കൗതുകം

വിനോദസഞ്ചാരികളെ ഞെട്ടിച്ച പടുകൂറ്റൻ മുതലയുടെ വീഡിയോ കാണാം

2017-01-18 11:52:41am

മിയാമി: ഫ്‌ളോറിഡയിലെ സംരക്ഷിത വനമേഖലിയൽ കാണപ്പെട്ട കൂറ്റൻ മുതലയാണ് യുഎസിലെ ഇപ്പോഴത്തെ പുതിയ ചർച്ചാവിഷയം. ഒരു കാറിനോളം വലിപ്പമുള്ള ഈ മുതലയെ കണ്ടാൽ ഡൈനോസർ ആണെന്നു തോന്നിപ്പോകും. ഫ്‌ളോറിഡയിലെ സർക്കിൾ ബി ബാർ സംരക്ഷിത വനമേഖലയിൽവച്ച് വിനോദസഞ്ചാരികൾ പകർത്തിയ മുതലയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കൂനൻ എന്നർത്ഥം വരുന്ന ഹംപ്ബാക് എന്നാണ് മുതലയ്ക്ക് എല്ലാവരും ചേർന്നിട്ടിരിക്കുന്ന പേര്. ഹംപ്ബാക് വിനോദസഞ്ചാരികളെ വകവയ്ക്കാതെ വഴിമുറിച്ചുകടക്കുന്ന വീഡിയോ കിം ജോയിനർ എന്നയാളാണ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതിനകം 18,000 പേർ വീഡിയോ ഷെയർ ചെയ്തുകഴിഞ്ഞു. വീഡിയോ കണ്ടു മാത്രം ഹംപ്ബാക്കിനെ കാണാനായി ധാരാളം ആളുകൾ സർക്കിൾ ബിയിലേക്ക് എത്തിച്ചേരുന്നു.

ഫ്‌ളോറിഡയിൽ ഇതാദ്യമായല്ല വലിയ മുതലകൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. കഴിഞ്ഞ വർഷം 13.5 അടി നീളമുള്ള മുതലയെ ഒരു വേട്ടക്കാരൻ കണ്ടെത്തിയത് വാർത്തയായിരുന്നു.

ബ്രെവാർഡ് കൗണ്ടിയിലുള്ള ലേക് വാഷിങ്ടണിൽ കണ്ടെത്തപ്പെട്ട മുതലയാണ് യുഎസിൽ രേഖപ്പെടുത്തപ്പെടുത്തപ്പെട്ടതിൽവച്ച് ഏറ്റവും നീളമുള്ളത്. 14 അടിയും മൂന്നര ഇഞ്ചുമായിരുന്നു ഇവന്റെ നീളം. ആൺ മുതലകളാണ് അസാധാരണമായി വലിപ്പം വയ്ക്കുന്നത്. പെൺ മുതലകൾക്ക് 10 അടിവരെ നീളമേ ഉണ്ടാകൂ.