സാംസ്‌കാരിക വിശേഷങ്ങള്‍

ഡിട്രോയിറ്റ് മലയാളി അസോസിയേഷന് (DMA) പുതിയ നേതൃത്വം

ജോയിച്ചന്‍ പുതുക്കുളം 2018-02-17 02:22:35pm

ഡിട്രോയിറ്റ്: മെട്രോ ഡിട്രോയിറ്റിലെ മലയാളി സമൂഹത്തിന്റെ കലാസാംസ്കാരിക ഉന്നമനവും വ്യത്യസ്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി നാലു ദശാബ്ദം പൂര്‍ത്തിയാക്കുന്ന ഡി.എം.എയുടെ വാര്‍ഷികപൊതുയോഗം 2018 ലേക്ക് മോഹന്‍ പനങ്കാവില്‍ (പ്രസിഡന്റ്), സാം മാത്യു (സെക്രട്ടറി ), ടോം മാത്യു (വൈ:പ്രസിഡണ്ട് ), ഷിബു വര്ഗീസ് (ട്രഷറര്‍), ടോമി മൂളാന്‍ (ജോ:സെക്രട്ടറി ), തോമസ് ജോര്‍ജ് (ജോ. ട്രഷറര്‍ ) തുടങ്ങിയവരുള്‍പ്പെട്ട 37 അംഗ പ്രവര്‍ത്തകസമിതിയെ തെരഞ്ഞെടുത്തു.

ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ മാത്യു ചെരുവിലിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗം സാംസ്കാരിക പ്രസിദ്ധീകരണമായ ധ്വനിയുടെ ചീഫ് എഡിറ്ററായി നോബിള്‍ തോമസ് , ചാരിറ്റി കമ്മിറ്റി കോര്‍ഡിനേറ്ററായി രാജേഷ്കുട്ടി എന്നിവരെയും ചുമതലപ്പെടുത്തി.

ആഘോഷങ്ങളോടൊപ്പം ആതുരസേവനവും നടത്തിവരുന്ന ഡി എം എ, ഡെട്രോയിറ്റിലെ ഭവനരഹിതരായ നിര്‍ദ്ധനര്‍ക്കായി വീട് നിര്‍മ്മിച്ചു നല്‍കുന്ന ഫെഡറല്‍ ഗവണ്‍മെന്റ് പ്രവര്‍ത്തനങ്ങളുമായി കൈകോര്‍ത്തു കഴിഞ്ഞ വര്‍ഷം തുടങ്ങിയ സന്നദ്ധസേവ പ്രവര്‍ത്തനങ്ങള്‍ ഇക്കൊല്ലം കൂടുതല്‍ വ്യാപകമാക്കാന്‍ തീരുമാനിച്ചതായി പ്രസിഡണ്ട് മോഹന്‍ പനങ്കാവില്‍ അറിയിച്ചു.

പുതിയ ഭാരവാഹികളെ അഭിനന്ദിച്ചുകൊണ്ട് ഫോമാ ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂര്‍, തോമസ് കര്‍ത്തനാല്‍, റോജന്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് സാജന്‍ ഇലഞ്ഞിക്കല്‍, സെക്രടറി ബോബി തോമസ് എന്നിവര്‍ നന്ദിയും പറഞ്ഞു.

സുരേന്ദ്രന്‍ നായര്‍ അറിയിച്ചതാണിത്.