സിനിമ സ്‌പെഷ്യല്‍ (A Meera Sahib )

"ആമി" - ഒരു നല്ല സിനിമാനുഭവം -മീര

A MeeraSahib 2018-02-23 01:28:32pm

എനിക്കറിയാവുന്ന ഒരെഴുത്തുകാരനോ,എഴുത്തുകാരിയോ, ആത്മ കഥയുടെ രൂപത്തിൽ 'എന്റെ കഥ' പോലെ ,യാഥാർഥ്യങ്ങളും ഭാവനയും, ഇഴചേർത്തു ഒരു സാഹിത്യ കൃതി രചിച്ചിട്ടില്ല .യാഥാർഥ്യങ്ങളെന്നു തോന്നിപ്പിക്കുന്ന ,മാധവികുട്ടി തന്നെ സൃഷ്ട്ടിച്ച , മറ്റൊരു ലോകം പലപ്പോഴും അവർക്കു നേരെ തിരിഞ്ഞു നിന്നിരുന്നു .പക്ഷെ അങ്ങനെ എഴുതാനുള്ള തന്റെ സ്വാതന്ത്ര്യത്തിനു ഒരു വിലക്കും വിലങ്ങും മാധവികുട്ടിയെന്ന എഴുത്തുകാരി സ്വയം ഏർപ്പെടുത്തിയുമില്ല. സാഹിത്യത്തിൽ ഒരു പുതിയ പന്ഥാവ് അവർ തുറക്കുകയായിരുന്നു .ഒഴുക്കിനെതിരെ നീന്താൻ അവരെ പ്രേരിപ്പിച്ചത് ഒരു പക്ഷെ സ്വന്തം ജീവിതാനുഭവങ്ങളായിരിക്കാം.

എന്റെ കഥയെന്ന മാധവിക്കുട്ടിയുടെ ആത്മകഥാംശമുള്ള രചനയെ പ്രധാനമായും അവലംബിച്ചു കമൽ സംവിധാനം ചെയ്ത സിനിമയാണ് ആമി . സാമ്പ്രദായിക രീതിയിൽ തുടക്കം മുതൽ ഒടുക്കം വരെ നൈരന്തര്യമുള്ള ഒരു കഥ പറച്ചിൽ രീതിയല്ല ഇതിന്റെ രചനയിൽ കമൽ സ്വീകരിച്ചിരിക്കുന്നത് .ഭൂത വർത്തമാന കാലത്തെ ആമിയുടെ ജീവിതത്തിലേക്ക്, മനപ്പൂർവം ക്രമം തെറ്റിച്ചു തന്നെ, നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നു  .യാഥാർഥ്യവും ഭ്രമാത്മകതയും-സത്യവും ,മിഥ്യയും - ഇടകലർത്തിയുള്ള ആ കഥ പറച്ചിൽ രീതിയിലെ ക്രാഫ്റ്റാണ് രണ്ടര മണിക്കൂറുകളോളം കാണികളെ പിടിച്ചിരുത്തുന്നതും .കാന്തികമായ ആകർഷണവും ഭ്രമാത്മകതയുമുള്ളതാണ് എന്റെ കഥയുടെ prologue എന്ന് കണക്കാവുന്ന 'ഒരു കുരുവിയുടെ ദുരന്തം' .അതിങ്ങനെ തുടങ്ങുന്നു ."കുറെ വർഷങ്ങൾക്കു മുൻപ് ഒരു ദിവസം ഉച്ചക്ക് ശേഷം എന്റെ മുറിയുടെ കിളി വാതിലിലൂടെ ഒരു കുരുവി ഉള്ളിലേക്ക് പറന്നു വന്നു .അതിന്റെ മാറ് ചുറ്റിത്തിരിഞ്ഞിരുന്ന പങ്കായിൽ ചെന്നിടിച്ചു കിളി തെറിച്ചു പോയി .ജാലകത്തിന്റെ സ്ഫടികത്തിൽ തട്ടി ,നിമിഷങ്ങളോളം അതിന്മേൽ പറ്റിപിടിച്ചിരുന്നു.കുരുവിയുടെ നെഞ്ചിൽ നിന്നും രക്തം വാർന്നു സ്ഫടികത്തിന്മേൽ പടർന്നു .ഇന്ന് എന്റെ രക്തം ഈ കടലാസിലേക്ക് വാർന്നു വീഴട്ടെ ,ആ രക്തം കൊണ്ട് ഞാൻ എഴുതട്ടെ". കമലിന്റെ ആമിയും തുടങ്ങുന്നത് അവിടെയാണ്.

രാധ-കൃഷ്ണ സങ്കല്പത്തിന്റെ പൊരുളിലേക്കു ആഴ്ന്നിറങ്ങുന്ന പ്രമേയം . ഭദ്രമായ രൂപം മാത്രം പോരാ രൂപവുംഭാവവും എങ്ങനെ സമന്വയിപ്പിക്കണമെന്നത് സംവിധാന കലയിലെ കൗശലമാണ്. കമൽ ആമിയിൽ ആ കൗശല വൈദഗ്ധ്യം കണ്ടെത്തി . 'ഒരു സ്ത്രീക്കും സുരക്ഷിതത്വം നൽകുവാൻ മക്കൾക്കും ബന്ധുമിത്രാദികൾക്കും സാദ്ധ്യമല്ല. എന്ന് എനിക്ക് അക്കാലത്തു മനസ്സിലായി .....സ്ത്രീയുടെ ശരീരത്തിനു മാത്രമല്ല സുരക്ഷിതത്വം ആവശ്യമുള്ളത് ,അവളുടെ ആത്‌മാവിനും അത് ആവശ്യമാണ് ...സ്ത്രീക്ക് തന്റെ പുരുഷൻ ഈശ്വരനാണ് ; ശ്രീകൃഷ്ണനാണ് .അയാളിലുള്ള ശ്രീകൃഷ്ണനെയാണ് അവൾ സ്നേഹിക്കുന്നത് "(മാധവികുട്ടി -എന്റെ കഥ) മാധവികുട്ടിയെന്ന കമല വളർന്ന പുന്നയൂർക്കുളത്തെ വീട്ടു മുറ്റത്തെ സർപ്പക്കാവും , മുറ്റത്തു ചിതറിക്കിടക്കുന്ന നീർമാതളപ്പൂക്കളും അവൾക്കു ലഭിച്ച വലിയ സൗഭാഗ്യങ്ങളാണ് .അന്നവൾ കൂടെ കൂട്ടിയ കൃഷ്ണൻ അവളുടെ സുരക്ഷിതത്വത്തിനായി എപ്പോഴും അവളുടെ കൂടെയുണ്ടായിരുന്നു .എപ്പോഴൊക്കെ ആമിക്ക് സ്വന്തം സുരക്ഷിതത്വം നഷ്ട്ടപെടുന്നെന്നു തോന്നുന്നുണ്ടോ അപ്പോഴൊക്കെ അവളോടൊപ്പം കൃഷ്ണനെ കൂട്ടിനു വിടുന്നതിൽ സംവിധായകൻ ശ്രദ്ധിക്കുന്നുണ്ട് . തിരക്കിൽ മുങ്ങുന്ന കൊൽക്കൊത്തയുടെ തെരുവുകളിൽ കലാപം അതിന്റെ ഭ്രാന്തമായ രൂപങ്ങളിൽ നിൽക്കുമ്പോഴും ,ദാസിന്റെ അവഗണയിൽ ശ്വാസം മുട്ടി തിരികെ പുന്നയൂർകുളത്തിലേക്ക് പോയാലോ എന്ന് മനസ്സ് പറയുമ്പോഴും അവളോടൊപ്പം സ്നേഹ ആശ്വാസങ്ങളോടെ കൃഷ്ണൻ ഉണ്ട് .അലി അക്ബറുടെ സ്നേഹത്തിലെ കാപട്യം ആമിയെ തളർത്തുമ്പോഴും കൃഷ്ണ സാമീപ്യം കൊണ്ട് അവൾ ആശ്വാസം കണ്ടെത്തുന്നു .കൃഷ്ണൻ ആമിയെ ഒരിക്കൽ പോലും കുറ്റപ്പെടുത്തുന്നുമില്ല .ആമിക്ക് ഏതാണോ ശരിയെന്നു തോന്നുന്നത് അത് പിൻ തുടരാനാണ് കൃഷ്ണൻ അവളോട് പറയുന്നത് .അതാണ് ആമിയുടെ കൃഷ്ണൻ, .ആമിയുടെ ദൈവം ,ആമിയുടെ രക്ഷകൻ . കൃഷ്ണനുമൊത്തുള്ള രംഗങ്ങളെ യഥാർത്ഥ ഫാന്റസിയുടെ മറക്കുള്ളിൽ കടന്നു കയറി ആരെങ്കിലും കാണാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അവർ സിനിമക്ക് പുറത്തു പോയിക്കഴിഞ്ഞു . 

ഇത്രയും പ്രസിദ്ധയായ ,സമകാലീക മൂല്യങ്ങൾക്ക് വിപരീതമായി സഞ്ചരിച്ച ഒരെഴുത്തുകാരിയുടെ കൃതി സിനിമയാക്കുന്നത് ഒരു പരീക്ഷ തന്നെയാണ് .ആ പരീക്ഷയിൽ കമൽ വിജയിച്ചു .ഇതൊരു പൂർണ്ണ സിനിമയാണെന്നല്ല പറഞ്ഞു വരുന്നത് .പരിമിതികൾക്കകത്തു നിന്ന് പൂർണത വരുത്താൻ ശ്രമിക്കുന്ന ഒരു സിനിമ .ഒരു തിരക്കഥക്കും പൂർണമായി പിടികൊടുക്കുന്ന ഒരു കഥാപത്രമല്ല മാധവികുട്ടിയെന്ന എഴുത്തുകാരിയും ആമിയെന്ന കഥാപാത്രവും.ആമിയുടെ കാഴ്ചകളിലെ ഗൃഹാതുരത്വത്തിന്റെ സ്പന്ദനങ്ങൾ ,ആ ഗ്രാമീണ നിഷ്കളങ്കത തുർച്ചയായി നമുക്ക് അനുഭവിക്കാൻ പാകത്തിൽ തിരക്കഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .കുട്ടിയായ ആമിയുടെ അത്ഭുതമായ പുന്നയൂർകുളത്തെ തറവാട്ടിലെ സഹ ജീവികൾ .അവിടത്തെ പല തരക്കാരായ ജോലിക്കാര്‍, ജാനു, പുറംപണിക്കാരി വള്ളി എന്ന ദളിത് സ്ത്രീ.സാമ്പ്രദായിക പെരുമാറ്റ ചട്ടങ്ങളുള്ള ഒരു തറവാട്ടിൽ ,ജാതി വ്യവസ്ഥ നിലനില്‍ക്കുന്ന ഒരു സ്ഥലത്ത്, അത് ഉൾകൊള്ളാൻ കഴിയാതെ, ചോദ്യങ്ങളുമായി നടക്കുന്ന ആമി എന്ന കുട്ടി. ആമിയുടെ നിഷ്കളങ്ക ചോദ്യങ്ങൾ നമ്മെ പലപ്പോഴും ഉലയ്ക്കും.പ്രത്യേകിച്ച് ജാതി കോമരങ്ങൾ ഉറഞ്ഞു തുള്ളുന്ന ഇക്കാലത്തു ഈ സിനിമ കാണുമ്പോൾ.

ആമി FILM എന്നതിനുള്ള ചിത്രംആമിയെ അവതരിപ്പിക്കുന്ന മഞ്ജു വാര്യരുടെ അഭിനയജീവിതത്തിലെ ഏറ്റവും അഭിമാനിക്കാവുന്ന ഒരു സിനിമ യാണ് ആമി.മഞ്ജുവിനു മാത്രമല്ല അഭിമാനിക്കാവുന്നത് ,ആമിയുടെ ബാല്യ കൗമാര വേഷങ്ങൾ ചെയ്ത രണ്ടു കുട്ടികളും -ആഞ്‌ജലീനയും ,നീലാഞ്ജനയും. പുന്നയൂർകുളത്തെ മുറ്റത്തെ ആമിയുടെ നിഷ്കളങ്കതക്കു ഒട്ടു മങ്ങലേൽപ്പിക്കാതെ അതിന്റെ മിതത്വത്തിൽ കുട്ടിക ള്‍ ഒതുങ്ങി നിന്നു.
മഞ്ജു വാര്യരെ സിനിമയിൽ എങ്ങും കാണാൻ കഴിഞ്ഞില്ല ,ആമിയെയും, കമലയെയും, കമല ദാസിനെയും കമല സുരയ്യയെയും സിനിമയിൽ ഉടനീളം കാണാം . ‘വളരെയേറെ തവിട്ട് നിറക്കാരിയായ, മൂന്ന് ഭാഷകള്‍ പറയാൻ അറിയാവുന്ന, രണ്ട് ഭാഷയില്‍ എഴുതാൻ അറിയാവുന്ന, ഒരേയൊരു ഭാഷയിൽ സ്വപ്നം കാണാൻ അറിയാവുന്ന കമലയുടെ ജീവിതം ആവേശിച്ച കഥാപാത്രത്തെ മാത്രം നമുക്ക് കാണാം .കന്മദവും ,ആറാം തമ്പുരാനും മഞ്ജുവിനെ ബാധിച്ചില്ല .ആ ആട ആഭരണങ്ങൾ എല്ലാം ഊരിവച്ചിട്ടാണ് ആ നടി ആമിയുടെ രൂപക്കൂട്ടിൽ കയറുന്നതു .

അമിതമായ അഭിനയങ്ങളിലേക്കും വൈകാരികമായ അംഗ ചലനങ്ങളിലേക്കും പോകാവുന്ന കഥാപാത്രങ്ങളെ നിയന്ത്രിത വൃത്തത്തിനകത്തു നിർത്തുവാൻ കമലിന് കഴിഞ്ഞു . മുരളിയെ മോൾഡ്‌ ചെയ്തു ദാസാക്കിയത് അതിന്റെ ഒരുദാഹരണം മാത്രം .ദാസിനെ പൂർണമായും ഉൾക്കൊള്ളാൻ മുരളിയെ പര്യാപ്തമാക്കി . മറ്റൊരു അത്ഭുതം ടൊവിനോ തോമസ് എന്ന നടനാണ് .മിഥ്യയുടെ പരിവേഷം ഒട്ടും ചോർന്നു പോകാതെ മിതത്വത്തിന്റെ നാലതിരിനുള്ളിൽ കൃഷ്ണനെന്ന സ്നേഹ സ്വരൂപനെ ,രക്ഷാകർത്താവിനെ ,പ്രണയിതാവിനെ ടൊവിനോ അവതരിപ്പിച്ചു .അഭിനയ രംഗത്ത് നമുക്ക് കിട്ടിയ ഒരു സമ്മാനമാണ് ഈ നടൻ. അക്ബർ അലിയെ അവതരിപ്പിച്ച അനൂപ് മേനോനും ,പല തവണ നാം കണ്ടു മടുത്ത ആ നടന്റെ ശൈലിയിൽ നിന്നും വ്യതിരിക്തമായി നിൽക്കുന്നു . മറ്റു രണ്ടു ഘടകങ്ങൾ സിനിമാട്ടോഗ്രഫിയും ,സംഗീതവുമാണ് സിനിമയുടെ വിഷ്വല്‍സ് രൂപപ്പെടുത്തുന്നതിൽ മധുനീലകണ്ഠൻ എന്ന സിനിമാട്ടോഗ്രാഫറുടെ സൂക്ഷ്മത സിനിമയിൽ ഉടനീളം പ്രകടമാണ് .തീം ആവശ്യപ്പെടുന്ന മൂഡും പ്രകാശ വിന്യാസവും അതീവ ശ്രദ്ധയോടെ മധു ഒരുക്കിയിരിക്കുന്നു. ആമിയിൽ തുടക്കം മുതൽ അവസാനംവരെ ഇത് പ്രകടമാണ് .ഏതെങ്കി ലും ഒരു രംഗം അല്ലെങ്കിൽ ഫ്രെയിം മികച്ചതാണെന്ന് ആർക്കെങ്കിലും തോന്നിയാൽ അതാവും സിനിമാട്ടോഗ്രഫിയുടെ പരാജയം. കണ്ണിമയ്ക്കാതെ സിനിമ കണ്ടിരിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് ദൃശ്യങ്ങളുടെ ഐക രൂപ്യം, സാങ്കേതിക നൈരന്തര്യം. അത് സിനിമയുടെ വിജയത്തിന് അതീവ നിർണായകവുമാണ്. ഗസലിന്റെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ആത്‌മാവ്‌ ഒട്ടു ചോരാതെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കാൻ ജയചന്ദ്രനും ബിജിബാലും മത്സരിച്ചിട്ടുണ്ട് .സംഗീതം സിനിമയെ ഒരു പടി കൂടി ഉയരാൻ സഹായിച്ചിട്ടുമുണ്ട് .റഫീഖ് അഹമ്മദും,ഗുൽസാറും അവരുടെ ഉയർന്ന ഫോമിൽ തന്നെ രചന നിർവഹിച്ചിട്ടു മുണ്ട് . ശ്രീകർ പ്രസാദ് സിനിമ ഡിജിറ്റൽ ഫോർമാറ്റിലേക്കു മാറുന്ന ഘട്ടത്തിൽ ത്തന്നെ ആ സാങ്കേതിക മാറ്റത്തിന്റെ മുൻനിരക്കാരനായി വന്ന ചിത്ര സന്നിവേശകനാണ് .തിരക്കഥയുടെ സൗന്ദര്യ ശാസ്ത്ര നൈര്യന്തര്യം കത്ത് സൂക്ഷിക്കുന്ന ഒരു കലാകാരനാണ് നല്ലചിത്ര സന്നിവേശകൻ .ശ്രീകർ പ്രസാദ് ,കമലിന് തുണയായി നിന്ന് ആമിയെ ഒരുക്കി ..

ആമി FILM എന്നതിനുള്ള ചിത്രം.എന്റെ കഥ അതെ രൂപത്തിൽ പ്രതീക്ഷിച്ചിട്ടോ ,എന്റെ കഥ വായിക്കാതെ അതിൽ മറ്റെന്തോ ഉണ്ടെന്ന തോന്നലിലോ ആമി കണ്ടാൽ ചിലർക്കെങ്കിലും ഒരു വിമ്മിട്ടം അനുഭവപ്പെടാം . നിങ്ങളും കാണുക .മാധവിക്കുട്ടിയെ വായിച്ചിട്ടുള്ളവർക്കും കമല യെ ആരാധിക്കുന്നവർക്കും ,നല്ല സിനിമയെ സ്നേഹിക്കുന്നവർക്കും ഇഷ്ടപ്പെടും.അത്രയ്ക്ക് കൈ ഒതുക്കത്തോടെയാണ് ഈ സിനിമ രചിച്ചിരിക്കുന്നത് .സിനിമ കാണുന്ന സ്ത്രീകളിൽ പലർക്കും തങ്ങളെ ആമിയിൽ കാണാൻ കഴിയും..മറ്റൊരു മുൻ വിധിയില്ലാതെ ഈ സിനിമ കാണുന്നവരെ ആദ്യ രംഗം മുതൽ തന്നെ കാന്തീകമായ ഒരു ആകർഷണ വലയത്തിലേക്ക് കൊണ്ടുപോകാൻ സംവിധായകന് കഴിഞ്ഞു .സിനിമ കണ്ടിറങ്ങുന്നവർക്കു മനസ്സിൽ ഒരു വലിയ ഭാരവുമായെ വീട്ടിലേക്കു പോകാൻ കഴിയു. പ്രിവ്യു കണ്ടിറങ്ങിയപ്പോൾ കേട്ടത് കമലയുടെ സഹോദരി സുലോചനയുടെ പൊട്ടിക്കരച്ചിലും ആമി ഓപ്പേ... എന്ന നിലവിളിയുമാണ് .സുലോചനയുടെ മാനസികാവസ്ഥ മറ്റു സ്ത്രീ പ്രേക്ഷകർക്കും ഉണ്ടായി എന്ന് അവരുടെ മുഖഭാവം കണ്ടാൽ മനസ്സിലാകുമായിരുന്നു .കമൽ പകർത്തിയ ആമിയുടെ തീക്ഷ്ണമായ ജീവിത ദുഃഖാനുഭവങ്ങൾ മറ്റുള്ളവരിലേക്കും പകർന്നു . എന്നോടൊപ്പം സിനിമ കണ്ട നുസൈബ ,എന്റെ വാമ ഭാഗം ,ഞാൻ സിനിമയെ കുറിച്ച് എന്തെങ്കിലും പറയുന്നതിന് മുൻപ് എന്റെ കൈ വിരലുകളിൽ പിടിച്ചിട്ടു പറഞ്ഞു ,നല്ല സിനിമ . ഇത് തന്നെയാണ് സിനിമ .ഹരികുമാറിന്റെ കൈകളിലൂടെ കടന്നുപോയ സൗണ്ട് ട്രാക്കും. വേഷ പകർച്ചക്കു പട്ടണം റഷീദ് നൽകിയ ശ്രദ്ധയും സിനിമയുടെ മറ്റു രണ്ടു മേന്മകളാണ്

സിനിമയെ സൗന്ദര്യ ശാസ്‌ത്രപരമായി വിശകലനം ചെയ്യുന്നവർക്ക് ഒരു നല്ല ചിത്രം കണ്ട സംതൃപ്തിയോടെ തീയേറ്ററിന് പുറത്തിറങ്ങാം.പുറത്തിറങ്ങിയാലും കുറച്ചു നാൾ ആമിയുടെ ബാല്യ -കൗമാര -യൗവന-വാർധ്യക്യ ദിശകളിലെ ജീവിത സമസ്യകൾ അവരെ പിന്തുടരും ,തീർച്ച .. എന്നാൽ കമൽ എന്ന വ്യക്തിയുടെയും മഞ്ജു വാര്യർ എന്ന നടിയുടെയും സിനിമക്ക് പുറത്തുള്ള ജീവിതത്തെ,രാഷ്ട്രീയത്തെ , വ്യക്തി വിരോധത്തിന്റെ കണ്ണട ധരിച്ചു കൊണ്ട് കാണുന്നവർക്കു മാത്രം ചിക്കി ചികഞ്ഞെടുക്കാൻ കുറ്റങ്ങളും കുറവുകളും കണ്ടെത്താം.

 


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC