സാംസ്‌കാരിക വിശേഷങ്ങള്‍

അറ്റ്‌ലാന്റയില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ക്കു വെടിയേറ്റു ; ഒരാള്‍ മരിച്ചു

പി. പി. ചെറിയാൻ 2018-02-10 01:29:09pm

അറ്റ്ലാന്റാ: അറ്റ്ലാന്റാ ഫ്ലോയ്ഡ് കൗണ്ടിയിൽ ഫെബ്രുവരി 6 ചൊവ്വാഴ്ച്ച ഉണ്ടായ രണ്ടു വ്യത്യസ്ത സംഭവങ്ങളിൽ  ഇന്ത്യൻ വംശജരും സ്റ്റോർ ക്ലാർക്കുമാരുമായ രണ്ടു പേർക്കു വെടിയേറ്റു. ബെർണറ്റ് ഫെറി റോഡിലുള്ള ഹൈടെക് ഫ്യൂവൽ സ്റ്റോറിലെ ക്ലാർക്ക് പരംജിത്ത് (44) കൊല്ലപ്പെട്ടു. നോർത്ത് ഈലം സ്ട്രീറ്റിലുള്ള ഈലം സ്ട്രീറ്റ് ഫുഡ് ആന്റ് ബിവറേജ് കടയിലെ പാർത്ഥെ പട്ടേലിന് (30) ഗുരുതരമായി പരുക്കേറ്റു.

ലമാർ റഷീദ് നിക്കൾബൺ (28)  രാത്രി ഒൻപതു മണിയോടെ ഹൈടെക് ഫൂവൽ സ്റ്റോറിൽ വന്നു യാതൊരു മുന്നറിയിപ്പും കൂടാതെ പരംജിത്തിനു നേരെ മൂന്നു റൗണ്ട് വെടിവയ്ക്കുകയായിരുന്നു. 12 സെക്കന്റിനുള്ളിൽ പ്രതി അവിടെ നിന്നും രക്ഷപ്പെട്ടു. പരംജിത്തിനോട് എന്തെങ്കിലും ആവശ്യപ്പെടുകയോ, പണം മോഷ്ടിക്കുകയോ, എന്തെങ്കിലും സാധനങ്ങൾ കൊണ്ടുപോകുകയോ ചെയ്തില്ല. മിനിട്ടുകൾക്കു ശേഷം ഈലം സ്ട്രീറ്റിൽ വന്ന പാർത്ഥെ പട്ടേലിനോട് പണം ആവശ്യപ്പെട്ടു. ഉടൻ നിറയൊഴിക്കുകയായിരുന്നു. പട്ടേലിനെ ഫ്ലോയ്ഡ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു.

സംഭവത്തിനുശേഷം പൊലീസ് പ്രതിയെ അനിഷ്ട സംഭവങ്ങൾ ഒന്നും ഇല്ലാതെ അറസ്റ്റ് ചെയ്ത് ഫ്ലോയ്ഡ് കൗണ്ടി ജയിലിലടച്ചു.

ചില ആഴ്ചകൾക്കു മുൻപു ലാമാർ ചൈൽഡ് ക്രൂവൽട്ടി കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നു. ഇന്ത്യൻ വംശജർക്കു നേരെ വെടിവയ്ക്കുന്നതിനു പ്രതിയെ പ്രേരിപ്പിച്ചതെന്താണെന്ന് അന്വേഷിച്ചു വരുന്നതായി ഫ്ലോയ്ഡ് കൗണ്ടി പൊലീസ് പറ‍ഞ്ഞു.

വെടിവയ്പിൽ കൊല്ലപ്പെട്ട പരംജിത്ത് സിങ്ങിന്റെ ഉടമസ്ഥതയിലാണ് ഐ ടെക്ക് ഫൂവൽ സ്റ്റോർ. രണ്ട് ഇന്ത്യൻ  വംശജർക്ക് ഒരേ ദിവസം വെടിയേറ്റതിൽ ഇന്ത്യൻ സമൂഹം ഉൽകണ്ഠാകുലരാണ്.