സാംസ്‌കാരിക വിശേഷങ്ങള്‍

റിച്ചർഡ്സണിൽ വെടിവെപ്പ്: പൊലീസ് ഓഫിസർ ഉൾപ്പെടെ രണ്ട് മരണം

പി. പി. ചെറിയാൻ 2018-02-09 08:48:49am

റിച്ചർഡ്സൺ (ഡാലസ്) : റിച്ചർഡ്സൺ ബ്രിക്കിൻ റിഡ്ജ് അപ്പാർട്ട്മെന്റിൽ നടന്ന വെടിവെപ്പിൽ റിച്ചർഡ്സ്ൺ പൊലീസ് ഓഫിസർ ഉൾപ്പെടെ രണ്ടു പേർ മരിച്ചതായി വെളിപ്പെടുത്തൽ. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച വൈകിട്ട് അപ്പാർട്ട്മെന്റിൽ ബഹളം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. അന്വേഷണത്തിനെത്തിയ പൊലീസ് റെനെ ഗാമസ് (30) വെടിയേറ്റു കിടക്കുന്നതാണ് കണ്ടത്. തുടർന്ന് അപ്പാർട്ട്മെന്റിലേക്ക് ആദ്യം പ്രവേശിച്ച് പൊലീസ് ഓഫിസർ ഡേവിഡ് ഷെറാഡിന് (37) നേരെ അകത്തു നിന്നും വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റു വീണ ഓഫിസറെ ഉടൻ മെഡിക്കൽ സിറ്റി പ്ലാനോയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി 10 മണിയോടെ മരിച്ചു. വെടിയേറ്റ റെനെ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.

വെടിവെച്ച ബ്രണ്ടൻ മെക്കോളിനെ (26) മണിക്കൂറുകൾക്കുശേഷമാണ് കസ്റ്റഡിയിലെടുത്തത്. റിച്ചർഡ്സൺ പൊലീസിന്റെ 63 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഓഫിസർ ഡ്യൂട്ടിക്കിടയിൽ വെടിയേറ്റു മരിക്കുന്നത്. ഭാര്യയും രണ്ടു കുട്ടികളും ഉള്ള ഷെറാഡിന് 14 വർഷത്തെ സർവ്വീസുള്ളതായി പൊലീസ് ചീഫ് പറഞ്ഞു. അന്വേഷണം പ്ലാനോ പൊലീസ് ഏറ്റെടുത്തു.