സാംസ്‌കാരിക വിശേഷങ്ങള്‍

അരിസോണ മലയാളി എക്യുമെനിക്കല്‍ ഫെല്‍ലോഷിപ്പിന്റെ സംയുക്ത ക്രിസ്തുമസ് ആഘോഷം ശ്രദ്ധേയമായി

റോയി മണ്ണൂര്‍ 2018-01-12 06:31:04am

ഫീനിക്‌സ്: അരിസോണ മലയാളി എക്യുമെനിക്കല്‍ ഫെല്‍ലോഷിപ്പിന്റെ സംയുക്ത ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 9 ന്  വൈകിട്ട്  5  മണിക്ക്  മേസ ഡോബ്‌സണ്‍ ഹൈസ്‌കൂള്‍  ഓഡിറ്റോറിയത്തില്‍ അരങ്ങേറി. റെവ.ഡോക്ടര്‍.ജോര്‍ജ്  ഉമ്മന്റ്റെ  പ്രാരംഭ പ്രാര്‍ത്ഥനയെ തുടര്‍ന്ന് റെവ.ഫാദര്‍. ഷിന്‍ന്റോ  റ്റി. ഡേവിഡ്  സ്വാഗത പ്രസംഗം  നിര്‍വഹിച്ചു. കേരളത്തിന്റെ തനതു ശൈലിയില്‍  എല്ലാ വൈദീകരും കമ്മറ്റി അംഗങ്ങളും ചേര്‍ന്ന്  ഭദ്രദീപം തെളിയിച്ചതോടെ ആഘോഷങ്ങള്‍ക്കു തുടക്കമായി. വിവിധ പള്ളികളില്‍ നിന്നുള്ള 12 വേ  ഗ്രേഡ്  പാസ്സായ 16  കുട്ടികള്‍ക്ക്  ട്രോഫികള്‍ നല്‍കി ആദരിച്ചതിനോടൊപ്പം അരിസോണ മലയാളി എക്യുമെനിക്കല്‍ ഫെല്‍ലോഷിപ്പിന് വേണ്ടി നടത്തിയ പുതിയ ലോഗോ ഡിസൈനിങ്  മത്സരത്തില്‍ വിജയിച്ച മഹിമ വര്‍ഗീസ്  എന്ന)കുട്ടിക്കും (സെന്റ്. പീറ്റേഴ്‌സ്  യാക്കോബൈറ്റ് ചര്‍ച്) കംപ്യൂട്ടര്‍ ഗ്രാഫിക്ക്‌സിലൂടെ ലോഗോ കൂടുതല്‍ മിഴിവുറ്റതാക്കിയ സാം ജോര്‍ജിനും  (ഹോളി ഫാമിലി സീറോ മലബാര്‍ കാത്തലിക്  ചര്‍ച്ച് ) ഫലകങ്ങള്‍  നല്‍കി ആദരിച്ചു. റെവ.ഫാദര്‍ .ജോര്‍ജ് എട്ടുപറയില്‍ (പ്രസിഡന്റ്) തന്റെ പ്രസംഗത്തില്‍  എക്യുമെനിക്കല്‍ ഫെല്‍ലോഷിപ്പിന്റെ പ്രസക്തിയെ ക്കുറിച്ചു സംസാരിച്ചു.

റെവ.ഡോക്ടര്‍. ജോര്‍ജ്  ഉമ്മന്‍  നല്‍കിയ ക്രിസ്തുമസ് സന്ദേശം  സദസ്സ്യരെ അക്ഷരാര്‍ത്ഥത്തില്‍ ചിന്തിപ്പിക്കുന്നതായിരുന്നു. വിവിധ പള്ളികളുടെ ഗായക സംഘങ്ങള്‍ ആലപിച്ച ഇമ്പമേറിയ കരോള്‍ ഗാനങ്ങള്‍  ചടങ്ങിനെ  ഹൃദ്യമാക്കി. സെന്റ്  പീറ്റേഴ്‌സ്  യാക്കോബൈറ്റ് ചര്‍ച്ചിലെയും  ഹോളി ഫാമിലി സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലെയുംകുട്ടികള്‍  അവതരിപ്പിച്ച നൃത്തങ്ങള്‍ ആഘോഷത്തിന്റെ  മാറ്റ് വര്‍ദ്ധിപ്പിച്ചപ്പോള്‍  ഫീനിക്‌സ് മാര്‍ത്തോമാ ചര്‍ച്ചിന്റെ സണ്‍ഡേസ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച നൃത്തവും യുവജനങ്ങള്‍ അവതരിപ്പിച്ച സ്‌കിറ്റും  പ്രശംസനീയമായിരുന്നു. സെന്റ്. തോമസ് ഓര്‍ത്തഡോക്‌സ്  ചര്‍ച്ചിലെയും, സെനറ്റ്.പീറ്റേഴ്‌സ്  യാക്കോബൈറ്റ് ചര്‍ച്ചിലെയും  കൊച്ചു കുട്ടികളുടെ കരോള്‍ ഗാനങ്ങള്‍ വളരെ മെച്ചപ്പെട്ടതായിരുന്നു. വിവിധ പള്ളികളില്‍ നിന്നും തീരുമാനിക്കപെട്ടവരുടെ  ബൈബിള്‍ വായന  ഒരു ഭക്തിയുടെ അന്തരീക്ഷം തന്നെ സൃഷ്ടിച്ചു. റെവ.ഫാദര്‍. സജി മാര്‍ക്കോസിന്റെ നേതൃ ത്വത്തില്‍  സ്‌തോത്രകാഴ്ച്ചയും ഉണ്ടായിരുന്നു. സെക്രട്ടറി. ശ്രീ കിരണ്‍ കോശി നന്ദി രേഖപ്പെടുത്തി.

റെവ.സ്റ്റാന്‍ലി തോമസിന്റെ പ്രാര്‍ത്ഥനക്കു ശേഷം ചോക്കലേറ്റ് കളുമായി  സാന്റാക്ലോസ്  എത്തിയതോടെ കുട്ടികള്‍ ആഘോഷതിമിര്‍പ്പിലായി. ശ്രീ. തോമസ് അപ്രേമും,  മിസ്സ്. കിരണ്‍ കുര്യനും പരിപാടിയുടെ അവതാരകരായിരുന്നു. സന്നിഹിതരായിരുന്ന എല്ലാവര്ക്കും ഭക്ഷണ പാക്കെറ്റുകള്‍  വിതരണം ചെയ്തതോടെ ആഘോഷങ്ങള്‍ക്ക് തിരശീല വീണു.