സാംസ്‌കാരിക വിശേഷങ്ങള്‍

123-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍- "പന്തല്‍ കാല്‍" നാട്ട് കര്‍മ്മം നിര്‍വ്വഹിച്ചു

പി. പി. ചെറിയാൻ 2018-01-13 01:49:18pm

മാരാമൺ: 123–ാമത് മാരാമൺ കൺവൻഷന്റെ പന്തൽ കാൽനാട്ട് കർമ്മം ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്താ നിർവ്വഹിച്ചു. മർത്തോമാ ഇവാഞ്ചലിസ്റ്റിക്ക് അസോസിയേഷൻ  ജന. സെക്രട്ടറി റവ. ജോർജ് ഏബ്രഹാം, ലേഖക സെക്രട്ടറി സി. വി. വർഗീസ്  അത്മായ ട്രസ്റ്റി പി. പി. അച്ചൻകുഞ്ഞ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഒന്നര ലക്ഷത്തിൽപരം ആളുകൾക്ക് ഒരേ സമയം ഇരിക്കുന്നതിനുള്ള പന്തലാണ് മാരാമൺ മണൽപുറത്ത് ഒരുങ്ങുന്നത്. എല്ലാവർഷവും ഫെബ്രുവരി മാസം നടക്കുന്ന കൺവൻഷൻ  8 ദിവസം നീണ്ടു നിൽക്കും. 1895 ലാണ് കൺവൻഷന് തുടക്കം കുറിച്ചത്. ഫെബ്രുവരി 11 മുതൽ 18 വരെ മാരാമൺ കൺവൻഷൻ നടക്കുക.

ഡോ. ജോസഫ് മാർത്തോമ (മുഖ്യരക്ഷാധികാരി), ഡോ. യുയാക്കിം മാർ കൂറിലോസ് (പ്രസിഡന്റ്) റവ. സാമുവേൽ സന്തോഷ്, അനിൽ മാരാമൺ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ കൺവൻഷന്റെ  വിജയകരമായ നടത്തിപ്പിനായി  പ്രവർത്തിച്ചുവരുന്നു. മർത്തോമാ സഭയിലെ ആത്മീക നവോത്ഥാനത്തിന് മാരാമൺ കൺവൻഷൻ എന്നും പ്രേരക ശക്തിയായി പ്രവർത്തിക്കുന്നു.

രാത്രി യോഗങ്ങളിൽ സ്ത്രീകൾക്ക്  പ്രവേശനം അനുവദിക്കണമെന്നാവശ്യം കഴിഞ്ഞ വർഷം ശക്തമായി ഉയർന്നുവെങ്കിലും  കീഴ്‌വവഴക്കം തുടരണമെന്നാണ് മെത്രാപ്പോലീത്താ നിർദ്ദേശിച്ചത്. മർത്തോമാ സുവിശേഷ സംഘത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന മാരാമൺ കൺവൻഷൻ വേണ്ടി വന്നാൽ സഭ നേരിട്ട് ഏറ്റെടുത്ത് നടത്തുമെന്നും മെത്രാപ്പോലീത്താ പറഞ്ഞിരുന്നു.