സാംസ്‌കാരിക വിശേഷങ്ങള്‍

ഫൊക്കാന രജിസ്‌ട്രേഷന്‍ പ്രവാഹം തുടരുന്നു

ശ്രീകുമാര്‍ ഉണ്ണിത്താന്‍ 2018-03-12 04:52:34pm

ന്യൂയോര്‍ക്ക് : ഫൊക്കാന കണ്‍വന്‍ഷന് ഇനി വെറും മുന്ന്  മാസം മാത്രം ബാക്കി നില്‍ക്കേ, വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള രജിസ്‌ട്രേഷന്‍ പ്രവാഹം തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് റജിസ്‌ട്രേഷന്‍ കമ്മിറ്റി അറിയിച്ചു. റജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  മോഡി ജേക്കബ്, കോ ചെയര്‍സ് ആയി പ്രവര്‍ത്തിക്കുന്ന കെ. പി. ആന്‍ഡ്രൂസ്, ഗ്രേസി മോഡി, ജേക്കബ് വര്‍ഗീസ്, മാത്യു കൊക്കുറ, ജോണ്‍ പണിക്കര്‍, മിനി എബി, സുമോദ് നെല്ലിക്കല്‍, ജൂലി ജേക്കബ്  എന്നിവര്‍ ഫൊക്കാന അന്തര്‍ദേശീയ കണ്‍വന്‍ഷന്റെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്നു.  

അപ്രതീക്ഷിതമായുണ്ടായ രജിസ്‌ട്രേഷന്‍ മുന്നേറ്റം കൊണ്ട് കണ്‍വന്‍ഷന്‍ വേദിയായ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കസിനോയില്‍ റിസര്‍വ്വ് ചെയ്തിരുന്ന മുറികളെല്ലാം തന്നെ ബുക്കു ചെയ്തു കഴിഞ്ഞു.  ഇനിയും വളരെ അധികം റീജിയനുകളിലും, അംഗ  സംഘടനകളുടേയും കിക്ക് ഓഫുകള്‍  നടക്കാനിരിക്കെ കൂടുതല്‍ രജിസ്‌ട്രേഷന്‍ വന്നാല്‍ അവര്‍ക്കു കണ്‍വന്‍ഷന്‍ സെന്ററിന്റെ  പുറത്തുള്ള ഹോട്ടലുകളില്‍ ഒരുക്കേണ്ടി വരുമെന്നത്  രജിസ്‌ട്രേഷന്‍ കമ്മിറ്റി  വിലയിരുത്തുന്നു.   

നോര്‍ത്ത് അമേരിക്കയിലെ മലയാളികളുടെ മുപ്പത്തിയഞ്ചു വര്‍ഷത്തെ സാംസ്‌കാരിക ജീവിതത്തിലെ നിറസാന്നിധ്യമാണ് ഫൊക്കാന. അതുകൊണ്ട് തന്നെ ഫൊക്കാനയുടെ എല്ലാ കണ്‍വന്‍ഷനും ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. 2016 ല്‍ കാനഡയില്‍  നടന്ന  കണ്‍വന്‍ഷനില്‍  അവസാന  ദിവസങ്ങളില്‍ വന്ന രജിസ്‌ട്രേഷന്റെ  പ്രവാഹം മൂലം കണ്‍വന്‍ഷന്‍ സെന്ററില്‍ റൂമുകള്‍ കിട്ടഞ്ഞത് ചിലരെ വിഷമത്തിലാക്കി. ഫിലാഡല്‍ഫിയായില്‍  അങ്ങനെ ഉണ്ടാകാതിരിക്കാന്‍  പരമാവധി ശ്രമിക്കുമെന്നു മോഡി ജേക്കബ് അഭിപ്രായപ്പെട്ടു. 

കാനഡ കണ്‍വന്‍ഷന്റെ നല്‍കിയ വിജയം ഫൊക്കാന പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമാണ് സമ്മാനിച്ചത്. ഫിലഡല്‍ഫിയയിലും കണ്‍വന്‍ഷന്‍  ചരിത്രം തിരുത്തിക്കുറിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു . ഫൊക്കാന  പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്,ട്രഷര്‍ ഷാജി വര്‍ഗീസ്, എക്‌സി.വൈസ് പ്രസിഡന്റ്  ജോയി ഇട്ടന്‍, ട്രസ്റ്റിചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് ,ഫൌണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍ തുടങ്ങി നിരവധി കണ്‍വന്‍ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ഹോട്ടല്‍ സന്ദര്‍ശിക്കുകയും കൂടുതല്‍ റൂമുകള്‍ നേടുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.

നോര്‍ത്ത് അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി കണ്‍വന്‍ഷന്‍ ആണ്  4 ദിവസം നീണ്ടു നില്ക്കുന്ന ഫൊക്കാന  അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍. 2018  ജൂലൈ 5 ,6 ,7 ,8  തീയതികളുലായി ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കസിനോയില്‍   വെച്ച്  നടക്കുന്ന കണ്‍വെന്‍ഷനിലേക്കു നേരിട്ടും ഓണ്‍ലൈനായും രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.fokanaonline.org  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.