സാംസ്‌കാരിക വിശേഷങ്ങള്‍

റോക് ലാണ്ട് ജോയിന്റ് കൗണ്‍സില്‍ ഭക്തിനിര്‍ഭരമായി ഐക്യക്രിസ്തുമസ് ആഘോഷിച്ചു

ജോര്‍ജ് തുമ്പയില്‍ 2018-01-12 11:36:36am

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ റോക് ലാണ്ട് കൗണ്ടിയിലുള്ള വിവിധ ക്രൈസ്തവ സഭകളുടെ സംയുക്തവേദിയായ ജോയിന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ പതിനെട്ടാമത് ഐക്യ ക്രിസ്തുമസ് ആഘോഷം ജനുവരി മാസം 7-ാം തീയതി ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് സഫേണിലുള്ള സെന്റ് മേരീസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വെച്ചു നടത്തപ്പെട്ടു. വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ഗായകസംഘാംഗങ്ങളും, ഇടവകജനങ്ങളും കമ്മറ്റിയംഗങ്ങളും പട്ടക്കാരും, അഭിവന്ദ്യ തിരുമേനിയും മുഖ്യകവാടത്തിലൂടെ ദേവാലയത്തില്‍ പ്രവേശിച്ചതോടുകൂടി ആഘോഷങ്ങള്‍ക്കു തുടക്കമായി. തുടര്‍ന്നു നടന്ന ആരാധനയ്ക്ക് അഭിവന്ദ്യ തിരുമേനിയും പട്ടക്കാരും നേതൃത്വം നല്‍കി.

റോക് ലാണ്ട് കൗണ്ടിയിലുള്ള ഓള്‍ സെയിന്റ്‌സ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ച്, ബഥനി മാര്‍ത്തോമ്മാ ചര്‍ച്ച്, സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് മേരീസ് ക്‌നാനായ കാതലിക് ചര്‍ച്ച് സി.എസ്സ.ഐ. ക്രൈസ്റ്റ് ചര്‍ച്ച്, സെന്റ് ജെയിംസ് മാര്‍ത്തോമ്മാ ചര്‍ച്ച്, സെന്റ് മേരീസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, എന്നിവരുടെ വേദവായനയും, ഗാനശുശ്രൂഷയും കൂടാതെ ജേക്കബ് ജോര്‍ജിന്റെ നേതൃത്വത്തില്‍ വിവധ ഇടവകകളില്‍ നിന്നുള്ള മുപ്പതംഗ സംയുക്ത ഗായകസംഘവും ആഘോഷത്തില്‍ ശ്രുതിമധുരങ്ങളായ ഗാനങ്ങളാലപിച്ചു. സെന്റ് ജെയിംസ് ഇടവക യുവജനങ്ങള്‍ അവതരിപ്പിച്ച വാദ്യസംഗീതം ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടി.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാ മാര്‍ നിക്കോളവോസ് മെത്രാപ്പോലീത്താ ക്രിസ്തുമസ് സന്ദേശം നല്‍കി. വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് സെന്‍ട്രല്‍ കമ്മറ്റിയംഗവും ചര്‍ച്ച് വേള്‍ഡ് സര്‍വ്വീസ് ബോര്‍ഡ് മെമ്പറുമായ അഭിവന്ദ്യ തിരുമേനിയെ സമ്മേളനത്തില്‍ ആശംസിച്ചു. റവ.ഫാ.ഡോ.രാജു വര്‍ഗീസ് അഭിവന്ദ്യ തിരുമേനിയെ ആശംസകളറിയിച്ചു.

സെന്റ് മേരീസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ കുട്ടികള്‍ അവതരിപ്പിച്ച ജനനപെരുന്നാളിന്റെ ദൃശ്യാവിഷ്‌ക്കരണം ആഘോഷങ്ങളിലെ മുഖ്യഘടകമായിരുന്നു. ക്രിസ്തുമസ് ആഘോഷത്തിലെ സ്‌ത്രോത്രകാഴ്ചയില്‍ നിന്നും ലഭിച്ച തുക ഹാര്‍വി, ഇര്‍മ കൊടുങ്കാറ്റുകളില്‍ ദുരിതമനുഭവിക്കുന്നവരുടെ ജീവകാരുണ്യപ്രവര്‍ത്തനത്തിനു വിനിയോഗിക്കുന്നതിനായി ചര്‍ച്ച് വേള്‍ഡ് സര്‍വ്വീസിനു സമ്മേളനത്തില്‍ വെച്ചു സംഭാവനയായി നല്‍കി. ജോയിന്റ് കൗണ്‍സില്‍ പ്രസിഡന്റ് റവ.സജു ബി.ജോണ്‍ ആമുഖപ്രഭാഷണം നടത്തി. കഴിഞ്ഞ 18 വര്‍ഷങ്ങളായി സംയുക്ത ഗായകസംഘത്തിനു ഗാനപരിശീലനം നല്‍കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ജേക്കബ് ജോര്‍ജിനെ ചടങ്ങില്‍ പൊന്നാട ഇട്ടു ആദരിച്ചു. സെക്രട്ടറി ജിജി റ്റോം സ്വാഗതവും ട്രഷറര്‍ സജി എം.പോത്തന്‍ നന്ദിയും രേഖപ്പെടുത്തി. വെരി.റവ.ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പായുടെ സമാപന പ്രാര്‍ത്ഥനയോടെയും ആശിര്‍വാദത്തോടും ചടങ്ങുകള്‍ സമാപിച്ചു. മറ്റു വൈദീകരായ റവ.മാത്യു ബേബി, റവ.ഫാ.ഡോ.വര്‍ഗീസ് എം. ഡാനിയേല്‍, ഫാ.തോമസ് മാത്യു, ഫാ.ജോസഫ് മാത്യു അടോപ്പിള്ളില്‍ എന്നിവരും സാന്നിധ്യം നല്‍കി സഹായിച്ചു.

കഴിഞ്ഞ പതിനെട്ടു വര്‍ഷങ്ങളായി ജോയിന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്, റോക് ലാണ്ട് കൗണ്ടിയിലെ വിവിധ സഭാ വിഭാഗങ്ങള്‍ക്ക് ക്രിസ്തീയ കൂട്ടായ്മയും, പരസ്പര സഹകരണവും നല്‍കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. റവ.സജു. ബി. ജോണ്‍ പ്രസിഡന്റ്, റവ.ഫാ.മാത്യു തോമസ്(വൈസ് പ്രസിഡന്റ്), ജിജി റ്റേം (സെക്രട്ടറി), ഡാനിയേല്‍ വര്‍ഗീസ്(ജോയിന്റ് സെക്രട്ടറി), സജി പോത്തന്‍(ട്രഷറര്‍), ബാബു മത്തായി(ജോയിന്റ് ട്രഷറര്‍), ബാബു മാത്യു, ജീമോന്‍ വര്‍ഗീസ്, രാജന്‍ മാത്യു എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരുമായി, വിവിധ ഇടവകളിലെ പട്ടക്കാരും കമ്മറ്റിയംഗങ്ങളുമടങ്ങുന്ന വിപുലമായ കമ്മറ്റിയാണ് ആഘോഷങ്ങള്‍ക്കു വേണ്ട നേതൃത്വം നല്‍കിയത്.