സാംസ്‌കാരിക വിശേഷങ്ങള്‍

വായ്പാ തട്ടിപ്പ്- ഇന്ത്യന്‍ അമേരിക്കന്‍ വ്യവസായിക്ക് 25 വര്‍ഷം തടവ്

പി. പി. ചെറിയാൻ 2018-03-13 11:33:39am

ഷിക്കാഗോ : വായ്പാ തട്ടിപ്പ് കേസിൽ ഇന്ത്യൻ അമേരിക്കൻ വംശജനും വ്യാപാരിയുമായ നികേഷ് പട്ടേലിന് 25 വർഷം തടവ് ശിക്ഷ വിധിച്ചു. ഷിക്കാഗോ ജില്ലാ ജഡ്ജിയാണ് ശിക്ഷ വിധിച്ചത്. 2015 ൽ 179 മില്യൻ ഡോളർ വിലമതിക്കുന്ന ഷാം ലോൺസ് മിൽവാക്കി ഇൻവെസ്റ്റ്മെന്റ് ഫേമിന് വിറ്റ കേസിലാണ് ശിക്ഷ നൽകിയത്.

നാലു പതിറ്റാണ്ടു നീണ്ട സർവ്വീസിനിടയിൽ ഇത്രയും വലിയൊരു തട്ടിപ്പ് കേസ് തന്റെ കോടതിയിൽ എത്തിയിട്ടില്ലെന്ന് ജഡ്ജി പറഞ്ഞു. വിചാരണക്കിടയിൽ തട്ടിപ്പിനിരയായവർക്ക് പണം തിരിച്ചു നൽകുന്നതിനാവശ്യമായ സഹകരണം അധികൃതർക്ക് നൽകാം എന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയിൽ സമർപ്പിച്ച അപേക്ഷ കോടതി അംഗീകരിച്ചിരുന്നു. 2016 ൽ കോടതി പട്ടേലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും പട്ടേലിന്റെ അപേക്ഷ പരിഗണിച്ചു ജാമ്യത്തിൽ വിടുകയായിരുന്നു. ജാമ്യത്തിലിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച പട്ടേലിനെ ജനുവരിയിൽ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഫ്ളോറി‍ഡ ആസ്ഥാനമായ ഫസ്റ്റ് ഫാർമേഴ്സ് ഫിനാൻഷ്യൽ കമ്പനി ഉടമസ്ഥനായിരുന്ന പട്ടേൽ ഈ കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്.