സാംസ്‌കാരിക വിശേഷങ്ങള്‍

പ്രമുഖ സാമൂഹ്യ പരിഷ്‌കര്‍ത്താവ് രവി രഗ്ബീര്‍ ന്യൂയോര്‍ക്കില്‍ അറസ്റ്റില്‍

പി. പി. ചെറിയാൻ 2018-01-12 11:33:26am

ന്യൂയോർക്ക് : പ്രമുഖ സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകനും ന്യു സാൻചുവറി കൊയലേഷൻ (New Sanctuary Coalition) എക്സിക്യൂട്ടീവ് ഡയറക്ടറുമായ രവി രഗ്ബീറിനെ ജനുവരി 11 ന് ന്യൂയോർക്കിൽ ഇമ്മിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. രവിയോടു ഉടൻ രാജ്യം വിട്ടു പോകാൻ അധികൃതർ ഉത്തരവിട്ടു.

രവിയുടെ അറസ്റ്റിൽ പ്രതിഷേധിച്ചു ജേക്കബ് ജാവിറ്റ് ഫെഡറൽ ബിൽഡിങ്ങി നു  മുമ്പിൽ നൂറുകണക്കിനു ഇന്ത്യക്കാർ ഉൾപ്പെടെ തടിച്ചു കൂടിയവരിൽ നിന്നും  രണ്ടു ന്യൂയോർക്ക് സിറ്റി കൗൺസിൽ മെമ്പർമാർ ഉൾപ്പെടെ 16 പേരെ പൊലീസ് കയ്യാമം വെച്ചു കസ്റ്റഡിയിലെടുത്തു. കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കുവേണ്ടി നിരന്തരം ശബ്ദം ഉയർത്തിയിരുന്ന രവി സമൂഹത്തിലെ എല്ലാവരാലും ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു.

1991 ൽ അമേരിക്കയിൽ സന്ദർശക വിസയിൽ എത്തിയ രവി 1994 മുതൽ നിയമപരമായി സ്ഥിര താമസക്കാരനായിരുന്നു. 2001 ൽ  തട്ടിപ്പുകേസ്സിൽ  പ്രതിയായ രവി 22 മാസം ഇമ്മിഗ്രേഷൻ  തടവിലായിരുന്നു.

2006 ൽ രാവിലെ നാടുകടത്തുന്നതിന് ഇമ്മിഗ്രേഷൻ ജഡ്ജി ഉത്തരവിട്ടിരുന്നു. എന്നാൽ 2018 വരെ ഇവിടെ കഴിയുന്നതിനുള്ള അനുമതി ഇമ്മിഗ്രേഷൻ അധികൃതർ നൽകി.  2008 ൽ  വിട്ടയച്ച  രവി സജീവമായി രംഗത്തെത്തി. ബ്രൂക്ക്ലിനിൽ ഭാര്യ ഏലിയും മകൾ ദബോറയുമായി താമസിക്കുന്ന രവിയുടെ ഡിപ്പോർട്ടേഷൻ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിരവധി അറ്റോർണിമാർ രംഗത്തെത്തിയിട്ടുണ്ട്.