സാംസ്‌കാരിക വിശേഷങ്ങള്‍

ഫ്ലൂ മാരകമാകുന്നു; വൈറസ് കണ്ടെത്തിയ അടുത്ത ദിവസം യുവതി മരിച്ചു

പി.പി.ചെറിയാൻ 2017-12-05 12:41:21pm

ഫീനിക്സ്: ഫ്ലൂ വൈറസ് യഥാസമയം കണ്ടെത്തി ആവശ്യമായ ചികിത്സ നൽകാതിരിക്കുന്നത് മരണത്തിലേക്ക് നയിക്കുന്നതിനു പോലും സാധ്യതയുണ്ടെന്ന് അടിവരയിടുന്ന സംഭവം ഫിനിക്സിൽ നിന്നും റിപ്പോർട്ട് ചെയ്തു. 2 വയസും 6 മാസവും പ്രായമുള്ള രണ്ടു കുട്ടികളുടെ മാതാവായ അലാനി മുറിയേറ്റ എന്ന 20 വയസ്സുകാരി ഫ്ലൂ വൈറസ് കണ്ടെത്തി പിറ്റേ ദിവസം മരണമടഞ്ഞ സംഭവമാണ് ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കഴിഞ്ഞ ഞായറാഴ്ച അലാനിയുടെ പിതൃസഹോദരി വീട്ടിൽ നിന്നും പോകുമ്പോൾ അലാനിക്ക് ചെറിയ തോതിൽ പനി ഉണ്ടായിരുന്നതായും പിറ്റേ ദിവസം ആശുപത്രിയിൽ പരിശോധനയ്ക്കായി എത്തിയപ്പോൾ ഫ്ലൂ വൈറസ് സ്ഥിരീകരിക്കുകയും ചെയ്തു. തീരെ അവശനിലയിലായ അലാനിയുടെ ഫ്ലൂ പെട്ടെന്ന് ന്യുമോണിയയായി മാറുകയും മരണം സംഭവിക്കുകയും ചെയ്തതായി ആശുപത്രി അധികൃതർ പറയുന്നു.

പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനങ്ങൾ ഫ്ലൂ വ്യാപകമാകുന്നതിന് സാധ്യത വർധിപ്പിക്കുന്നതായും ഇതിനെതിരെ പ്രതിരോധ കുത്തിവയ്പുകൾ സ്വീകരി ക്കുകയോ, രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഉടനെ ആശുപത്രിയിൽ ചികിത്സ തേടുകയോ  വേണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ തുടർച്ചയായ മുന്നറിയിപ്പുകൾ നൽകി വരുന്നുണ്ട്.

ഫ്ലൂ സീസൻ ആരംഭിച്ചതിനുശേഷം ഒക്കലഹോമയിൽ ഇതിനകം രണ്ടു മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.