സാംസ്‌കാരിക വിശേഷങ്ങള്‍

ഫോര്‍ട്ട്‌ബെന്റ് കൗണ്ടി ജഡ്ജ് സ്ഥാനത്തേക്ക് കെ.പി.ജോര്‍ജ്ജ് മത്സരിക്കുന്നു

ജീമോന്‍ റാന്നി 2017-12-06 11:54:33am

ഹൂസ്റ്റൻ : ഹൂസ്റ്റനിലെ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ സജ്ജീവ സാന്നിധ്യമായ കെ. പി. ജോർജ് സുപ്രധാന  പദവിയായ ഫോർട്ട്ബെന്റ് കൗണ്ടി ജഡ്ജ് കൗണ്ടിയുടെ ഭരണാധികാരി സ്ഥാനത്തേക്ക് മത്സരിക്കുന്നു. ടെക്സാസിലെ ഏറ്റവും വലിയ കൗണ്ടികളിലൊന്നായ ഫോർട്ട്ബെൻഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യൻ വംശജൻ ഈ പദവിയിലേയ്ക്ക് മത്സരിക്കുന്നത്.

റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി വീണ്ടും മത്സരിക്കുന്ന ഇപ്പോഴത്തെ കൗണ്ടി ജഡ്ജ് റോബർട്ട് നെബർട്ടിനെതിരെ ശക്തമായ ഒരു മത്സരം കാഴ്ച വെച്ചുകൊണ്ട് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കെ. പി. ജോർജ് ശ്രമിക്കുന്നത്.

പത്തനംതിട്ട സ്വദേശിയായ ജോർജ് 2014 ൽ 75,000ൽ പരം  വിദ്യാർത്ഥികൾ പഠിക്കുന്ന ടെക്സാസിലെ ഏറ്റവും വലിയ സ്കൂൾ ഡിസ്ട്രിക്റ്റുകളിലൊന്നായ ഫോർട്ട്ബെൻഡ്  ISD യുടെ ട്രസ്റ്റി ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 2017 മേയിൽ നടന്ന തിരഞ്ഞെടുപ്പിൽ 64 ശതമാനം വോട്ടുകൾ നേടി വീണ്ടും ട്രസ്റ്റി ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

66 ശതമാനത്തിലധികം ഏഷ്യൻ, ന്യൂനപക്ഷ വോട്ടുകളുള്ള കൗണ്ടിയിൽ 100 കണക്കിന് മലയാളി കുടുംബങ്ങളും  തിങ്ങി പാർക്കുന്നു. അമേരിക്കയിലെ  മാറിയ സാഹചര്യത്തിൽ ജനാധിപത്യ തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഇന്ത്യൻ, മലയാളി സമൂഹത്തിൽപ്പെട്ടവരുടെ പങ്കാളിത്തവും പ്രാതിനിധ്യവും ഉണ്ടാകേണ്ടതുണ്ടെന്നും വളർന്നുവരുന്ന പുത്തൻ തലമുറയെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും ജോർജ് പറഞ്ഞു.

ഹാർവി ദുരന്തനിവാരണ വേളയിൽ ഒരു ശക്തമായ കൗണ്ടി ഭരണസംവിധാനത്തിന്റെ അഭാവം ശ്രദ്ധയിൽപ്പെടുകയും പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുമ്പോൾ അടിയന്തര സാഹചര്യങ്ങളെ നേരിടുവാൻ തക്ക സംവിധാനങ്ങൾ കൗണ്ടിയിലില്ല എന്നും മനസിലായെന്ന് ജോർജ് പറഞ്ഞു. വൈവിദ്ധ്യ സമൂഹത്തിൽപ്പെട്ടവർക്ക് പ്രത്യേകിച്ച് മലയാളി സമൂഹത്തിൽ ദുരിതമനുഭവിച്ചവർക്ക് വേണ്ട വിധത്തിൽ സഹായിയ്ക്കുവാൻ കഴിയാതിരുന്ന കൗണ്ടി ഭരണ സംവിധാനത്തിന്റെ വീഴ്ചകളാണ് തന്നെ മത്സരിയ്ക്കാൻ പ്രേരിപ്പിച്ചതെന്ന്  കെ. പി. ജോർജ് പറഞ്ഞു.

1993 മുതൽ അമേരിക്കയിലുള്ള ഒരു ഫൈനാൻഷ്യൽ പ്ലാനർ കൂടിയായ കെ. പി. ജോർജ് എല്ലാ പ്രവാസി മലയാളി സുഹൃത്തുക്കളുടെയും സഹകരണം ഉണ്ടെങ്കിൽ വിജയം സുനിശ്ചിതമാണെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.