കൗതുകം

ജര്‍മനിയില്‍ നിന്നും ബാള്‍ട്ടിക് റിസോര്‍ട്ടിലേക്ക് നഗ്ന വിമാനയാത്ര

ജോര്‍ജ് ജോണ്‍ 2017-08-11 12:16:45pm

ഫ്രാങ്ക്ഫര്‍ട്ട്: കുറച്ച് നാളായി ജര്‍മ്മനിയിലെ ഒരു ട്രാവല്‍ ഏജന്‍സി നടത്തിവരുന്ന ഒരു ചാര്‍ട്ടര്‍ വിമാന സര്‍വീസില്‍ ആണ് ഈ നഗ്ന യാത്ര.. ജര്‍മ്മന്‍ പട്ടണമായ എര്‍ഫൂര്‍ട്ടില്‍ നിന്നും ബാള്‍ട്ടിക്ക് കടലില്‍ സ്ഥിതി ചെയ്യുന്ന ഒരു റിസോട്ടിലേക്കാണ് ഈ വിമാന യാത്ര. വിമാനം പറന്നു തുടങ്ങിയാല്‍ യാത്രക്കാര്‍ വസ്ത്രങ്ങള്‍ ഉരിഞ്ഞ് നഗ്നരായി യാത്ര ചെയ്യണം എന്നതാണ് ഈ ട്രാവല്‍ ഏജന്‍സി നടത്തിവരുന്ന ചാര്‍ട്ടര്‍ വിമാന യാത്രയിലെ വ്യവസ്ഥ.

ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് പോലീസിലും, ജര്‍മന്‍ കോടതിയിലും പരാതികള്‍ നല്‍കിയെങ്കിലും എന്തെങ്കിലും ശിക്ഷണ നടപടികള്‍ക്ക് അവര്‍ തയ്യാറായില്ല. ഈ ട്രാവല്‍ ഏജന്‍സി നടത്തിവരുന്ന ചാര്‍ട്ടര്‍ വിമാന സര്‍വീസിന്റെ വ്യവസ്ഥകള്‍ നേരത്തെ തന്നെ എല്ലാവരെയും അറിയിച്ച് അവരുടെ പൂര്‍ണ സമ്മതപത്രം എഴുതി വാങ്ങിയാണ് ഇവര്‍ സര്‍വീസ് നടത്തുന്നത്.

ഇതിനെതിരെയുള്ള നടപടി വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കൈ കടത്തലാകുമെന്ന് നിയമപാലകര്‍ പറയുന്നു. ലോകമെങ്ങും ആള്‍ക്കാര്‍ നഗ്നരായി സവുണാ (നഗ്നരായി കാബിനുകളിലുള്ള വിയര്‍ക്കല്‍) നടത്തുന്നതുപോലെ മാത്രമേ ഈ നഗ്ന വിമാന യാത്രയേയും കണക്കാന്‍ സാധിക്കുകയുള്ളു എന്ന് നിയമവിദഗ്ദ്ധരും പറയുന്നു.