സാംസ്‌കാരിക വിശേഷങ്ങള്‍

പ്രവാസപ്രശ്‌നങ്ങള്‍: നേരനുഭവങ്ങള്‍ പങ്കുവച്ച് ഉപസമ്മേളനം

പി. ശ്രീകുമാര്‍ 2018-01-13 02:13:58pm

പരിഹാര നിര്‍ദേശങ്ങള്‍ ഒട്ടേറെ

പ്രവാസി ദുരിതങ്ങളുടെ നേരനുഭവങ്ങള്‍ പങ്കുവച്ച് ലോകകേരള സഭയുടെ ഉപസമ്മേളനം. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ - പ്രവാസത്തിന് മുമ്പും പ്രവാസത്തിലും എന്ന വിഷയത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് മറ്റ് സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും പ്രവാസി മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചയും പരിഹാരനിര്‍ദ്ദേശങ്ങളും ഉയര്‍ന്നുവന്നത്.

അഞ്ഞൂറും അറുനൂറും റിയാലിന് വേണ്ടി ക്രൂരമായ ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാവുന്ന ഖദ്ദാമമാരുടെ കഷ്ടപ്പാടുകള്‍ മുതല്‍ പ്രവാസത്തിലിരിക്കെ മരണപ്പെട്ട് ആശുപത്രി ബില്ല് അടയ്ക്കാന്‍ വഴിയില്ലാതെ മൃതദേഹം വിട്ടുകിട്ടുന്നതിനായി മാസങ്ങള്‍ കാത്തിരിക്കേണ്ടിവരുന്ന ഉറ്റവരുടെയും ഉടയവരുടെയും നിസ്സഹായത വരെ അവതരിപ്പിച്ചപ്പോള്‍ പലരുടെയും കണ്ഠമിടറി. നാട്ടില്‍ വീട്ടുജോലിക്കാരെ കിട്ടാത്ത ഇക്കാലത്ത് പതിനായിരമോ പതിനയ്യായിരമോ രൂപയ്ക്കായി സൗദിയിലേക്ക് വീട്ടുജോലിക്കുപോവുന്ന മലയാളി സ്ത്രീകള്‍ ഇക്കാര്യത്തില്‍ ഒരു പുനരാലോചനയ്ക്ക് തയ്യാറാകണമെന്ന് സൗദിയില്‍ നിന്നുള്ള അഹ്മദ് കൂരാച്ചുണ്ട് അഭിപ്രായപ്പെട്ടു. പല രാജ്യങ്ങളിലും ശക്തമായ തൊഴില്‍ നിയമങ്ങളുണ്ടെങ്കിലും അതേക്കുറിച്ചുള്ള അജ്ഞത മൂലം പ്രവാസികള്‍ക്ക് അവയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. വിസ പ്രകാരം വാഗ്ദാനം ചെയ്യപ്പെട്ട ജോലിയും ശമ്പളവും ലഭിക്കാതെ വഞ്ചിക്കപ്പെടുന്ന കേസുകള്‍ ധാരാളമാണെന്നും ഇക്കാര്യത്തില്‍ പുതുതായി ജോലിക്കുപോവുന്നവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് കീഴില്‍ സംവിധാനം വേണമെന്നും നിര്‍ദ്ദേശമുണ്ടായി. 

വീട്ടുജോലിക്ക് പോകുന്നവര്‍ക്ക് യാത്രതിരിക്കുന്നതിന് മുമ്പ് ജോലിയുടെ സ്വഭാവം, നേരിടാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍, നേരിടാനുള്ള വഴികള്‍, ആവശ്യമായ പരിശീലനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ഓറിയന്റേഷന്‍ നല്‍കാന്‍ നോര്‍ക്കയ്ക്കു കീഴില്‍ സംവിധാനം വേണമെന്ന് മുന്‍ കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ മകന്‍ കൂടിയായ അഹ്മദ് റയീസ് പറഞ്ഞു. ആശുപത്രികളില്‍ മരിച്ച കേസുകളില്‍ ചികില്‍സാ ചെലവ് നല്‍കാന്‍ കമ്പനികള്‍ തയ്യാറാവാതിരിക്കുകയും ബന്ധുക്കള്‍ക്ക് അതിന് ശേഷിയില്ലാതിരിക്കുകയും ചെയ്യുന്നതു മൂലം മൃതദേഹം വിട്ടുകിട്ടാന്‍ കാലതാമസം നേരിടുന്ന സംഭവങ്ങള്‍ നിരവധിയാണ്. ഇത്തരം കേസുകളില്‍  ചെലവ് വഹിക്കാന്‍ സര്‍ക്കാരിന്റെ സംവിധാനങ്ങളുണ്ടാവണം. ഇവ പരിഹരിക്കാനുതകുന്ന ഇന്‍ഷൂറന്‍സ് സംവിധാനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ആയുര്‍വേദ മരുന്നുകള്‍ കൈവശം വച്ചതിന് മയക്കുമരുന്ന് നിയമങ്ങളില്‍ കുടുങ്ങി വിദേശരാജ്യങ്ങളില്‍ ജയിലുകളില്‍ കഴിയുന്നവരും വന്‍തുക പിഴയൊടുക്കേണ്ടിവരുന്നവരും ഏറെയാണെന്ന് ന്യൂസിലാന്റില്‍ നിന്നുള്ള ഡോ. ജോര്‍ജ് അബ്രഹാം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ അഭിമാനമായ ആയുര്‍വേദ മരുന്നുകള്‍ക്ക് ഇവിടങ്ങളില്‍ അംഗീകാരം നേടിയെടുക്കാന്‍ ഫലപ്രദമായ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. യാത്രയ്ക്കിടെ മറ്റുള്ളവര്‍ നല്‍കുന്ന പൊതികള്‍ സ്വീകരിച്ച് മയക്കുമരുന്നുകേസുകളില്‍ പെടുന്ന പ്രവാസികള്‍ ഏറെയാണ്. ഇക്കാര്യത്തില്‍ ശക്തമായ ബോധവല്‍ക്കരണം നല്‍കാന്‍ കേരളത്തിലെയും മംഗലാപുരത്തെയും വിമാനത്താവളങ്ങളില്‍ പ്രവാസി ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങണമെന്നും നിര്‍ദേശമുണ്ടായി. 

ചെക്ക് കേസില്‍ സമ്പാദ്യം മുഴുവന്‍ വിറ്റ് തുകയടച്ചിട്ടും ബാക്കി എത്ര കേസുകളുണ്ടെന്ന് പോലുമറിയാതെ ജയിലുകളില്‍ കഴിയുന്ന പ്രവാസികളുണ്ട്. ഇവരുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് നിയമസഹായം ലഭ്യമാക്കുന്നതിന സംവിധാനം വേണമെന്ന് ഖത്തറില്‍ നിന്നുള്ള പി.എന്‍ ബാബുരാജന്‍ പറഞ്ഞു. കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് ഈടാക്കുന്ന തുകയ്ക്ക് പുറമെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിലേക്ക് രണ്ട് ഡോളര്‍ വീതം ഖത്തര്‍ പോലെയുള്ള സ്ഥലങ്ങളില്‍ പ്രവാസികളില്‍ നിന്ന് ഈടാക്കുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ക്ഷേമപ്രവര്‍ത്തനങ്ങളില്‍ വലിയ ഇടപെടല്‍ ഉണ്ടാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ഫണ്ടില്‍ നിന്ന് പ്രവാസികളുടെ ചികില്‍സയ്ക്ക് തുക അനുവദിക്കാന്‍ സംവിധാനം വേണമെന്നും നിര്‍ദേശമുയര്‍ന്നു. 

മലയാളികളുടെ പ്രവാസത്തിന് പഴക്കമേറെയുണ്ടെങ്കിലും അതേക്കുറിച്ച് ഗൗരവത്തില്‍ പഠനം നടത്താന്‍ ഇതുവരെ ശ്രമങ്ങളുണ്ടായിട്ടില്ലെന്ന് ലോക കേരള സഭയുമായുടെ ഭാഗമായി നടന്ന ഉപചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. പ്രവാസത്തിന്റെ സാധ്യതകള്‍, സവിശേഷതകള്‍, പ്രശ്‌നങ്ങള്‍ തുടങ്ങിയവയെക്കുറിച്ച പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി പ്രത്യേക ഇന്റര്‍നാഷനല്‍ മൈഗ്രേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആവശ്യമാണെന്ന് ചര്‍ച്ചയില്‍ നിര്‍ദേശമുണ്ടായി. 

ലോക കേരള സഭയിലെ അംഗങ്ങള്‍ക്ക് പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിന് സംവിധാനം വേണമെന്ന് ഗുജറാത്തില്‍ നിന്നുള്ള പ്രതിനിധി ഡോ. പ്രമോദ് പണിക്കര്‍ ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ എം.എല്‍.എമാരായ വി അബ്ദുറഹിമാന്‍, പാറക്കല്‍ അബ്ദുല്ല, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ഡോ. വി വേണു തുടങ്ങിയവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. 

പഠനത്തിന് വിദേശത്ത് പോകുന്നവര്‍ക്ക് ഗൈഡന്‍സ് സെന്റര്‍ വേണം

വിദേശത്ത് ഉപരിപഠനത്തിന് പോകുന്നവര്‍ ചതിക്കുഴികളില്‍ പെടാതിരിക്കാന്‍ ആവശ്യമായ മാര്‍ഗ നിര്‍ദേശം നല്‍കുന്നതിന് നോര്‍ക്കയുടെ കീഴില്‍ സംവിധാനം വേണമെന്ന് ലോക കേരള സഭയുടെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. പല മികച്ച വിദ്യാര്‍ഥികള്‍ക്കും ഫീസ് നല്‍കാതെ സ്‌കോളര്‍ഷിപ്പും പാര്‍ട് ടൈം ജോലിയും സഹിതം ഉന്നത പഠനത്തിന് വിദേശസര്‍വകലാശാലകളില്‍ അവസരമുണ്ടെങ്കിലും ഇത് പലര്‍ക്കുമറിയില്ല. വിദേശരാജ്യങ്ങളില്‍ ലഭ്യമായ മികച്ച പഠനാവസരങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അറിവ് നല്‍കാന്‍ ഗൈഡന്‍സ് സെന്റര്‍ സംവിധാനം സഹായകമാവും. 

യൂറോപ്യന്‍-അമേരിക്കന്‍ രാജ്യങ്ങളില്‍ ഉപരിപഠനത്തിന് പോകുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. വിദ്യാര്‍ഥികളെ കോളേജുകളിലെത്തിച്ച് കമ്മീഷന്‍ വാങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് കാനഡയിലും മറ്റുമുള്ള പല ഏജന്‍സികളും പ്രവര്‍ത്തിക്കുന്നത്. ഇതുമൂലം വിദൂര പ്രദേശങ്ങളില്‍ ദുസ്സഹമായ സാഹചര്യങ്ങളില്‍ ജീവിക്കേണ്ട സാഹചര്യമാണ് വിദ്യാര്‍ഥികള്‍ നേരിടേണ്ടിവരുന്നത്. ഇത് പരിഹരിക്കാന്‍ ഔദ്യോഗിക തലത്തില്‍ സംവിധാനം വേണം. വിദേശ യൂനിവേഴ്‌സിറ്റികള്‍ കേരളത്തിലെ സര്‍വകലാശാലകളിലേക്ക് വെരിഫിക്കേഷന് അയക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ കാലതാമസമില്ലാതെ മറുപടി നല്‍കണം.  

കേരളത്തില്‍ നിന്നുള്ള മികച്ച ഉദ്യോഗാര്‍ഥികളില്‍ പലരും തൊഴില്‍ മേഖലകളില്‍ നിന്ന് പിന്തള്ളപ്പെടുന്നതിന് കാരണം ഇംഗ്ലീഷിലുള്ള ആശയ വിനിമയത്തിലെ പരിമിതിയാണ്. ഇത് പരിഹരിക്കുന്നതിനും വിദേശ തൊഴില്‍ മേഖലയ്ക്കനുയോജ്യമായ നൈപുണ്യം വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കുന്നതിനും സ്‌കൂള്‍ തലത്തില്‍ പദ്ധതികള്‍ വേണം. വിദേശ രാജ്യങ്ങളില്‍ പി.എസ്.സി, കെ.എ.എസ് പോലുള്ള മല്‍സര പരീക്ഷകള്‍ക്ക് കേന്ദ്രങ്ങള്‍ അനുവദിക്കുന്നത് പ്രവാസികള്‍ക്ക് ഗുണകരമാവുമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പഞ്ചാബ് ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് വിദേശ രാജ്യങ്ങളിലെ ഉപരിപഠനവുമായി ബന്ധപ്പെട്ട് നടക്കുന്ന വിസാ തട്ടിപ്പിനെതിരേ ജാഗ്രത പാലിക്കണമെന്നും ചര്‍ച്ചയില്‍ നിര്‍ദ്ദേശമുയര്‍ന്നു.

നൂതനാശയങ്ങളുടെ ലോകം തുറന്ന് ശാസ്ത്രജ്ഞര്‍ക്കൊപ്പം

ഗുരുകുലവിദ്യാഭ്യാസ സമ്പ്രദായവും റോബോട്ടിക്‌സും ഗണിതശാസ്ത്ര ചരിത്രവും ജീവജാലങ്ങളുടെ സംരക്ഷണവും സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട വേദിയായിരുന്നു സംസ്ഥാന യുവജനകമ്മീഷന്റെ ആഭിമുഖ്യത്തില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നടത്തിയ ശാസ്ത്രജ്ഞര്‍ക്കൊപ്പം എന്ന ഓപണ്‍ ഫോറം.

ഇന്ത്യയ്ക്കകത്തും പുറത്തും ശാസ്ത്ര ഗവേഷണ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച  പ്രൊഫ. ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ്, പ്രൊഫ. എ.എം. മത്തായി, പ്രൊഫ. പ്രദീപ് തലാപ്പില്‍, പ്രൊഫ. സത്യഭാമാദാസ് ബിജു, പ്രൊഫ. പ്രഹ്ലാദ് വടക്കേപ്പാട്ട് എന്നീ പ്രഗത്ഭരുമായി വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാനുളളഅവസരമൊരുക്കി ഓപണ്‍ ഫോറം. 

റോബോട്ടിക്‌സിന്റെ അനന്ത സാധ്യതകളെക്കുറിച്ചും നവീനാശയങ്ങളിലൂന്നിയുള്ള സംരംഭങ്ങളെക്കുറിച്ചും റോബോട്ടിക്സ് , ഹ്യുമനോയിഡ്സ്, ബയോമോര്‍ഫിക് റോബോട്ട്സ് തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദ്ധനായ പ്രൊഫ പ്രഹ്ളാദ് വടക്കേപ്പാട്ട് സംസാരിച്ചു. ഫെഡെറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ റോബോട്ട്- സോക്കര്‍ അസോസിയേഷന്റെ (ഫിറ) സ്ഥാപകനും ജനറല്‍ സെക്രട്ടറിയുമായ അദ്ദേഹം സിംഗപൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ അധ്യാപകനുമാണ്. ഗുരുകുല സമ്പ്രദായത്തിലുള്ള വിദ്യാഭ്യാസം കൂടുതല്‍ ഗുണംചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റോബോട്ടിക്‌സ് മേഖല ഒരേ സമയം ഗുണപ്രദവും വിവാദങ്ങളുണ്ടാക്കുന്നതുമാണെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു. ഈ മേഖല വികസിക്കുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുമോ എന്ന ആശങ്ക വലുതാണ്. എന്നാല്‍ ജോലി ചെയ്യാനാണോ മനുഷ്യന്‍ എന്നത് ഒരു മറുചോദ്യമാണ്. ഭിന്നശേഷിക്കാരുടെയും അംഗവൈകല്യം സംഭവിച്ചവരുടെയും ഉപയോഗത്തിനുതകുന്ന അനേകം മാറ്റങ്ങള്‍ റോബോട്ടിക്‌സ് എന്ന മേഖലയിലെ ഗവേഷണഫലമായി വന്നിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യകുലത്തിന് ഭീഷണിയാവുമെന്ന് കരുതുന്നില്ലെന്നും പ്രഹ്‌ളാദ് വടക്കേപ്പാട്ട് പറഞ്ഞു.

50 മുതല്‍ 60 ശതമാനം വരെയുള്ള ജീവജാലങ്ങള്‍ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാവുന്നുമെന്ന് ഡെല്‍ഹി സര്‍വകലാശാല പരിസ്ഥിതിപഠനവിഭാഗത്തിലെ സിസ്റ്റമാറ്റിക് ലാബ് മേധാവിയായ പ്രൊഫ സത്യഭാമ ദാസ് ബിജു പറഞ്ഞു. 1.7 ദശലക്ഷം വര്‍ഗം ജീവികളെയാണ് ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളത്. യഥാര്‍ത്ഥത്തിലുള്ള ജീവിവര്‍ഗങ്ങളുടെ എണ്ണം ഇതിലെത്രയോ മടങ്ങാണ്. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിനായി പ്രദേശങ്ങള്‍ തിരിച്ച് മാപ്  തയ്യാറാക്കുമെന്നും ഇത് ഗൂഗിളുമായി കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സ്യം, ഉഭയജീവികള്‍ തുടങ്ങിയവയുടെ ഡാറ്റാബേസ് തയ്യാറാക്കി പൊതുജനത്തിന് നല്കുവാനും പദ്ധതിയുണ്ട്. വംശനാശം സംഭവിച്ച ജീവികളെ പുനരുജ്ജീവിപ്പിക്കാനുള്ള ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ പ്രകൃത്യാലുള്ള കാരണങ്ങളാല്‍ വംശനാശം സംഭവിച്ചവയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ആവശ്യകത തനിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉഭയജീവികളുടെ സംരക്ഷണത്തില്‍ ഗവേഷണം നടത്തിയിട്ടുള്ള പ്രൊഫ സത്യഭാമ ദാസ് ബിജു യൂണിവേഴ്‌സിറ്റി കോളേജ് പൂര്‍വവിദ്യാര്‍ത്ഥിയാണ്.

കഴിഞ്ഞ 200 വര്‍ഷം കൊണ്ട് എട്ട് ദശലക്ഷം രാസവസ്തുക്കളാണ് മനുഷ്യന്‍ നിര്‍മിച്ചത്. എന്നാല്‍ അടുത്ത 10 വര്‍ഷം കൊണ്ട് ഇതിലധികം രാസവസ്തുക്കളുണ്ടാക്കും. അത്രയും വ്യാപകമായാണ് രസതന്ത്രമേഖലയില്‍ ഗവേഷണങ്ങള്‍ നടക്കുന്നതെന്ന് മോളിക്യുലര്‍ കെമിസ്ട്രി, നാനോസ്‌കെയില്‍ മെറ്റീരിയല്‍സ്, നാനോസയന്‍സ് & നാനോടെക്നോളജി എന്നിവയില്‍ വിദഗ്ധനായ പ്രൊഫ പ്രദീപ് തലാപ്പില്‍ പറഞ്ഞു. മദ്രാസ് ഐഐടിയിലെ രസതന്ത്രവിഭാഗം അദ്ധ്യാപകനായ അ്‌ദ്ദേഹം താന്‍ വികസിപ്പിച്ചെടുത്ത വെള്ളം ശുദ്ധീകരിക്കുന്ന സാങ്കേതിക രീതിയെക്കുറിച്ച് സംസാരിച്ചു. എട്ട് ദശലക്ഷം ആളുകള്‍ക്കാണ് ഈ മാര്‍ഗം ഉപയോഗിച്ച് ശുദ്ധീകരിച്ച ജലം വിതരണം ചെയ്യുന്നത്. ലോകമെമ്പാടുമുളള രസതന്ത്രലാബുകളില്‍ വിപ്‌ളവകരമായ പല ഗവേഷണങ്ങളും നടക്കുന്നുണ്ട്. ലാബുകളിലാണ് അടുത്ത വ്യവസായ വിപ്‌ളവം നടക്കാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
വിദ്യാര്‍ത്ഥികള്‍ക്ക് ഗണിതശാസത്രത്തില്‍ ഉന്നതവിദ്യാഭ്യാസം നടത്താനാവശ്യമായ പരിശീലനം നല്കണമെന്ന് സംസ്ഥാനത്തെ സെന്റര്‍ ഫോര്‍ മാത്തമറ്റിക്കല്‍ ആന്റ് സ്റ്റാറ്റിസ്റ്റിക്കല്‍  സയന്‍സസ് ഡയറക്ടര്‍ പ്രൊഫ എ എം മത്തായി  പറഞ്ഞു. സെന്ററിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണ കുതുകികള്‍ക്കും നല്കിയിരുന്ന പരിശീലനം ഫണ്ടിന്റെ ലഭ്യതക്കുറവുമൂലം ഇപ്പോള്‍ തുടരാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താത്പര്യമുള്ളവര്‍ക്ക് കോഴ്‌സുകള്‍ സൗജന്യമായി പഠിക്കാനുള്ള സാഹചര്യം വേണം. ഇന്ത്യന്‍ മാത്തമറ്റിക്കല്‍ സൊസൈറ്റി പ്രസിഡണ്ടും  സംസ്ഥാന സ്റ്റാറ്റിസ്റ്റികല്‍ കമ്മീഷന്‍ ചെയര്‍മാനുമായ എം എ മത്തായി കാനഡ മക്ഗില്‍ സര്‍വകലാശാല അധ്യാപകനാണ്.

ഗണിതശാസ്ത്രത്തോടുള്ള ഭയം ലോകമെമ്പാടുമുള്ളവരിലുണ്ടെന്ന് ഗണിതചരിത്രത്തില്‍ അഗ്രഗണ്യനായ പ്രൊഫ ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ് പറഞ്ഞു. മനുഷ്യമുഖങ്ങളില്ലാത്ത ഗണിതപുസ്തകങ്ങളും ഈ വിഷയത്തെ ആളുകളില്‍ നിന്നകറ്റുന്നു. ഗണിതശാസ്ത്രം കൂടുതല്‍ മാനവിക സ്പര്‍ശമുള്ളതാക്കണം. 14 മുതല്‍ 16 വരെ നൂറ്റാണ്ടുകളില്‍ കേരളത്തിലുണ്ടായ ഗണിതശാസ്ത്ര വികസനം തുടരാന്‍ നമുക്കായില്ല. മാധവന്‍, പരമേശ്വരന്‍, ദാമോദരന്‍, നീലകണ്ഠന്‍, ശങ്കരവാര്യര്‍ തുടങ്ങി ഗണിതശാസ്ത്ര വിദഗ്ദ്ധര്‍ അക്കാലത്തുണ്ടായിരുന്നു. കേരളത്തിന്റെ ഈ സംഭാവനകള്‍ ഇപ്പോള്‍ അന്താരാ്ഷ്ട്ര സമൂഹം അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്,  കേരളത്തിന്റെ ഗണിതശാസ്ത്ര സംഭാവനകളെക്കുറിച്ച് പാസേജ് ടു ഇന്‍ഫിനിറ്റി എന്ന പുസ്തകമെഴുതിയ ഗീവര്‍ഗീസ് ജോസഫ് പറഞ്ഞു.

ഗണിത ചരിത്രത്തില്‍ കപടവാദങ്ങള്‍ കടന്നു വരുന്നത് തടയാന്‍ ശാസ്ത്ര- യുക്തി ചിന്ത വളര്‍ത്തണമെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എതു തത്വത്തിന്റെയും അറിവിന്റെയും വസ്തുതാന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. 

മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് എഡ്യുക്കേഷനിലെയും കാനഡയിലെ മക് മാസ്റ്റര്‍ സര്‍വകലാശാലയിലെയും അധ്യാപകനാണ് ഗീവര്‍ഗീസ് ജോസഫ്. 

യോഗത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ മോഡറേറ്ററായിരുന്നു. സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം അദ്ധ്യക്ഷത വഹിച്ചു. യൂണിവേഴ്സിറ്റി കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജി. സന്തോഷ്‌കുമാര്‍, സംസ്ഥാന യുവജനകമ്മീഷന്‍ സെക്രട്ടറി ജോക്കോസ് പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വിദ്യാഭ്യാസ നവീകരണത്തിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് വിദ്യാഭ്യാസ ഉപസമ്മേള്ളനം

 വിദ്യാഭ്യാസമേഖലയുടെ നവീകരണത്തില്‍ ആവശ്യമായ പിന്തുണയും സഹായങ്ങളും പ്രവാസസമൂഹം വാഗ്ദാനം ചെയ്തു. {പായോഗികതയിലൂന്നിയ വിദ്യാഭ്യാസ സമ്പ്രദായം ഉരുത്തിരിയണമെന്ന് ലോക കേരള സഭയുടെ വിദ്യാഭ്യാസ ഉപസമ്മേളനം. പാഠ്യപദ്ധതിക്കുള്ളില്‍ തളയ്ക്കപ്പെടാതെ പ്രായോഗികജ്ഞാനവും ഉത്തരവാദിത്തവും വര്‍ധിപ്പിക്കാനുതകും വിധമായിരിക്കണം വിദ്യാഭ്യാസം. നൈപുണ്യം ആവശ്യമുള്ള തൊഴില്‍മേഖലകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നൈപുണ്യവികസനത്തിലും പ്രത്യേക പരിഗണന നല്‍കണമെന്നും ചര്‍ച്ചയില്‍ അഭിപ്രായഐക്യമുണ്ടായി. വിദ്യാഭ്യാസമന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉപസമ്മേളനത്തിലാണ് വിദ്യാഭ്യാസ മേഖലയില്‍ പ്രവാസികളുടെ ആവശ്യങ്ങളും ഗൗരവമുള്ള നിര്‍ദേശങ്ങളും ഉയര്‍ന്നുവന്നത്.

 വിവര വിസ്‌ഫോടനത്തിന്റെ കാലഘട്ടത്തില്‍ പുതിയ തൊഴിലുകള്‍ക്ക് വിദ്യാര്‍ഥികളെ സജ്ജമാക്കിയാല്‍ കൂടുതല്‍ അവസരങ്ങള്‍ വിദേശങ്ങളില്‍ നേടാന്‍ പ്രയാസമുണ്ടാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളും ഉള്ളടക്കത്തിലും സമഗ്ര പരിഷ്‌കാരങ്ങളാണ് നടത്തിവരുന്നത്.

 പുതുകാലത്തിനനുസൃതമായി വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ക്ക് പ്രവാസികള്‍ക്ക് മികച്ച പങ്ക് വഹിക്കാനാകും. സാമ്പത്തികമായ മുതല്‍മുടക്ക് മാത്രമല്ല, വൈജ്ഞാനികതലത്തില്‍ വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചക്ക് ഒട്ടേറെ സഹായങ്ങള്‍ക്ക് പ്രവാസികള്‍ക്ക് ശേഷിയുണ്ട്. വരുംതലമുറയുടെ വൈജ്ഞാനിക വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള നിക്ഷേപമാണിത്.

 {പവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിദ്യാഭ്യാസവകുപ്പില്‍ നിന്ന് ചെയ്യാനാവുന്നത് ചെയ്യും. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് ജനകീയവും വിദ്യാര്‍ഥി കേന്ദ്രീകൃതവുമായ വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 ഗൗരവമുള്ള ഒട്ടേറെ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു. വിപണിയുടെയും തൊഴില്‍ സാധ്യതയുടേയും പരിഗണനകള്‍ക്കനുസരിച്ചുള്ള സിലബസ് മാറ്റങ്ങള്‍ വരണം. കായിക പരിശീലനവും, നീന്തല്‍ ഉള്‍പ്പെടെയുള്ളവയും പാഠ്യപദ്ധതിയില്‍ വരണം. വ്യക്തി- സാമൂഹ്യ- ആരോഗ്യ വിദ്യാഭ്യാസങ്ങള്‍ പ്രാഥമിക വിദ്യാഭ്യാസത്തില്‍നിന്നേ തുടങ്ങുന്നത് നന്നായിരിക്കും. അറിവ് നേടുന്നതിനൊപ്പം ഉത്തരവാദിത്തവും ആത്മവിശ്വാസവും വളര്‍ത്താനുതകുന്ന പരിശീലനമാണ് വേണ്ടത്. കാര്യങ്ങള്‍ സ്വന്തമായി ചെയ്യാനുള്ള കഴിവ് ഇതിലൂടെ വളരും. തൊഴില്‍പരിശീലനവും നൈപുണ്യവും വികസിപ്പിക്കാന്‍ കഴിയുന്ന പാഠ്യക്രമം സ്‌കൂളുകളില്‍ വരണം. 

 മുമ്പ് നടപ്പാക്കിവന്ന ഡി.പി.ഇ.പി പോലുള്ള പദ്ധതികള്‍ ഇത്തരത്തില്‍ കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ ഉതകുന്നതായിരുന്നുവെന്ന് വിദേശങ്ങളിലെ വിവിധതരം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിനിധികള്‍ ഒരേസ്വരത്തില്‍ അഭിപ്രായപ്പെട്ടു.

 പാഠ്യപദ്ധതിക്കപ്പുറം ഗവേഷണങ്ങളിലൂടെയും പര്യവേക്ഷണങ്ങളിലൂടെയും അനുഭവങ്ങള്‍ ആര്‍ജിക്കുന്ന പഠനസമ്പ്രദായം മിക്ക വിദേശരാജ്യങ്ങളിലുണ്ട്. അത്തരം പഠനശൈലിയില്‍ നിന്ന് തിരികെ നാട്ടിലെത്തുമ്പോള്‍ സിലബസില്‍ ഒതുങ്ങിയുള്ള പഠനം കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പ്രവാസികള്‍ പറഞ്ഞു. 

 വികസിത രാജ്യങ്ങളിലേതുപോലെ സാമ്പ്രദായിക വിദ്യാഭ്യാസത്തിനൊപ്പം വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകുന്ന 'ഗിഫ്റ്റഡ് എഡ്യൂക്കേഷന്‍' കൂടി നടപ്പാക്കിയാല്‍ നന്നാകുമെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. കുട്ടികളില്‍ വായനാശീലം വളര്‍ത്താന്‍ അഡ്വാന്‍സ്ഡ് റീഡിംഗ് സൗകര്യങ്ങള്‍ ഒരുക്കണം. അഞ്ചുവയസുവരെ സൗജന്യമായി പുസ്തകങ്ങളും കഥാപുസ്തകളും നല്‍കിയാല്‍ വായനാശീലം വളരും.

 സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലൈബ്രറി സമ്പ്രദായം വിപുലീകരിക്കുകയും ഇ-റീഡര്‍ സൗകര്യം വ്യാപിപ്പിക്കുകയും ചെയ്യണം. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് സൗകര്യം ശക്തമാക്കുകയും ചെയ്യണം. ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ സൗകര്യം ശക്തമാക്കണം. പഠനവൈകല്യങ്ങളുള്ളവരെ പരിഗണിച്ച് അനുസൃതമായ സംവിധാനം ഒരുക്കണം. അധ്യാപകര്‍ക്കും പരിശീലകര്‍ക്കും നിലവാരം ഉറപ്പാക്കാന്‍ നടപടിയുണ്ടാകണം. 

തദ്ദേശീയരായ ഗോത്രവിഭാഗക്കാരുള്‍പ്പെടെയുള്ളവരെ പൊതുവായ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് വലിച്ചിഴയ്ക്കുന്നതു അത്തരക്കാരുടെ കൊഴിഞ്ഞുപോക്ക് വര്‍ധിക്കുന്നതായി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. അവരുടെ ചുറ്റുപാടില്‍തന്നെ ചുരുങ്ങിയത് പ്രൈമറിതലം വരെയെങ്കിലും പഠിക്കാന്‍ അവസരമൊരുക്കണം. 

കേരളത്തില്‍നിന്ന് പഠിച്ചുകഴിഞ്ഞ പല കോഴ്‌സുകളും വിദേശത്ത് അംഗീകാരം ലഭിക്കാത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടിയുണ്ടാകണം. വിദേശയൂണിവേഴ്‌സിറ്റികളുടെ കോഴ്‌സുകള്‍ തുടങ്ങാന്‍ കഴിയുമെങ്കില്‍ പരിഗണിക്കണം. 

ഡിസൈന്‍ ആന്റ് ടെക്‌നോളജിയില്‍ നിലവാരമുയര്‍ത്താന്‍ യൂണിവേഴ്‌സിറ്റികള്‍ വരണം. പ്രവാസികളുടെ മക്കള്‍ക്ക് ഗുണമാകുന്ന രീതിയില്‍ നോളജ് സിറ്റികള്‍ ആരംഭിക്കണം. വിമാനത്താവളങ്ങളോട് സാമീപ്യമുള്ള സ്ഥലങ്ങളില്‍ ഇത്തരം സ്ഥാപനങ്ങള്‍ വരുന്നത് സൗകര്യമാകും. 

 ഷാര്‍ജയില്‍ സുല്‍ത്താന്‍ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ സൗകര്യമൊരുക്കാമെന്ന് നല്‍കിയ വാഗ്ദാനം വേഗത്തില്‍ നടപ്പാക്കാന്‍ തുടര്‍നടപടികള്‍ക്ക് മുന്‍കൈയെടുക്കണം. കേരളത്തിലെ സിലബസില്‍ പഠിക്കാനുള്ള സൗകര്യം സലാല പോലെയുള്ള സ്ഥലങ്ങളില്‍ ആരംഭിക്കാന്‍ മുന്‍കൈയെടുക്കണം.  
 
 ഡി.പി.ഇ.പി പോലുള്ള കുട്ടികളുടെ പ്രായോഗിക പരിജ്ഞാനം വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ പിന്നീട് കേന്ദ്രം തന്നെ അംഗീകരിച്ചതാണെന്ന് ചര്‍ച്ചയ്‌ക്കൊടുവില്‍ സി.പി. നാരായണന്‍ എം.പി പറഞ്ഞു. നൈപുണ്യപരിശീലനം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡി.പി.ഇ.പി മികച്ച പാഠ്യപദ്ധതിയായിരുന്നെന്ന് പി.സി. ജോര്‍ജ് എം.എല്‍.എയും പറഞ്ഞു. ഉദ്യോഗസ്ഥതലത്തില്‍ വിവിധ പ്രശ്‌നങ്ങള്‍ മൂലമുള്ള കാലതാമസം ഒഴിവാക്കാന്‍ കൂടുതല്‍ നടപടികള്‍ വേണമെന്ന് പി.കെ. ബിജു എം.പി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്നുള്ള ബിരുദങ്ങളുമായി കേരളത്തിലെത്തുമ്പോള്‍ യൂണിവേഴ്‌സിറ്റികളില്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ഇപ്പോഴുയര്‍ന്ന നിര്‍ദേശങ്ങള്‍ക്ക് കൃത്യമായ തുടര്‍നടപടികള്‍ വേണമെന്ന് എം.എല്‍.എമാരായ എ. പ്രദീപ്കുമാര്‍, കെ. രാജന്‍ എന്നിവര്‍ പറഞ്ഞു.
 
 ചര്‍ച്ചയില്‍ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, കോളേജിയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ എം.എസ്. ജയ, 'കൈറ്റ്' എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ചെറിയ ലോകത്ത് വലിയ അവസരങ്ങള്‍:  വ്യവസായ, വിവരസാങ്കേതിക സമ്മേളനം ശ്രദ്ധേയമായി

പ്രവാസി മലയാളികള്‍ക്ക് നിക്ഷേപത്തിന് അനുകൂല അന്തരീക്ഷമാണ് കേരളത്തില്‍ ഉള്ളതെന്ന് ലോക കേരള സഭാ ഉപസമ്മേളനം. വ്യവസായ വകുപ്പു മന്ത്രി എ.സി. മൊയ്തീന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം വ്യവസായം, വിവര സാങ്കേതികം എന്നീ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. പ്രവാസികള്‍ക്ക് കേരളത്തില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്ന നയപരിപാടികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ ആരംഭിക്കുന്ന വ്യവസായ എസ്റ്റേറ്റുകളില്‍ അനുവദിക്കപ്പെട്ടിരിക്കുന്ന സ്ഥലത്തിന്റെ അഞ്ചു ശതമാനം പ്രവാസികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. നിക്ഷേപക സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള വ്യവസായ വാണിജ്യനയങ്ങളാണ് ഇപ്പോള്‍ നടപ്പാക്കി വരുന്നത്. കേരളത്തില്‍ പ്രവാസി വ്യവസായ സാദ്ധ്യതകള്‍ മെച്ചപ്പെടുത്തുന്നതിന് ഉയര്‍ന്നു വരുന്ന നിര്‍ദ്ദേശങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കും- അദ്ദേഹം പറഞ്ഞു.  

 തുടര്‍ന്ന് കേരളത്തിലെ വ്യവസായങ്ങളുടെ സാദ്ധ്യതകള്‍ വ്യക്തമാക്കുന്ന സംക്ഷിപ്ത റിപ്പോര്‍ട്ട് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. എം. ബീന അവതരിപ്പിച്ചു. കൊച്ചിയെ അന്താരാഷ്ട്ര നിലവാരമുള്ള തുറമുഖ പട്ടണമായി വികസിപ്പിക്കും. കൊച്ചി കപ്പല്‍ നിര്‍മ്മാണശാല എട്ട് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള വിധത്തില്‍ 5400 കോടി രൂപ മുതല്‍ മുടക്കില്‍ വികസിപ്പിക്കുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് കൂടുതല്‍ സാദ്ധ്യത തെളിയും. പ്രത്യേക സാമ്പത്തിക മേഖലകളെ ബന്ധിപ്പിച്ച ദേശീയപാതകള്‍ക്ക് അനുബന്ധമായി വ്യവസായ ഇടനാഴികള്‍ സ്ഥാപിക്കും. ഇതില്‍ കൊച്ചി- ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിയുടെ നിര്‍മ്മാണം പ്രരംഭഘട്ടത്തിലാണ്. 

ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതികള്‍ നടപ്പാക്കി വരുന്നു. 15 മുതല്‍ 20 ശതമാനം വരെ സബ്‌സിഡി ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് സര്‍ക്കാര്‍ നല്‍കും. ഐറ്റി ഇതര മേഖലകളിലും സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. ഇതിനായി 25 ലക്ഷം രൂപ വരെ കോലാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ ലോണ്‍ നല്‍കും. തൊഴില്‍ മേഖലയെയും വിദ്യാഭ്യാസ മേഖലയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സംയോജിത പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. കേരളത്തിലെ വ്യവസായ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വ്യവസായികളെ തന്നെ ബ്രാന്‍ഡ് അമ്പാസഡര്‍മാരാക്കും. 

കരകൗശല ഉല്പന്നങ്ങളുടെ രാജ്യാന്തര പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. സ്‌കൂള്‍ യൂണിഫോമുകള്‍ക്കായി കൈത്തറി വസ്ത്രങ്ങള്‍ ഉപയോഗിക്കുക എന്ന ആശയം യു.പി തലം വരെ നടപ്പാക്കിയിട്ടുണ്ട്. ഇത് കൂടുതല്‍ സ്‌കൂളുകളിലേയ്ക്ക് വ്യാപിപ്പിക്കുക വഴി കൈത്തറി വ്യവസായം മെച്ചപ്പെടുത്താനാകും. അസംസ്‌കൃത മുള തുടങ്ങിയ പ്രകൃതിജന്യ വസ്തുക്കള്‍ ഉപയോഗിച്ച് ഉല്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള വ്യവസായ സംരംഭങ്ങള്‍ക്കും പ്രോത്സാഹനം നല്‍കും. 

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ പൊതുവെ ലാഭത്തിലാണ്. ഇവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് പ്രൊഫഷണല്‍ മാനേജര്‍മാരെ നിയമിക്കും. ഒരേ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലയിപ്പിക്കും. വ്യവസായവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ വ്യവസ്ഥകള്‍ സംബന്ധിച്ച ഡ്യൂപ്ലിക്കേഷന്‍ ഒഴിവാക്കും. പഞ്ചായത്തുകള്‍ നിയമലംഘനം സംബന്ധിച്ച് നല്‍കുന്ന സ്റ്റോപ്പ് മെമോ ഇനി മുതല്‍ വിദഗ്ദ്ധ സമിതിയുടെ അഭിപ്രായം ആരാഞ്ഞതിനു ശേഷം മാത്രം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. വിവിധ ലൈസന്‍സുകള്‍ നല്‍കുന്നതിനായുള്ള പരിശോധനകള്‍ സംയുക്തമായി നടത്തും.

റോബോട്ടിക്‌സ് ആന്റ് റോട്ടമേഷന്‍ സംവിധാനം വികസിത രാജ്യങ്ങളില്‍ വിജയിച്ചു പ്രവര്‍ത്തിക്കുന്ന സാഹചര്യമായതിനാല്‍ വരും കാലങ്ങളില്‍ ഇത്തരം സാങ്കേതിക വിദ്യകളുടെ സാദ്ധ്യതകളും പരിശോധിക്കണമെന്ന് വാഷിംഗ്ടണില്‍ നിന്നുള്ള കണ്‍സള്‍ട്ടന്റ് ഡോ. പ്രീത ചാത്തോത്ത് പറഞ്ഞു. സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നതില്‍ താഴെത്തട്ടിലുള്ള സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്ന പ്രോജക്ടുകള്‍ കേരളത്തിലും നടപ്പാക്കണം. വിദേശ സഹകരണത്തോടെ വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ജപ്പാന്‍, സ്‌കാന്‍ഡിനേവിയന്‍ എന്നിവയുമായുള്ള സഹകരണത്തിന് പ്രധാന്യം നല്‍കണം. തേങ്ങ, ചക്ക തുടങ്ങിയ തനതു കാര്‍ഷക വിളകളുടെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ ഉല്പാദനവും വിദേശരാജ്യങ്ങളിലെ വിപണി സാദ്ധ്യതകളും പ്രയോജനപ്പെടുത്തണമെന്നും ഹെല്‍ത്ത് ടെക്‌നോളജി രംഗത്തും കേരളത്തിന് നിക്ഷേപക സാദ്ധ്യതകള്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു. 

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സേവനമേഖല ശൈശവദശയിലായതിനാല്‍ ഈ രംഗത്ത് നിക്ഷേപക സാദ്ധ്യതയുണ്ട്. കേരള സര്‍ക്കാര്‍ സംരംഭങ്ങള്‍ തുടങ്ങിയാല്‍ ധാരാളം പേര്‍ക്ക് ജോലി സാദ്ധ്യതയുണ്ടാകുമെന്നും ടാന്‍സാനിയയില്‍ നിന്നെത്തിയ പ്രതിനിധി അഭിപ്രായപ്പെട്ടു. വ്യവസായ സംരംഭങ്ങള്‍ സംബന്ധിച്ച നയപരമായ കാര്യങ്ങളും പ്രായോഗിക നടപടികളും സംബന്ധിച്ച് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ബോധവത്കരിക്കണമെന്നും അഭിപ്രായമുയര്‍ന്നു. സര്‍ക്കാരിന്റെ പ്രവാസി സൗഹൃദനയത്തിന് രാജ്യത്തിന് അകത്തും പുറത്തും വമ്പിച്ച പ്രചരണം നല്‍കണം. മള്‍ട്ടി കണ്‍ട്രി രജിസ്‌ട്രേഷനോടെ കേരളത്തില്‍ വ്യവസായം തുടങ്ങുന്നതിനുള്ള സാദ്ധ്യതകളും സര്‍ക്കാര്‍ പരിശോധിക്കണം. നവസാങ്കേതിക വിദ്യകള്‍ വേഗത്തില്‍ സ്വായത്തമാക്കാനും നടപ്പാക്കാനും കഴിയുന്ന വിധത്തില്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ ഡിജിറ്റല്‍ മാനേജര്‍മാര്‍ ഉണ്ടാകണം. കേരളത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഓണ്‍ലൈന്‍ റിമോട്ട് വിദ്യാഭ്യാസ പദ്ധതികള്‍ ആവിഷ്‌കരിക്കണം.  പ്രൈവറ്റ്-പബ്ലിക് പങ്കാളിത്തത്തില്‍ കമ്പനികള്‍ രൂപീകരിച്ച് കേരളത്തിന്റെ ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ നടപടി ഉണ്ടാകണം. ത്രീഡി പ്രിന്റിംഗ് ടെക്‌നോളജിയുടെ വ്യവസായ  സാദ്ധ്യതകളും പ്രയോജനപ്പെടുത്തണം. ലൈസന്‍സ് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണം. പ്രോപ്പര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍, കേരള അപ്പാര്‍ട്‌മെന്റ് ഓണര്‍ഷിപ്പ് ആക്ട് എന്നിവ പ്രയോജനപ്രദമായി നടപ്പാക്കണം. കേരളത്തില്‍ കാലങ്ങളായി തുടരുന്ന വര്‍ക്ക് ഷെഡ്യൂളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തണമെന്നും പ്രതിനിധികള്‍ നിര്‍ദ്ദേശിച്ചു.  

നോളജ് ഇക്കോണമിയുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി പുതിയ വ്യവസായ വിപ്ലവത്തിന് കേരളം തയ്യാറെടുക്കണമെന്നും അഭിപ്രായമുയര്‍ന്നു.      
     
എക്‌സൈസ് വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണന്‍, പി.കെ. ബിജു എംപി, എംഎല്‍എ.മാരായ സി.കെ. നാണു, വി.കെ.സി. മമ്മദ് കോയ, കെ.എസ്. ശബരിനാഥ്, കോവൂര്‍ കുഞ്ഞുമോന്‍, എന്‍. വിജയന്‍ പിള്ള, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഭാഷയ്‌ക്കൊരുഡോളര്‍ പദ്ധതി ലോകവ്യാപകമാക്കണം: ലോകകേരളസഭയില്‍ ആവശ്യം

 {പവാസികളില്‍ മലയാളഭാഷ കൂടുതല്‍ വ്യാപിപ്പിക്കുന്നതിനും മലയാളംമിഷന്‍ {പവര്‍ത്തനങ്ങള്‍ ഇതുവരെ ശ്രദ്ധകിട്ടാത്ത രാജ്യങ്ങളില്‍ തുടങ്ങുന്നതിനും നടപടികളുണ്ടാവണമെന്ന് ലോകകേരളസഭയുടെ ഭാഷയും സംസ്‌കാരവും സംബന്ധിച്ച ഉപസമ്മേളനത്തില്‍ പ്രതിനിധികളില്‍നിന്ന് ആവശ്യമുയര്‍ന്നു. പ്രമുഖ ക്യാന്‍സര്‍രോഗ വിദഗ്ധനും അമേരിക്കയിലെ തോമസ് ജെഫേഴ്‌സണ്‍ സര്‍വകലാശാലയിലെ ഓങ്കോളജി ക്‌ളിനിക്കല്‍ പ്രൊഫസറുമായ ഡോ.എം,വി.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC