ടു രാജ്യങ്ങളിലെ വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളേയും, കലകളേയും, ഭാഷകളേയും, മാതാചാരങ്ങളേയും, രുചിഭേദങ്ങളേയും അനുഭവിച്ചറിയുവാനും ആസ്വദിക്കാനും ഇടയാക്കുന്ന ഒരു യാത്രയാണ് എസ്.എം.സി.സി ഈ ടൂറിലൂടെ ഒരുക്കിയിരിക്കുന്നത്.

ചിക്കാഗോ രൂപതയുടെ ആത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഫ്‌ളോറിഡ ചാപ്റ്ററായ കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഇടവകയുടെ വികാരിയും, എസ്.എം.സി.സി ചാപ്റ്റര്‍ സ്പിരിച്വല്‍ ഡയറക്ടറുമായ ഫാ. തോമസ് കടുകപ്പള്ളിയുടെ അനുഗ്രഹാശീര്‍വാദത്തോടുകൂടി ഇന്ത്യയിലും കേരളത്തിലും അമേരിക്കയിലുമായി നിരവധി ജീവകാരുണ്യ, സാമൂഹിക, ആത്മീയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായ രീതിയില്‍ വര്‍ഷംതോറും നടത്തിവരുന്നുണ്ടെന്നു എസ്.എം.സി.സി പ്രസിഡന്റ് സാജു വടക്കേല്‍ അറിയിച്ചു.

എസ്.എം.സി.സിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് വര്‍ഷംതോറും ജാതിമതഭേദമെന്യേ അമേരിക്കയിലെമ്പാടുമുള്ള അനേകര്‍ ആഗ്രഹിക്കുന്ന വിശുദ്ധ നാട്ടിലൂടെയുള്ള എക്യൂമെനിക്കല്‍ തീര്‍ത്ഥാടനവും ലോകത്തിന്റെ വിവിധ രാജ്യങ്ങളിലൂടെയുള്ള ഉല്ലാസയാത്രകളും സംഘടിപ്പിക്കുന്നത്. 2015 മുതല്‍ വര്‍ഷംതോറും നടത്തിവരുന്ന ഈ തീര്‍ത്ഥാടനവും, ഉല്ലാസയാത്രകളും വഴി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ജാതിമതഭേദമെന്യേയുള്ള അമേരിക്കന്‍ മലയാളികള്‍ മാത്രമല്ല, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആളുകളും, അമേരിക്കക്കാരും ഉള്‍പ്പടെ നൂറുകണക്കിന് ആളുകള്‍ക്ക് ഇതിനകം പതിനഞ്ചിലധികം ലോക രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാന്‍ ഇടയായതെന്ന് ടൂര്‍ കോര്‍ഡിനേറ്റര്‍ ജോയി കുറ്റിയാനി അറിയിച്ചു.

2018 ഫെബ്രുവരി 7 മുതല്‍ ഫെബ്രുവരി 22 വരെയുള്ള 16 ദിവസം ഇന്ത്യയിലേയും, ശ്രീലങ്കയിലേയും പ്രധാന നഗരങ്ങളും, ചരിത്രസാക്ഷ്യങ്ങളും, സുഖവാസകേന്ദ്രങ്ങളും, വിവിധ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളും കോര്‍ത്തിണക്കിയാണ് ഈ ടൂര്‍ ക്രമീകരിച്ചിരിക്കുന്നത്.

ഈ ടൂറിന്റെ യാത്രാ ചെലവും, ഭക്ഷണം, താമസം, വേമ്പനാട്ട് കായലില്‍ ഹൗസ് ബോട്ടില്‍ ഒരു ദിവസത്തെ രാത്രി താമസം ഉള്‍പ്പടെ 3,399 ഡോളറാണ് ചെലവ് വരുന്നത്. യാത്ര ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ 500 ഡോളര്‍ അഡ്വാന്‍സ് തുക നല്‍കി ഡിസംബര്‍ 20-നു മുമ്പ് ബുക്ക് ചെയ്യണമെന്ന് പ്രസിഡന്റ് സാജു വടക്കേല്‍ അറിയിച്ചു.

ഫ്‌ളോറിഡയിലും, ന്യൂയോര്‍ക്കിലും, കേരളത്തിലുമായി ഓഫീസുകളുള്ള ഫെയ്ത്ത് ഹോളിഡേയ്‌സ് എന്ന ട്രാവല്‍ കമ്പനിയാണ് എസ്.എം.സി.സിക്കുവേണ്ടി ടൂറിന്റെ ക്രമീകരണങ്ങള്‍ നടത്തിവരുന്നത്.

അമേരിക്കയില്‍ എവിടെനിന്നും ഈ ടൂറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബുക്കിംഗിനും, യാത്രയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കുമായി ജേക്കബ് തോമസ് (ഷാജി) 954 336 7731 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്നു ടൂര്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.