സാംസ്‌കാരിക വിശേഷങ്ങള്‍

താളമേള-സംഗമങ്ങളുടെ വിസ്മയക്കോട്ട തീര്‍ത്ത് സെന്റ് ജോര്‍ജ് വിന്‍സെന്റ് ഡിപ്പോള്‍ ധനസമാഹാരം

ഫ്രാന്‍സിസ് തടത്തില്‍ 2018-02-21 03:07:11am

ന്യൂജേഴ്‌സി: ആസ്വാദക ഹൃദയങ്ങളെ തഴുകിത്തലോടി മനം കുളിര്‍പ്പിച്ച ഗാനമേള നവ്യാനുഭവമായി. ഒരു നല്ല കാര്യത്തിനു വേണ്ടിയാണല്ലോ എന്നു കരുതി ന്യൂജേഴ്‌സിയിലെ പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ പള്ളിയില്‍ എത്തിയ ആസ്വാദകരാണ് ഒരുപിടി നല്ലപാട്ടുകള്‍ കേട്ടുമനസു നിറയെ ശുദ്ധ സംഗീതവും കണ്ണുനിറയെ ചടുല താളങ്ങളും വയറുനിറയെ സ്വാദിഷ്ഠ ഭോജനവുമായി നിറഞ്ഞ സംതൃപ്തിയില്‍ മടങ്ങിയത്. സെന്റ് വിന്‍സെന്റ് ഡോപോള്‍ സൊസൈറ്റിയുടെ വാര്‍ഷിക ധനസമാഹരണവേളയോടനുബന്ധിച്ച് ശനിയാഴ്ച വൈകുന്നേരം പള്ളി ഓഡിറ്റോറിയത്തില്‍ നടത്തിയ സംഗീത-നൃത്ത-ഡിന്നര്‍ സന്ധ്യ പുതുമകളുടെ സമാഗമ വേദിയായി.

ഇടവകയിലെ തന്നെ പ്രതിഭകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അനുഗ്രഹീത ഗായകരെ ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷം രൂപീകരിച്ച സെന്റ് ജോര്‍ജ് പാറ്റേഴ്‌സണ്‍ ന്യൂജേഴ്‌സി ഗാനമേള (സഗപനിഗ) എന്ന ഗാനമേള ട്രൂപ്പാണ് പ്രഫഷ്ണല്‍ട്രൂപ്പിനെപ്പോലും വെല്ലുന്ന ലൈവ് ഓര്‍ക്കസ്ട്ര അവതരിപ്പിച്ചത്. അവര്‍ക്ക് കൂട്ടായി ഇടവകയിലെ അംഗങ്ങളുടെ മക്കള്‍ പഠിക്കുന്ന വിവിധ ഡാന്‍സ് സ്‌ക്കൂളുകളുടെ സിനിമാറ്റിക് ഡാന്‍സ് ദൃശ്യവിസ്മയം ഒരുക്കി.

യാതൊരു പബ്ലിസിറ്റി കോലാഹലങ്ങളുമില്ലാതെ ഇടവക അംഗങ്ങള്‍ക്കു മാത്രമായി നടത്തിയ ഈ ചാരിറ്റി പരിപാടിയില്‍ തിങ്ങിനിറഞ്ഞ കാണികള്‍ നറുപുഞ്ചിരിയുമായി മടങ്ങിപ്പോകുന്നതു കാണുമ്പോള്‍ ഒരു കാര്യം ഉറപ്പായിരുന്നു; 125 ഡോളര്‍ മുടക്കി എടുത്ത ടിക്കറ്റ് ശരിക്കും മുതലാക്കിയെന്ന്. 250, 500 ഡോളര്‍ മുടക്കി നാട്ടില്‍ നിന്നുവരുന്ന പ്രഫഷണല്‍ ട്രൂപ്പുകള്‍ക്ക് ഇവരില്‍ നിന്ന് പഠിക്കാനേറെയുണ്ടെന്ന് ചടങ്ങില്‍ നന്ദി പറഞ്ഞ പോള്‍ പ്ലാത്തോട്ടത്തിന്റെ വാക്കുകള്‍ പൂര്‍ണ്ണമായും സത്യം തന്നെ. 

ഗാനമേളയുടെ പരിശീലകനും ലീഡ് വയലനിസ്റ്റുമായ ജോര്‍ജ് ദേവസി അത്ര ചില്ലറക്കാരനല്ലല്ലോ. ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസിന്റെ അമേരിക്കന്‍ പരിപാടികളില്‍ അദ്ദേഹത്തിന്റെ മനമറിഞ്ഞ് വയലിനില്‍ വിസ്മയം തീര്‍ക്കുന്ന ഇടവകാംഗമായ ജോര്‍ജ് ദേവസിക്കൊപ്പം അതേ ട്രൂപ്പില്‍ തബല വായിക്കുന്ന സുഭാഷ് കറിയില്‍, റോണി കുര്യന്‍ എന്നിവര്‍ കൂടി ചേര്‍ന്നതോടെ അമേരിക്കയിലെ തന്നെ ഏറ്റവും മികച്ച മലയാളികളുടെ ലൈവ് ഓര്‍ക്കസ്ട്ര ഗാനമേള ട്രൂപ്പ് എന്ന തലത്തിലേക്ക് സഗപനിഗ മാറികഴിഞ്ഞു.

കഴിഞ്ഞവര്‍ഷം ഇടവക മധ്യസ്ഥനായ സെന്റ് ജോര്‍ജിന്റെ തിരുനാളിനോടനുബന്ധിച്ച് നടത്തിയ ആദ്യ പരിപാടി കഴിഞ്ഞപ്പോള്‍ തന്നെ പ്രഫഷ്ണല്‍ ബുക്കിംഗ് ആരംഭിച്ചു. എല്ലാവരെയും, ഒത്തിണക്കി സമയം ക്രമീകരിച്ചു കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ നാലഞ്ച് പരിപാടികളെ ഏല്‍ക്കാന്‍ കഴിഞ്ഞുള്ളൂ.

എന്നാല്‍ ട്രൂപ്പിന്റെ സംഘാംഗങ്ങളുടെ നിലവാരവും ഇതിനകമുയര്‍ന്നു.
ജോര്‍ജിനൊപ്പം പള്ളിയിലെ ട്രൂപ്പിലെ അംഗമായ ആല്‍വിന്‍ ജോര്‍ജ്, നിഥിന്‍ ജോര്‍ജ് എന്നിവര്‍ കൂടി ജോര്‍ജിനൊപ്പം വയലിന്‍ ചലിപ്പിച്ചപ്പോള്‍ ആല്‍വിന്റെ ഇരട്ട സഹോദരങ്ങളിലൊരാളായ എയ്മി ജോര്‍ജ് ലീഡ് കീബോര്‍ഡും, ജോര്‍ജിന്റെ മകന്‍ അലക്‌സ് ജോര്‍ജ് ഫെലിഷ്യ രാജു, നിഥിന്‍ ജോര്‍ജ്, എന്നിവര്‍ സപ്പോര്‍ട്ട് കീ ബോര്‍ഡുകളും വായിച്ചു. 

ട്രൂപ്പിലെ ലീഡ് സിംഗര്‍മാരില്‍ ഒരാള്‍ കൂടിയായ എയ്മി ജോര്‍ജിന്റെ നേതൃത്വത്തില്‍ നീ എന്റെ പ്രാര്‍ത്ഥന കേട്ടു എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച ഗാനമേള ദൈവം സ്വര്‍ഗ്ഗം തുറന്നിറങ്ങി വന്നുകേട്ടു. കാരണം പിന്നീടവര്‍ സ്വയം മറന്ന് പാടിത്തകര്‍ക്കുകയായിരുന്നു. താളലയ ഭാവങ്ങളോടെ, ശുദ്ധ സംഗീതം തീര്‍ത്ത നല്ല ഒന്നാന്തരം ചേരുവകളുടെ ശ്രാവ്യ വിസ്മയം. കോഹിന്നൂര്‍ എന്ന സിനിമയിലെ ഹേമരുമേം എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് രേശു ഇല്ലമ്പള്ളി ഗാനമേളയിലെ ആദ്യ ഗാനം ആലപിച്ചത്, തുടര്‍ന്ന് ഡെയ്‌സി എന്ന സിനിമയിലെ 'രാപ്പാടിതന്‍' എന്ന ഗാനമാലപിച്ച് ആഷാ കുര്യന്‍, ദീപാകുര്യന്‍ സഹോദരിമാര്‍ മെഡ്‌ലിയുടെ സര്‍ഗതീരത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

അവര്‍ക്കു പിന്നാലെയെത്തിയ ഇടവകയിലെ ഏറ്റവും മികച്ച യുവഗായകരായ അലക്‌സും മാര്‍ട്ടീനയും ചേര്‍ന്ന് ആലപിച്ച ഗ്രാമഫോണ്‍ എന്ന ചിത്രത്തിലെ നിനക്കെന്റെ മനസിലെ.... എന്നു തുടങ്ങുന്ന സൂപ്പര്‍ഹിറ്റ് ഗാനത്തോടെ ഗാനമേള ഗിയര്‍മാറ്റി കുതിപ്പിലായി. പിന്നാലെയെത്തിയ അച്ചനും മകനും കൂട്ടുകെട്ട് ബാഹുബലി എന്ന ഗാനത്തോടെ കമ്പക്കെട്ടിനു തിരികൊളുത്തി. ജെറി ലൂയിസും പതിനാലു വയസുകാരന്‍ മകന്‍ ഷോണുമായിരുന്നു അതുവരെ കസേരകളില്‍ ചാഞ്ഞിരുന്നു ഗാനങ്ങള്‍ ആസ്വദിച്ചവരെ സ്വസ്ഥാനങ്ങളില്‍ നിന്ന് ഇളകി മറിയാന്‍ കാരണമാക്കിയത്. ഏതു ഭാഷയും വഴങ്ങുന്ന ജെറിക്കൊപ്പം ബാഹുബലി രണ്ടിലെ ടോപ്പ് നോട്ടിലുള്ള ഗാനം ആലപിക്കുന്നത് കൗമാരക്കാരനായ മകന്‍ ഷോണും കട്ടക്കു പിടിച്ചുനിന്നു. തുടര്‍ന്ന് മേഴ്‌സികുര്യനും നിഖിലും ചേര്‍ന്ന് മദനോത്സവത്തിലെ 'മേലേ പൂമുഴ....' എന്നു തുടങ്ങുന്ന ഗാനം ആലപിച്ച് ടെമ്പോ പിടിച്ചുനിര്‍ത്തി. അനാഭി എന്ന ഹിന്ദി സിനിമയിലെ 'തേരേ ബിനാ സിന്തഗി....' എന്നു തുടങ്ങുന്ന അനശ്വരമായ ഗാനം ആലപിച്ചുകൊണ്ട് മാര്‍ട്ടീന ഹിന്ദി ഗാനത്തിനും തുടക്കമിട്ടു.

തുടര്‍ന്ന് അലക്‌സും എയ്മിയും ചേര്‍ന്ന് സല്ലാപത്തിലെ പൊന്നില്‍ കുളിച്ചു നിന്നു ചന്ദ്രിക വസന്തം' എന്ന അതിമനോഹരമായ മെലഡിയില്‍ ശ്രോതാക്കളെ സംഗീതസാന്ദ്രമാക്കി മാറ്റി. തുടര്‍ന്ന് ഹെലനും രേശുവും ചേര്‍ന്ന് 'പെരുമഴക്കാലം' എന്ന സിനിമയിലെ പ്രണയഗാനമായ 'കല്ലായി കടവത്ത് ഞാനൊന്നും'.....തുടങ്ങുന്ന ശ്രുതിമധുരമായ ഗാനം ആലപിച്ചപ്പോള്‍ ശ്രോതാക്കള്‍ വീണ്ടും കസേരകളില്‍ ചാരിയിരുന്നു ആസ്വാദ തലമൊന്ന് മാറ്റിപ്പിടിച്ചു. അവര്‍ക്കു പിന്നാലെ ലീന ദേവസിയും നിഖിലും ചേര്‍ന്ന് താളവട്ടിലെ 'പൊന്‍ വീണേ എന്നുള്ളില്‍' എന്നു തുടങ്ങുന്ന ഗാനം അനുസ്മരണീയമാക്കി.

യാഥോന്‍കി ഭാരത് എന്ന ഹിറ്റ് ഹിന്ദി ചിത്രത്തിലെ 'ചുരാലിയാ ഹെ....' എന്നു തുടങ്ങുന്ന സൂപ്പര്‍ഹിറ്റ് ഗാനം ആലപിച്ച് ആല്‍വിനും ഗീതകുര്യനും കാണികളെ ഇരിപ്പിടങ്ങളില്‍ നിന്ന് വീണ്ടും എഴുന്നേല്‍പ്പിച്ചു. പക്ഷേ കുര്യന്‍ ആന്റണി(ബേബിച്ചന്‍) ആലപിച്ച മൂടല്‍മഞ്ഞ് എന്ന ചിത്രത്തില്‍ യേശുദാസ് പാടിയ നീമധു പകരൂ എന്ന അനശ്വരഗാനത്തിന്റെ മധുരിമയില്‍ ആസ്വാദകര്‍ വീണ്ടും  ഇരിപ്പിടങ്ങളിലേക്ക് ചാഞ്ഞു. പിന്നീട് മറ്റൊരു അച്ചനും മകളുടെയും ഊഴമായിരുന്നു. ഹലോ മൈഡിയര്‍ റേംഗ് നമ്പര്‍ എന്ന സിനിമയിലെ 'നീയെന്‍ കിനാവോ പൂവേ എന്നു തുടങ്ങുന്ന ഡ്രമാറ്റിക്ക് നമ്പറുമായി വന്ന റോബി കുട്ടപ്പശേരിയും മകള്‍ രേശ്മ കുട്ടപ്പശേരിയും ആ ഗാനത്തെ ഡയലോഗുകള്‍ സ്വയം ഇപ്രോവൈസ് ചെയ്ത് ആലപിച്ചതും ഏറെ കൗതുകരമായി. പഴയകാല ഹിന്ദുചിത്രമായ 'അവളുടെ രാവുകള്‍' എന്ന സിനിമയിലെ രാകേന്ദുകിരണങ്ങള്‍ എന്നു തുടങ്ങുന്ന ഹിറ്റ് ഗാനത്തോടെയായിരുന്നു സോമി എന്ന ഗായികയുടെ അരങ്ങേറ്റം. 

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ച 'ചീത്തച്ചോര്‍' എന്ന സിനിമയിലെ 'ജബ്ദീപ് ചലേ ആയ.' എന്നു തുടങ്ങുന്ന ഗാനമില്ലെങ്കില്‍ എന്ത് ഗാനമേള എന്നാണല്ലോ. ആ കുറവു നികത്തി കൊണ്ട് അലക്‌സും മാര്‍ട്ടീനയും തകര്‍ത്തു പാടിയപ്പോള്‍ ആസ്വാദക ഹൃദയം ആനന്ദ നിവൃതിയിലായി. മൈഡിയര്‍ കുട്ടിച്ചാത്തനിലെ 'ആലിപ്പഴം പെറുക്കാന്‍, പീലക്കുട നിവര്‍ത്തി....' എന്ന ഗാനവുമായി ഹെലനും മേഴ്‌സിയും എത്തിയതോടെ വീണ്ടും ടെമ്പോ മാറിമറിഞ്ഞു. തുടര്‍ന്ന് ദപ്പാംകുത്ത് സ്‌പെഷലിസ്റ്റ് ജെറിയിറും ലീനയും ചേര്‍ന്ന് ദൂള്‍ എന്ന ചിത്രത്തിലെ അമ്പൈ, അമ്പൈ ഇപ്പോഷുത്ത്.... എന്നു തുടങ്ങുന്ന ഗാനത്തോടെ അരങ്ങു കൊഴുപ്പിച്ചപ്പോള്‍ ആരാധന എന്ന സിനിമയിലെ വിശ്വപ്രശസ്തമായ 'രൂപ്‌തേര മസ്താന....' എന്ന തട്ടുപൊളിപ്പന്‍ പാട്ടുമായി വീണ്ടും കമ്പക്കെട്ടിനു തിരികൊളുത്തി അത് പാളി പടര്‍ന്നത് അലക്‌സും എയ്മിയും തുടര്‍ന്നു പാടിയ ദ ഡെര്‍ട്ടി പിക്ച്ചര്‍' എന്ന സിനിമയിലെ 'ഊലാല ഊലാല' എന്നു തുടങ്ങുന്ന ഗാനത്തില്‍ ചുവടുകള്‍ വച്ചുകൊണ്ടായിരുന്നു, 'പാട്ടിക്കട പട്ടണമാ' എന്ന സിനിമയിലെ അതിപ്രശസ്തമായ ദപ്പാംകുത്ത് പാട്ടായ 'എന്നാടി റാക്കമ്മ....' എന്നു തുടങ്ങുന്ന ഗാനത്തോടെ ജെറി വീണ്ടും എത്തിയതോടെ സദസ് ഒന്നടങ്കം ഇളകിമറഞ്ഞു. 

തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ കലാശക്കൊട്ടിലെ അവസാനഇനമായ കൂട്ടപ്പൊരിച്ചിലിന്റെ പ്രതീതി ജനിപ്പിച്ച ജെറിയുടെ എന്നാടി റാക്കമ്മയ്ക്ക്' കലാശക്കൊട്ടിന്റെ എല്ലാ ചേരുവുകളും ഉണ്ടായിരുന്നു. കലാശക്കൊട്ടിന്റെ എല്ലാ ചേരുവകളും ഉണ്ടായിരുന്നു. മൊത്തം 20 പാട്ടുകളുടെ ഓര്‍ക്കസ്ട്ര വെറും 1.30 മണിക്കൂര്‍ കൊണ്ട് പര്യവസാനിച്ചപ്പോള്‍ ശബ്ദത്തിനും താളത്തിനും യാതൊരു തടസവുമുണ്ടാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തിയ ശബ്ദം നിയന്ത്രിച്ച സിറിയ്ക്ക് കുര്യന് പ്രത്യേക പ്രശംസ നല്‍കാതിരിക്കാന്‍ കഴിയില്ല. ഒന്നര മണിക്കൂറിനിടെ ഒരൊറ്റ അപശബ്ദമോ ശബ്ദ പിഴവുകളോ ഉണ്ടാകാതിരുന്നത് ശബ്ദനിയന്ത്രണം അദ്ദേഹത്തിന്റെ കൈകളില്‍ ഇക്കുറിയും തീര്‍ത്തും ഭദ്രമായിരുന്നുവെന്നതിനു തെളിവായിരുന്നു. 

ഡെലിക്‌സ് അലക്‌സിന്റെ ഊറ്റമായ പിന്തുണയും സിറിയക്കിനുണ്ടായിരുന്നു. വിവിധ ഡാന്‍സ് സ്‌ക്കൂളുകളില്‍ പഠിക്കുന്ന ഇടവകയിലെ കുട്ടികളുടെ ഡാന്‍സുപ്രോഗ്രാമും വളരം വര്‍ണാഭമായിരുന്നു. കലാശ്രീ സ്‌ക്കൂള്‍ ഓഫ് ഡാന്‍സ് (ബീന മോഹന്‍)(സെന്റ് ജോര്‍ജ് പാറ്റേഴ്‌സണ്‍ ഡാന്‍സ് സ്‌ക്കൂള്‍(ബിന്ധ്യ) ചന്ദ്രികാ കുറുപ്പ് തുടങ്ങിയ ഡാന്‍സ് സ്‌ക്കൂളിലെ കുട്ടികളുടെ ഡാന്‍സ് പെര്‍ഫോര്‍മന്‍സുകള്‍ ഒന്നിനൊന്ന് മെച്ചവും അതിശയിപ്പിക്കുന്നവയുമായിരുന്നു.

വളരെ ലളിതമായിരുന്നു പൊതു പരിപാടി വികാരി ഫാ.ജേക്കബ് ക്രിസ്റ്റി ഉദ്ഘാടനം ചെയ്തു. വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി പ്രസിഡന്റ് സിബി ഐസക്ക് സ്വാഗതവും സെക്രട്ടറി പോള്‍ പ്ലാത്തോട്ടം നന്ദിയും പറഞ്ഞു. ലിസ തോട്ടുമാരി, ആന്‍ മരിയ ആല്‍ബര്‍ട്ട് എന്നിവര്‍ എം.സി.മാരായിരുന്നു. കാലാപരിപാടികള്‍ക്കിടെ  അപ്പണസറും എല്ലാ പരിപാടികള്‍ക്കുശേഷം ഡിന്നറും വിളമ്പി നല്‍കിയാണ് ഈ വലിയ കാര്യങ്ങള്‍ക്കു വേണ്ടിയുള്ള വിന്‍സെന്റ് ഡിപോള്‍ സൊസൈററിയുടെ ചെറുതെന്നു കരുതിയ പരിപാടി അതവരണ മികവുകൊണ്ട് മഹനീയമായി മാറിയത്.