സാംസ്‌കാരിക വിശേഷങ്ങള്‍

അരുണ മില്ലര്‍ക്ക് ഇന്ത്യന്‍ അമേരിക്കന്‍ ഇംഫാക്ട് ഫണ്ടിന്റെ പിന്തുണ

പി. പി. ചെറിയാൻ 2018-02-10 01:30:16pm

മേരിലാന്റ് : മേരിലാന്റ് സംസ്ഥാനത്തു നിന്നും യുഎസ് കോൺഗ്രസ്സിലേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജയുമായ അരുണാ മില്ലറെ ഇന്ത്യൻ അമേരിക്കൻ ഇംഫാക്ട് ഫണ്ട് എൻഡോഴ്സ് ചെയ്യുമെന്ന് ഫെബ്രുവരി 8 ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ദീപക് രാജ  ചെയർമാനായി പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയാണ് ഇന്ത്യൻ അമേരിക്കൻ ഇംഫാക്ട് ഫണ്ട്.

മേരിലാന്റ് 6–ാം കൺഗ്രഷനൽ ഡിസ്ട്രിക്റ്റിൽ നിന്നാണ് എൻജിനീയറായ മില്ലർ യുഎസ് കോൺഗ്രസ്സിലേക്ക് മത്സരിക്കുന്നത്. 2010 ൽ മേരിലാന്റ് സ്റ്റേറ്റ് ഹൗസ് പ്രതിനിധിയായിരുന്നു.

യുഎസ് കോൺഗ്രസ് അംഗങ്ങളായ റൊ ഖന്ന, പ്രമീള ജയ്പാൽ, രാജാ കൃഷ്ണമൂർത്തി, അമി ബേറ തുടങ്ങിയ കോൺഗ്രസ് അംഗങ്ങളും മില്ലർക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അരുണ മില്ലർ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ യുഎസ് ഹൗസ് ഓഫ്  റപ്രസന്റേറ്റീവിൽ അംഗത്വം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജ എന്ന ബഹുമതി കൂടി ഇവർക്ക് ലഭിക്കും.

അരുണ മില്ലറെ കൂടാതെ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്ന നിലവിലുള്ള നാലു കോൺഗ്രസ് അംഗങ്ങളേയും എൻഡോഴ്സ് ചെയ്യുന്നതിന് ഇൻഫാക്ട് ഫണ്ട് തീരുമാനിച്ചിട്ടുണ്ട്. 1964 നവംബർ 6 ന് ഇന്ത്യയിലാണ് അരുണ മില്ലർ ജനിച്ചത്.

എട്ടു വയസ്സുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം അമേരിക്കയിൽ എത്തി മിസ്സൗറി യൂണിവേഴ്സിറ്റിയിൽ നിന്നും സിവിൽ എൻജിനീയറിംഗിൽ ബിരുദമെടുത്തു.