സാംസ്‌കാരിക വിശേഷങ്ങള്‍

തോക്ക് നിയന്ത്രണം- ട്രമ്പ് പുറകോട്ടില്ലെന്ന് വൈറ്റ് ഹൗസ്

പി. പി. ചെറിയാൻ 2018-03-13 11:34:39am

വാഷിങ്ടൻ ഡിസി: ഫ്ളോറി‍ഡ സ്കൂള്‍ വെടിവെപ്പിൽ 17 പേർ മരിക്കാനിടയായ സംഭവത്തെ തുടർന്ന് സമാന സംഭവങ്ങൾ എങ്ങനെ ഒഴിവാക്കാമെന്നും തോക്ക് നിയന്ത്രണം എങ്ങനെ നടപ്പാക്കണമെന്നും നടന്ന ചർച്ചയിൽ ഉരുതിരിഞ്ഞുവന്ന നിർദ്ദേശങ്ങളിൽ നിന്നും ട്രംപ് പുറകോട്ട് പോയിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വ്യക്തമാക്കി. നാഷനൽ റൈഫിൾ അസോസിയേഷന്റെ സമ്മർദത്തെ തുടർന്ന് ട്രംപ് തോക്ക് നിയന്ത്രണ നിർദേശങ്ങളിൽ നിന്നും പുറകോട്ടു പോയി എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് പ്രസ് സെക്രട്ടറി സാറാ സാണ്ടേഴ്സ് വ്യക്തമാക്കി.

മാരക പ്രഹരശേഷിയുള്ള തോക്കുകൾ വാങ്ങുന്നതിനുള്ള പ്രായപരിധി ഉയർത്തുക, സ്വഭാവ പരിശോധന നിർബന്ധമാക്കുക, സുരക്ഷാ ഭീഷണി ഉണ്ടെന്ന് അറിവു ലഭിച്ചാൽ അവരിൽ നിന്നും തോക്ക് പിടിച്ചെടുക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് ട്രംപിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉയർന്നുവന്നത്. ഫെഡറൽ നിയമം നിർമിക്കാൻ പ്രസിഡന്റ് മാത്രം വിചാരിച്ചാൽ പോരെന്നും അതിന് എല്ലാ ഭാഗത്തു നിന്നും പിന്തുണ ആവശ്യമാണെന്നും സാറാ പറഞ്ഞു. ഇതു സംബന്ധിച്ചു കോൺഗ്രസ് അംഗങ്ങളുമായി ട്രംപ് ചർച്ച നടത്തിവരികയാണെന്നും സാറാ സാന്റേഴ്സ് വ്യക്തമാക്കി.