സാംസ്‌കാരിക വിശേഷങ്ങള്‍

ലോക കേരളസഭ - മുഖ്യമന്ത്രിയുടെ ഉപസംഹാര പ്രസംഗം

പി. ശ്രീകുമാര്‍ 2018-01-13 03:16:44pm

കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന നല്‍കിക്കൊണ്ടിരിക്കുന്ന പ്രവാസികളെ വികസനപ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ ബന്ധിപ്പിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ ആവുന്ന തോതില്‍ പരിഹരിക്കാന്‍ ഇടപെടുന്നതിനുമുള്ള കാഴ്ചപ്പാടുകള്‍ പ്രകടനപത്രികയിലൂടെ നേരത്തേ തന്നെ അവതരിപ്പിച്ചിരുന്നു.

പ്രവാസി സംഘടനകളുടെ മേഖലാതല ആഗോള സമ്മേളനവും ആശയവിനിമയവും സംഘടിപ്പിക്കും എന്ന കാഴ്ചപ്പാടാണ് മുന്നോട്ടുവച്ചിരുന്നത്. കേരള ജനതയ്ക്ക് നല്‍കിയ ആ ഉറപ്പ് കൂടുതല്‍ വിശാലമായ രീതിയിലും ജനാധിപത്യപരമായും പാലിക്കുകയാണ് ലോക കേരളസഭ സ്ഥാപിക്കുന്നതോടെ ചെയ്തത്.

കേരളത്തിന്റെ വികസന കാര്യത്തില്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി യോജിച്ചുനില്‍ക്കണമെന്ന ആശയം സര്‍ക്കാര്‍ അധികാരമേറ്റയുടനെത്തന്നെ മുന്നോട്ടുവച്ചതാണ്. ആ കാഴ്ചപ്പാടിനെ പിന്തുണച്ചുകൊണ്ടുള്ള നിലപാട് പ്രതിപക്ഷ കക്ഷികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയും ചെയ്തു. കേരളത്തെ സ്‌നേഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളും ഈ ആശയത്തിനു പിന്നില്‍ ആത്മാര്‍ത്ഥതയോടെ അണിനിരക്കുന്നു എന്നതാണ് ഈ സമ്മേളനത്തിന്റെ വിജയം വ്യക്തമാക്കുന്നത്.

കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഒരു പുതിയ അധ്യായമായി ലോക കേരളസഭ മാറിയിരിക്കുകയാണ്. കേരളത്തിന്റെ വികസന അനുഭവങ്ങളില്‍ ഉണ്ടായിട്ടുള്ള ഈ പുതിയ നീക്കത്തെ നമുക്ക് ഒരുമിച്ചുനിന്ന് മുന്നോട്ടുകൊണ്ടുപോകാനാവണം. മറ്റെല്ലാകാര്യത്തിലുമെന്ന പോലെ ഇക്കാര്യത്തിലും നമുക്ക് കേരളത്തിന്റേതെന്ന നിലയ്ക്കുള്ള പുതുമാതൃക മുന്നോട്ടുവെയ്ക്കാനാവണം.

ലോക കേരളസഭയുടെ ആദ്യ സമ്മേളനത്തിന്റെ ചര്‍ച്ചയ്ക്കുള്ള കരട് രേഖ വിതരണം ചെയ്തിരുന്നല്ലോ. വിശദമായിത്തന്നെ ഉദ്ഘാടന പ്രസംഗത്തില്‍ ഈ രേഖയുടെ ഊന്നല്‍ മേഖലകള്‍ ഞാന്‍ വിശദീകരിച്ചിരുന്നു. 

കേരളത്തിന്റെ വികസന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്നും അതിന്റെയൊക്കെ പരിഹാരത്തിന് പ്രവാസികള്‍ക്ക് ഏതൊക്കെ രീതിയില്‍ ഇടപെടാന്‍ സാധിക്കുമെന്നും കരട് രേഖയില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഇതില്‍ അവതരിപ്പിച്ചിട്ടുള്ളതും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നിട്ടുള്ളതുമായ ആശയങ്ങള്‍ പ്രായോഗികമാക്കുന്നതിന് ആഗോളതലത്തില്‍ തന്നെ പ്രവാസികളെയാകെ കൂട്ടിയോജിപ്പിക്കുന്നതിനുവേണ്ടിയുള്ള ചില സംവിധാനങ്ങള്‍ രൂപപ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. ആ സംവിധാനങ്ങളെക്കുറിച്ച് സൂചിപ്പിച്ച ശേഷം സമ്മേളനത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന കാര്യങ്ങളെക്കുറിച്ച് പറയാം. 

നിര്‍ദ്ദേശങ്ങള്‍

1. വിദേശത്തുള്ള പ്രവാസി വ്യവസായ-വാണിജ്യ സംരംഭകരുമായി സജീവബന്ധം പുലര്‍ത്തുന്നതിനുവേണ്ടി പ്രവാസി വാണിജ്യ ചേംബറുകള്‍ക്ക് രൂപം നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. ഒരോ വിദേശമേഖലയ്ക്കും പ്രത്യേക ചേംബറുകള്‍ എന്ന നിലയിലാണ് ഉദ്ദേശിക്കുന്നത്. ഇവരും കേരളത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ചേംബറുകളും തമ്മില്‍ സൗഹൃദബന്ധം വളര്‍ത്തിയെടുത്ത് ആഗോളതലത്തിലെ മലയാളികളായ വ്യവസായ-വാണിജ്യ സംരംഭക കൂട്ടുകെട്ട് ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

2. എല്ലാ രാജ്യങ്ങളിലും പ്രവാസി പ്രൊഫഷണല്‍ സമിതികള്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. പ്രൊഫഷണലുകളുടെ സേവനം കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കും. അതുവഴി കേരളത്തിന്റെ ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക മേഖലയില്‍ വികസനം സാധ്യമാക്കുകയുമാണ് ലക്ഷ്യം.

3. വിദേശത്ത് ജോലി ചെയ്യുന്നവരും തിരിച്ചുവന്നവരും മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരുമായ മുഴുവന്‍ മലയാളികള്‍ക്കും വേണ്ടി പ്രത്യേക വിഭാഗങ്ങള്‍ നോര്‍ക്കയിലുണ്ടാക്കും. വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് വേണ്ടി പ്രത്യേക മേഖലാ ഉപവകുപ്പുകളും ഉണ്ടാകും. ഇതിന്റെ ചുമതല പ്രൊഫഷണലുകളെ ഏല്‍പ്പിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.

4. കേരള വികസന നിധി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. നിശ്ചിത തുകയ്ക്കുള്ള ഡിപ്പോസിറ്റ് പ്രഖ്യാപിത പ്രവാസി സംരംഭങ്ങളില്‍ ഓഹരിയായി നിക്ഷേപിക്കാന്‍ തയ്യാറുള്ള പ്രവാസികള്‍ക്ക്, പ്രവാസം മതിയാക്കി മടങ്ങിയെത്തുമ്പോള്‍ യോഗ്യതയ്ക്കനുസൃതമായ തൊഴില്‍ ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ നേടുന്നതിനുള്ള അവകാശം ഉണ്ടായിരിക്കും. ഗള്‍ഫില്‍ നിന്ന് മടങ്ങി വരുമ്പോള്‍ നാട്ടില്‍ ഒരു തൊഴില്‍ ഉറപ്പുവരുത്താനുള്ള നിക്ഷേപം എന്ന നിലയില്‍ ഈ സംരംഭം ഈ രംഗത്തെ പുതുമയുള്ള കാല്‍വെയ്പ്പായിരിക്കും. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ഈ നിര്‍ദ്ദേശത്തെ പ്രായോഗികമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

5. പ്രവാസികള്‍ക്ക് സംരംഭമാരംഭിക്കുന്നതിനായി പ്രത്യേക വായ്പാ സൗകര്യങ്ങള്‍ ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. സംരംഭകരാകാന്‍ തയ്യാറാകുന്നവരുമായി, പ്രത്യേകിച്ച് പ്രൊഫഷണലുകളുമായി നാട്ടിലേക്കുള്ള മടക്കത്തിനുമുമ്പ് തന്നെ ആശയവിനിമയം നടത്തുവാന്‍ ഒരു ഏജന്‍സി സ്ഥാപിക്കാനും ഉദ്ദേശിക്കുന്നുണ്ട്. നിക്ഷേപകര്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ ആവശ്യമായ അനുവാദവും നല്‍കാനും ഉദ്ദേശിക്കുന്നു.

6. പ്രവാസി സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് രോഗബാധിതര്‍ക്കും അപകടം സംഭവിക്കുന്നവര്‍ക്കും തൊഴില്‍ നഷ്ടമാകുന്നവര്‍ക്കുമെല്ലാം സംരക്ഷണം നല്‍കാന്‍ ഉതകുന്ന സ്‌കീം ഉണ്ടാക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.

ഇന്നലെയും ഇന്നുമായി ലോക കേരളസഭയുടെ സമ്മേളനത്തിലും സമാന്തര സെഷനുകളിലും കരട് രേഖയിലെ വിവിധ വിഷയങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്. പലരും വിശദമായ കുറിപ്പുകള്‍ അയച്ചുതരികയും നിര്‍ദ്ദേശങ്ങള്‍ നേരിട്ട് നല്‍കുകയും ചെയ്തിരുന്നു. അതെല്ലാം വിശദമായി പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തില്‍ പദ്ധതികളും പരിപാടികളും ആവിഷ്‌കരിക്കും.

ചര്‍ച്ചയ്ക്കുള്ള രേഖ സമ്പുഷ്ടമാക്കുന്നതിലും സങ്കല്‍പ്പങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തുന്നതിലും ഈ ഇടപെടലുകളും അഭിപ്രായപ്രകടനങ്ങളും സഹായിച്ചിട്ടുണ്ട്.

പ്രവാസി നിക്ഷേപം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍, പ്രത്യേകിച്ച് സാമ്പത്തിക നിക്ഷേപം നടത്താന്‍ ആവശ്യമായ സ്‌കീമുകളും പദ്ധതികളും നടപ്പിലാക്കുന്ന കാര്യം ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. വിവിധ പദ്ധതികളില്‍ പ്രവാസികള്‍ക്ക് നിക്ഷേപം നടത്താനാവശ്യമായ മാര്‍ഗരേഖ/ചട്ടക്കൂട് നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്. ഇക്കാര്യം സജീവമായി പരിഗണിക്കുന്നതാണ്. 

പുതിയ വികസന കേന്ദ്രങ്ങളായ കണ്ണൂര്‍, ശബരിമല എയര്‍പോര്‍ട്ടുകള്‍ പോലുള്ളവയില്‍ സിയാല്‍ മാതൃകയിലുള്ള നിക്ഷേപം കൊണ്ടുവരിക എന്ന കാഴ്ചപ്പാടായിരിക്കും ഈ രംഗത്ത് മുന്നോട്ടുവയ്ക്കുക. നാഷണല്‍ ഹൈവേകളിലെ വിശ്രമകേന്ദ്രങ്ങള്‍ മറ്റൊരു നിക്ഷേപ മേഖലയാകണമെന്ന നിര്‍ദ്ദേശവും പരിശോധിക്കും.

കേരളത്തില്‍ വ്യവസായ സംരഭങ്ങള്‍ക്ക് ഏകജാലക സംവിധാനത്തിന് പുറമെ എന്‍.ആര്‍.ഐ നിക്ഷേപത്തിന് മാത്രമായി ഒരു ഏകജാലക സംവിധാനം ആരംഭിക്കണം എന്ന നിര്‍ദ്ദേശം പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ സാധ്യതാ പഠനം നടത്തുകയാണ് ആദ്യ നടപടി. അത് സ്വീകരിക്കും.

പ്രവാസികളുടെ നാട്ടിലെ നിക്ഷേപത്തിനാവശ്യമായ അനുമതികള്‍ വേഗത്തിലാക്കാനും സിംഗിള്‍ വിന്‍ഡോ അനുമതി ലഭ്യമാക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കും. റബര്‍ അധിഷ്ഠിത ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങള്‍ സോളാര്‍ വൈദ്യുതി, ശുദ്ധജല, നാളികേര ഉത്പന്നവിപണനം തുടങ്ങിയ ചെറുകിട സംരംഭങ്ങള്‍ക്കുള്ള പ്രവാസികളുടെ നിക്ഷേപ സാധ്യതകള്‍ പഠനവിധേയമാക്കും.

ചര്‍ച്ചയില്‍ വന്ന ശ്രദ്ധേയമായ മറ്റൊരു നിര്‍ദ്ദേശം കാര്‍ഷിക രംഗത്ത് സംഭരണവും വിതരണവും ഉള്‍പ്പെടെയുള്ള മേഖലയില്‍ പ്രവാസി നിക്ഷേപം കൊണ്ടുവരാം എന്നതാണ്. അതോടൊപ്പം ചക്ക, മാങ്ങ, നാളികേരം, 

സുഗന്ധദ്രവ്യങ്ങള്‍ എന്നിവയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ വികസനവും വിപണനസാധ്യതയും മെച്ചപ്പെടുത്താനാവും എന്ന നിര്‍ദ്ദേശവും ഉണ്ട്. പശുവളര്‍ത്തുന്നതിനുള്ള ഫാമുകള്‍ വിസ്തൃതമായ പ്രദേശത്ത് പച്ചക്കറി കൃഷി, പച്ചക്കറി അടക്കമുള്ള കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കാനും സൂക്ഷിക്കാനുമുള്ള കോള്‍ഡ്‌സ്റ്റോറേജ് സൗകര്യത്തോടെയുള്ള മാര്‍ക്കറ്റിംഗ്, പഴ സംസ്‌കരണ പ്ലാന്റ് തുടങ്ങിയവ
യുടെ കാര്യത്തിലും ഈ സാധ്യതകള്‍ ആരായാവുന്നതാണ്.

കായിക രംഗത്തും നിക്ഷേപ സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ രംഗത്ത് പ്രവാസി നിക്ഷേപം ഏതുതരത്തില്‍ ഉപയോഗപ്പെടുത്താനാവും എന്നകാര്യം സര്‍ക്കാര്‍ ആരായുന്നതാണ്. 

വിവിധ മേഖലകളില്‍ പ്രത്യേകിച്ച് വിദ്യാഭ്യാസം, കൃഷി, അനുബന്ധ വ്യവസായങ്ങള്‍, നൂതന സാങ്കേതിക വിദ്യ, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ പ്രവാസികളുടെ അറിവും കഴിവും പരിജ്ഞാനവും കേരളത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.

ആരോഗ്യമേഖലയില്‍ പഠനത്തിനും അതോടൊപ്പം രോഗീപരിചരണം, വൃദ്ധജനപരിപാലനം എന്നീ കാര്യങ്ങള്‍ക്കും നിക്ഷേപം നടത്തി ഈ രംഗത്തെ സാമൂഹ്യ ഇടപെടലിന് സര്‍ക്കാരിന് കരുത്ത് നല്‍കും.

സംസ്‌കാരിക രംഗത്ത് ബിനാലെ രീതിയിലുള്ള അന്താരാഷ്ട്ര സാംസ്‌കാരിക ഉത്സവങ്ങള്‍ വ്യാപകമാക്കുന്നതിന് പ്രവാസികളുടെ നിക്ഷേപത്തിന്റെ ഒരു ഭാഗം ഉപയോഗിക്കണമെന്ന നിര്‍ദ്ദേശവും വന്നിട്ടുണ്ട്. സാസ്‌കാരിക രംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ആ മേഖലയിലെ സ്ഥാപനങ്ങളുടെ വികാസത്തിനും പ്രവാസികളുടെ നിക്ഷേപം ഉപയോഗപ്പെടുത്തുക എന്ന നിര്‍ദ്ദേശവുമുണ്ട്. ഇക്കാര്യം തീര്‍ച്ചയായും ചര്‍ച്ച ചെയ്യുന്നതാണ്. 

മലയാളികള്‍ ഏറെയുള്ള സംസ്ഥാന തലസ്ഥാനങ്ങളില്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ഇടപെടല്‍ നടത്തുന്നതിനെക്കുറിച്ചും നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നു. മലയാളി സംഘടനകളുടെ കൂടി സഹായത്തോടെ ഇത് നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കുന്നതാണ്.

മലയാളികള്‍ ഏറെയുള്ള ഇടങ്ങളില്‍ മലയാളി സാംസ്‌കാരിക സമിതികള്‍ മലയാളത്തിലുള്ള ഒരു പ്രസിദ്ധീകരണം ആരംഭിക്കാന്‍ മുന്നോട്ടുവന്നാല്‍ സഹകരിക്കാവുന്നതാണ്. 

മറ്റു രാജ്യങ്ങളിലെ മിടുക്കന്മാരും മിടുക്കികളും പഠിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന പ്രദേശമാണ് കേരളം. അത്തരം ആളുകളെ ഉപയോഗപ്പെടുത്തി അവരുടെ ഭാഷ നമ്മുടെ നാട്ടിലെ കുട്ടികളെ പഠിപ്പിക്കുന്ന സംവിധാനം വികസിപ്പിച്ചാല്‍ ടൂറിസംമേഖലയെ സഹായിക്കാനാവും എന്ന നിര്‍ദ്ദേശമുണ്ട്. അതോടൊപ്പം ആ രാജ്യത്തെ ഭാഷ സ്വായത്തമാക്കുന്നതോടെ അവിടെപ്പോയി തൊഴില്‍ ചെയ്ത് ജീവിക്കാന്‍ നമ്മുടെ പുതുതലമുറയ്ക്ക് പറ്റുന്ന സാഹചര്യം ഉണ്ടാക്കാനും ഇതുകൊണ്ട് കഴിയും. ഇത്തരം ഇടപെടലുകളെക്കുറിച്ച് വിശദമായി പഠിച്ച് ആവശ്യമായ തീരുമാനം എടുക്കാവുന്നതാണ്. 

കേരളത്തില്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഗുരുതരമായ പ്രശ്‌നമായി നിലനില്‍ക്കുന്നതാണ് മാലിന്യ പ്രശ്‌നം. വിദേശ രാജ്യങ്ങളിലെ ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തി ഈ പ്രശ്‌നം പരിഹരിക്കണം. ഇതിനായി സാങ്കേതിക സഹായവും നിക്ഷേപവും കൊണ്ടുവരുന്നതിനുള്ള നിര്‍ദ്ദേശമുണ്ട്. ഏറെ ശ്ലാഘനീയമായ ഈ നിര്‍ദ്ദേശം തീര്‍ച്ചയായും സര്‍ക്കാര്‍ പരിഗണിക്കുന്നതാണ്.

പ്രവാസ ക്ഷേമത്തിന് സംസ്ഥാനത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് ക്രിയാത്മകമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രവാസികളുടെ സഹകരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ പോലുള്ള സംവിധാനങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ചുള്ള കാഴ്ചപ്പാടാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇക്കാര്യം പരിശോധിക്കാവുന്നതാണ്.

വിദേശത്ത് അപകടത്തില്‍ മരണപ്പെടുന്നവര്‍ക്ക് സാമ്പത്തികസഹായം നല്‍കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്. തീര്‍ച്ചയായും ഇക്കാര്യം പരിഗണിക്കാവുന്നതാണ്. പ്രവാസികള്‍ക്ക് നിയമസഹായം ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇവിടെ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ചില കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. അത് കൂടുതല്‍ വിപുലപ്പെടുത്തും.

തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ആലോചിച്ച് നടപടി സ്വീകരിക്കും. വിദേശരാജ്യങ്ങള്‍ വിട്ടുവരുന്ന പ്രവാസികളുടെ കുട്ടികളുടെ പഠനം ഇവിടെ തുടരുന്നതിനുള്ള സൗകര്യം ഒരുക്കാന്‍ ഇടപെടാനാവും.

തിരിച്ചുവരുന്നവരുടെ സംരക്ഷണം, അവര്‍ക്ക് ചികിത്സാ ചെലവുകളും മറ്റും ലഭ്യമാക്കാന്‍ കഴിയുന്ന രീതിയിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഏര്‍പ്പെടുത്തി ഉറപ്പാക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്. അതുപോലെ തന്നെ പങ്കാളിത്തപെന്‍ഷനെ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ ആവശ്യമായ പഠനം നടത്തി വ്യക്തമായ തീരുമാനങ്ങള്‍ എടുക്കുന്നതാണ്.

പ്രവാസത്തിന്റെ സ്വഭാവം മാറുകയാണ്. പുതിയ ലോക സാഹചര്യങ്ങള്‍ക്കനുസൃതമായി പ്രവാസത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താന്‍ പ്രവാസപൂര്‍വ്വ ഘട്ടത്തിലുള്ളവര്‍ കേരളത്തിനകത്ത് എടുക്കേണ്ട നടപടികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇക്കാര്യം വിശദമായി പരിശോധിച്ച് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുന്നതാണ്.

പ്രവാസി വനിതകള്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്ന കാര്യം ഉയര്‍ന്നുവന്നിട്ടുണ്ട്. സ്ത്രീകളുടെ തൊഴിലിടത്തെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും എടുത്തുപറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ കഴിയാവുന്ന ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. നഴ്‌സിംഗ് മേഖലയിലെ റിക്രൂട്ടമെന്റുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ പരിഹരിക്കുന്നതിന് ശക്തമായ ഇടപെടല്‍ നടത്തുന്നതാണ്. അതേ സമയം നഴ്‌സിംഗ് ഉള്‍പ്പെടെയുള്ള മേഖലകളിലെ പ്രൊഫഷണലുകളുടെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിനുള്ള സംവിധാനം നോര്‍ക്കയുടെ കീഴില്‍ കൊണ്ടുവരുന്നതാണ്.

ഹര്‍ത്താല്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ഇവിടെ ഉയര്‍ന്നുവന്നു. ഹര്‍ത്താലിനെതിരെ സമരം നടത്തിയവര്‍ അടക്കം ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന നാടാണ് കേരളം. ഹര്‍ത്താലിന്റെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നാണ് തോന്നുന്നത്.

ഉദ്ഘാടനപ്രസംഗത്തില്‍ ഞാന്‍ സൂചിപ്പിച്ചതുപോലെ നിയമസഭയുടെ പ്രവര്‍ത്തനത്തിന് ശക്തിപകരുന്നത് അതിന്റെ കമ്മറ്റികളാണ്. ഇവിടെ നടന്ന ചര്‍ച്ചകളില്‍ നിരവധി കാഴ്ചപ്പാടുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അവ പ്രായോഗിക തലത്തില്‍ കൊണ്ടുവരുന്നതിനുള്ള ഇടപെടലാണ് നമുക്ക് ഇനി വേണ്ടത്. അതിനായി എല്ലാ മേഖലയിലും കൃത്യമായ ഇടപെടലുകളും പദ്ധതികളും തയ്യാറാക്കാന്‍ ലോക കേരളസഭ തന്നെ മുന്‍കൈ എടുക്കുന്ന സാഹചര്യം ഉണ്ടാവണം. അതിനുള്ള സാഹചര്യത്തെയും മൊത്തത്തില്‍ കാര്യങ്ങള്‍ പരിശോധിക്കാനും തുടര്‍ പ്രവര്‍ത്തനം ഉറപ്പുവരുത്താനും ഒരു സെക്രട്ടേറിയറ്റ് സംവിധാനം ലോക കേരളസഭയ്ക്ക് ഉണ്ടാകും.

ഈ എഴ് മേഖലകളിലും ലോക കേരളസഭ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന സ്റ്റാന്റിംഗ് കമ്മറ്റികള്‍ രൂപീകരിക്കണം. അവര്‍ക്ക് അതത് മേഖലകളില്‍ കൂടുതല്‍ വിശദമായ ചര്‍ച്ചകളും കൂടിയാലോചനകളും നടത്താം. ആറ് മാസത്തിനകം വ്യക്തമായ ശിപാര്‍ശകള്‍ സമര്‍പ്പിക്കണം. സ്റ്റാന്റിംങ് കമ്മറ്റികളുടെ ഇത്തരം ശിപാര്‍ശകള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുകയും സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യും. നോര്‍ക്ക ഇക്കാര്യത്തില്‍ പ്രത്യേകമായ മോണിറ്ററിംഗ് സംവിധാനവും കൊണ്ടുവരുന്നതാണ്.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC