സാംസ്‌കാരിക വിശേഷങ്ങള്‍

കലാവേദി കലോത്സവം ചരിത്രം കുറിച്ചു

2016-04-14 06:31:48am

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ സാംസ്‌കാരിക ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി കലാവേദി കലോത്സവം ന്യൂയോര്‍ക്കില്‍ അരങ്ങേറി. ഫ്‌ളോറല്‍ പാര്‍ക്കിലെ ഇര്‍വിന്‍ ആള്‍ട്മാന്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സൗഹൃദയസഞ്ചയത്തെ സാക്ഷിയാക്കി കേരളത്തില്‍നിന്നും അതിഥിയായെത്തിയ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

യുവതലമുറയിലെ ഏറ്റവും മികച്ച പ്രതിഭാശാലികളെ കോര്‍ത്തിണക്കി അവതരിപ്പിച്ച കലോത്സവം ഏതൊരു പ്രഫഷണല്‍ കലാപരിപാടിയോടും കിടപിടിക്കുന്നതായിരുന്നു.

ബോളിവുഡ് നൃത്തസംഘമായ ആത്മയുടെ കണ്ണഞ്ചിപ്പിക്കുന്ന വര്‍ണവിസ്മയങ്ങളും ചാരുതയാര്‍ന്ന ചടുലതാളചലനങ്ങളും വിസ്മയലോകം സൃഷ്ടിച്ചു. എട്ടുവയസുകാരിയായ ജിയ വിന്‍സെന്റ് കലാവേദി ലൈംലൈറ്റിലെ പ്രത്യേകതാരം.

ഒക്‌ടോബര്‍ 11ന് നടത്തിയ സംഗീത, നൃത്തമത്സരത്തിലെ വിജയികള്‍ക്ക് കലാവേദി ഗോള്‍ഡന്‍ അവാര്‍ഡ് വിതരണം ചെയ്തു. ആയിരം ഡോളറും പ്രശംസാഫലകവും അടങ്ങുന്ന പുരസ്‌കാരങ്ങള്‍ വിജയികള്‍ പങ്കിട്ടു.

ക്രിസ്റ്റി തോമസ് (കര്‍ണാടിക് സംഗീതം), അലക്‌സ് ജോര്‍ജ് (ലളിതഗാനം), മീനു ജയകൃഷ്ണന്‍ (ഭരതനാട്യം), മറിയം നിവേദിത (നാടോടിനൃത്തം) എന്നിവരാണ് കലാവേദി ഗോള്‍ഡന്‍ അവാര്‍ഡ് വിജയികള്‍.

പ്രശസ്ത സംഗീതഞ്ജന്‍ നിലമ്പൂര്‍ കാര്‍ത്തികേയന്‍ സംഗീതം നല്‍കിയ കലാവേദിഗാനം പല്ലവി സംഗീതസ്‌കൂളിലെ വിദ്യാര്‍ഥികള്‍ ആലപിച്ചു.

സീമാറ്റ് ഓട്ടോ സെന്റര്‍, കൊട്ടിലിയന്‍ റസ്റ്ററന്റ്, പോപ്പുലര്‍ ഓട്ടോ സെന്റര്‍, ഫൈവ് സ്റ്റാര്‍ റസ്റ്ററന്റ് എന്നിവര്‍ അവാര്‍ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്തു.

Tuesday, November 11, 2014